മഗ്സാസെ: മാവോയിസ്റ്റ് കലാപം അടിച്ചമര്‍ത്തിയ അമേരിക്കന്‍ ദത്തുപുത്രന്‍
text_fieldsസി.പി.എം നേതാവ് കെ.കെ. ശൈലജയെ ഈ വര്‍ഷത്തെ മഗ്സാസെ പുരസ്കാരത്തിന് പരിഗണിക്കാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടിയുടെ ഉപദേശപ്രകാരം അവര്‍ മുന്‍കൂറായി അത് നിരസിച്ചുവെന്നുമാണ് വാര്‍ത്തകളില്‍നിന്നു മനസ്സിലാവുന്നത്. മഗ്സാസെ കമ്യൂണിസ്റ്റുവിരുദ്ധനാനെന്നും നിരവധി കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രസ്താവിച്ചിരുന്നു. യഥാർഥത്തില്‍ മഗ്സാസെ ആരാണെന്നും അദ്ദേഹം ആരെയൊക്കെയാണ് കൊന്നൊടുക്കിയതെന്നും കൂടുതല്‍ ചരിത്രബോധത്തോടെ പരിശോധിക്കേണ്ടതുണ്ട്.
കേവലമായ കമ്യൂണിസ്റ്റുവിരുദ്ധത എന്നതിനപ്പുറം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടലിലൂടെ രൂപപ്പെട്ട കടുത്ത മാവോയിസ്റ്റ് വിരുദ്ധതയായിരുന്നു അവിടത്തെ ഭരണകൂടത്തിന് അക്കാലത്തുണ്ടായിരുന്നത്. ഭൂപരിഷ്കരണത്തിലും സാമ്രാജ്യത്വവിരുദ്ധതയിലും ഊന്നിനിന്ന് ഗറില വിപ്ലവമുറ സ്വീകരിച്ചിരുന്ന മാവോയിസ്റ്റ് വിഭാഗത്തെയാണ് മഗ്സാസെ ഇല്ലാതാക്കുന്നത്. ചൈനീസ് മാതൃകയിലുള്ള മാവോയിസ്റ്റ് കാര്‍ഷികവിപ്ലവം ഏഷ്യയില്‍ പടരുന്നത് തടയിടാന്‍ അമേരിക്കയില്‍നിന്നു നിയുക്തരായവരില്‍ ഒരാളായ സി.ഐ.എ ചാരനായ എഡ്വാര്‍ഡ് ലാന്‍സ്ഡേലാണ് ഇതിനു ചുക്കാന്‍പിടിക്കുന്നത്.
ഫിലിപ്പീൻസിലെയും ഇന്ത്യയിലെയും കമ്യൂണിസ്റ്റുകൾ
ഫിലിപ്പീന്‍സിലെയും ഇന്ത്യയിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ തമ്മില്‍ ചില സാദൃശ്യങ്ങളുണ്ട്. മുപ്പതുകളിലാണ് ഇവ രണ്ടും പ്രവര്‍ത്തനം ഊർജിതപ്പെടുത്തുന്നത്. എന്നാല്‍, തുടക്കത്തില്‍തന്നെ ഇരുപാര്‍ട്ടികള്‍ക്കും രണ്ടാം ലോകയുദ്ധത്തിന്റെ ചുഴിയിലേക്ക് സൈദ്ധാന്തികമായും പ്രായോഗികമായും പ്രവേശിക്കേണ്ടിവന്നു. യുദ്ധത്തോട് ഇരുകൂട്ടരും ഏതാണ്ട് സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യയില്‍ ജനകീയയുദ്ധ തീസിസിന്റെ അടിസ്ഥാനത്തില്‍ ഫാഷിസത്തിനെതിരെയുള്ള ആഗോളസഖ്യത്തിന്റെ ഭാഗമായി ബ്രിട്ടനെ സഹായിക്കുന്ന നിലപാട് കമ്യൂണിസ്റ്റ് പാര്‍ട്ടി കൈക്കൊള്ളുമ്പോള്‍ സമാനമായ ഒരു നിലപാടാണ് ഫിലിപ്പീന്‍സിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും കൈക്കൊള്ളുന്നത്.
എന്നാല്‍, പ്രധാനപ്പെട്ട ഒരു വ്യത്യാസം നാല്‍പതുകളില്‍ യുദ്ധാനന്തരം ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും എന്തുസംഭവിച്ചു എന്നതിലാണ്. ഇവിടെയും അവിടെയും ഉടന്‍ വിപ്ലവത്തിന്റെ വ്യാമോഹം പാര്‍ട്ടികള്‍ക്ക് ഉണ്ടായിരുന്നു. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യംകിട്ടുമ്പോള്‍ കല്‍ക്കട്ടാ തീസിസുപോലെ ബൂര്‍ഷ്വാഭരണകൂടത്തെ എത്രയും പെട്ടെന്ന് തകര്‍ക്കുകയെന്ന കടുത്ത തീവ്രവാദനിലപാട് ഇന്ത്യയില്‍ കൈക്കൊള്ളുമ്പോള്‍ 1946ല്‍ ഫിലിപ്പീന്‍സിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ എത്രയും പെട്ടെന്ന് അധികാരം പിടിച്ചെടുക്കുക എന്നൊരു സമീപനംതന്നെയാണ് ഫിലിപ്പീന്‍സിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും സ്വീകരിക്കുന്നത്.
ഇന്ത്യയിലെ പ്രസ്ഥാനത്തിന് ഈ നിലപാടിന്റെ പേരില്‍ വളര്‍ച്ച മുട്ടിയെങ്കില്‍ ഫിലിപ്പീന്‍സില്‍ 1946 മുതല്‍ സൈനികമായും ജനകീയമായും വലിയ വളര്‍ച്ചയാണ് പാര്‍ട്ടിക്കുണ്ടായത്. എന്നാല്‍, വിജയത്തിലേക്കുള്ള വഴിയെന്ത് എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ വലിയ തര്‍ക്കമുണ്ടാവുകയും പാര്‍ട്ടി ഏതാണ്ട് രണ്ടായി നെടുകെ പിളരുകയും ചെയ്തു. ഒരു വിഭാഗം മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് വിപ്ലവരീതിയായി കണക്കാക്കപ്പെടുന്ന നഗരങ്ങളിലെ തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള വിപ്ലവപരിപാടിയിലേക്കും മറുവിഭാഗം ഗ്രാമീണ ദരിദ്രകര്‍ഷകരെ സൈനികമായി സംഘടിപ്പിക്കുന്ന സമ്പൂർണ മാവോയിസ്റ്റ് ഗറില സമരത്തിലേക്കും തിരിയുകയാണുണ്ടായത്.
യഥാർഥത്തില്‍ ജപ്പാനെതിരെ പൊരുതാന്‍ രൂപവത്കരിച്ച സൈനികവിഭാഗത്തെയാണ് പാര്‍ട്ടി ജനകീയ വിമോചനസേന എന്ന പേരില്‍ പുനഃസംഘടിപ്പിച്ചിരുന്നത്. ഈ സൈനിക വിഭാഗമാണ് മാവോയിസ്റ്റ് ആഭിമുഖ്യത്തോടെ പാര്‍ട്ടിയില്‍നിന്ന് തെറ്റിപ്പിരിയുന്നത്. ജോസ് ലാവയുടെ നേതൃത്വത്തില്‍ പോളിറ്റ്ബ്യൂറോ ജനകീയവിപ്ലവം സംഘടിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ ലൂയിടാരക്കിന്റെ നേതൃത്വത്തിലുള്ള ഹക്കുകള്‍ എന്നറിയപ്പെട്ടിരുന്ന സൈനികവിഭാഗം ഗറില ആക്രമണങ്ങള്‍ മുഖ്യരീതിയായി സ്വീകരിച്ചു. ഫിലിപ്പീന്‍സില്‍നിന്നുള്ള എന്റെ ഗവേഷകവിദ്യാര്‍ഥിനി ചെറില്‍ സോറിയാനോ ഇസ്ലാമിക് മോറോ ലിബറേഷന്‍ സേനയെക്കുറിച്ചു പഠിക്കുന്ന സമയത്താണ് എനിക്കും ഫിലിപ്പീന്‍സ് രാഷ്ട്രീയചരിത്രം അൽപം ആഴത്തില്‍ പരിശോധിക്കാന്‍ അവസരം ലഭിക്കുന്നത്.
അമേരിക്കയുടെ കറുത്ത കൈകൾ
ഒരു ലക്ഷത്തിലധികം അംഗങ്ങളുള്ള വലിയ സൈനികസന്നാഹമായിരുന്നു മാവോയിസ്റ്റ് ഗറിലകളുടേത്. ഈ സൈനികവളര്‍ച്ചയെ അടിച്ചൊതുക്കാം എന്ന വാഗ്ദാനംനല്‍കിയാണ് 1946ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 'കറുത്ത കുതിര'യായിരുന്ന മാനുവല്‍ റോക്സാസ് അധികാരത്തില്‍ വരുന്നതുതന്നെ. അദ്ദേഹത്തിന് അമേരിക്കയുടെ പൂർണപിന്തുണയുണ്ടായിരുന്നു. ജപ്പാന്‍ അധിനിവേശക്കാലത്തുതന്നെ ഹക്കുകളുടെ സൈനികസ്വാധീനം അമേരിക്ക തിരിച്ചറിഞ്ഞിരുന്നതാണ്.
മാത്രമല്ല, 'നക്സല്‍ബാരി' മാതൃകയിലുള്ള ഫ്യൂഡല്‍ വിരുദ്ധ ജന്മി ഉന്മൂലനങ്ങളും ഭൂമി പുനര്‍വിതരണവും മാവോയിസ്റ്റുകള്‍ നടപ്പാക്കിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ റോക്സാസും അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത മരണത്തിനുശേഷം അധികാരത്തില്‍വന്ന ക്യൂറിനോയും ഹക്കുകളെ അടിച്ചമര്‍ത്തുക എന്നത് മുഖ്യചുമതലയായി ഏറ്റെടുത്തിരുന്നു. തെരഞ്ഞെടുപ്പില്‍ പോളിറ്റ്ബ്യൂറോ ക്യൂറിനോയെ പിന്തുണച്ചിരുന്നു. എന്നാല്‍, 1950ല്‍ ജോസ് ലാവ അടക്കമുള്ള പ്രധാന പോളിറ്റ്ബ്യൂറോ അംഗങ്ങളെ മുഴുവന്‍ ജയിലിലാക്കി ജനകീയമുഖമുള്ള കമ്യൂണിസ്റ്റ് ഗ്രൂപ്പിനെ ക്യൂറിനോ നിർജീവമാക്കിയതോടെ ഭരണകൂടവിരുദ്ധ സമരത്തിന്റെ മുഴുവന്‍ കേന്ദ്രവും മാവോയിസ്റ്റ് ഗറിലകളായി മാറുകയായിരുന്നു.
റോക്സാസ് പ്രസിഡന്റായ തെരഞ്ഞെടുപ്പില്‍ അദ്ദേഹം അതിനുവേണ്ടി തട്ടിക്കൂട്ടിയ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റാമോണ്‍ മഗ്സാസെ എന്ന സൈനിക ഓഫിസര്‍ ശ്രദ്ധാകേന്ദ്രമാകുന്നത് ഈ സന്ദര്‍ഭത്തിലാണ്. മഗ്സാസെയെയാണ് റോക്സാസ് ഗറിലകളെ നിയന്ത്രിക്കാനുള്ള കമ്മിറ്റിയുടെ അധ്യക്ഷനാക്കുന്നത്. സൈനികര്‍ക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി മഗ്സാസെയെ റോക്സാസ് അമേരിക്കയിലേക്ക് അയക്കുമ്പോഴാണ് അദ്ദേഹം സി.ഐ.എ ചാരനായ ലാന്‍സ്ഡേലിനെ പരിചയപ്പെടുന്നത്. ലാന്‍സ്ഡേലിന്റെ മധ്യസ്ഥതയിലൂടെയാണ് മഗ്സാസെ സി.ഐ.എയുടെ ദത്തുപുത്രനാവുന്നത്.
പിന്നീട് മനിലയിലെത്തിയ ലാന്‍സ്ഡേല്‍ മഗ്സാസെയെ കൂടെത്താമസിപ്പിക്കുകയും അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തെത്താന്‍ സഹായിക്കുകയും സ്വയം പ്രസിഡന്റിന്റെ ഉപദേശകനായി മാറുകയുംചെയ്യുന്നു. മഗ്സാസെയുടെ നീക്കങ്ങളെല്ലാം ലാന്‍സ്ഡേലിന്റെ ഉപദേശപ്രകാരമായിരുന്നു. മഗ്സാസെ-ലാന്‍സ്ഡേല്‍ ബന്ധത്തിന്റെ മുഴുവന്‍ കാര്യങ്ങളും ലാന്‍സ്ഡേല്‍ എഴുതിയ 'In the Midst of Wars : An American's Mission to Southeast Asia' എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
മഗ്സാസെയുടെ രണ്ടു തന്ത്രങ്ങൾ
രണ്ടു തന്ത്രങ്ങളാണ് അമേരിക്കന്‍ പാവയായിരുന്ന മഗ്സാസെ ഹക്കുകളെ ഇല്ലാതാക്കാന്‍ പ്രയോഗിക്കുന്നത്. ഒന്ന്, ഭരണ-ഭൂപരിഷ്കാരങ്ങളുടേതായിരുന്നു. ഭൂവിതരണത്തില്‍ ഭൂരഹിതകര്‍ഷകര്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കിയ നാമമാത്രമായ കാര്‍ഷിക പരിഷ്കാരങ്ങളാണ് മഗ്സാസെ നടപ്പാക്കിയത്. മറുപുറത്ത് ക്രൂരമായി മാവോയിസ്റ്റ് ഗറിലകളെ കൊന്നൊടുക്കുന്നതിനും നേതൃത്വംനല്‍കി. "കുറെ ഗറിലകളെ കൊന്നിട്ടുവാ. എന്നാല്‍, പ്രമോഷന്‍ തരാം" എന്ന് അലറുമായിരുന്നത്രെ അയാൾ. കമ്യൂണിസ്റ്റ് കാര്‍ഷികവിപ്ലവങ്ങള്‍ പടരുന്നതു തടയാന്‍ അമേരിക്കന്‍ കാര്‍മികത്വത്തില്‍ ഒരു രാജ്യാന്തര സംഘടനയുണ്ടാക്കുന്നതും മഗ്സാസെയാണ്. ബരുന്‍റോയിയെപ്പോലുള്ളവര്‍ മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താന്‍ ഇന്ത്യക്ക് മഗ്സാസെയില്‍നിന്ന് പഠിക്കാനുണ്ടെന്ന് ഉപദേശിക്കാറുള്ളത് അദ്ദേഹം നടത്തിയ മാവോയിസ്റ്റ് അറുകൊലകളുടെ പേരിലാണ്.
മഗ്സാസെ പുരസ്‌കാരം ഇന്ത്യയില്‍ വിമര്‍ശിക്കപ്പെടുന്നത് ആദ്യമായല്ല. എൻ.ഡി.ടി.വിയുടെ രവീഷ് കുമാര്‍ വാങ്ങിയപ്പോഴും മോദിവിമര്‍ശകന് എങ്ങനെ മഗ്സാസെ അവാര്‍ഡ് വാങ്ങാൻ കഴിയുമെന്ന് തന്മയി ഇബ്രാഹിമിനെപ്പോലുള്ളവര്‍ ചോദിച്ചിരുന്നു. നിരവധി ചൈനക്കാര്‍ക്ക് ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. എന്നാല്‍, അവരുടെ നയം പൂർണമായ നിരാസമല്ല. ചൈനീസ് ഭരണകൂടത്തിന് അനഭിമതരായവര്‍ക്ക് ലഭിക്കുമ്പോള്‍ അവരെ അതു വാങ്ങാന്‍ അനുവദിക്കാതിരിക്കുകയും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് ലഭിക്കുമ്പോള്‍ ആദരവോടെ വാങ്ങുകയുംചെയ്യുന്ന നയമാണ് അവരുടേത്. ആഗോളതലത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നാവാണ് മഗ്സാസെ പുരസ്കാരം എന്ന കാര്യത്തില്‍ എനിക്ക് തര്‍ക്കമില്ല. എന്നാല്‍, അദ്ദേഹത്തെ അമേരിക്ക കൊണ്ടാടുന്നത് പരിഷ്കാരങ്ങളുടെ പേരില്‍ മാത്രമല്ല. അത് മാവോയിസ്റ്റ് സമരങ്ങള്‍ക്കെതിരെയെടുത്ത കര്‍ക്കശമായ നിലപാടിന്റെ പേരില്‍ക്കൂടിയാണ് എന്ന കാര്യവും വിസ്മരിച്ചുകൂടാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.