സത്താറ ശാന്തമെന്ന് പൊലീസ്; ഭീതി ഒഴിയാതെ ജനം
text_fieldsമുസ്ലിംകൾക്കിടയിൽ ചുരുക്കം വരുന്ന വിദ്യാസമ്പന്നരിൽ ഒരാളായിരുന്നു ഷിക്കൽഗർ. അദ്ദേഹത്തിന്റെ പിതാവ് പ്രദേശത്തെ സ്കൂളിൽ ഉർദു അധ്യാപകനായിരുന്നു, സർക്കാർ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന ഉമ്മ ഈയിടെയാണ് വിരമിച്ചത്. ഏതാനും മാസങ്ങൾക്കുമുമ്പ് വിവാഹിതനായ ഷിക്കൽഗറും ഭാര്യയും ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു
അഞ്ചുദിവസം നീണ്ട കനത്ത പൊലീസ് ബന്തവസ്സിനും 72 മണിക്കൂർ നേരത്തെ ഇന്റർനെറ്റ് നിരോധനത്തിനും ശേഷം ‘‘സമാധാനം പുനഃസ്ഥാപിച്ച’’തായി പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സത്താറ ജില്ല ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ, സെപ്റ്റംബർ ഒമ്പതിന് ഒരു യുവാവ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത പുസേവാലി ഗ്രാമത്തിലെ മുസ്ലിംകൾ ഏതു നിമിഷവും ഈ ശാന്തത അക്രമത്തിലേക്ക് വഴിമാറുമെന്ന ഭീതിയിലാണ്.
ശിവാജി രാജാവിനെ ആക്ഷേപിക്കുന്നതെന്ന് പറയപ്പെടുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് സെപ്റ്റംബർ ഒമ്പതിന് പുസേവാലി ഗ്രാമത്തിൽ അക്രമം ആരംഭിച്ചത്. ഒരു മുസ്ലിം യുവാവാണ് ഈ പോസ്റ്റിന് പിന്നിലെന്നാരോപിച്ച് പുസേവാലിയിലെ ആക്രമിക്കൂട്ടത്തിനൊപ്പം സമീപ ഗ്രാമങ്ങളായ തോർവേവാഡി, വഡ്ഗാവ് ജയറാം സ്വാമി എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദു യുവാക്കളും ഒത്തുചേർന്നു.
രാത്രി എട്ടുമണിയോടെ മുസ്ലിം വീടുകൾക്കും കച്ചവടസ്ഥാപനങ്ങൾക്കും നേരെ ആരംഭിച്ച കൊള്ളയടി ഏറെ വൈകാതെ ഒരു സമ്പൂർണ കലാപത്തിന്റെ രൂപം കൈവരിച്ചു. ‘‘വടികളും കല്ലുമായി പള്ളി വളപ്പിലേക്ക് ഇരച്ചുകയറി ആക്രമികൾ പള്ളിവാതിലുകൾ ബലം പ്രയോഗിച്ച് തുറന്ന് ഇശാ നമസ്കരിക്കാനെത്തിയ എത്തിയ വിശ്വാസികൾക്കുനേരെ അതിക്രമം നടത്തി’’യെന്ന് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവ് പറയുന്നു.
പലതവണ തലയിൽ മാരകമായ അടിയേറ്റ നൂറുൽ ഹസൻ ഷിക്കൽഗർ (32) എന്ന എൻജിനീയർ കൊല്ലപ്പെട്ടു. ഉയിരറ്റ നിലയിലാണ് ഷിക്കൽഗറുടെ ശരീരം കണ്ടെത്തിയതെന്ന് അദ്ദേഹത്തിന്റെ അമ്മാവൻ പറയുന്നു. പിന്നീട് സത്താറയിലെ കൃഷ്ണ ചാരിറ്റബ്ൾ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
ആക്രമികളെ അറസ്റ്റ് ചെയ്യുന്നതുവരെ മയ്യിത്ത് ഏറ്റുവാങ്ങില്ലെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും സമുദായ അംഗങ്ങളും പ്രഖ്യാപിച്ചിരുന്നു. അതിനിടെ, ഷിക്കൽഗറിന് വിവാദ പോസ്റ്റുമായി ബന്ധമുണ്ടെന്ന വ്യാജ പ്രചാരണം വാട്ട്സ്ആപ് വഴി നടന്നു. എന്നാൽ, അദ്ദേഹത്തിന് ഈ വിഷയവുമായി ഒരു ബന്ധവുമില്ലെന്നും ആൾക്കൂട്ട അതിക്രമത്തിന്റെ ഇരയാണ് ഷിക്കൽഗർ എന്നും മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ thewire.inനോട് വ്യക്തമാക്കി.
1,300ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിൽ പത്തുശതമാനമാണ് മുസ്ലിം ജനസംഖ്യ. ഏറെയും റീട്ടെയ്ൽ ഷോപ്പുകൾ, ഓട്ടോമൊബൈൽ സ്പെയർപാർട്സ് തുടങ്ങിയവ കച്ചവടങ്ങൾ നടത്തുന്ന ഗ്രാമത്തിലെ മുസ്ലിംകൾക്കിടയിൽ ചുരുക്കം വരുന്ന വിദ്യാസമ്പന്നരിൽ ഒരാളായിരുന്നു ഷിക്കൽഗർ. അദ്ദേഹത്തിന്റെ പിതാവ് പ്രദേശത്തെ സ്കൂളിൽ ഉർദു അധ്യാപകനായിരുന്നു, സർക്കാർ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന ഉമ്മ ഈയിടെയാണ് വിരമിച്ചത്. ഏതാനും മാസങ്ങൾക്കുമുമ്പ് വിവാഹിതനായ ഷിക്കൽഗറും ഭാര്യയും ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു.
പുസേവാലിയിൽ നടന്ന സംഭവങ്ങൾ പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടതല്ല. ഒരു മാസത്തിലേറെയായി അസ്വസ്ഥതകൾ പുകയുന്നുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. അനിഷ്ട സംഭവങ്ങൾ ഉണ്ടായേക്കുമെന്ന ഭീതി പൊലീസ് ഉദ്യോഗസ്ഥർക്കുമുണ്ടായിരുന്നു. ഒരു ഹിന്ദു ദേവതക്കെതിരായ പ്രകോപനപരമായ പോസ്റ്റ് ആഗസ്റ്റ് 15നാണ് പ്രത്യക്ഷപ്പെട്ടത്. അത് ഉടനടി നീക്കുകയും ഒരു മുസ്ലിം യുവാവിനെ പൊലീസ് ഉടനടി പിടികൂടുകയും ചെയ്തു, പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചു.
ഈ സംഭവത്തിന് പിന്നാലെ മുസ്ലിം സമുദായ പ്രതിനിധികൾ പൊലീസിനെ സമീപിച്ച് ജീവന് ഭീഷണി നേരിടുന്നുവെന്ന വിവരം അറിയിച്ചു. സമുദായ അംഗങ്ങളിൽനിന്ന് ഇത്തരമൊരു കത്ത് ലഭിച്ച വിവരം പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ സമ്മതിക്കുന്നുണ്ട്. ‘ഹിന്ദുക്കളിൽനിന്ന് ഭീഷണിയുണ്ട്’ എന്നാണ് ആ കത്തിൽ സൂചിപ്പിച്ചിരുന്നതെന്നും അതൊരു പൊതു പ്രസ്താവനയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
സമുദായ അംഗങ്ങളുടെ ഭീതി യാഥാർഥ്യമായത് സെപ്റ്റംബർ ഒമ്പതിനാണ്. മുൻകൂട്ടി തയാറാക്കിയ പദ്ധതിപ്രകാരമെന്ന രീതിയിലാണ് ആക്രമിക്കൂട്ടങ്ങൾ സംഘടിച്ചതെന്ന് കച്ചവട സ്ഥാപനം നശിപ്പിക്കപ്പെട്ട മുസ്ലിം യുവാക്കളിലൊരാൾ പറയുന്നു.
വിവാദ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഉടൻതന്നെ അതിന് ഉത്തരവാദിയെന്ന് കരുതപ്പെടുന്നയാളെ വിളിച്ചുവരുത്തിയിരുന്നതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. ‘‘അയാളുടെ പങ്ക് അന്വേഷിച്ചറിയുന്നതിനായി ഞങ്ങൾ ചോദ്യം ചെയ്യുകയായിരുന്നു. ആ സമയമാണ് ആക്രമികൾ ഗ്രാമത്തിൽ സംഘടിച്ചതും മുസ്ലിം സമുദായത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടതും’’.
സമൂഹമാധ്യമത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യത്യസ്തമായ ആഖ്യാനങ്ങളുണ്ട്. ഏതാനും മണിക്കൂറുകൾക്കകം തങ്ങൾ നടപടി സ്വീകരിച്ചതായി പൊലീസ് അവകാശപ്പെടുമ്പോൾ രണ്ടു ദിവസം കഴിഞ്ഞും നടപടി സ്വീകരിക്കാൻ പൊലീസ് വീഴ്ചവരുത്തിയതാണ് അനിഷ്ട സംഭവങ്ങൾക്ക് വഴിവെച്ചതെന്ന് മറുവിഭാഗം ആരോപിക്കുന്നുണ്ട്.
സെപ്റ്റംബർ ഒമ്പത് സംഭവത്തിൽ പ്രകോപനപരമായ പോസ്റ്റ് ഇട്ടയാൾ, പള്ളിയിൽ അക്രമം നടത്തി ഷിക്കൽഗറിനെ കൊലപ്പെടുത്തിയവർ, പൊലീസിനെ ആക്രമിച്ചവർ എന്നിവർക്കെതിരായി മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് കേസുകളിലുമായി 35 പേരെ പിടികൂടിയതായും പൊലീസ് അറിയിച്ചു.
ബുധനാഴ്ചവരെ മാധ്യമപ്രവർത്തകർക്ക് വാർത്ത അയക്കുന്നതിനുപോലും പുണെ ജില്ലയിലേക്ക് പോകേണ്ട സാഹചര്യമായിരുന്നു. ഗ്രാമത്തിലേക്കുള്ള പ്രവേശന അനുമതിയും വിലക്കിയിരുന്നതിനാൽ റിപ്പോർട്ടിങ്ങും ദുഷ്കരമായി.
സെപ്റ്റംബർ 14ന് ഇന്റർനെറ്റ് പുനഃസ്ഥാപിച്ച ശേഷം സമൂഹമാധ്യമ പോസ്റ്റുകളും മറ്റും സുസൂക്ഷ്മം നിരീക്ഷണ വിധേയമാക്കിയിട്ടുണ്ടെന്നും ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങിവരുന്നതായും പൊലീസ് പറഞ്ഞു.
കൂട്ടംകൂടുന്നത് വിലക്കി നിരോധനാജ്ഞയും ജില്ല ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിന് ഹിന്ദുത്വ നേതാക്കൾക്ക് ഇതൊന്നും ഒരു തടസ്സമേ ആയില്ല. ആക്രമണങ്ങളുടെ ആസൂത്രകൻ എന്ന് ആരോപണം നേരിടുന്ന പ്രാദേശിക ബി.ജെ.പി നേതാവ് വിക്രം പവാസ്കറിനെ ‘തെറ്റായി കേസിൽ കുടുക്കിയാൽ’ പരസ്യമായി പ്രതികരിക്കുമെന്ന് തീവ്ര ഹിന്ദു സംഘടനകൾ പ്രഖ്യാപിക്കുകയും ചെയ്തു. മേഖലയിലെ മുൻനിര ഹിന്ദുത്വ നേതാവാണ് ഇയാളുടെ പിതാവ് വിനായക് പവാസ്കർ. ഞങ്ങളുടെ മതത്തെ കരിവാരിത്തേച്ചാൽ തിരിച്ചടിക്കുകതന്നെ ചെയ്യും എന്നാണ് വിനായക് ഒരു വാർത്തസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയത്.
(thewire.in സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.