മഹാത്മ അയ്യൻകാളി കാലത്തിന്റെ ആവശ്യം
text_fieldsദിവാൻ ഉൾപ്പെടെയുള്ളവരെ കണ്ടതിന്റെ ഫലമായി, വിദ്യാലയ പ്രവേശനം നിഷേധിക്കുന്നവർക്കെതിരെ ശിക്ഷണ നടപടികളോടെ 1910ൽ രണ്ടാമത്തെ വിദ്യാലയ പ്രവേശന ഉത്തരവിറക്കാനായി. ഈ ഉത്തരവ് ഇറങ്ങേണ്ട താമസം സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തന്റെ പത്രാധിപത്യത്തിലുള്ള പത്രത്തിൽ പുലയരുടെ വിദ്യാലയ പ്രവേശനത്തിനെതിരെ രൂക്ഷമായ മുഖപ്രസംഗമെഴുതി
കേരളത്തിന്റെ സാമൂഹിക രംഗത്ത് നടമാടിക്കൊണ്ടിരുന്ന ജാതി അതിക്രമങ്ങൾക്കും ക്രൂരതകൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കുമെതിരെ പടനയിച്ച മഹാത്മ അയ്യൻകാളിയുടെ 160ാം ജന്മദിനമാണ് ആഗസ്റ്റ് 28ന്.
അയ്യൻകാളിയിലൂടെ ഉരുത്തിരിഞ്ഞ കാലം മാറ്റങ്ങളുടേതായിരുന്നു. അത് താനേ സംഭവിച്ചതല്ല, ആർജവത്തോടെ മാറ്റിയെടുത്തതാണ്. ഏവരെയും കാൽക്കീഴിലാക്കി ചവിട്ടിമെതിച്ച് വാണരുളിയ സവർണ മാടമ്പിപ്പടക്ക് അദ്ദേഹത്തിന്റെ പോർവീര്യത്തിനുമുന്നിൽ അടിയറ പറയേണ്ടിവരുകയായിരുന്നു.
വെങ്ങാനൂർദേശത്ത് കുന്നിൽ മുടിപ്പുര മേലേവീട്ടിൽ അയ്യന്റെയും മാലയുടെയും മൂത്ത മകനായി 1868ൽ ജനിച്ച കാളിക്ക് പഠനഭാഗ്യം സിദ്ധിച്ചിരുന്നില്ല. പുലയർക്ക് അക്കാലത്ത് സ്കൂൾ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നുവല്ലോ. യൗവനാരംഭത്തിനുമുമ്പേ മാതാപിതാക്കൾക്കൊപ്പം ജന്മിയുടെ കൃഷിയിടത്തിൽ പണിക്കിറങ്ങി. അയിത്ത ജാതിക്കാർക്ക് കുളിക്കാനോ മുണ്ടുനനക്കാനോ അനുമതിയില്ലാതിരുന്ന പിച്ചീട്ടു കുളത്തിൽ കൂട്ടുകാർക്കൊപ്പം ഇറങ്ങിക്കുളിച്ചത് മേൽജാതിക്കാരുടെ കോപത്തിനിരയാക്കി.
സംഭവമറിഞ്ഞ പിതാവ് വഴക്കുപറഞ്ഞ് തല്ലാനോങ്ങിയെങ്കിലും അമ്മ തടസ്സംനിന്നു. സാമൂഹിക അനാചാരങ്ങൾക്കെതിരെയുള്ള ആദ്യ കാൽവെപ്പായിരുന്നു പിച്ചീട്ടുകുളത്തിലെ കുളി. യുവാവായി മാറിയ അയ്യൻകാളി സമപ്രായക്കാരെ സംഘടിപ്പിച്ച് കളരി അഭ്യാസമുറകൾ പഠിച്ചെടുത്തു. 1893ൽ വില്ലുവണ്ടിയിലേറി സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ സമരയാത്ര ചരിത്രം സൃഷ്ടിക്കുക മാത്രമല്ല ദൂരവ്യാപക ഫലങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഈ സമരാവേശത്തിന്റെ തുടർച്ചയാണ് 1898ൽ ബാലരാമപുരത്തും ചാലിയത്തെരുവിലും ആറാലുംമൂട് ചന്തയിലും മറ്റും സഞ്ചാരത്തിനും കൊടുക്കൽ വാങ്ങലിനുമുള്ള അവകാശത്തിനായി സവർണ മാടമ്പിപ്പടകളുമായി നടത്തിയ ഏറ്റുമുട്ടലുകൾ.
1904ൽ സ്കൂൾ പ്രവേശനം നിഷേധിക്കപ്പെട്ട അയിത്ത ജാതി കുട്ടികൾക്കായി വെങ്ങാനൂരിൽ ഒരു കുടിപ്പള്ളിക്കൂടം സ്വന്തം കൈകളാൽ നിർമിച്ചു. അത് അതേരാത്രി തന്നെ തീവെച്ച് നശിപ്പിക്കപ്പെട്ടു. വീണ്ടും നിർമാണവും സംഹാരവും ആവർത്തിക്കപ്പെട്ടു. തീവെക്കാനെത്തിയ മേൽജാതിക്കാരെ കായികമായി നേരിട്ടതോടെ അക്രമികൾ പിന്മാറി. അന്നും പുലയക്കുട്ടികൾക്ക് സ്കൂൾ പ്രവേശനം ഒരു വിദൂര സ്വപ്നമായിരുന്നു. അത് എന്തു വിലകൊടുത്തും സാധ്യമാക്കിയേ അടങ്ങൂ എന്ന് അയ്യൻകാളി തീരുമാനിച്ചുറപ്പിച്ചു.
അതിന്റെ ഭാഗമായാണ് കേരളംകണ്ട ആദ്യ കാർഷിക സമരത്തിന് തെക്കേവിള നെൽപാടശേഖരത്തിൽവെച്ച് അദ്ദേഹം ആഹ്വാനം ചെയ്തത്. മൂന്നുവർഷക്കാലം ഈ സമരം നീണ്ടു. കൃഷിയിറക്കാനാവാതെ വയലുകളിൽ മുട്ടിപ്പുല്ല് കിളിർത്തു. ഒടുവിൽ രാജഭരണകൂടം ഇടപെട്ടു. സമരം ഒത്തുതീർപ്പാക്കാൻ അന്നത്തെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കണ്ടല നാഗൻപിള്ളയെ അന്വേഷണ ഉദ്യോഗസ്ഥനായി ദിവാൻ വി.എസ്. റാവു നിയോഗിച്ചു. നാഗൻപിള്ളയുടെ ഇടപെടലിനെത്തുടർന്ന് സമരം ഒത്തുതീരുകയും അയിത്തജാതിക്കുട്ടികൾക്ക് സ്കൂൾപ്രവേശനം ഉറപ്പുനൽകി 1907ൽ ആദ്യത്തെ സർക്കാർ ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു. എന്നാൽ, ഒരു സർക്കാർ സ്കൂളിലും പുലയക്കിടാങ്ങൾക്ക് പ്രവേശനം ലഭിച്ചില്ല. അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങി നിവേദനങ്ങൾ സമർപ്പിക്കവേയാണ് ഒരു സംഘടനയുടെ ആവശ്യകത ബോധ്യപ്പെടുന്നതും ‘സാധുജന പരിപാലന സംഘം’ രൂപവത്കരിക്കുന്നതും.
ദിവാൻ ഉൾപ്പെടെയുള്ളവരെ കണ്ടതിന്റെ ഫലമായി, വിദ്യാലയ പ്രവേശനം നിഷേധിക്കുന്നവർക്കെതിരെ ശിക്ഷണ നടപടികളോടെ 1910ൽ രണ്ടാമത്തെ വിദ്യാലയ പ്രവേശന ഉത്തരവിറക്കാനായി. ഈ ഉത്തരവ് ഇറങ്ങേണ്ട താമസം സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തന്റെ പത്രാധിപത്യത്തിലുള്ള പത്രത്തിൽ പുലയരുടെ വിദ്യാലയ പ്രവേശനത്തിനെതിരെ രൂക്ഷമായ മുഖപ്രസംഗമെഴുതി.
1911 ഡിസംബർ അഞ്ചിന് തിരുവിതാംകൂർ പ്രജാസഭയിലെ ആദ്യ പുലയ പ്രതിനിധിയായി അയ്യൻകാളി നാമനിർദേശം ചെയ്യപ്പെട്ടു. പ്രജാസഭ വഴിയും ദിവാൻ വഴിയും വിദ്യാഭ്യാസ അവകാശത്തിനായി അദ്ദേഹം നിരന്തര പരിശ്രമങ്ങൾ തുടർന്നു. 1914ൽ വീണ്ടും വിദ്യാലയ പ്രവേശന ഉത്തരവ് പുറപ്പെടുവിച്ചു സർക്കാർ. ഇതിന്റെ കോപ്പിയുമായി വെള്ളൂർകോണം പരമേശ്വരന്റെ മക്കളായ പഞ്ചമിയെയും കൊച്ചുകുട്ടിയെയുംകൊണ്ട് അയ്യൻകാളിയും അനുചരന്മാരും ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിലെത്തി.
അന്നതൊരു സ്വകാര്യ മാനേജ്മെന്റ് സ്കൂളായിരുന്നു. ഉത്തരവിന് ഒരു വിലയും കൽപിക്കാഞ്ഞ സ്കൂളധികൃതർ അയിത്ത ജാതിക്കാരെ ഒരു കാരണവശാലും പ്രവേശിപ്പിക്കില്ലെന്ന് തീർത്തുപറഞ്ഞു. അയ്യൻകാളിയെയും സംഘത്തെയും മർദിക്കാനും ഒരുമ്പെട്ടു സവർണ സംഘം. എല്ലാ എതിർപ്പുകളെയും ഭേദിച്ച് അയ്യൻകാളി ആ ബാലികമാരെ ക്ലാസ് മുറിയിലെ ബെഞ്ചിൽ കൊണ്ടിരുത്തി. അക്രമിസംഘം അയ്യൻകാളിയെ മർദിക്കുകയും അന്നുരാത്രി തന്നെ സ്കൂൾ അഗ്നിക്കിരയാക്കുകയും ചെയ്തു.
ആ തീയിൽ വേവാത്ത ഒരു ബെഞ്ച് മാത്രം അവശേഷിച്ചു. ഒരു നൂറ്റാണ്ട് പിന്നിട്ടെങ്കിലും ആ ബെഞ്ച് ഇന്നും ഒരു ചരിത്ര സ്മാരകമായി സൂക്ഷിക്കുന്നു. ആ സ്കൂളിനിന്ന് പഞ്ചമി സ്മാരക യു.പി സ്കൂൾ എന്നാണ് പേര്. ഊരൂട്ടമ്പലം സ്കൂൾ പ്രവേശന കലാപം കത്തിപ്പിടിച്ച് തൊണ്ണൂറാമാണ്ട് കലാപമായി മാറുകയും ഒട്ടനവധി പട്ടിണിപ്പാവങ്ങളുടെ കുടിലുകളും ആടുമാടുകൾ ഉൾപ്പെടെ ജീവിതമാർഗങ്ങളും സവർണ അക്രമികൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. അയിത്തജാതി പെൺകുട്ടികളും സ്ത്രീകളും ബലാത്സംഗത്തിനിരയായി. ഈ വേദനിപ്പിക്കുന്ന യാഥാർഥ്യങ്ങളൊന്നും കേരള ചരിത്രത്തിൽ സ്ഥാനംപിടിച്ചിട്ടില്ല.
അയ്യൻകാളി എന്ന ചരിത്രപുരുഷൻ നടത്തിയ ഒട്ടനവധി പോരാട്ടങ്ങളെക്കുറിച്ച് ഇനിയും പറയാനുണ്ട്. തികച്ചും നിരക്ഷരമായ ഒരു പശ്ചാത്തലത്തിൽനിന്ന് പൊരുതി മുന്നേറിവന്ന് സഞ്ചാര സ്വാതന്ത്ര്യം, സ്ത്രീ മുന്നേറ്റം, വിദ്യാഭ്യാസ അവകാശം, തൊഴിലാളി മുന്നേറ്റം, സമത്വത്തിനായുള്ള അവകാശം എന്നിങ്ങനെ മനുഷ്യജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും അടയാളമുദ്ര ചാർത്തിയ ഇതുപോലൊരു നായകനെ കേരള ചരിത്രത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല.
അയ്യൻകാളി ഉയർത്തിയ മുദ്രാവാക്യങ്ങൾക്ക് അന്നത്തേക്കാളേറെ പ്രസക്തിയുള്ള കാലത്താണ് നാമിന്ന്. അന്ന് സ്കൂൾ പ്രവേശനമാണ് നിഷേധിച്ചിരുന്നതെങ്കിൽ ഇന്ന് ദലിത്-പിന്നാക്ക ഉന്നത വിദ്യാഭ്യാസവും തൊഴിൽ അവകാശങ്ങളും നിഷേധിക്കാനാണ് സവർണ സംഘങ്ങൾ ആഞ്ഞു ശ്രമിക്കുന്നത്. സ്കൂളുകളിലെ വിവേചനപൂർണമായ പെരുമാറ്റത്തെത്തുടർന്ന് ദലിത് കുഞ്ഞുങ്ങൾ സ്വയംഹത്യക്കുപോലും നിർബന്ധിതരാവുന്നുവെന്നുവരുകിൽ മഹാത്മ ഉയർത്തിയ മുദ്രാവാക്യങ്ങൾ കൂടുതൽ ഉച്ചത്തിൽ മുഴക്കുക മാത്രമാണ് നമുക്ക് മുന്നിലുള്ള മാർഗം. അത് നമ്മെ സ്വതന്ത്രരാക്കും.
(ചരിത്രകാരനും അയ്യൻകാളി ജീവചരിത്രം ഉൾപ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.