അയോധ്യയിലെ ഗാന്ധി
text_fields1992 ഡിസംബർ ആറിന് അയോധ്യയിൽ ബാബരി മസ്ജിദ് കർസേവകർ തകർത്ത സംഭവം രാജ്യവ്യാപകമായി സമീകരിക്കപ്പെട്ടത് ഗാന്ധിവധത്തോടാണ്. രണ്ടും വംശീയവൈരം മൂത്ത് ഹിന്ദുത്വ വർഗീയവാദികൾ ചെയ്തതുതന്നെ. ബാബരി മസ്ജിദ് ആസൂത്രിതമായ ഗൂഢപദ്ധതികളിലൂടെ തകർത്തു തരിപ്പണമാക്കുകയും അതിനു ശ്രീരാമെൻറ പേരും അനുബന്ധ ചിഹ്നങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്തവരൊക്കെയും കോടതിതീർപ്പുകളിലൂടെ കുറ്റമുക്തരായി പ്രഖ്യാപിക്കപ്പെട്ടതിൽ രാജ്യം അമ്പരന്നുനിൽക്കെയാണ് ഇത്തവണ രാജ്യപിതാവിെൻറ 151ാം ജന്മവാർഷികദിനം കടന്നുവരുന്നത്. രാമരാജ്യത്തിനു വേണ്ടി പൊരുതി ജീവിക്കുകയും അതിെൻറ പേരിൽ ഹിന്ദുത്വവർഗീയവാദികളുടെ നിരന്തര ആക്രമണങ്ങൾക്കും ഒടുവിൽ വെടിയുണ്ടക്കുമിരയായി 'ഹേ റാം' ചൊല്ലി വീരമൃത്യു പ്രാപിക്കുകയും ചെയ്ത ഗാന്ധിജിയുടെ ജീവിതത്തിലുമുണ്ടൊരു ഉജ്ജ്വലമായ 'അയോധ്യ കാണ്ഡം'. ശ്രീരാമെൻറ സ്മൃതികളുറങ്ങുന്ന അയോധ്യയിൽ ഗാന്ധി നടത്തിയ സന്ദർശനങ്ങളൊക്കെയും പക്ഷേ, താൻ കണ്ട രാമരാജ്യത്തിലേക്കു അയോധ്യാനിവാസികളുടെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടിയായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിെൻറ ഒടുക്കത്തിലും ഇരുപതാംനൂറ്റാണ്ടിെൻറ തുടക്കത്തിലുമായി അവധ് പ്രവിശ്യയിൽ മുതലാളിത്ത, സാമ്രാജ്യത്വവിരുദ്ധ കർഷക തൊഴിലാളി സംഘങ്ങൾ സജീവമായിരുന്നു. 1856ൽ ബ്രിട്ടീഷുകാർ അവധ് ജില്ലയുടെ നിയന്ത്രണം ഏറ്റെടുത്തതിൽ പിന്നെ കൊച്ചു നാട്ടുരാജാക്കന്മാരും ഗോത്രത്തലവന്മാരുമായി കൂട്ടുചേർന്ന ഭരണമാണ് അവർ നയിച്ചത്. ബ്രിട്ടീഷുകാർ ഇൗ മാടമ്പിപ്രഭുക്കന്മാരുടെ ഭരണം വകവെച്ചുകൊടുക്കുകയും ബദലായി അവരിൽനിന്നു വമ്പിച്ച ഭൂനികുതി ഇൗടാക്കുകയും ചെയ്തു. ഭൂപ്രഭുക്കന്മാരായ ഇൗ താലൂക്ദാർമാരും സമീന്ദാർമാരും ഭൂമി പാട്ടത്തിനു നൽകുകയും അവരുടെ ധാരാളിത്തജീവിതത്തിനു വേണ്ട സമ്പത്തെല്ലാം പാട്ടക്കാരായ കർഷകരിൽനിന്നു ഇൗടാക്കുകയും ചെയ്തു. ഇത് അന്യായമായ പാട്ടപ്പിരിവിലേക്കും നിർബന്ധിത കൂലിവേല പോലുള്ള കൊടിയ ചൂഷണങ്ങൾക്കും വഴിമാറിയപ്പോൾ അവധ് മേഖലയിലെ കർഷകർ സംഘടിച്ചതിെൻറ ഫലമായി 1920കളുടെ തുടക്കത്തിൽ അവിടെ കിസാൻ സഭകൾ രൂപം കൊണ്ടിരുന്നു. ഫിജിയിലെ കൂലിത്തൊഴിൽ പടയിൽ അംഗമായി കഴിഞ്ഞു മടങ്ങിയെത്തി ഇപ്പോഴത്തെ യു.പിയിലെ ജോൺപുർ, സുൽത്താൻപുർ, പ്രതാപ്ഗഢ് എന്നിവിടങ്ങളിൽ ഹിന്ദുവേദ പ്രചാരണം നടത്തിയിരുന്ന ബാബ രാമചന്ദ്രയായിരുന്നു അതിെൻറ നേതാവ്. കർഷകരുടെ പ്രശ്നപരിഹാരത്തിന് 585 പഞ്ചായത്തുകൾ രൂപവത്കരിച്ച് അവർ ശക്തിപ്രാപിക്കുന്നതു കണ്ട് കോൺഗ്രസ് അവർക്കുമേൽ കണ്ണുെവച്ച് പിന്തുണയുമായെത്തി. 1920 ഡിസംബറിൽ അയോധ്യയിൽ അവധ് കിസാൻ സഭ കോൺഗ്രസ് ചേർന്നപ്പോൾ ഒരു ലക്ഷത്തോളം പേർ പെങ്കടുത്തുവെന്നാണ് ചരിത്രം. എന്നാൽ, ബാബ രാമചന്ദ്ര കർഷകപ്രക്ഷോഭത്തിന് അറസ്റ്റിലായതിൽ പിന്നെ സംഘടനക്ക് നാഥനില്ലാതാകുന്ന സമയത്താണ് ഹർദോയ് ജില്ലയിൽനിന്ന് പാസി എന്ന പിന്നാക്കവിഭാഗത്തിൽനിന്നുള്ള മദാരി പാസിയുടെയും ഖാജാ അഹ്മദിെൻറയും നേതൃത്വത്തിൽ 'ഏക' പ്രസ്ഥാനത്തിെൻറ വരവ്.
ഏതുതരം അടിച്ചമർത്തൽ നയങ്ങളെയും എതിർക്കുക എന്നതായിരുന്നു അവരുടെ പ്രഖ്യാപിത മുദ്രാവാക്യം. ക്രമേണ അവർ നിസ്സഹകരണ-ഖിലാഫത്ത് പ്രസ്ഥാനക്കാരുമായി ചേർന്ന് സമരമണ്ഡലം വികസിപ്പിച്ചു. തൂപ്പുകാരും ക്ഷുരകരും അലക്കുകാരും ഭൂജന്മിമാർക്കും താലൂക്ദാർമാർക്കും വേല ചെയ്യില്ലെന്ന് അവർ പ്രഖ്യാപിച്ചു. സ്വരാജ്യം, സ്വദേശി മുദ്രാവാക്യങ്ങളുയർത്തിയ അവർ ബ്രിട്ടീഷ് ജുഡീഷ്യൽ സംവിധാനങ്ങൾക്കു വഴങ്ങില്ലെന്നും പ്രഖ്യാപിച്ചു. മത-ജാതി ഭേദങ്ങൾക്കതീതമായി സംഘടന പടർന്നുപന്തലിച്ചു. എന്നാൽ, ഭൂവുടമകളോട് വിട്ടുവീഴ്ചയില്ലാ സമരം പ്രഖ്യാപിച്ചതിനാൽ അവരുമായി ഏറ്റുമുട്ടി തുടങ്ങിയതോടെ നിസ്സഹകരണ-ഖിലാഫത്ത് പ്രസ്ഥാനക്കാരും കോൺഗ്രസും അവരിൽനിന്നകന്നു. താലൂക്ദാർമാരുടെയും സമീന്ദാർമാരുടെയും പേടിസ്വപ്നമായി മാറിയ ഇൗ കർഷകപ്രസ്ഥാനങ്ങളെ ബ്രിട്ടീഷുകാർ രക്തരൂഷിതമായിത്തന്നെ നേരിട്ടു. ഇൗ സായുധ ഏറ്റുമുട്ടലുകളുടെ കാലത്തായിരുന്നു ഗാന്ധിജിയുടെ അയോധ്യ സന്ദർശനം.
ഗാന്ധി അയോധ്യയിലെത്തുന്നു
1921 ഫെബ്രുവരി 10നായിരുന്നു മഹാത്മ ഗാന്ധി ആദ്യമായി അയോധ്യയിലെത്തുന്നത്. നേരത്തേ 1915ൽ കൊൽക്കത്തയിൽനിന്നു ഹരിദ്വാറിലെ കുംഭമേളയിലേക്കുള്ള യാത്രക്കിടെ അദ്ദേഹം അതുവഴി കടന്നുേപായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന് ഇന്ത്യയിൽ അടിത്തറ പാകുന്നതിനു വേണ്ടി നടത്തിയ അഖിലേന്ത്യ പര്യടനത്തിെൻറ ഭാഗം കൂടിയായിരുന്നു ആ സന്ദർശനം. വാരാണസിയിൽ കാശി വിദ്യാപീഠത്തിെൻറ തറക്കല്ലിടലിനെത്തിയതായിരുന്നു ഗാന്ധി. അയോധ്യയിലിറങ്ങി ഹിന്ദു സന്യാസിമാരെ കണ്ട് സ്വാതന്ത്ര്യസമരത്തിന് അവരുടെ പിന്തുണ തേടി, ഖിലാഫത്ത് പ്രസ്ഥാനത്തെ ചേർത്തുപിടിച്ച് ഹിന്ദു-മുസ്ലിം സംയുക്ത സ്വാതന്ത്ര്യപ്പോരാട്ടമുഖം തുറക്കാനായിരുന്നു ഗാന്ധിജിയുടെ പ്ലാൻ. മൗലാന അബുൽകലാം ആസാദ്, മൗലാനാ ശൗക്കത്തലി എന്നിവരും ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിെൻറ തീവണ്ടിയെത്തുന്നതിനു മണിക്കൂറുകൾ മുമ്പ് ആളുകൾ റോഡരികിലും കെട്ടിടങ്ങളുടെ മട്ടുപ്പാവുകളിലും കാത്തുനിന്നു. ട്രെയിൻ സ്റ്റേഷനിലെത്താൻ നേരം പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആചാര്യ നരേന്ദ്ര ദേവും മഹാശയ് കേദാർനാഥും ഗാന്ധിജിയുടെ കമ്പാർട്ടുമെൻറിനരികെ ത്രിവർണപതാകയുമായി പാഞ്ഞെത്തി. എന്നാൽ, ട്രെയിൻ ഫൈസാബാദിലേക്ക് കടക്കുേമ്പാൾ തന്നെ ഗാന്ധിജി കമ്പാർട്ടുമെൻറിെൻറ വാതായനങ്ങളെല്ലാം അടച്ചിടാൻ ആവശ്യപ്പെട്ടു. അവധിലെ കർഷകപ്രക്ഷോഭം അക്രമത്തിലേക്ക് വഴിമാറിയതിലുള്ള ദുഃഖത്തിൽ തനിക്ക് ആരെയും കാണേണ്ട, ആരോടും മിണ്ടേണ്ട എന്നായിരുന്നു അദ്ദേഹത്തിെൻറ നിലപാട്. ഒടുവിൽ കൂടെയുള്ളവരുടെ സമ്മർദത്തിനു വഴങ്ങി യോഗത്തിൽ തെൻറ അതൃപ്തി നേരിട്ട് അവരെ അറിയിക്കാമെന്നു െവച്ചു. സ്വീകരണ ഘോഷയാത്ര നീങ്ങുന്നതിനിടെ ഒരു സംഘം ഖിലാഫത്ത് പ്രവർത്തകർ ആയുധമണിഞ്ഞു നിൽക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. അന്നു വൈകീട്ടു അയോധ്യക്കും ഫൈസാബാദിനുമിടയിലെ ജൽപ നല്ല മൈതാനത്തെ പൊതുയോഗത്തിൽ നടത്തിയ പ്രഭാഷണത്തിെൻറ ഏറിയ പങ്കും അക്രമത്തിലേക്കു വഴിമാറിയ കർഷകപ്രക്ഷോഭത്തെ അപലപിച്ചുള്ളതായിരുന്നു.
അന്നു കർഷകർക്ക് അഹിംസയിലും നിസ്സഹകരണത്തിലും അധിഷ്ഠിതമായ ഇരുപതിന സന്ദേശം തന്നെ അദ്ദേഹം നൽകി. ആരെയും വേദനിപ്പിക്കില്ലെന്നും ആർക്കെതിരെയും വടിയെടുക്കില്ലെന്നും അസഭ്യം പറയില്ലെന്നും അത്യാചാരം ചെയ്യില്ലെന്നുമായിരുന്നു ആദ്യ നിർദേശം. ദേഷ്യം നിയന്ത്രിക്കാനും അതിക്രമത്തിലേക്കു തിരിയാതിരിക്കാനും മറ്റുള്ളവരുടെ അതിക്രമം സഹിക്കാനുമായിരുന്നു അവസാന സന്ദേശം. വാൾ ഭീരുവിെൻറ ആയുധമാണെന്നും അതിക്രമം ധീരതയുടെയല്ല, ഭീരുത്വത്തിെൻറ അടയാളമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അന്നു രാത്രി അവിടെ തങ്ങിയ അദ്ദേഹത്തെ പരശ്ശതം കർഷകർ സന്ദർശിച്ചത് പശ്ചാത്താപത്താൽ നിറഞ്ഞുതൂവിയ കണ്ണുകളോടെയായിരുന്നുവെന്ന് ചരിത്രകാരന്മാർ കുറിച്ചു. പിറ്റേന്ന് അയോധ്യ വിടുേമ്പാഴും ജനങ്ങളുടെ അക്രമവാസനയിൽ മനം നൊന്ത അദ്ദേഹം അവരെ ബോധവത്കരിക്കാൻ ജവഹർലാൽ നെഹ്റുവിനെ അവിടെ ശട്ടംകെട്ടി നിർത്തുകയായിരുന്നു. അയോധ്യ രാമെൻറ ജന്മസ്ഥലമായി തന്നെ അംഗീകരിച്ചിട്ടും മന്ദിർ, മസ്ജിദ് വിഷയങ്ങളിലേക്കൊന്നും അദ്ദേഹം കടന്നില്ല.
സന്യാസിമാരോടും മൗലവിമാരോടും
പിറ്റേന്ന് സരയൂഘട്ടിലെത്തിയപ്പോൾ പണ്ഡിറ്റ് ചന്ദിറാമിെൻറ നേതൃത്വത്തിൽ ഒരു കൂട്ടം സന്യാസിമാർ കാണാൻ വന്നു. ക്ഷീണിതനായിരുന്ന അദ്ദേഹം കുറഞ്ഞ നേരം അവരോട് സംസാരിച്ചു: ''ഇന്ത്യയിൽ 56 ലക്ഷം സന്യാസിമാരുണ്ടെന്നു പറയുന്നു. അവർ ജീവത്യാഗത്തിനു തയാറെങ്കിൽ അവരുടെ തപസ്യയുടെയും പ്രാർഥനയുടെയും കരുത്തിൽ ഇന്ത്യ വിമോചിതമാകുമെന്നു ഞാൻ ഉറച്ചുവിശ്വസിക്കുന്നു. എന്നാൽ, അവർ വഴിതെറ്റിയിരിക്കുന്നു. അതുതന്നെ മൗലവിമാരുടെയും കാര്യം. ഇൗ സന്യാസിമാരും മൗലവിമാരും വല്ലതും നേടിയെങ്കിൽ അത് ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിച്ചു എന്നതു മാത്രമായിരിക്കും. രണ്ടു കൂട്ടരോടും ഞാൻ പറയുന്നു, അകമേ വിശ്വാസം ഇല്ലാതാകുേമ്പാൾ നിങ്ങൾ ദൈവനിഷേധിയായി മതത്തെ തുടച്ചുനീക്കിക്കളയും. അപരന്മാരോട് ഒരു അരുതായ്മയും ചെയ്യാത്ത വ്യക്തികൾക്കിടയിൽ പകയും വിദ്വേഷവും ജനിപ്പിക്കാൻ ദൈവകൽപനയൊന്നുമില്ല.
അദ്ദേഹം തുടർന്നു: ''ദുർബലരെയും നിസ്സഹായരെയും സംരക്ഷിച്ചാൽ മാത്രമേ സ്വയരക്ഷക്ക് ദൈവത്തോട് പ്രാർഥിക്കാൻ നമുക്ക് അർഹതയുള്ളൂ. ദുർബലരെ രക്ഷിക്കാൻ നോക്കാതെ നമ്മുടെ രക്ഷക്ക് ദൈവത്തോട് തേടുന്നത് പാപമാണ്. രാമൻ സീതയെ സ്നേഹിച്ചതുപോലെ നമ്മൾ സ്നേഹിക്കാൻ പഠിക്കണം. പരമമായ വിശ്വാസത്തോടെ, ഇച്ഛാശക്തിയോടെ നാം സത്യസന്ധമായി ജീവിതത്തിൽ ധർമം പുലർത്തുന്നില്ലെങ്കിൽ ഇൗ വേതാളഭരണത്തെ നശിപ്പിക്കാൻ നമുക്കാവില്ല. സ്വരാജ് നേടാനായില്ലെങ്കിൽ നമ്മുടെ ധർമം നടപ്പിലാവില്ല. രാമരാജ്യം തിരിച്ചുകൊണ്ടുവരുക ഹിന്ദുക്കളുടെ കഴിവിനും അതീതമായ സംഗതിയാണ്''.
മതത്തെ സ്വാർഥതാൽപര്യങ്ങൾക്കു പണയം വെച്ചു ഗോവധം പോലെയുള്ള വിഷയങ്ങളിൽ മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കാനുള്ള പൗരോഹിത്യത്തിെൻറ ശ്രമങ്ങൾക്കെതിരെ ഗാന്ധി ആഞ്ഞടിച്ചു. ഇന്ന് രാമനും രാമരാജ്യവുമെല്ലാം പൗരോഹിത്യത്തിനും അവരെ മറയാക്കി കുത്സിത രാഷ്ട്രീയനീക്കം നടത്തുന്നവർക്കുമുള്ള ഉപാധിയായി മാറുേമ്പാൾ, ഗാന്ധിയുടെ അയോധ്യ യോഗിയുടെ കൈകളിലെത്തുേമ്പാൾ ഇൗ മഹദ്പ്രവചനങ്ങൾ ആരു കേൾക്കാൻ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.