മഹായുതി: മഹാവിജയത്തിന് പിന്നിലെന്ത്?
text_fieldsഅഹമ്മദ്നഗർ ജില്ലയിലെ സംഗമനേർ അസംബ്ലി സീറ്റിൽനിന്ന് 1985 മുതൽ ജയിച്ചുവരുകയാണ് കോൺഗ്രസ് നേതാവ് ബാലാസാഹേബ് തൊറാത്ത്. 2014ലെ മോദി തരംഗത്തിനിടയിലും 59,000 വോട്ടിന്റെ ഭൂരിപക്ഷം നിലനിർത്തിയ അദ്ദേഹം പക്ഷേ, ഇക്കുറിയിതാ ശിവസേനയുടെ അമോൽ ഖത്തലിനോട് തോറ്റിരിക്കുന്നു.
മറ്റൊരു കോൺഗ്രസ് കാരണവരായ മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ സത്താറ ജില്ലയിലെ കരാഡ് സൗത്തിൽ ബി.ജെ.പിയുടെ അതുൽ ഭോസാലെ ഒതുക്കിക്കളഞ്ഞു. കോൺഗ്രസിന്റെയും സഖ്യകക്ഷിയായ നാഷനലിസ്റ്റ് കോൺഗ്രസിന്റെയും കോട്ടകളാണ് പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സതാരയും ഇപ്പോൾ അഹല്യനഗർ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന അഹമ്മദ്നഗറും. അടുത്ത കാലം വരെ ബി.ജെ.പിക്ക് കടക്കാൻ കഴിയാത്ത മേഖലയായാണ് ഇവ കരുതപ്പെട്ടിരുന്നത്.
പക്ഷേ, ശനിയാഴ്ച നിയമസഭാ വോട്ടുകളെണ്ണിയപ്പോൾ കഥ മാറി. ബി.ജെ.പി നേതൃത്വം നൽകുന്ന മഹായുതി സഖ്യം മേഖലയിലെ 58 സീറ്റുകളിൽ 41 എണ്ണത്തിലും മുന്നിലെത്തി. ബി.ജെ.പിയും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലെ ശിവസേനയും നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി അജിത് പവാർ വിഭാഗവും അടങ്ങുന്ന ഭരണസഖ്യം ഇതുപോലെ സംസ്ഥാനത്തെ എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിച്ചു. മഹായുതി സഖ്യം 48.16 ശതമാനം വോട്ട് നേടിയപ്പോൾ കോൺഗ്രസും ഉദ്ധവ് താക്കറെയുടെ ശിവസേനയും ശരദ് പവാറിന്റെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയും അടങ്ങുന്ന മഹാവികാസ് അഘാഡി 33.65 ശതമാനം വോട്ടിലൊതുങ്ങി.
ആറുമാസം മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 48 സീറ്റുകളിൽ 17 എണ്ണത്തിൽ മാത്രം വിജയിച്ച മഹായുതി ഈ ചെറിയ കാലയളവിനുള്ളിൽ കൈവരിച്ച ഈ അത്ഭുതകരമായ നേട്ടം എന്താണ് വിശദീകരിക്കുന്നത്?
സ്ത്രീകളും കമീഷനും തുണച്ചു
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി തുടക്കമിട്ട, സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിക്കുന്ന പദ്ധതിയാണ് മഹായുതി സഖ്യത്തെ തുണച്ച മുഖ്യഘടകമായി കണക്കാക്കപ്പെടുന്നത്. മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ യോജന പ്രകാരം, 2.5 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള 21 നും 65 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ജൂലൈ മുതൽ പ്രതിമാസം 1500 രൂപ നൽകിവരുന്നുണ്ട്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ 2.34 കോടി സ്ത്രീകളിൽ ഭൂരിഭാഗം പേരുടെയും അക്കൗണ്ടുകളിലേക്ക് വോട്ടെടുപ്പ് തീയതിക്ക് മുമ്പായി മൊത്തം 7500 രൂപ എത്തിച്ചേർന്നു.
2019 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി വോട്ട് ചെയ്ത സ്ത്രീകളുടെ എണ്ണം ആറു ശതമാനത്തോളം കൂടുതലാണ്. ക്ഷേമ പദ്ധതിയാണ് ഇതിനു കാരണമായി പറയുന്നത്. തെരഞ്ഞെടുപ്പ് വൈകിപ്പിച്ച് പദ്ധതിയുടെ പ്രഭാവം ജനങ്ങളിലെത്തിച്ചതിന്റെ യഥാർഥ ക്രെഡിറ്റ് തെരഞ്ഞെടുപ്പ് കമീഷനാണെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് സ്ക്രോൾ നടത്തിയ അഭിമുഖത്തിൽ, രാഷ്ട്രീയ നിരീക്ഷകൻ ഗിരീഷ് കുബേർ അഭിപ്രായപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതോടെ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നാലോ അഞ്ചോ മാസത്തെ ഗഡുക്കൾ എത്തിക്കാൻ സംസ്ഥാനത്തിന് സമയം കിട്ടി. ഫലപ്രഖ്യാപനത്തിനു ശേഷം നടത്തിയ ആദ്യ പ്രതികരണത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നന്ദി പറഞ്ഞത് സംസ്ഥാനത്തെ പ്രിയപ്പെട്ട സഹോദരിമാരോടാണ്.
വിജയിച്ച പാർട്ടി സ്ത്രീവോട്ടുകളിൽ ഭൂരിപക്ഷവും സ്വന്തമാക്കാത്ത ഒരു തെരഞ്ഞെടുപ്പും കഴിഞ്ഞ ദശകം നടന്നതായി താൻ ഓർക്കുന്നില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകനും ദ ഇലക്ഷൻ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ എന്ന പുസ്തകത്തിന്റെ രചയിതാവുമായ മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി അഭിപ്രായപ്പെട്ടത്.
ഗ്രാമീണ ദുരിതം വിഷയമാകുന്നില്ല?
ബാലാസാഹേബ് തോറാത്തും വിദർഭയിലെ യശോമതി താക്കൂറും മറ്റും തോറ്റതെങ്ങനെയെന്ന് മനസ്സിലാവുന്നില്ലെന്ന് എഴുത്തുകാരനും പരിയിലെ മാധ്യമപ്രവർത്തകനുമായ ജയ്ദീപ് ഹാർദികർ പറയുന്നു.
“തികച്ചും അതിശയകരമാണ് ഫലം, പ്രത്യേകിച്ച് വോട്ട് വിഹിതത്തിലെ വലിയ അന്തരം,” ഭണ്ഡാര, ഗോണ്ടിയ, ഗഡ്ചിരോളി എന്നിവിടങ്ങളിൽ ആദിവാസി വോട്ടുകൾ കൂട്ടത്തോടെ മഹായുതിയിലേക്ക് മാറിയതായി തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതികളുടെ, വിശിഷ്യാ ലഡ്കി ബഹിൻ യോജ്നയുടെ മറവിൽ സോയാബീൻ, പരുത്തി കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധി തുടങ്ങിയ ഗ്രാമീണ ദുരിതവിഷയങ്ങൾ മൊത്തത്തിൽ താൽക്കാലികമായി മുങ്ങിപ്പോയതായും ഹർദികർ കൂട്ടിച്ചേർക്കുന്നു.
ബി.ജെ.പി വൻ ഭൂരിപക്ഷം നേടിയാൽ ഭരണഘടന ഭേദഗതി ചെയ്യപ്പെടുമെന്നതടക്കമുള്ള ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിധ്വനിച്ചതുപോലുള്ള പ്രതിപക്ഷ ആഖ്യാനങ്ങൾ ഇക്കുറി വിലപ്പോവാതെ വന്നതും ഇതുകൊണ്ടാകാമെന്ന് രാജ്ദീപ് സർദേശായി നിരീക്ഷിക്കുന്നു. കൂടുതൽ പ്രാദേശികവത്കൃത തെരഞ്ഞെടുപ്പായതിനാൽ, ലഡ്കി ബഹിൻ പോലുള്ള പദ്ധതികളിൽനിന്ന് ലഭിക്കുന്ന ഉടനടി ആനുകൂല്യങ്ങളിലാണ് വോട്ടർമാരുടെ കണ്ണെന്നും അദ്ദേഹം പറയുന്നു.
എം.വി.എയുടെ വീഴ്ച
ജനങ്ങൾ അഭിമുഖീകരിക്കുന്ന ഒട്ടനവധി യഥാർഥ പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ടായിട്ടും അവയെ തെരഞ്ഞെടുപ്പ് ആഖ്യാനമാക്കി മാറ്റുന്നതിൽ വരുത്തിയ പരാജയമാണ് മഹാവികാസ് അഘാഡി നേരിട്ടതെന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ യോഗേന്ദ്ര യാദവ് കരുതുന്നു. ഇതൊരു അതിപ്രാദേശികവത്കൃത തെരഞ്ഞെടുപ്പാക്കി മാറ്റാൻ കഴിഞ്ഞതാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ വിജയമെന്ന് അദ്ദേഹം പറയുന്നു. ഒ.ബി.സി പട്ടികയിൽ സമുദായത്തെ ഉൾപ്പെടുത്താത്ത ഭരണസഖ്യത്തിന്റെ നടപടിയിൽ മനംനൊന്ത മറാത്തകൾ മഹാവികാസ് അഘാഡിക്ക് പിന്നിൽ ഒരുമിച്ച് അണിനിരക്കില്ലെന്ന് അതുവഴി ഉറപ്പാക്കി. അതേസമയം, “ബി.ജെ.പി നിശ്ശബ്ദമായി ഒ.ബി.സികളെയും ഏറ്റവും പിന്നാക്കം നിൽക്കുന്ന ദലിതരെയും തങ്ങളുടെ പക്ഷത്ത് ഏകീകരിച്ചു നിർത്തുകയും ചെയ്തു”, യോഗേന്ദ്ര യാദവ് വിശദീകരിക്കുന്നു.
തെരഞ്ഞെടുപ്പ് ഫലത്തിൽ അത്ഭുതമില്ലെങ്കിലും മഹായുതി നേടിയ വിജയത്തിന്റെ വലുപ്പത്തിൽ ഞെട്ടിയെന്ന് പറഞ്ഞ യോഗേന്ദ്ര “വോട്ട് വിഹിതത്തിലെ 15 ശതമാനം അന്തരം അൽപ്പം ഭയാനകവും വിചിത്രവുമാണെന്നും ഡേറ്റകൾ സൂക്ഷ്മമായി പഠിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
(Thanks to scroll.in)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.