പണ്ഡിതന്മാരുടെ പങ്കും കെ.എം മൗലവിയുടെ പങ്കപ്പാടും
text_fieldsരാഷ്ട്രീയനേതാക്കൾക്കുള്ള അതേപങ്ക് മത പണ്ഡിതന്മാർക്കുമുണ്ടെന്നത് മലബാർ സമരത്തിന്‍റെ പ്രത്യേകതയാണ്. സംഘടിപ ്പിച്ചെടുക്കുന്നിടത്തും നയിക്കുന്നിടത്തും അതുകാണാം. ആലി മുസ്ല്യാർ, കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ, ഇ. മൊയ ്തു മൗലവി എന്നിവരൊക്കെ മലബാർ സമരത്തിന്‍റെ നേതാക്കളെന്ന നിലയിൽ ചരിത്രത്തിൽ സ്ഥാനം നേടിയവരാണ്. ആ നിരയിൽ നിന്ന്, പിന്നീട് മതനേതൃത്വത്തിന്‍റെ മറ്റൊരു വിതാനത്തിലേക്ക് ഉയർന്ന നേതാവാണ് കെ.എം മൗലവി.
സമരനായകരായ ആലി മുസ് ല്യാരുടേയും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ജീവചരിത്രം രചിച്ച കെ.കെ മുഹമ്മദ് അബ്ദുൽ കരീം തന്നെയാണ് കെ.എം മൗലവിയുടെ ജീവചരിത്രവും തയാറാക്കിയത്. കെ.എം മൗലവി എന്ന പേര് ചിരപ്രതിഷ്ഠ നേടിയത് രാഷ്ട്രീയരംഗത്തല്ല, മതരം ഗത്താണ്. കേരളത്തിലെ മുസ്ലിം സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ മുൻനിര നായകനായിട്ടാണ് കെ.എം മൗലവി കീർത്തി നേടിയ ിട്ടുള്ളത്. പിൽക്കാലത്ത് കേരള നദുവത്തുൽ മുജാഹിദീൻ എന്ന പേരിലറിയപ്പെട്ട സലഫി ധാരയുടെ സ്ഥാപക നേതാക്കളിൽ പ്രധാന ിയാണ് കെ.എം മൗലവി. മലബാർ സമരം സംബന്ധിച്ച സർക്കാർ രേഖകളിലൊക്കെ അദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുള്ളത് തയ്യിൽ മുഹ മ്മദ് കുട്ടി എന്ന പേരിലാണ്.
1886 ജൂലൈ ആറിനാണ് ജനനം, തിരൂരങ്ങാടിക്കടുത്ത കക്കാട്ട്. സ്ഥലത്തെ പൗരപ്രമുഖനും വ് യാപാരിയുമായ തയ്യിൽ കുഞ്ഞിമൊയ്തീനാണ് പിതാവ്. കക്കാട്ടെ കൂര്യാടൻ അഹമ്മദ് കുട്ടി മുല്ലയുടെ ഒത്തുപള്ളിയിൽ നിന്ന ാണ് വിദ്യാഭ്യാസം തുടങ്ങുന്നത്. പള്ളി ദർസുകളിലൂടെ പിന്നീട് വാഴക്കാട് ദാറുൽ ഉലൂമിലെത്തി. കേരളത്തിലെ മുസ്ലിം മ തവിദ്യാഭ്യസരംഗത്ത് പല പരിഷ്ക്കാരങ്ങൾക്കും തുടക്കമിട്ട സ്ഥാപനമാണിത്. അവിടെ വിദ്യാഭ്യാസം പൂർത്തിയാക്കി അക്കാ ലത്തെ പതിവനുസരിച്ച് മതാധ്യാപനത്തിലേക്ക് തിരിഞ്ഞു. മണ്ണാർക്കാടാണ് തുടങ്ങിയത് എങ്കിലും 1919ൽ മലപ്പുറത്തിന് അടു ത്ത ചെമ്മങ്കടവ് പള്ളിയിലെത്തി. അക്കാലത്താണ് ഖിലാഫത്ത് നേതാക്കളായ ആലി മുസ്ല്യാർ, കട്ടിലശ്ശേരി മുഹമ്മദ് മുസ് ല്യാർ എന്നിവരുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നത്.
ആനി ബസന്‍റിന്‍റെ ഹോംറൂൾ പ്രസ്ഥാനത്തിലൂടെയാണ് രാഷ് ട്രീയ പ്രവേശം. കോഴിക്കോട്ടെ ബാസൽ മിഷൻ സ്കൂളിലെ വിദ്യാർത്ഥികൾ ഹോംറൂൾ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ യോഗത്തിൽ കെ. മാധവൻനായരും കെ.എം മൗലവിയും പ്രസംഗിച്ച കാര്യം ഇ. മൊയ്തു മൗലവി ഓർക്കുന്നുണ്ട്. അന്ന് പ്രസംഗിക്കാൻ വശ മില്ലാത്തതുകൊണ്ട് താൻ കേൾവിക്കാരനായി ഇരുന്നു എന്നാണ് മൊയ്തു മൗലവിയുടെ ഓർമ. ഖിലാഫത്തിന്‍റെ യുവനേതാവ് എന്ന നില യിൽ രാഷ്ട്രീയ രംഗത്തെത്തിയ കെ.എം മൗലവി 1920ൽ ഏറനാട് താലൂക്ക് ഖിലാഫത്ത് കമ്മറ്റി സെക്രട്ടറിയായി. പണ്ഡിതന്മാർക്കി ടയിൽ 'തർക്കെമുവാലത്ത്' എന്ന ഉർദു പേരിലാണ് നിസ്സഹരണപ്രസ്ഥാനം അറിയപ്പെട്ടിരുന്നത്. അതിന്‍റെ മുന്നണിപ്പോരാളിയെ ന്ന നിലയിൽ ഖാദിവസ്ത്ര പ്രചാരണവും ഏറ്റെടുത്തു.
1920 നവംബർ രണ്ടിന് കൊണ്ടോട്ടിയിൽ അതിഗംഭീരമായ ഒരു ഖിലാഫത്ത് സ മ്മേളനം ചേർന്നു. അതിലും പ്രധാനപ്രസംഗകർ കെ. മാധവൻ നായരും കെ.എം മൗലവിയുമാണ്. 1921 ജനുവരിയിൽ കോഴിക്കോട്ടും ഖിലാഫത്ത് യോഗം ചേർന്നു. തൊട്ടടുത്ത മാസം നിരോധനാജ്ഞ്ഞ വന്നു. ഏറനാട് - വള്ളുവനാട് താലൂക്കുകളിൽ ഒരു യോഗവും സംഘടിപ്പിക്കാൻ പ ാടില്ല എന്നായിരുന്നു ഒരു നിബന്ധന. യു. ഗോപാല മേനോൻ, കെ. മാധവൻനായർ, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ, എം.പി നാരായണ മേനോൻ, കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ, കെ.എം മൗലവി (തയ്യിൽ മുഹമ്മദ് കുട്ടി) എന്നിവർ എവിടേയും പ്രസംഗിക്കരുത് എന്നായിരുന്നു മറ്റൊരു നിബന്ധന.
ഇവരടക്കം 15 നേതാക്കളുടെ പേര് അക്കമിട്ട് നിരത്തി ഒരു കുറ്റപത്രറിപ്പോർട്ട് കലക്ടർ മദ്രാസ് ഗവർണർക്ക് അയച്ചു. ഇതിൽ പന്ത്രണ്ടാമനായാണ് കെ.എം. മൗലവിയെ ചേർത്തിട്ടുള്ളത്: ''പത്താംനമ്പറ്കാരനെപ്പോലെ (കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരാണ് പത്താമൻ) പാൻ ഇസ്ലാമിക വീക്ഷണം വെച്ചുപുലർത്തുന്ന വ്യക്തിയാണ്. ഏപ്രിൽ, മെയ് മാസങ്ങൾ വരെ കോടൂരിലെ കിളിയമണ്ണിൽ മൊയ്തീൻ നടത്തുന്ന സ്വകാര്യ മദ്രസ്സയിൽ പഠിപ്പിച്ചുപോന്നു. അയാളുടെ അപകടകരമായ പ്രബോധനം കാരണം ആദ്യം താക്കീത് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു. അന്നു മുതൽ നാടുതോറും സഞ്ചരിച്ചു നാശകരമായ ആശയ പ്രചരണവുമായി നടക്കുകയാണ്'' -എന്നതാണ് കെ.എം. മൗലവിക്കെതിരെ ചാർത്തിയ കുറ്റം.
''ഈ പട്ടിക അധികരിപ്പിക്കുകയോ ഇതിൽ പറഞ്ഞവരെ ആവശ്യാനുസരണം തടങ്ങലിൽ വെക്കുകയോ, മലബാറിൽ നിന്ന് നാടുകടത്തുകയോ ചെയ്യേണ്ടിവരും. ശിക്ഷയുടെ ദൈർഘ്യവും സന്ദർഭവും അവരുടെ സ്വാധീനശക്തി കണക്കിലെടുത്ത് കൊണ്ടായിരിക്കേണ്ടതുമാകുന്നു. തങ്ങൾ കൈകാര്യം ചെയ്യുന്ന വസ്തു ശീഘ്രഗതിയിൽ തീപിടിക്കുന്നതാണെന്ന് അറിഞ്ഞുകൊണ്ടോ അല്ലാതെയോ പ്രവർത്തിക്കുന്ന മറ്റുചിലർ ഇവരുടെ പിന്നിലുണ്ട്. അഭിസംബോധന ചെയ്യപ്പെടുന്ന മാപ്പിളമാരെ ഇളക്കിവിടുകയെന്ന ഒരുദ്ദേശ്യമേ അവരുടെ പ്രസംഗങ്ങൾക്കുള്ളു. എന്നാൽ തങ്ങളുടെ ശ്രോതാക്കൾ അറവില്ലാത്തവരാണെന്ന ന്യായേന അവർക്ക് രക്ഷപ്പെടാൻ സാധ്യമാകുന്നതല്ല''. -എന്നാണ് കലക്ടർ കുറ്റപത്ര റിപ്പോർട്ടിലൂടെ അറിയിക്കുന്നത്.
ഇങ്ങനെയിരിക്കുമ്പോഴാണ് അഖിലേന്ത്യാ മജ് ലിസുൽ ഉലമയുടെ ദക്ഷിണേന്ത്യൻ സമ്മേളനം തമിഴ്നാട്ടിലെ ഈറോഡിൽ വെച്ച് ചേരുന്നത്. ആ സമ്മേളനത്തിൽ മലബാർ പ്രതിനിധികളായി കെ.എം മൗലവി, ഇ. മൊയ്തു മൗലവി, എ.എം അബ്ദുൽ ഖാദർ മൗലവി മുതലായവരാണ് പങ്കെടുത്തത്. അവർ തിരിച്ചെത്തിയതോടു കൂടി കേരള മജ് ലിസുൽ ഉലമ രൂപംകൊണ്ടു. പി.എം സയ്യിദ് അലവിക്കോയ തങ്ങളായിരുന്നു പ്രസിഡന്‍റ്. ഇ. മൊയ്തു മൗലവിയാണ് സെക്രട്ടറി. ആലി മുസ്ല്യാരും കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുമൊക്കെ നിർവാഹക സമിതിയിലുണ്ടായിരുന്നു.
ബ്രിട്ടീഷ് ഭരണാധികാരികളുടെ ഓരംചേർന്ന് പോകുന്ന ചില പണ്ഡിതന്മാരും അക്കാലത്ത് മലബാറിലുണ്ടായിരുന്നുവല്ലോ. അവർ കോൺഗ്രസ്സിനേയും ഖിലാഫത്തിനേയും രൂക്ഷമായി വിമർശിച്ച് ലഘുലേഖ പ്രസിദ്ധീകരിച്ചു. 'മഹക്കുൽ ഖിലാഫത്തി ഫി സിൽമിൽ കലാഫ' എന്ന തലക്കെട്ടിൽ അറബിമലയാളത്തിലാണ് പ്രസിദ്ധീകരിച്ചത്. അതിന് കെ.എം. മൗലവിയും ഇ. മൊയ്തു മൗലവിയും ചേർന്ന് മറുപടി എഴുതി പ്രസിദ്ധീകരിച്ചു. 'ദഅവത്തുൽ ഹഖ്'. ആ ലഘുലേഖ കാരണമാണ് മലബാർ ലഹളയുടെ കാരണക്കാരൻ എന്ന കുറ്റം മൊയ്തു മൗലവിക്ക് മേൽ ചാർത്തിയത്. അദ്ദേഹം രണ്ടുവർഷത്തെ ജയിൽശിക്ഷ അനുഭവിച്ചു.
അങ്ങനെയിരിക്കെയാണ് പ്രസിദ്ധമായ ഒറ്റപ്പാലം സമ്മേളനം വരുന്നത്. 1921 ഏപ്രിൽ 23, 24, 25, 26 തീയതികളിൽ. കോൺഗ്രസ് സമ്മേളനം, വിദ്യാർത്ഥി സമ്മേളനം ഖിലാഫത്ത് സമ്മേളനം എന്നിവ പ്രത്യേകം പ്രത്യേകം ചേർന്നിരുന്നു. അത് കഴിഞ്ഞ് ജൂലായി 22ന് തിരൂരങ്ങാടിയിൽ വെച്ച് ഖിലാഫത്ത് പൊതുയോഗം ചേർന്നു. കെ. എം മൗലവിയാണ് അവിടെയും പ്രധാന പ്രസംഗം നടത്തുന്നത്. അടുത്തത് ആഗസ്റ്റ് മാസമാണ്. ഉണങ്ങിനിന്ന വെടിമരുന്നു കൂമ്പാരത്തിന് തീപിടിച്ച മാസം.
1921 ആഗസ്റ്റ് 12 ന് പൊന്മളയിൽ ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കാൻ യോഗം വിളിച്ചിരുന്നു. അതിൽ പങ്കെടുക്കാനായി കെ.എം മൗലവി പൊന്മളയിലെത്തി. അപ്പോഴാണ് പൂക്കോട്ടൂരിൽ മാപ്പിളമാരും പൊലീസും തമ്മിൽ ഇടഞ്ഞ വിവരം അറിഞ്ഞത്. പൂക്കോട്ടൂർ ഖിലാഫത്ത് സെക്രട്ടറിയായ വടക്കേവീട്ടിൽ മുഹമ്മദിനെ തോക്കുകേസിൽപ്പെടുത്തി ചോദ്യം ചെയ്യാൻ ശ്രമിച്ചതാണ് സംഘർഷത്തിനു കാരണം. അതറിഞ്ഞയുടൻ പൂക്കോട്ടൂരേക്ക് തിരിച്ചു. പിറ്റേന്ന് മലപ്പുറം, പൊടിയാട്ട്, കോടൂര് ഭാഗങ്ങളിലൊക്കെ സഞ്ചരിച്ച് സമാധാനത്തിന് ആഹ്വാനം ചെയ്തു.
ആഗസ്റ്റ് 14 ന് തിരൂരങ്ങാടിയിലെത്തി. ഒരു പെരുന്നാളിന്‍റെ തലേദിവസമാണത്. അവിടെ വെച്ച് ഒരാൾ മൗലവിയെ സമീപിച്ച് മലപ്പുറത്തു നിന്ന് കുഞ്ഞിത്തങ്ങൾ അയച്ച ദൂതനാണ് എന്ന് സ്വയം പരിചയപ്പെടുത്തി. ''പൂക്കോട്ടൂരിലെ സംഘർഷത്തിലെ പ്രതികളെ ഏൽപ്പിച്ചുകൊടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടു. അതേക്കുറിച്ച് ആലോചിക്കാൻ എന്‍റെ കൂടെ മലപ്പുറത്തേക്ക് വരാൻ കുഞ്ഞിത്തങ്ങൾ പറഞ്ഞിട്ടുണ്ട്'' -എന്നറിയിച്ചു.
ഇതു കേട്ടയുടൻ കെ.എം മൗലവി ആലി മുസ്ല്യാരുടെ അടുത്തുപോയി. തങ്ങൾ ആളെ അയച്ചസ്ഥിതിക്ക് കൂടെ പോകണം എന്ന് ശുദ്ധഗതിക്കാരനായ ആലി മുസ്ല്യാരും പറഞ്ഞു. പോകാനൊരുങ്ങുമ്പോഴാണ് ഒരു വൃദ്ധൻ തടസ്സം പറഞ്ഞത്. "ഇയാൾ കുഞ്ഞിത്തങ്ങളുടെ എഴുത്തൊന്നും കൊണ്ടുവന്നിട്ടില്ലല്ലോ. ചിലപ്പോൾ ഗവർമെണ്ട് ചാരനായിരിക്കും. കൊണ്ടുപോയി അറസ്റ്റു ചെയ്യാനും ഉദ്ദേശം കാണും. കെ.പി കേശവമേനോനോട് ആലോചിക്കാതെ പോകരുത്. പൊലീസുകാരുടെ തന്ത്രങ്ങൾ സൂക്ഷിക്കണം'' -എന്നായിരുന്നു അദ്ദേഹത്തിന്‍റെ തടസ്സവാദം.
ഇതിനെ തുടർന്ന് കെ.എം മൗലവി കോഴിക്കോട്ടേക്ക് തിരിച്ചു. കേശവമേനോൻ, അബ്ദുറഹ്മാൻ സാഹിബ്, എം.പി. നാരായണമേനോൻ എന്നിവരെ കണ്ടു ചർച്ച ചെയ്തു. ആലി മുസ്ല്യാർ പറഞ്ഞാൽ മാത്രമേ പൂക്കോട്ടൂർക്കാർ അനുസരിക്കുകയുള്ളൂ എന്നായിരുന്നു നാരായണ മേനോന്‍റെ നിഗമനം. അതിനാൽ കേശവമേനോനേയും ആലി മുസ്ല്യാരേയും കൂട്ടി പൂക്കോട്ടൂരിൽ പോകണം എന്നും നിർദ്ദേശിച്ചു. ആ നിർദേശം അങ്ങനെതന്നെ നടപ്പാക്കാൻ സാധിച്ചില്ല. (ചന്ദ്രക്കല പതിച്ച തുർക്കിതൊപ്പി ധരിക്കാറുള്ള എം.പി നാരായണ മേനോനെ 'അബൂതാലിബിനെ പോലെയുള്ള നേതാവ്' എന്നാണ് കെ.എം മൗലവി വിളിച്ചിരുന്നത്.)
രണ്ടു മൂന്നു ദിവസത്തിനകം കാര്യങ്ങൾ കൈവിട്ടു പോയി. കലക്ടറും എസ്.പിയും പട്ടാള സഹിതം തിരൂരങ്ങാടിയിലെത്തി. വീടുകയറിത്തുടങ്ങി. പല ഭാഗത്തും മാപ്പിള മാരും സംഘടിച്ചു. സായുധ സമരം അപകടം ചെയ്യും എന്ന് അഭിപ്രായമുള്ള നേതാക്കൾ വലഞ്ഞു. കോട്ടക്കൽ ചന്തയിൽ നിന്ന് തിരൂരങ്ങാടിക്ക് നീങ്ങുന്ന ഒരു സംഘത്തെ കെ.എം മൗലവി കഷ്ടപ്പെട്ടു തടഞ്ഞുനിർത്തി. പൊലീസിനെ ആക്രമിച്ചാൽ പ്രശ്നം ഗുരുതരമാകുകയല്ലാതെ തീരില്ലാ എന്ന് വികാരപരമായി പ്രസംഗിച്ചു. അപ്പോൾ ഒരു ചോദ്യം വന്നു: "നമ്മുടെ പള്ളിയെ അപമാനിച്ചതിന് പകരം ചോദിക്കാത്തതിനെക്കുറിച്ച് പരലോകത്ത് വെച്ച് ചോദ്യം ചെയ്യുമ്പോൾ ആരാണ് ഉത്തരം പറയുക?''
''അക്കാര്യത്തിൽ അല്ലാഹുവിനോട് ഈ തയ്യിൽ മുഹമ്മദ്കുട്ടി ഉത്തരം പറയാം. നിങ്ങൾ പേടിക്കേണ്ടതില്ല'' -എന്ന് ഉടനടി ഉത്തരവും കൊടുത്തു.
ആ ആൾക്കൂട്ടം മനസ്സില്ലാ മനസ്സോടെ പിരിഞ്ഞുപോയെങ്കിലും തിരൂരങ്ങാടിയിൽ യുദ്ധത്തിന് തിരികൊളുത്തിയിരുന്നു. അപ്പോഴാണ് കെ.എം മൗലവിയുടെ പങ്കപ്പാട് തുടങ്ങുന്നത്. അത് ജീവചരിത്രത്തിൽ അജ്ഞാതവാസം എന്ന തലക്കെട്ടിന് കീഴിലാണ് കൊടുത്തിട്ടുള്ളത്:
''തിരൂരങ്ങാടിയിൽ കലഹം പൊട്ടിപ്പുറപ്പെട്ടപ്പോൾ കെ.എം മൗലവി സാഹിബ് അവർകൾ പരിഭ്രാന്തനായി കൊടുവായൂർക്ക് പോയി. ഏതാനും ആഴ്ചകളോളം മാതുലഗൃഹത്തിൽ താമസിച്ചു. പട്ടാളക്കാർ അറസ്റ്റ്ചെയ്യുമെന്ന ഭീതിനിമിത്തം അദ്ദേഹം അവിടെ നിന്നും രഹസ്യമായ നിലയിൽ കരിപ്പൂരംശത്തിലെ വെള്ളാർ ദേശത്തിലെത്തിച്ചേർന്നു. ഈ ഗ്രന്ഥകാരന്‍റെ മാതാമഹനായ കീടക്കാട്ട് തെക്ക് വീട്ടിൽ കുഞ്ഞറമുട്ടി സാഹിബ്, കീടക്കാട്ട് മുഹീനുദ്ദീൻ മുസ്ല്യാർ എന്നിവരുടെ വീടുകളിലും വെളളാർ ലാമഞ്ചിറ ജുമുഅത്ത് പള്ളിയിലുമായി ഒന്നരമാസക്കാലം താമസിച്ചു. ലാമഞ്ചിറ പളളിയിലേക്ക് അക്കാലത്ത് മൗലവി സാഹിബിന് ഭക്ഷണം യഥാസമയങ്ങളിൽ എത്തിച്ചുകൊണ്ടിരുന്നവരിൽ ഒരാൾ എന്‍റെ വന്ദ്യപിതാവായ കീടക്കാട്ട് വീരാൻകുട്ടി മുസ്ല്യാർ അവർകളായിരുന്നു''.
"പിന്നീട് മൗലവി സാഹിബ് കൊട്ടപ്പുറത്തേക്ക് പോയി. ഏതാനും ദിവസം പി.പി. അഹമ്മദ് കുട്ടി അധികാരി, പി.വി ഹസ്സൻ ഹാജി എന്നിവരുടെ വീടുകളിൽ രഹസ്യമായി താമസിച്ചു. പൊലീസ്പിടിയിൽപെടാതെ സംരക്ഷിക്കാൻ അക്കാലത്ത് അദ്ദേഹത്തിന്‍റെ അഭ്യുദയകാംക്ഷികൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. കൊട്ടപ്പുറത്തുനിന്ന് മൗലവി സാഹിബ് പിന്നീട് പുളിക്കൽ പോയി പി.പി. ഉണ്ണി മൊയ്തീൻ സാഹിബിന്‍റെ വസതിയിൽ ഒളിവിൽ പാർത്തു.'' - ഇതിങ്ങിനെ വിശദീകരിച്ചു പോകുന്നതിനിടയിൽ മൗലവിയുടെ ഒരു കൊടുങ്ങല്ലൂർ ബന്ധം സൂചിപ്പിക്കുന്നുണ്ട്, ജീവചരിത്രകാരൻ. 1910 മുതൽ കുറച്ചുകാലം മദ്രസ്സാധ്യപകനായി കൊടുങ്ങല്ലൂരിൽ താമസിച്ചിരുന്നു. അക്കാലത്തെ പ്രശസ്ത മതനേതാവായ മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി കൊടുങ്ങല്ലൂരിലേക്ക് അയച്ചതായിരുന്നു. 1921 ആഗസ്റ്റ് 20ന് കൊടുങ്ങല്ലൂരിൽ ഒരു ഖിലാഫത്ത് യോഗം വിളിച്ചിരുന്നു. കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരും എം.സി.സി അബ്ദുറഹ്മാൻ മൗലവിയുമാണ് കൊടുങ്ങല്ലൂരിൽ യോഗത്തിൽ പ്രസംഗിക്കാൻ പോയത്. തിരൂരങ്ങാടിയിലെ കലാപത്തിന്‍റെ വിവരം അറിഞ്ഞയുടൻ കട്ടിലശ്ശേരി തിരിച്ചു പോന്നു. കെ. എം മൗലവിയുടെ അളിയനായ എം.സി.സി. അബ്ദുറഹ്മാൻ മൗലവി കൊടുങ്ങല്ലൂരിൽ തങ്ങി. അവിടെ പലരെയും അറബി പഠിപ്പിക്കാൻ തുടങ്ങി.
- ജീവചരിത്രം ഇനി 'കൊടുങ്ങല്ലൂർ യാത്ര' എന്ന തലക്കെട്ടിലാണ് തുടരുന്നത്: "1922ൽ കെ.എം മൗലവി പുളിക്കൽ പി.പി. ഉണ്ണി മുഹയ്ദ്ദീൻ മൗലവിയുടെ വീട്ടിൽ ഒളിവിൽ താമസിച്ചിരുന്ന കാലത്ത് എം.സി.സി. അബ്ദുറഹ്മാൻ മൗലവിയുടെ ഒരു രഹസ്യ സന്ദേശം ലഭിച്ചു. "അളിയാങ്ക എല്ലാകാര്യവും അല്ലാഹുവിൽ തവക്കുലാക്കി (അർപ്പിച്ച് ) ഉടനെ കൊടുങ്ങല്ലൂരിൽ എത്തിച്ചേരണം. ഇവിടെ സുഖമായി കഴിഞ്ഞുകൂടാം. നാട്ടുരാജ ഭരണം ആകയാൽ ബ്രിട്ടീഷുകാരുടെ ശർറ് (ഉപദ്രവം) ഭയപ്പെടേണ്ടതില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ.''
ആ കത്ത് കിട്ടിയ ഉടനെ മൗലവി ഒരു അർദ്ധരാതി തിരൂരങ്ങാടിയെത്തി. അവിടെ നിന്ന് സുഹുത്തുക്കളും ബന്ധുക്കളുമായ സി.എ. അബ്ദുർറഹ്മാൻ ഹാജി, വലിയാട്ട് കുഞ്ഞി മൊയ്തീൻ എന്നിവരോടൊപ്പം കൊടുങ്ങല്ലൂരിലേക്ക് തിരിച്ചു. പരപ്പനങ്ങാടി, കൂട്ടായി വഴി പൊന്നാനിയിലെത്തി. പൊന്നാനിയിൽ നിന്ന് ഒരു വഞ്ചി വടകക്കെടുത്ത് കനോലിക്കനാൽ വഴി നേരെ കൊടുങ്ങല്ലൂക്ക്. 1922 ജനുവരി 14 ന് അഴിക്കോട്ട് എത്തി. അവിടെ കെ.എം. സീതി സാഹിബ് അടക്കം നിരവധിപേർ കാത്തുനിന്നിരുന്നു. സീതി സാഹിബ് അന്ന് വിദ്യാർത്ഥിയാണ്. സീതി സാഹിബിന്‍റെ പിതാവ് സീതി മുഹമ്മദ്, മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ പ്രമാണിമാരും ധനാഢ്യരുമാണ് കൊടുങ്ങല്ലൂരിൽ ജീവിത സൗകര്യമൊരുക്കിയത്. 1924 കെ.എം മൗലവിയുടെ ഭാര്യയും കൊടുങ്ങല്ലൂരിലെത്തി.
കൊടുങ്ങല്ലൂരിൽ പ്രധാനമായും മൗലവിയുടെ പ്രവർത്തന രംഗം 'ഐക്യസംഘം' ആയിരുന്നു. പല പല കാരണങ്ങളാൽ ഗോത്രവൈരം പോലെ പരസ്പരം പൊരുതിയിരുന്ന ചില തറവാടുകൾക്കിടയിൽ ഐക്യമുണ്ടാക്കാനാണ് സംഘം തുടങ്ങിയത്. എങ്കിലും ക്രമത്തിൽ അതൊരു സമുദായ സംഘടനയായി പരിണമിച്ചു. അതാണു പിന്നീട് കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന് വഴിയൊരുക്കിയത്.
മലബാർ ലഹള കുറ്റം ചാർത്തപ്പെട്ടവർക്ക്
1932ൽ ബ്രിട്ടീഷ് ഗവർമെന്‍റ് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഐക്യസംഘത്തിന്‍റെ പത്താം വാർഷികസമ്മേളനം എറിയാട് നടക്കുമ്പോഴാണ് ആ വാർത്ത പുറത്തുവരുന്നത്. '' മലബാർ ലഹള കുറ്റം ചാർത്തപ്പെട്ടവരുടെ പേരിൽ നിന്ന് ചാർജ്ജ് പിൻവലിക്കാൻ ധീരോദാത്തവും അഭിനന്ദനീയവുമായ ത്യാഗസേവനങ്ങൾ അനുഷ്ഠിച്ച ബി. പോക്കർ സാഹിബ്, മുഹമ്മദ് അബ്ദുർറഹ്മാൻ സഹിബ് എന്നിവരെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രമേയം'' ആ സമ്മേളനത്തിൽ പാസാക്കി.
ആ സമ്മേളത്തിനു ശേഷമാണ് കെ.എം മൗലവി ഭാര്യയോടും മക്കളോടുമൊപ്പം തിരൂരങ്ങാടിയിലേക്ക് തിരിച്ചത്. തിരിച്ചെത്തി കുറച്ചു കാലം മാതൃഭൂമിയോടും കേശവമേനോനോടും മറ്റും സഹകരിച്ചു. പക്ഷേ ഏറെത്താമസിയാതെ മുസ്ലിം ലീഗിന് മലബാറിൽ തറക്കല്ലിടുകയാണ് കെ.എം മൗലവി ചെയ്തത്. അത് ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ പാർശ്വഫലമാണെങ്കിലും ഇപ്പോൾ വിസ്തരിക്കുന്നില്ല.
* * * * * * * *
ഖിലാഫത്ത് - കോൺഗ്രസ് നേതാക്കൾക്കെതിരെ കലക്ടർ തയാറാക്കിയ കുറ്റപത്രറിപ്പോർട്ട് പൂർണമായും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.
കലാപത്തിന്നിടയിൽ, പൊത്തക്കുഴി ചെറിയ മമ്മദ് എന്ന കോൺഗ്രസ് പ്രവർത്തകനിൽ നിന്ന് കെ.പി കേശവമേനോൻ എഴുതി വാങ്ങിയ വിശദമായ സ്റ്റേറ്റ്മെൻറും ഉണ്ട്. പരപ്പനങ്ങാടിക്കാരനായ മമ്മദ് അഞ്ചപ്പുര കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും പത്രങ്ങൾക്ക് വാർത്തകൾ എത്തിച്ചിരുന്ന ആളുമായിരുന്നു. തിരൂരങ്ങാടി സംഭവങ്ങളുടെ ദൃക്സാക്ഷി വിവരണം എന്ന് പറയാവുന്ന സ്റ്റേറ്റ്മെന്‍റാണത്. കെ. ഉപ്പി സാഹിബിന്‍റെ രേഖാ ശേഖരത്തിൽ നിന്നാണ് ഗ്രന്ഥകാരൻ കണ്ടെടുത്തത്.
പിൽക്കാലത്ത് കെ.എം മൗലവി സൗദി രാജാവിന് അയച്ച നിർദ്ദേശങ്ങളടക്കം വിലപ്പെട്ട പലരേഖകളും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.
കെ.കെ. മുഹമ്മദ് അബ്ദുൽ കരീമിന്‍റെ മറ്റു പല രചനകളും പോലെ ഇതും പുതിയ എഡിഷനുകൾ ഇല്ലാതെ മറയത്തേക്ക് പോവുകയാണ്. 1985ൽ തിരൂരങ്ങാടിയിൽ അൽ- ഖാത്തിബ് പബ്ലിക്കേഷനാണ് ഇത് പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.