മലമ്പുഴയെ മരണത്തിലേക്ക് തള്ളുന്ന മാലിന്യ പ്ലാന്റ്
text_fieldsമലമ്പുഴയെ മരണത്തിലേക്ക് തള്ളുന്ന മാലിന്യ പ്ലാന്റ്അപകടകരമായ ആശുപത്രി മാലിന്യങ്ങൾ ആരോഗ്യപ്രശ്നമായി മാറിയ സാഹചര്യത്തിൽ അവയുടെ കേന്ദ്രീകൃത സംസ്കരണത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ) കേരള ഘടകം രൂപംകൊടുത്ത സംവിധാനമാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗോസ് ഇക്കോ ഫ്രണ്ട്ലി അഥവാ ഇമേജ്.
പാലക്കാട് ജില്ലയിലെ മലമ്പുഴയിൽനിന്ന് അഞ്ച് കിലോമീറ്റർ ഉള്ളിലേക്കുമാറി പുതുശ്ശേരി പഞ്ചായത്തിലെ മാന്തുരുത്തി വനമേഖലയിലെ 25 ഏക്കറിലാണ് ഖരമാലിന്യ സംസ്കരണ പ്ലാന്റും മാലിന്യം കത്തിക്കുന്ന ഇൻസിനറേറ്ററുകളും അനുബന്ധ കെട്ടിടങ്ങളുമടങ്ങുന്ന ഇമേജ് പ്ലാന്റ് പ്രവർത്തിക്കുന്നത്. 2003 ഡിസംബർ 14ന് ഉദ്ഘാടനം ചെയ്ത ഇമേജിെൻറ പ്രവർത്തനം ആരംഭിച്ചത് 2004 ജനുവരിയിലാണ്. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പൊതു-സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങളിൽ 90 ശതമാനവും ഇമേജിൽ സംസ്കരിക്കുന്നുവെന്നാണ് സർക്കാറിന്റെ ഹരിത കേരള മിഷൻ പറയുന്നത്. പ്രതിദിനം 55 ടണ്ണോളം മാലിന്യം ഇവിടെയെത്തുന്നതായാണ് അധികൃതരുടെ വാദം. 80 ടൺ വരെ സംസ്കരിക്കാനാവുമെന്നും പറയുന്നു.
പ്രസവ മുറിയിൽ നിന്നുള്ള മറുപിള്ളയും മാസം തികയാത്ത കുഞ്ഞുങ്ങളുടെ മൃതദേഹവും ശസ്ത്രക്രിയ മുറികളിൽനിന്നുള്ള ശരീരാവശിഷ്ടങ്ങൾ, കഫം, പഴുപ്പ്, ഡ്രിപ്പ്സെറ്റ്, ഗ്ലൗസ്, ഉപയോഗിക്കാത്ത മരുന്നുകൾ, രാസവസ്തുക്കൾ, ഡ്രസ്സിങ് സാധനങ്ങൾ തുടങ്ങി എല്ലാതരം മാലിന്യങ്ങളും ഇതിലുണ്ട്.
കേരളത്തിൽ നാലിടത്ത് പ്ലാൻറുകൾ സ്ഥാപിക്കാനാണ് ഐ.എം.എ പദ്ധതിയിട്ടത്. കൊല്ലത്ത് പാരിപ്പള്ളിയിലും കണ്ണൂരിൽ തളിപ്പറമ്പിലുമൊക്കെ സ്ഥലം നോക്കിയെങ്കിലും ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പിൻവാങ്ങേണ്ടിവന്നു. ഒടുവിൽ യാഥാർഥ്യമായ പ്ലാന്റ് ആശുപത്രി മാലിന്യങ്ങൾക്ക് ഒരളവോളം പരിഹാരമേകിയെന്ന് സർക്കാറുകളും ആശുപത്രി അധികൃതരുമെല്ലാം ആശ്വസിക്കുമ്പോൾ തങ്ങൾക്ക് ലഭിച്ചത് തീരാദുരിതമാണെന്ന് കരഞ്ഞു പറയുന്നു നാട്ടുകാർ.
ബ്രഹ്മപുരത്ത് നടന്നതുപോലെ സംഭരിക്കാൻ അനുമതിയുള്ളതിൽ കൂടുതൽ സൂക്ഷിച്ച മാലിന്യത്തിന് തീപിടിച്ച് പ്രദേശമാകമാനം വിഷപ്പുക പരന്ന സംഭവം കഴിഞ്ഞ വർഷം ജനുവരിയിൽ ഇവിടെയുണ്ടായി. ശേഷിയിലേറെ മാലിന്യം സംഭരിച്ചത് സംബന്ധിച്ച് പരിശോധിക്കണമെന്ന് മലമ്പുഴ എം.എൽ.എ എ. പ്രഭാകരനും തീപിടിത്തം സ്വാഭാവികമാണോ അതോ അട്ടിമറിയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലും ആവശ്യമുന്നയിച്ചിരുന്നു. ആ ആവശ്യങ്ങളുടെ പരിണതി എന്തായെന്ന് ആർക്കുമറിയില്ല.
മാലിന്യം കുമിഞ്ഞുകൂടുമ്പോൾ അതിനെ കൈകാര്യംചെയ്യാൻ നടത്തിപ്പുകാർ തന്നെ തീയിടുന്നതായി സംശയിക്കുന്നുവെന്ന് മലിനീകരണത്തിനെതിരെ സമരരംഗത്തുള്ള പാലക്കാട് ജില്ല സംയുക്ത സമരസമിതിയുടെ കൺവീനറും ജനതാദൾ സംസ്ഥാന സമിതി അംഗവുമായ സിദ്ദീഖ് ഇരിപ്പശ്ശേരി ആരോപിക്കുന്നു.
അപകടകരമാംവിധം വായു- ജല മലിനീകരണം ഉണ്ടാക്കിക്കൊണ്ടാണ് പ്ലാന്റ് പ്രവർത്തിക്കുന്നതെന്ന റിപ്പോർട്ടുകൾ പലതവണ പുറത്തുവന്നിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയും പത്തുകൊല്ലം മലമ്പുഴ മണ്ഡലത്തിലെ ജനപ്രതിനിധിയുമായിരുന്ന വി.എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടത് അതിഭീകര മലിനീകരണം സൃഷ്ടിക്കുന്ന ‘ഇമേജ്’പ്ലാൻറ് അടച്ചുപൂട്ടണം എന്നായിരുന്നു. ഇക്കാരണത്താൽ ഇമേജിന് 2015 മുതൽ 19 വരെ പഞ്ചായത്തിെന്റ പ്രവർത്തനാനുമതി ലഭിച്ചിരുന്നില്ല.
മഴക്കാലത്ത് മാലിന്യങ്ങൾ മലമ്പുഴ ജലാശയത്തിലേക്കും അടുത്തുകൂടി ഒഴുകുന്ന ഭാരതപ്പുഴയുടെ കൈവഴിയായ കൽപാത്തിപ്പുഴയിലേക്കും എത്തുമെന്ന് പരിസ്ഥിതി പ്രവർത്തകർ തുടക്കം മുതലേ മുന്നറിയിപ്പ് നൽകിയിരുന്നു. മലമ്പുഴ ഡാമിലെ വെള്ളമുപയോഗിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലെയും ഏഴ് പഞ്ചായത്തുകളിലെയും 50 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന ജീവൽപ്രശ്നമാണ് ഇന്നിത്. പ്രദേശവാസിയും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന ഡോ. പി.എസ് പണിക്കരുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവന്നിരുന്ന സമരങ്ങൾ അദ്ദേഹത്തിന്റെ മരണത്തോടെ ഏതാണ്ട് നിലച്ച മട്ടിലായിരുന്നു. എന്നാൽ, ബ്രഹ്മപുരം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജീവജലത്തിനും വായുവിനും സംരക്ഷണം ആവശ്യപ്പെട്ട് വീണ്ടും സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
പ്ലാന്റ് നേരിൽക്കണ്ടാൽ തെറ്റിദ്ധാരണ മാറും -ഡോ. സുൽഫി നൂഹ് ( ഐ.എം.എ സംസ്ഥാന പ്രസിഡന്റ്)
ആശുപത്രി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് കേരളത്തിലുള്ള ഏക പ്ലാന്റ് ആണ് പാലക്കാടുള്ള ഇമേജ്. വായുവും ജലവും മലിനപ്പെടുത്താതെ വളരെ ശാസ്ത്രീയമായാണ് പ്രവർത്തനം. മറ്റു രാജ്യങ്ങളിൽനിന്നുപോലും ആളുകൾ വന്നുകണ്ട് ഈ പ്രവർത്തന മാതൃക അനുകരിക്കാൻ ശ്രമിക്കുന്നുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിൽ ഓൺലൈൻ ആയി മോണിറ്റർ ചെയ്താണ് മാലിന്യസംസ്കരണ പ്രക്രിയകൾ. ആശുപത്രിയിൽ വെച്ചുതന്നെ ഇവ പ്രത്യേകമായി പല നിറങ്ങളിലുള്ള ബാഗുകളിൽ വേർതിരിക്കും. എടുക്കുമ്പോഴും ഇമേജിൽ എത്തിക്കുമ്പോഴും തൂക്കി നോക്കും.
മാലിന്യം വഴിയിൽ എവിടെയും ഉപേക്ഷിക്കപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്താനാണിത്. ഇമേജിൽ എത്തുന്ന ആശുപത്രി മാലിന്യം വലിയ കാലതാമസം ഇല്ലാത്തവിധം സംസ്കരിക്കാൻ പറ്റുന്നുണ്ടെങ്കിലും ഇപ്പോൾ ഏതാണ്ട് നിറഞ്ഞിരിക്കുകയാണ്. ഇനി ഒരു പ്ലാന്റ് കൊണ്ട് മതിയാവില്ല. അടൂരിൽ രണ്ടാമതൊരു പ്ലാന്റിന്റെ ശ്രമങ്ങളിലാണ്.
ഓരോ ലോഡ് വരുമ്പോഴും അടുത്തത് വരുന്നതിനു മുമ്പ് സംസ്കരിക്കേണ്ട ടൈറ്റായ സാഹചര്യമുണ്ട്. അതുകൊണ്ടാണ് കൂടുതൽ പ്ലാന്റ് വേണമെന്ന് പറയുന്നത്. കോവിഡിെന്റ സമയത്ത് വലിയ ഇഴച്ചിൽ വന്നിരുന്നു. അധികമാലിന്യം നിർമാർജനം ചെയ്യുമ്പോഴുള്ള തടസ്സം. അതൊക്കെ ഇപ്പോൾ മാറി. വേസ്റ്റ് മാനേജ്മെന്റിന് പുറംകരാർ കൊടുത്തിരിക്കുകയാണ്. ഒന്നിലേറെ കമ്പനികൾ ആണ് ഓരോരോ കാര്യങ്ങൾ ചെയ്യുന്നത്. കുറച്ച് ടോക്സിക് വേസ്റ്റുകൾ വരും. അതിെന്റ നിർമാർജന ചുമതല വേറൊരു കമ്പനിക്കാണ്.
ഇമേജിെന്റ പ്രവർത്തനങ്ങൾക്ക് വളരെ വിപുലമായ സബ് കമ്മിറ്റിയുണ്ട്. അതിൽ നാൽപതോളം അംഗങ്ങളുമുണ്ട്. പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിക്കുന്ന കാലം മുതൽ തന്നെ ഓരോരോ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പക്ഷേ, പ്ലാന്റ് നേരിട്ടു കാണുമ്പോൾ അത് മാറും.
നിയമപോരാട്ടമാണ് ഇനിയുള്ള വഴി -വിളയോടി വേണുഗോപാൽ (പരിസ്ഥിതി പ്രവർത്തകൻ)
രോഗാണുക്കളടങ്ങിയ ടൺ കണക്കിന് ആശുപത്രിമാലിന്യം മലമ്പുഴയിൽ കൊണ്ടുവന്ന് തള്ളുന്നതിനെതിരെ പ്രദേശത്ത് കാലങ്ങളായി ജനകീയ പ്രക്ഷോഭം നടന്നുവരുന്നു. വായു-കുടിവെള്ള മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പുതിയ സമരമുഖം തുറക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ. പരിസ്ഥിതി സ്നേഹികളുടെ പിന്തുണയോടെ നിയമ പോരാട്ടം നടത്താനുള്ള ഒരുക്കത്തിലാണിപ്പോൾ.
പ്ലാന്റ് സർക്കാർ ഏറ്റെടുക്കണം -സിദ്ദീഖ് ഇരിപ്പശ്ശേരി (പാലക്കാട് ജില്ല സംയുക്ത സമരസമിതി )
പ്ലാന്റ് ഐ.എം.എയുടേതാണെങ്കിലും തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്കാണ് മാലിന്യ സംസ്കരണ കരാർ. വലിയ അഴിമതികൾക്ക് സാധ്യതയുള്ളതിനാൽ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം. സിറിഞ്ചുകൾ, സൂചി അടക്കം തമിഴ്നാട്ടിലേക്ക് കയറ്റിക്കൊണ്ടുപോകുന്ന വാഹനം കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് ഞങ്ങൾ തടഞ്ഞിരുന്നു. റീസൈക്ലിങ്ങിനെന്ന പേരിൽ കൊണ്ടുപോകുന്ന സിറിഞ്ചുകളും സൂചികളും സ്റ്റെറിലൈസ് പോലും ചെയ്യാതെ വിപണികളിൽ എത്തിക്കുന്നതായി സംശയമുയർന്നിട്ടുണ്ട്. അന്ന് പിടിച്ച സിറിഞ്ചുകൾ അവർ ഇമേജിനുതന്നെ വിട്ടുകൊടുത്തു. ഈ വിഷയത്തിൽ കേസ് നിലവിലുണ്ട്.
‘ഇമേജി’െൻറ പ്രതിച്ഛായ നേരിൽക്കണ്ടപ്പോൾ...
പ്ലാന്റ് നേരിൽ കാണാതെ ഊഹാപോഹങ്ങൾ പടച്ചുവിടുന്നവരാണ് ഇമേജിനെതിരെ തെറ്റിദ്ധാരണ സൂക്ഷിക്കുന്നത് എന്നാണ് ഐ.എം.എ ഭാരവാഹികളുടെ പക്ഷം. എന്നാൽ, പ്ലാൻറ് പ്രവർത്തനം എങ്ങനെയെന്ന് നേരിട്ടു കണ്ടറിയാനുള്ള യാത്ര വായിച്ചറിഞ്ഞ സകല ‘പ്രതിച്ഛായ’യും തകർത്തുകളഞ്ഞു. ഫോട്ടോ എടുക്കാൻ ശ്രമിച്ചതിനാൽ പെട്ടെന്ന് സ്ഥലം കാലിയാക്കാൻ താക്കീതുമുണ്ടായി.
48 മണിക്കൂറിനകം സംസ്കരിക്കണം എന്ന് ബയോ മെഡിക്കൽ റൂൾ കർശനമായി നിഷ്കർഷിക്കുന്ന മാലിന്യങ്ങൾ കൂനകളായി കെട്ടിക്കിടന്നിരുന്നു. മരുന്നു കുപ്പികളുടെയും ലാബ് മാലിന്യങ്ങളുടെയും ചാക്കുകൾ കുന്നുപോലെ മറ്റൊരിടത്ത്. അപകടകരമായ ഇത്തരം ജോലി ചെയ്യുന്നവർക്ക് ഉറപ്പാക്കേണ്ട അവശ്യ സൗകര്യങ്ങളും മുൻകരുതലുകളുമില്ലാതെയാണ് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നത്.
അനുയോജ്യമായ കൈയുറ ഇല്ലാതെ സിറിഞ്ചും നീഡിലും വേർതിരിക്കുന്നവർ കാൽമൂടുന്ന ഷൂവിനു പകരം സാധാരണ ചെരിപ്പാണ് ധരിച്ചിരുന്നത്. ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും നിവൃത്തികേടുകൊണ്ട് വരുന്ന ദിവസക്കൂലിക്കാരാണ്.
സൂചി തറച്ചതിനെ തുടർന്ന് ശരീരത്തിൽ ഇടക്കിടെ നീർക്കെട്ടും കൈകാലുകളിൽ ചൊറി പോലുള്ള അസുഖങ്ങളുമുണ്ട് പലർക്കും. മാലിന്യം കത്തിക്കുന്ന ഇൻസിനറേറ്ററുകളിൽനിന്നുള്ള ചാരം നീക്കം ചെയ്യുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് അവിടെ നിക്ഷേപിച്ച കാഴ്ചയായിരുന്നു. കറുത്ത പുകയാണ് ഇൻസിനറേറ്ററുകളുടെ വലിയ കുഴലുകൾ വഴി അന്തരീക്ഷത്തിലേക്ക് വമിക്കുന്നത്. ബയോ മെഡിക്കൽ റൂൾ അനുസരിച്ച് വെളുത്തപുകയാണ് ഇൻസിനറേറ്ററുകൾ പുറന്തള്ളേണ്ടത്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.