Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമലയാളി...

മലയാളി നിസ്സാരമാക്കരുത്​ ഈ നുണ പ്രചാരണം

text_fields
bookmark_border
false propaganda
cancel

ആഴ്​ചകളോളമായി നിലക്കാതെ കത്തുന്ന മണിപ്പൂരിനെക്കുറിച്ച്​ ഒരക്ഷരം മിണ്ടാൻ കൂട്ടാക്കാതെ വിദേശ പര്യടനത്തിനും സ്വദേശത്തെ ഉദ്​ഘാടന മഹാമഹങ്ങൾക്കുമായി ഓടിനടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനം ഒന്ന്​ വായ് തുറന്നത്​ നടുക്കുന്ന സ്​ത്രീ പീഡനങ്ങളിലൊന്നി​ന്റെ വിഡിയോ പുറത്തുവന്നപ്പോൾ മാത്രമാണ്​. മണിപ്പൂരിലെ അതിക്രമങ്ങളെക്കുറിച്ച്​ മിണ്ടാ​തെ അങ്ങുമിങ്ങും തൊടാതെ ഒരു പ്രസ്​താവനയാണ്​ അദ്ദേഹം അപ്പോഴും നടത്തിയത്​. രാജ്യമനഃസാക്ഷി ഒന്നടങ്കം മണിപ്പൂരിലെ ആ ഭീകര സംഭവങ്ങളെയും അതിനു പിന്നിൽ പ്രവർത്തിച്ച അതിക്രൂരരായ കുറ്റവാളികളെയും അപലപിക്കാൻ മുന്നോട്ടുവന്നു. ആ ഘട്ടത്തിൽ വിദേശ സന്ദർശനങ്ങളിൽപോലും പ്രധാനമന്ത്രിയെയും വിവിധ ഭരണകക്ഷി ഉന്നതരെയും അനുഗമിക്കാൻ അനുമതിയുള്ള ന്യൂസ്​ ഏജൻസിയായ എ.എൻ.ഐ ഒരു മാരക വ്യാജവാർത്ത ട്വീറ്റ്​ ചെയ്​തു. മണിപ്പൂർ വൈറൽ വിഡിയോ കേസിൽ മുഹമ്മദ്​ ഇബുംഗോ എന്ന അബ്​ദുൽ ഹലീമിനെ അറസ്​റ്റു ചെയ്​തുവെന്നു തുടങ്ങുന്ന ട്വീറ്റ്​ പോസ്​റ്റ്​ ചെയ്​ത്​ നിമിഷങ്ങൾക്കകം അതി​ന്റെ സ്​ക്രീൻഷോട്ട്​ സംഘ്​പരിവാർ കേന്ദ്രങ്ങൾ അവരുടെ സമൂഹമാധ്യമ ശൃംഖലകൾ വഴി പ്രചരിപ്പിക്കാൻ തുടങ്ങി. മണിപ്പൂരിൽ സ്​ത്രീകൾക്കെതിരെ അതിക്രമം നടത്തിയ ആൾ മുസ്​ലിം ആണെന്നായിരുന്നു അവരുടെ പ്രചാരണത്തി​ന്റെ കാതൽ. വ്യാജവാർത്ത പിൻവലിക്കാൻ എ.എൻ.ഐ നിർബന്ധിതമായെങ്കിലും സംഘ്​പരിവാറി​ന്റെ വ്യാജ പ്രചാരണം അപ്പോഴേക്കും ഏഴുകടലും താണ്ടിയിരുന്നു.

ഒഡിഷയിലെ ബാലസോറിൽ ദാരുണമായ ട്രെയിൻ ദുരന്തമുണ്ടായപ്പോൾ അത്​ മുസ്​ലിംകൾ ചെയ്തതാണെന്ന്​ വരുത്തിത്തീർക്കാൻ കള്ളക്കഥകളുടെ മാലപ്പടക്കമാണ്​ സംഘ്​പരിവാർ കൊളുത്തിവിട്ടത്​. അപകടം നടന്നത്​ വെള്ളിയാഴ്ചയാണെന്നതുപോലും വിദ്വേഷ പ്രചാരണത്തിനുള്ള കാരണമാക്കി. അപകടം നടന്ന സ്ഥലത്തിനടുത്ത കെട്ടിടം എഡിറ്റ്​ ചെയ്ത്​ മസ്​ജിദാക്കി അവതരിപ്പിച്ചായിരുന്നു മറ്റൊരു പ്രചാരണം. സ്​റ്റേഷൻ മാസ്റ്റർ ശരീഫ്​ എന്ന്​ പേരുള്ളയാളാണെന്നും സിഗ്​നൽ എൻജിനീയർ അമീർ ഖാൻ വീട്​ അടച്ചുപൂട്ടി മുങ്ങിയെന്നും അവർ പറഞ്ഞുപരത്തി. എന്നാൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ബഹനാഗ റെയിൽവേ സ്​റ്റേഷനിലെ മുഴുവൻ ജീവനക്കാരും അന്വേഷണ ഭാഗമായി സി.ബി.ഐക്ക്​ മുന്നിലുണ്ടെന്നും അറിയിച്ച്​ സൗത്ത്​ ഈസ്​റ്റേൺ റെയിൽവേ സി.പി.ആർ.ഒ ആദിത്യ ചൗധരി വാർത്തക്കുറിപ്പ്​ ഇട്ടശേഷവും വ്യാജപ്രചാരണത്തിന്‍റെ അലയൊലി അടങ്ങിയില്ല.

confirmation bias എന്നത്​ ഒരു മനശ്ശാസ്ത്ര പ്രതിഭാസമാണ്. ‘കള്ളം പറന്നുവരും നേര്​ നിരങ്ങിയേ വരൂ’ എന്ന പഴഞ്ചൊല്ല്​ പോലെ, ഒരു വ്യക്തി ഒരു വ്യാജം പറയുകയും അത് ആയിരങ്ങൾ ആഘോഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.

ഒരു കള്ളം നൂറുതവണ ആവർത്തിച്ചു പറയുമ്പോൾ

യു.പിയിലും ഗുജറാത്തിലുമടക്കം സംഘ്​പരിവാർ പരീക്ഷിച്ച്​ വിജയിച്ച നുണപ്രചാരണ സംവിധാനം ഇപ്പോൾ കേരളത്തിൽ കൂടുതൽ വ്യാപകമാണ്​. കോഴിക്കോട്​ ഹജ്ജ്​ ക്യാമ്പ്​ വഴി പോകുന്ന കെ.എസ്.ആർ.ടി.സി ബസിന്​ 30ശതമാനം നിരക്ക്​ ഇളവ്​ എന്നതാണ്​ കഴിഞ്ഞ ഹജ്ജ്​ കാലയളവിൽ ചിത്രം സഹിതം പ്രചരിച്ച ഒരു നുണക്കഥ. ശബരിമലയിലേക്ക്​ ഇരട്ടി ചാർജും ഹജ്ജ്​ ക്യാമ്പിലേക്ക്​ ഇളവും എന്നതായിരുന്നു അടിക്കുറിപ്പ്​. കെ.എസ്.ആർ.ടിസിയുടെ ടേക്ക്​ ഓവർ സർവിസുകളെയാണ്​ ഇത്തരത്തിൽ മുസ്​ലിംകൾക്ക്​ മാത്രമുള്ളതായി പ്രചരിപ്പിച്ചത്​. എറണാകുളം ചോറ്റാനിക്കരയിലടക്കം പലയിടങ്ങളിലും വന്ദേഭാരത്​ ട്രെയിനിന്​ നേരെ കല്ലേറ്​ ഉണ്ടായപ്പോഴും ഇതേ സ്വഭാവത്തിൽ കഥകളിറങ്ങി. കല്ലെറിഞ്ഞ ചില പ്രതികൾ പിടിക്കപ്പെടുകയും അവർ മുസ്​ലിംകളല്ല എന്ന്​ ബോധ്യപ്പെടുകയും ചെയ്യുംവരെ നിറഞ്ഞ കെട്ടുകഥകളാണ്​ പുറത്തുവന്നത്​.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ്​ കോളജിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെത്തുടർന്ന്​ സഹപാഠികൾ നടത്തിയ പ്രതിഷേധത്തെ വർഗീയ നിറം ചാർത്തി ഒതുക്കാൻ സംഘ്​പരിവാറും പോഷകസംഘടനയായ കാസയും ശ്രമിച്ചപ്പോൾ അറിഞ്ഞോ അറിയാതെയോ കേരള പൊലീസും അതിൽ പങ്കുകാരായി. ക്രൂരമായ വർഗീയ പ്രചാരണത്തിനാണ്​ വഴിതെളിച്ചത്​. ‘കോളജിലെ ഫാഷിസ്റ്റ്​ മാനേജ്​മെന്‍റിനെതിരെ പൊരുതുന്ന തട്ടമിട്ട മിടുക്കികൾക്ക്​ അഭിനന്ദനമെന്നും മനസ്സുവെച്ചാൽ അവിടത്തെ കുട്ടികളെ മുഴുവൻ മതംമാറ്റി കോളജ്​ പിടിച്ചെടുക്കാമെന്നുമൊക്കെ പറഞ്ഞ്​ അബ്​ദുൽ ജലീൽ താഴെപ്പാലം എന്ന പേരിൽ തട്ടിക്കൂട്ടിയ വ്യാജ ഫേസ്​ ബുക്ക്​ പോസ്റ്റിന്റെ സ്​ക്രീൻഷോട്ട്​ പ്രചരിപ്പിച്ചാണ്​ നാടൊട്ടുക്ക്​ മുസ്​ലിം വിരുദ്ധ പ്രചാരണം അഴിച്ചുവിട്ടത്.​പാകിസ്​താൻ സ്വദേശിയായ ഒരാളുടെ ചിത്രം ഉപയോഗിച്ചാണ്​ ഈ വ്യാജ​ പ്രൊ​ഫൈൽ തയാറാക്കിയിരുന്നത്​. വ്യാജനാണ്​ എന്ന്​ സമ്പൂർണ ബോധ്യമുണ്ടായിട്ടും ‘അബ്​ദുൽ ജലീൽ താഴെപ്പാലം എന്ന വ്യക്തിക്കെതിരെ’ ലുക്കൗട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ച്​​ സംഘ്​ പ്രചാരണത്തിന്​ ഔദ്യോഗിക ഭാഷ്യം ചമച്ചു കാഞ്ഞിരപ്പള്ളി പൊലീസ്​. ജനങ്ങൾ ഇക്കാര്യം തെളിവു സഹിതം ചൂണ്ടിക്കാട്ടിയതോടെ പൊലീസ്​ പിൻവലിയുകയായിരുന്നു. ഇത്തരമൊരു വ്യാജ പ്രൊഫൈൽ തയാറാക്കി ജനങ്ങൾക്കിടയിൽ വിഷം കലർത്താൻ ശ്രമിച്ച ശക്തികൾ ആരെന്നത്​ അന്വേഷിച്ചു കണ്ടുപിടിക്കാനോ വെളിപ്പെടുത്താനോ പൊലീസ്​ കൂട്ടാക്കിയതേയില്ല.

സുപ്രീംകോടതി വിധിയിലൂടെ ജാമ്യത്തിൽ ഇളവ്​ നേടി പിതാവിനെ കാണാൻ കേരളത്തിലെത്തിയ അബ്​ദുന്നാസിർ മഅ്​ദനിക്കെതിരെ ഹീനമായ പ്രചാരണമാണ്​ അടുത്തിടെയുണ്ടായത്​. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും ആന എഴുന്നള്ളിപ്പും അവസാനിപ്പിക്കാൻ മുസ്​ലിം യുവാക്കൾ രംഗത്തിറങ്ങണമെന്ന്​ പ്രസംഗിച്ചുനടന്ന ഭീകരനെയാണ്​ ഇപ്പോൾ ഇവിടെ ചിലർ മഹാനായി എഴുന്നള്ളിക്കുന്നതെന്നായിരുന്നു സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം. ഗതാഗത തടസ്സത്തിന്​ വഴിവെക്കുന്ന വലിയ ഘോഷയാത്രയുടെ അകമ്പടിയോടെ ചില മുസ്​ലിം പള്ളികളിൽ നടക്കുന്ന ചന്ദനക്കുടം, ഉറൂസ്​ പോലുള്ള ആചാരങ്ങൾ അവസാനിപ്പിക്കാൻ യുവാക്കൾ രംഗത്തുവരണമെന്ന്​ ആവശ്യപ്പെടുന്ന മഅ്​ദനിയുടെ പഴയ പ്രസംഗം മുറിച്ചെടുത്താണ്​ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കെതിരെ പ്രസംഗിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കപ്പെട്ടത്​.

ക്ഷേത്രങ്ങളിലെ പണം ഖജനാവിലേക്ക്​ മുതൽക്കൂട്ടുന്ന സർക്കാറാണ്​ മദ്റസ അധ്യാപകർക്ക്​ ശമ്പളം നൽകുന്നത്​ എന്ന പെരുംനുണ ഹിന്ദു ഐക്യവേദി നേതാവ്​ ശശികല ടീച്ചർ വർഷങ്ങളായി പ്രസംഗിച്ചു നടക്കുന്നതാണ്​. മദ്റസ അധ്യാപകർക്ക്​ ശമ്പളവും അലവൻസും നൽകുന്നത്​ സർക്കാർ അല്ലെന്നും അതത്​ മദ്റസ മാനേജ്​മെന്‍റുകളാണെന്നും മുഖ്യമന്ത്രി തന്നെ നേരത്തേ നിയമസഭയിൽ വ്യക്തമാക്കിയതുമാണ്​. എന്നാൽ വ്യാജപ്രചാരണം സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വ്യാപകമായാണ്​ പങ്കുവെക്കപ്പെടുന്നത്​.

മതത്തി​ന്റെയും സമുദായത്തി​ന്റെയും വേർതിരിവുകളില്ലാതെ സഹകരണത്തോടെയും സഹവർത്തിത്ത്വത്തോടെയും ജീവിച്ച മലയാളി എങ്ങനെയാണ്​ പൊടുന്നനെ വർഗീയ ചിന്താഗതിയിലേക്ക്​ കൂപ്പുകുത്തുന്നത്​ എന്ന്​ പരിശോധിക്കുമ്പോൾ സംഘ്പരിവാർ നുണഫാക്​ടറികൾ പുറത്തുവിടുന്ന വിഷപ്പുകയാണ്​ അതിനു​ വഴിവെക്കുന്നതെന്ന്​ വ്യക്ത​മാവും. സമാനമായ നുണപ്രചാരണം തമിഴ്​നാട്ടിലും കർണാടകയിലും വ്യാപകമാണ്​. തമിഴ്​നാട്ടിലെ എം.കെ. സ്​റ്റാലിൻ സർക്കാറും കർണാടകയിൽ പുതുതായി അധികാരമേറ്റ സിദ്ധരാമയ്യ സർക്കാറും ഇത്തരം നുണപ്രചാരകരെ നിലക്കുനിർത്താൻ അവിടത്തെ പൊലീസിന്​ കർശന നിർദേശം നൽകിയിട്ടുണ്ട്​, തത്​ഫലമായി വിഷപ്രചാരണത്തി​ന്റെ അളവിൽ കുറവും സംഭവിച്ചിട്ടുണ്ട്​. കേരളത്തിൽ കേരള പൊലീസിനെച്ചുറ്റിപ്പറ്റിപോലും സംഘ്​പരിവാർ വർഗീയ വിദ്വേഷവും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നുണ്ട്​. ഒരു നടപടിയും നേരിടാതെ. ഇത്തരം പ്രചാരണങ്ങൾ വരുത്തിവെക്കുന്ന അപായത്തി​ന്റെ ഗുരുതരാവസ്​ഥ കേരള പൊതുസമൂഹം ഇന്നും തിരിച്ചറിയുന്നില്ല എന്നതാണ്​ അതിലേറെ സങ്കടകരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:false propaganda
News Summary - Malayalees should not take this false propaganda lightly
Next Story