വിധിയെഴുതിയത് ഭരണവിരുദ്ധ വികാരം
text_fieldsയു.പിയില്‍ അഖിലേഷ് വീണു. പഞ്ചാബില്‍ അകാലി-ബി.ജെ.പി സര്‍ക്കാര്‍ കടപുഴകി. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനും പിടിച്ചു നില്‍ക്കാനായില്ല. മണിപ്പൂരില്‍ ഇതാദ്യമായി അക്കൗണ്ട് തുറന്ന ബി.ജെ.പി സംസ്ഥാനത്ത് ശ്രദ്ധേയമായ നേട്ടം കൊയ്തു. ഗോവയില്‍ ബി.ജെ.പി ഭരണത്തുടര്‍ച്ചക്ക് കടുത്ത ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.
യു.പിയിലെയും ഉത്തരാഖണ്ഡിലെയും മണിപ്പൂരിലെയും നേട്ടം മോദി മാജികാണെന്ന് ബി.ജെ.പിക്ക് അവകാശപ്പെടാം. പഞ്ചാബിലെയും ഗോവയിലെയും തിരിച്ചുവരവ് രാഹുലിന്‍റെ പേരില്‍ ചാര്‍ത്തി പിടിച്ചുനില്‍ക്കാനാകും കോണ്‍ഗ്രസിന്‍റെ ശ്രമം. എന്നാല്‍, യാഥാര്‍ത്ഥ്യം അതിനുമപ്പുറമാണ്. ഇക്കുറി തെരഞ്ഞെടുപ്പ് ഫലത്തില്‍ യഥാര്‍ത്ഥത്തില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണ്. മോദിയൂം രാഹുലും സഖ്യവുമൊക്കെ അതിന് ശേഷം മാത്രമേ വരുന്നുള്ളൂ.
യു.പിയില്‍ അഖിലേഷ് സര്‍ക്കാര്‍ വീഴുമെന്നത് 2014ല്‍ തന്നെ വ്യക്തമാണ്. മറ്റാരേക്കാളും അഖിലേഷ് ഇക്കാര്യം തിരിച്ചറിഞ്ഞിരുന്നു എന്നുവേണം കരുതാന്‍. പിതാവും ഇളയച്ഛനുമായുള്ള ‘യാദവകുല ഗുസ്തി’യും ശേഷം രാഹുല്‍ ഗാന്ധിയുമായുള്ള ചങ്ങാത്തവുമൊക്കെ പിടിച്ചുനില്‍ക്കാനുള്ള അവസാനത്തെ അടവുകളായിരുന്നു. പക്ഷെ, ഒന്നും വിലപ്പോയില്ല. യുവത്വത്തിന്‍െറ പ്രതീക്ഷകളുമായാണ് അഖിലേഷ് യു.പിയുടെ ഭരണ സാരഥ്യം ഏറ്റെടുത്തത്. അതിനോട് നീതി പുലര്‍ത്താന്‍ അഖിലേഷിനായില്ലെന്നതാണ് വസ്തുത. സൗജന്യ ലാപ്ടോപും സൈക്കിളും എന്നതിനപ്പുറം വോട്ടര്‍മാരുടെ മതിപ്പ് നേടാവുന്നതൊന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ യു.പി സര്‍ക്കാറില്‍ നിന്നുണ്ടായില്ല.
ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ ഗുരു കൂടിയായ അച്ഛന്‍ മുലായത്തോടും ഇളയച്ഛന്‍ ശിവപാല്‍ യാദവിനോടും അഖിലേഷ് കൊമ്പുകോര്‍ത്തത്. ഭരണവിരുദ്ധ വികാരത്തിന്‍െറ വിഴുപ്പ് അഛന്‍െറയൂം ഇളയഛന്‍െറയും ചുമലില്‍ ചാരി തടിയൂരാമെന്നും അഖിലേഷ് മനക്കോട്ട കെട്ടിയതുമാണ്. അതും തിരിച്ചടിച്ചു. ഒപ്പം ഭരണവിരുദ്ധ വികാരം സംഘ്പരിവാര്‍ നന്നായി മുതലെടുത്തപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ട്രിപ്പിള്‍ സെഞ്ച്വറി നേട്ടത്തിലേക്ക് മോദിയും ബി.ജെ.പിയും കുതിക്കുകയായിരുന്നു.
ബാദല്‍ കുടുംബാധിപത്യത്തിനെതിരായ ജനരോഷമാണ് പഞ്ചാബിന്‍െറ വിധിയെഴുത്ത്. 10 വര്‍ഷത്തെ അകാലിദള്‍ - ബി.ജെ.പി ഭരണം അക്ഷരാര്‍ത്ഥത്തില്‍ ബാദല്‍ കുടുംബ ഭരണമായിരുന്നു. അഛന്‍ ബാദല്‍ മുഖ്യമന്ത്രി, മകന്‍ ബാദല്‍ ഉപമുഖ്യമന്ത്രി, മകന്‍െറ ഭാര്യ കേന്ദ്ര മന്ത്രി, കുടുംബത്തില്‍ നിന്ന് എം.പിമാരും എം.എല്‍.എമാരും ഒട്ടേറെ. കുടുംബവും കച്ചവടവും ചേരുംപടി ചേര്‍ന്നപ്പോള്‍ ജനത്തിന് മടുത്തു. ഭരണവിവുരദ്ധ വികാരം ഏറ്റുവാങ്ങി ബി.ജെ.പി - അകാലി സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് തെരഞ്ഞെടുപ്പിന് മുന്നേ ഉറപ്പായിരുന്നു.
പഞ്ചാബില്‍ കോണ്‍ഗ്രസും ആം ആദ്മിയൂം തമ്മിലായിരുന്നു മല്‍സരം. തലമുതിര്‍ന്ന നേതാവ് അമരീന്ദര്‍ സിങ്ങും ജനപ്രിയ നായകന്‍ ക്രിക്കറ്റര്‍ നവജ്യോത് സിങ് സിദ്ദുവും നയിച്ച കോണ്‍ഗ്രസ് മുന്നിലത്തെിയത് സ്വാഭാവികം. ആം ആദ്മിക്കും കെജ്രിവാളിനും പഞ്ചാബികളുടെ മനസില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞുവെന്നത് നേര്. അത് ഭരണം പിടിക്കാന്‍ മാത്രമുള്ള വിജയത്തിലേക്ക് നയിക്കാന്‍ പറ്റിയ പഞ്ചാബി മുഖം ആം ആദ്മിക്ക് ഉണ്ടായിരുന്നില്ല. അനൗദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആം ആദ്മി മുന്നോട്ടുവെന്ന ഭഗവന്ത് മാനിന് പഞ്ചാബികള്‍ക്കിടയില്‍ അത്ര ഗൗരവമുള്ള പ്രതിഛായ ഉണ്ടായിരുന്നുമില്ല.
ഉത്തരാഖണ്ഡില്‍ അഞ്ചു വര്‍ഷത്തില്‍ ഭരണമാറ്റം പതിവാണ്. അത് ഇക്കുറിയും തെറ്റിയില്ല. കോണ്‍ഗ്രസ് പാതി വഴിയില്‍ വിജയ് ബഹുഗുണയെ മാറ്റി ഹരീഷ് റാവത്തിനെ മുഖ്യമന്ത്രിയാക്കിയത് ഭരണവിരുദ്ധ വികാരം മറികടക്കാനാണ്. അതും ഫലം ചെയ്തില്ല. മുഖ്യമന്ത്രി സ്ഥാനം പോയതിന് പിന്നാലെ ബഹുഗുണയും 11 എം.എല്‍.എമാരും ബി.ജെ.പി പക്ഷത്തേക്ക് ചാടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു ഹരീഷ് റാവത്ത് മാത്രമാണുണ്ടായത്. മുഖ്യമന്ത്രി ഹരീഷ് റാവത്ത് മല്‍സരിച്ച രണ്ടിടത്തും തോറ്റത് ഭരണവിരുദ്ധ വികാരം എത്രത്തോളമാണെന്നതിന്‍െറ അളവുകോലാണ്.
അതുതന്നെയാണ് ഗോവയിലും കാണുന്നത്. ബി.ജെ.പി മുഖ്യമന്ത്രി പര്‍സേക്കര്‍ തോറ്റു. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയുമായി. മണിപ്പൂരില്‍ ഇതാദ്യമായി അക്കൗണ്ട് തുറന്ന ബി.ജെ.പി കോണ്‍ഗ്രസിനേക്കാള്‍ സീറ്റു പിടിക്കുന്ന കാഴ്ചയും അതാതിടങ്ങളിലെ വോട്ടര്‍മാരുടെ ഭരണവിരുദ്ധ വികാരമാണ് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.