മണിപ്പൂരിനുമുണ്ടായിരുന്നു മൈത്രിയുടെ കാലം
text_fieldsഅശാന്തി കെട്ടടങ്ങാത്ത മണിപ്പൂർ ഒരുകാലത്ത് ഇന്ത്യൻ ഏകതയുടെയും സ്വാതന്ത്ര്യമുന്നേറ്റത്തിന്റെയും പ്രഭവകേന്ദ്രമായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷനൽ ആർമിക്കുവേണ്ടി ജീവനും ജീവിതവും സമർപ്പിച്ച ധീരജനതയുടെ നാടായിരുന്നു. അതേക്കുറിച്ച് എഴുതുന്നു നേതാജിയുടെ ചെറുമകനും രാഷ്ട്രമീമാംസാ ശാസ്ത്രജ്ഞനുമായ സുമൻത്ര ബോസ്
1944 മാർച്ച് 18നായിരുന്നു അത്. ഇന്ത്യൻ നാഷനൽ ആർമിയുടെ ഒന്നാം ഡിവിഷൻ ബർമയിൽനിന്ന് തമു-മോറെ അതിർത്തിയിലൂടെ മണിപ്പൂരിലേക്ക് കടന്നു. തുടർന്നുള്ള നാലുമാസത്തേക്ക്, ജൂലൈ പകുതി വരെ, ഏതാണ്ട് 10,000-12,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മണിപ്പൂരിന്റെ തെക്കൻ പാതി 1943 ഒക്ടോബർ 21ന് സിംഗപ്പൂരിൽ വെച്ച് സുഭാഷ് ചന്ദ്രബോസ് പ്രഖ്യാപിച്ച ‘സ്വതന്ത്ര ഇന്ത്യ’യുടെ (അർസി ഹുകുമത്ത്-ഇ ആസാദ് ഹിന്ദ്) അധികാര പരിധിയിലായിരുന്നു.
കേണൽ ഇനായത് ജാൻ കിയാനിയുടെ നേതൃത്വത്തിൽ ഒന്നാം ഡിവിഷനിലെ ഗാന്ധി ബ്രിഗേഡ് ഇംഫാൽ താഴ്വരയുടെ കിഴക്കുള്ള പാലേൽ, തെങ്നൗപാൽ കുന്നുകളിൽ വീറോടെ പോരാടി. ഉഖ്രുൽ ജില്ലയിൽ, ഇംഫാലിന്റെ വടക്ക്, ഷാനവാസ് ഖാന്റെ നേതൃത്വത്തിലുള്ള സുഭാഷ് ബ്രിഗേഡ് ഇംഫാൽ-കൊഹിമ പാത പണിതു.
കേണൽ ഷൗക്കത്ത് മാലിക്കിന്റെ നേതൃത്വത്തിൽ ഐ.എൻ.എയുടെ ബഹാദൂർ ഗ്രൂപ്പിന്റെ ഒരു സംഘം, ഇംഫാലിൽ നിന്ന് 40 കിലോമീറ്റർ തെക്ക് താഴ്വരയിലെ മൊയ്റാംഗ് പട്ടണത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചു. ബർമ അതിർത്തിയോട് ചേർന്നുള്ള പർവതഗ്രാമമായ ചമോലിൽ താവളമടിച്ച ഒന്നാം ഡിവിഷൻ കമാൻഡർ മുഹമ്മദ് സമാൻ കിയാനിക്കായിരുന്നു മണിപ്പൂർ മുന്നേറ്റത്തിന്റെ മേൽനോട്ടം.
ഈ സൈനിക ചരിത്രം ഏറക്കുറെ അറിയപ്പെടുന്നതാണ് . എന്നാൽ, പരക്കെ അറിയപ്പെടാത്ത കാര്യമെന്തെന്നാൽ മണിപ്പൂരിലെ വ്യത്യസ്ത സമൂഹങ്ങളെല്ലാം ഐ.എൻ.എയുടെ ലക്ഷ്യത്തിനുപിന്നിൽ അണിനിരക്കുകയും പിന്തുണക്കുകയും ചെയ്തുവെന്ന് മാത്രമല്ല, സജീവ പങ്കാളിത്തം വഹിച്ചു എന്നതാണ്.
ചരിത്രത്തിന്റെ വീണ്ടെടുപ്പ്
1972 ഒക്ടോബറിൽ, എന്റെ മാതാപിതാക്കളായ സിസിർ കുമാർ ബോസും കൃഷ്ണ ബോസും മണിപ്പൂരിലാകമാനം പര്യടനം നടത്തി പ്രക്ഷുബ്ധമായ ആ പോരാട്ട കാലഘട്ടത്തിന്റെ ദൃക്സാക്ഷി വിവരണങ്ങൾ ശേഖരിച്ചിരുന്നു. അതേക്കുറിച്ച് അമ്മ ബംഗാളി ഭാഷയിൽ വിസ്തൃതമായി എഴുതുകയും ചെയ്തു.The Battlefields of Manipur(മണിപ്പൂരിലെ പോർനിലങ്ങൾ) എന്നാണ് ഈ അധ്യായത്തിന് ഇംഗ്ലീഷ് പരിഭാഷയിൽ നൽകിയ തലക്കെട്ട്.
കൃഷ്ണ ബോസ് എഴുതുന്നു- ‘‘1944 ഏപ്രിൽ 14ന് ബഹാദൂർ ഗ്രൂപ്പിലെ പട്ടാളക്കാരും നൂറുകണക്കിന് സിവിലിയന്മാരും മണിപ്പൂരി രാജാക്കന്മാരുടെ ആദ്യകാല ആസ്ഥാനമായിരുന്ന, ലോക്ടാക് തടാകക്കരയിലുള്ള മൊയ്റാങ്ങിൽ ഒത്തുകൂടി. മണിപ്പൂരി മെയ്തേയികളുടെ പുതുവർഷ ദിനമായിരുന്നു അന്ന്. നടുവിൽ ചർക്ക മുദ്ര പതിപ്പിച്ച മൂവർണക്കൊടി ഉയർത്തിയ ശേഷം ഷൗക്കത് മാലിക്ക് ആവേശോജ്ജ്വലമായ പ്രസംഗം നടത്തി.
അവിടെ നിന്ന് പിൻവാങ്ങുവോളം ബഹാദൂർ സേന അതിജീവിച്ചത് പ്രദേശവാസികൾ നൽകിയ അരിയും പച്ചക്കറിയും തടാകത്തിൽനിന്നുള്ള മീനും കഴിച്ചാണ്’’. ഷൗകത്ത് മാലിക്ക് ഹിന്ദുസ്ഥാനി ഭാഷയിൽ നടത്തിയ പ്രസംഗം പ്രദേശവാസികൾക്ക് മനസ്സിലാകും വിധം മൊഴിമാറ്റം ചെയ്ത എം. കൊയ്റാങ് സിങ് എന്നയാളാണ് എന്റെ മാതാപിതാക്കൾ 1972ൽ മണിപ്പൂർ സന്ദർശിച്ചപ്പോൾ ആതിഥേയത്വം വഹിച്ചത്. മൊയ്റാങ് കൊയ് രാങ് എന്ന് പരക്കെ അറിയപ്പെട്ടിരുന്ന എം. കൊയ്റാങ് സിങ് അറുപതുകളിൽ മണിപ്പൂരിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുഖ്യമന്ത്രിയായി.
സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും മൊയ്റാങ്ങിൽ നിന്നുള്ള എം.എൽ.എയുമായിരുന്ന എച്ച്. നിലാമണി സിങ്ങും 1972ൽ എന്റെ മാതാപിതാക്കൾക്ക് ആതിഥ്യമരുളിയിരുന്നു. 1944ൽ, കമാൻഡ് സെന്റർ സ്ഥാപിക്കാനായി ഷൗകത്ത് മാലിക്കിന് സ്വന്തം വീടുതന്നെ വിട്ടുകൊടുത്തവരാണ് നിലാമണി സിങ്ങിന്റെ കുടുംബം. തോക്കിൻപാടുകൾ ഇപ്പോഴും ആ കെട്ടിടത്തിൽ കാണാനാവും.
1944 ജൂലൈയിൽ ഐ.എൻ.എ ബർമയിലേക്ക് പിൻവാങ്ങിയപ്പോൾ, 17 മണിപ്പൂരി യുവാക്കൾ സംഘത്തിനൊപ്പം ചേർന്നു. കൊയ്റാങ് സിങ്, നിലാമണി സിങ് എന്നിവരുൾപ്പെടെ മൊയ്റാങ്ങിൽ നിന്നുള്ള നാലുപേരും മണിപ്പൂരിലെ ബ്രിട്ടീഷ് അധീന മേഖലകളിൽ നിന്ന് രഹസ്യമായി എത്തിയ 13പേരും. ഇവരെല്ലാം നിഖിൽ മണിപ്പൂരി മഹാസഭ എന്ന സാമ്രാജ്യത്വ വിരുദ്ധ സംഘടനയുടെ അംഗങ്ങളായിരുന്നു. കെയ്നാ ദേവി, രന്തോനിദേവി എന്നീ വനിതകളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
കാടുകളും നദികളും കുന്നിൻ ചരിവുകളും താണ്ടി രണ്ടുമാസം കൊണ്ടാണ് അവർ റംഗൂണിൽ എത്തിച്ചേർന്നത്. നിരന്തരമായ വ്യോമാക്രമണം നടക്കുന്ന പകൽ സമയത്ത് സഞ്ചാരം അപായകരമായിരുന്നതിനാൽ രാത്രികാലങ്ങളിലാണ് അവർ നടന്നുനീങ്ങിയത്. റംഗൂണിലെത്തിയ സംഘം നേതാജിയെ കണ്ടു. നിലാമണി സിങ് അദ്ദേഹത്തിന് 3,000 രൂപ കൈമാറി. നേതാജിയെ കാണാൻ സാധിച്ചാൽ നൽകണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ പിതാവ് ഏൽപിച്ച ജീവിത സമ്പാദ്യമായിരുന്നു അത്.
1945 മേയ് മാസം ബ്രിട്ടീഷുകാർ റംഗൂൺ തിരിച്ചുപിടിച്ചപ്പോൾ ഈ 17 ദേശാഭിമാനികളെയും അറസ്റ്റു ചെയ്ത് റംഗൂൺ സെൻട്രൽ ജയിലിലടച്ചു. ഏഴുമാസത്തിനു ശേഷം അവരെ തടവുകാരായി കൽക്കത്തക്ക് കൊണ്ടുവന്നു.1946 മേയ് മാസം വിട്ടയക്കപ്പെട്ടപ്പോൾ മണിപ്പൂരിന്റെ മണ്ണിൽ വീരോചിതമായ ഐതിഹാസിക സ്വീകരണമാണ് അവർക്കായി സംഘടിപ്പിക്കപ്പെട്ടത്.
ഒരുമയുടെ, സ്വരുമയുടെ പൈതൃകം
മെയ്തേയികൾ മുഖ്യമായും വൈഷ്ണവരാണ്. എന്നാൽ, ഇംഫാൽ താഴ്വരയിൽ താമസിക്കുന്ന പംഗൽസ് എന്നറിയപ്പെടുന്ന മെയ്തേയി സംസാരിക്കുന്ന മുസ്ലിംകൾ സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 10 ശതമാനം വരും.
1972ൽ ഈ സമുദായത്തിൽ നിന്നുള്ള ഐ.എൻ.എ സൈനികൻ നാക്കി മുഹമ്മദിനെ എന്റെ മാതാപിതാക്കൾ കണ്ടിരുന്നു. ബ്രിട്ടീഷ്-ഇന്ത്യൻ സൈന്യത്തിൽ ശിപായി ആയിരുന്ന അദ്ദേഹം 1942 ഫെബ്രുവരിയിൽ സിംഗപ്പൂരിൽ നടന്ന കൂട്ട കീഴടങ്ങലിന് ശേഷമാണ് ആസാദ് ഹിന്ദ് ഫൗജിൽ ചേർന്നത്. ഏഷ്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുവേണ്ടി യുദ്ധം ചെയ്യാനാണ് നാകി മുഹമ്മദ് വീടുവിട്ടിറങ്ങിയത്. എന്നാൽ, നാട്ടിലേക്ക് പിന്നീട് മടങ്ങിയെത്തിയത് ഇന്ത്യയുടെ മോചനത്തിനായി പൊരുതുന്ന ബഹാദൂർ ഗ്രൂപ്പിന്റെ ഭാഗമായാണ്.
ബഹാദൂർ സംഘം ബർമയിൽ നിന്ന് ടിഡിം റോഡിലൂടെ മൊയ്റാങ്ങിലേക്ക് നീങ്ങവേ നാട്ടുകാരോട് സംസാരിക്കാനും അവരുടെ പിന്തുണ തേടാനും ഷൗകത്ത് മാലിക് ആദ്യം അയച്ചത് നാക്കി മുഹമ്മദിനെയാണ്. തുടർന്ന് അദ്ദേഹം മൊയ്റാങ്ങിലെ താവളത്തിൽനിന്ന്, ബ്രിട്ടീഷ് അധീന പ്രദേശങ്ങളിൽ നിരീക്ഷണവും രഹസ്യ ശേഖരണവും നടത്തി. ഒടുവിൽ അദ്ദേഹത്തെ പിടികൂടിയ ബ്രിട്ടീഷുകാർ ഡൽഹിയിലെ ചെങ്കോട്ടയിൽ കൊണ്ടുപോയി ക്രൂരമായ ചോദ്യം ചെയ്യലിന് വിധേയനാക്കി. ശേഷം പഞ്ചാബിലെ മുൾതാൻ ജയിലിലേക്ക് മാറ്റി.
നേതാജിയുടെ സന്ദർശനം
ഇന്ത്യൻ മണ്ണിൽനിന്ന് ഐ.എൻ.എയുടെ പിൻവാങ്ങൽ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നേതാജി മണിപ്പൂരിൽ ഹ്രസ്വ സന്ദർശനത്തിനായി വന്നിരുന്നുവെന്ന് നിലാമണിയിൽ നിന്നും കൊയ്റാങ് സിങ്ങിൽ നിന്നും കേട്ട വർത്തമാനം എന്റെ മാതാപിതാക്കളെ ആശ്ചര്യപ്പെടുത്തി. നേതാജി ഇംഫാൽ താഴ്വരയിൽ വന്നില്ല, തെക്കൻ മണിപ്പൂരിലെ ചുരാചന്ദ്പൂർ എന്ന സ്ഥലത്താണ് അദ്ദേഹം എത്തിയതെന്ന് അവർ പറഞ്ഞു.
ചുരാചന്ദ്പൂരിൽ ചെന്ന് അന്വേഷിച്ചപ്പോൾ കൃഷ്ണയെയും സിസിർ ബോസിനെയും ആളുകൾ പട്ടണത്തിൽനിന്ന് നാല് മൈൽ കിഴക്കുള്ള സൈക്കോട്ട് എന്ന ഗ്രാമത്തിലേക്ക് അയച്ചു. അവിടത്തെ പഴയ രാജാവ് ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹത്തിന് എല്ലാം അറിയാമെന്നും പറഞ്ഞു.
രാജാവിന്റെ കോട്ടയോ കൊട്ടാരമോ പ്രതീക്ഷിച്ചുപോയ അവർ ഒടുവിൽ എത്തിപ്പെട്ടത് ഒരു ജീർണിച്ച കുടിലിലാണ്. അവിടെയായിരുന്നു രാജാവിന്റെ താമസം. കുക്കി ജനത തങ്ങളുടെ പരമ്പരാഗത നാട്ടുമുഖ്യനെ രാജാവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 1972ൽ 75 വയസ്സുണ്ടായിരുന്നുവെങ്കിലും കോൾബെൽ എന്ന രാജാവ് ആരോഗ്യവാനായിരുന്നു. പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. ബ്രിട്ടീഷുകാർ യൂറോപ്പിലെ യുദ്ധക്കളങ്ങളിൽ കിടങ്ങ് കുഴിക്കൽ പോലുള്ള ജോലികൾ ചെയ്യുന്നതിനായി കൊണ്ടുപോയ നിരവധി കുക്കി യുവാക്കളിൽ ഒരാളാണ്. ഒന്നാം ലോകയുദ്ധ കാലത്ത് കുറച്ചുകാലം അദ്ദേഹം ഫ്രാൻസിലായിരുന്നു.
കോൾബെൽ ആ തീയതിപോലും ഓർത്തുപറഞ്ഞു -1944 ജൂലൈ രണ്ടിനായിരുന്നു അത്. ഗ്രാമത്തിന് മുകളിലെ കുന്നുകളിൽ ഒരു വലിയ ഐ.എൻ.എ ക്യാമ്പ് ഉണ്ടായിരുന്നു. നേതാജി അവിടെയാണ് വന്നത്. സന്ധ്യ മയങ്ങിയപ്പോൾ അദ്ദേഹം ഗ്രാമത്തിലേക്കിറങ്ങി. വിശ്രമിക്കാനായി അദ്ദേഹം കോൾബെലിന്റെ പൂന്തോട്ടത്തിലെ മരച്ചുവട്ടിൽ ഇരുന്നു. അന്നും ഗ്രാമവാസികളാൽ പരിപാലിക്കപ്പെട്ടിരുന്ന ആ മരം കോൾബെൽ തന്റെ സന്ദർശകരെ അഭിമാനപുരസ്സരം കാണിച്ചുകൊടുത്തു. കോൾബെലിന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ സംഭവമാണ് നേതാജിയുടെ സന്ദർശനം.
ഒരു അരുവിയിലേക്ക് ചരിഞ്ഞുകിടന്ന തോട്ടത്തിൽ നൂറുകണക്കിന് ഐ.എൻ.എ സൈനികർ ഇരുന്നു. കാക്കി യൂനിഫോമും സൈനിക ബൂട്ടും ധരിച്ചെത്തിയ നേതാജി ഒരു ചെറിയ പ്രസംഗം നടത്തി. ഗ്രാമവാസികൾ സൈനികർക്ക് ആവിപറക്കുന്ന ചായ വിളമ്പി.
ഒരു വലിയ ടംബ്ലർ നിറയെ പാൽ നൽകിയ കോൾബെലിനോട് തനിക്കു മാത്രമെന്തേ ചായക്ക് പകരം പാൽ നൽകുന്നത് എന്ന് തിരക്കി നേതാജി. വിശിഷ്ടാതിഥികൾക്ക് പാൽ വിളമ്പുന്നത് സാമൂഹിക ആചാരമാണെന്ന് കോൾബെൽ വിശദീകരിച്ചപ്പോൾ തന്റെ സൈനികർക്ക് ലഭിക്കുന്നത് തന്നെയാണ് താനും കഴിക്കാറ് എന്ന് പറഞ്ഞെങ്കിലും നേതാജി പാൽ സ്വീകരിച്ചു.
കുറച്ചുകാലമായി തന്റെ സൈനികർക്ക് അവശ്യ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് പ്രദേശത്തെ ഗ്രാമവാസികളാണെന്ന കാര്യം തനിക്കറിയാമെന്നുപറഞ്ഞ നേതാജി ഇന്ത്യയെ സ്വതന്ത്രമാക്കാൻ അവർ നൽകിയ സഹായം മറക്കില്ലെന്നും കൂട്ടിച്ചേർത്തു. തുടർന്ന് അദ്ദേഹം ഒരു കടലാസിൽ ഒപ്പിട്ട് കോൾബെലിന് നൽകി, പക്ഷേ സ്വസുരക്ഷയെക്കരുതി അത് ബ്രിട്ടീഷുകാരുടെ കൈകളിൽ എത്തിപ്പെടാതിരിക്കാനായി ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നൽകി.
നേതാജിയുടെ കുറിമാനവും മറ്റു ചില വസ്തുക്കളും ഒരു പെട്ടിയിലാക്കി കോൾബെൽ മണ്ണിനടിയിൽ കുഴിച്ചിട്ടു. പക്ഷേ, അവ വെള്ളം കയറി നശിച്ചു.
മണിപ്പൂരിലെ മെയ്തേയികൾ, പംഗലുകൾ, കുക്കികൾ എന്നിവരെല്ലാം ഐ.എൻ.എയുടെ പോരാട്ടത്തിന് സർവാത്മനാ പിന്തുണ നൽകി. കൊളോണിയൽ ഭരണത്തിൽനിന്നുള്ള അവരുടെ സ്വന്തം അനുഭവങ്ങൾ ഈ സഹകരണത്തിനും ഐക്യദാർഢ്യത്തിനും വഴിയൊരുക്കി. 1891ലെ ആംഗ്ലോ-മണിപ്പൂർ യുദ്ധത്തിനൊടുവിൽ തികേന്ദ്രജിത് സിങ് രാജകുമാരനെയും അദ്ദേഹത്തിന്റെ ജനറലിനെയും ഇംഫാലിൽ പരസ്യമായി തൂക്കിലേറ്റിയത് മെയ്തേയികൾ മറന്നിരുന്നില്ല.1917-1919 ആംഗ്ലോ-കുക്കി യുദ്ധകാലത്തെ ബ്രിട്ടീഷ് അതിക്രമങ്ങൾ കുക്കികൾക്കും മറക്കാനാകുമായിരുന്നില്ല.
നാഗാ ജനതയുടെ പിന്തുണയും ഒട്ടും കുറവായിരുന്നില്ല. ഷാനവാസ് ഖാന്റെ സുഭാഷ് ബ്രിഗേഡ് പ്രവർത്തിച്ചിരുന്ന ഉഖ്രുൾ, മണിപ്പൂരിലെ നാഗാ ശക്തികേന്ദ്രമായിരുന്നു. നാഗാ ദേശീയതയുടെ തുടക്കക്കാരനായ അംഗമി സാപു ഫിസോ, 1944ൽ ഐ.എൻ.എയിൽ ചേരുകയും ഇംഫാൽ താഴ്വരയിലെ മെയ്തേയി യുവാക്കളെപ്പോലെ നാഗാ സഖാക്കളോടൊപ്പം റംഗൂണിലേക്ക് പിൻവാങ്ങുകയും ചെയ്തു. ദുഃഖകരമെന്നു പറയട്ടെ, ഐക്യത്തിന്റെയും സൗഹാർദത്തിന്റെയും ഈ പൈതൃകം സ്വതന്ത്ര ഇന്ത്യയിൽ കൈമോശം വന്നുപോയി. പകരം, മണിപ്പൂർ ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ പ്രദേശങ്ങൾ രാജ്യത്തെ സ്ഥിരം അസ്വസ്ഥ ബാധിത പ്രദേശങ്ങളായി മാറി.
1985ൽ എന്റെ മാതാപിതാക്കൾ വീണ്ടും മണിപ്പൂർ സന്ദർശിച്ചപ്പോൾ ഞാനും ഐ.എൻ.എ കേണലായിരുന്ന പ്രേം സഹ്ഗാളും അവർക്കൊപ്പം പോയിരുന്നു. സ്കൂൾ വിദ്യാർഥിയായിരുന്നുവെങ്കിലും അന്ന് അവിടെ നിന്ന് കേട്ട പ്രതികരണങ്ങൾ എനിക്കിന്നും വ്യക്തമായി ഓർമയുണ്ട്. മണിപ്പൂരിലെ സമുദായങ്ങൾ ഒന്നടങ്കം ഇന്ത്യൻ ഭരണകൂടത്തെ, പ്രത്യേകിച്ച് സായുധസേനകളെക്കുറിച്ച് തികഞ്ഞ ശത്രുതയോടെ, വെറുപ്പോടെയാണ് സംസാരിച്ചത്.
അത് മണിപ്പൂരിന്റെ ദൗർഭാഗ്യമായിരുന്നു, അതിലേറെ ഇന്ത്യയുടെ ദൗർഭാഗ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.