മണിപ്പൂരിന് ഒരു ശാന്തിദൂത്
text_fieldsകലയുടെയും സംഗീതത്തിന്റെയും സമാധാനത്തിന്റെയും നാടായ മണിപ്പൂരിലെമ്പാടും കാണാനാകുന്നത് ഭീതിദമായ ദൃശ്യങ്ങൾ മാത്രം. കേട്ടറിഞ്ഞതിനേക്കാൾ എത്രയോ ഗുരുതരമാണ് സ്ഥിതി. കലാപബാധിത മണിപ്പൂരിലെ ജനങ്ങളെ സമാശ്വസിപ്പിക്കാൻ രാഹുൽ ഗാന്ധിയോടൊപ്പം സഞ്ചരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി എഴുതുന്നു
കരളലിയിപ്പിക്കുന്ന നിലവിളികളുമായി അമ്മമാരും കുഞ്ഞുങ്ങളും, തോക്കുമായി റോന്തു ചുറ്റുന്ന സേനാംഗങ്ങൾ, ആയുധങ്ങളുമായി സദാ ചുറ്റിക്കറങ്ങുന്ന കലാപകാരികൾ... മകൻ കൺമുന്നിൽ വെടിയേറ്റ് പിടഞ്ഞുമരിക്കുന്നതിന് സാക്ഷിയായതു മുതൽ നിശ്ചലയായിപ്പോയ ഒരമ്മയെ അവിടെ കണ്ടു. രണ്ടു കുട്ടികളും നഷ്ടപ്പെട്ട്, വീടുപേക്ഷിച്ച് ഓടിപ്പോകേണ്ടിവന്ന മറ്റൊരു സ്ത്രീ പൊട്ടിക്കരഞ്ഞ് അവസ്ഥ വിവരിച്ചപ്പോൾ ഞങ്ങൾക്ക് സ്വയം നിയന്ത്രിക്കാനായില്ല.
കത്തിയെരിയുന്ന നാട്ടിൽ സമാധാനത്തിന്റെ കരങ്ങൾ നീട്ടാനും മുറിവുകൾക്കുമേൽ സ്നേഹത്തിന്റെ മരുന്നു പുരട്ടാനുമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഞങ്ങൾ മണിപ്പൂരിലേക്കു തിരിച്ചത്. പക്ഷേ, വഴിയിൽ ഞങ്ങളെ കാത്തുനിന്നതോ? ഭരണകൂടം അയച്ച പൊലീസ് സേന; രാഹുൽ ഗാന്ധി കലാപബാധിതരെ കാണരുത് എന്ന് നിർബന്ധമുള്ളവർ. ഇംഫാൽ വിമാനത്താവളത്തിന് 20 കിലോമീറ്റർ അകലെ ബിഷ്ണുപുരിൽ വെച്ച് അവർ ഞങ്ങളെ തടഞ്ഞു. പക്ഷേ ഞങ്ങളെ അത്ഭുതപ്പെടുത്തിയത്, ആ 20 കിലോമീറ്റർ ദൂരവും വഴിയോരത്ത് രാഹുൽ ഗാന്ധിയെ കാത്തുനിന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടമായിരുന്നു. സമാധാനം മാത്രം കൊതിക്കുന്ന ആ മനുഷ്യർക്ക് രാഹുൽ ഗാന്ധിയുടെ വരവുണ്ടാക്കിയ ആവേശം ചെറുതായിരുന്നില്ല. കണ്ണീർവാതകം പ്രയോഗിച്ചിട്ടുപോലും അവർ പിന്മാറിയില്ല. അവരുടെ ഹൃദയത്തിൽ നിറയെ സമാധാനത്തിന്റെ പ്രതീക്ഷകളായിരുന്നു.
യാത്ര പുറപ്പെടുമ്പോൾ തടയാൻ തയാറാകാതിരുന്ന പൊലീസ് പിന്നീട് ഞങ്ങളെ തടഞ്ഞത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശം വന്നപ്പോഴാണ്. രാഹുലിന്റെ ജീവന് അപകടമുണ്ടെന്നാണ് ബിഷ്ണുപുരിൽ വെച്ച് അവിടത്തെ പൊലീസ് സൂപ്രണ്ട് ന്യായം പറഞ്ഞത്. എങ്കിൽ കോൺഗ്രസ് പ്രതിനിധികളിലൊരാൾ അവിടെയെത്തി അവരുമായി സംസാരിക്കാമെന്ന എന്റെ നിർദേശം പൊലീസ് ചെവിക്കൊണ്ടില്ല. ഒടുവിൽ ഹെലികോപ്ടറിൽ ചുരാചന്ദ്പുരിലേക്ക് ഞങ്ങൾക്കു പോകേണ്ടിവന്നു. അപ്പോഴും മൊയ്രാങ്ങിലെ മെയ്തെയ് ക്യാമ്പുകൾ സന്ദർശിക്കണമെന്ന ആവശ്യം അനുവദിച്ചില്ല. കുക്കി ക്യാമ്പുകൾ സന്ദർശിക്കുന്ന രാഹുൽ, മെയ്തെയ് ക്യാമ്പുകളിലെത്തരുത് എന്നാണ് അവർ കണക്കുകൂട്ടിയത്. അതുവഴി വിദ്വേഷം പ്രചരിപ്പിക്കാനാകുമല്ലോ. പക്ഷേ, രണ്ടാം ദിനം മെയ്തെയ് വിഭാഗത്തിന്റെ ക്യാമ്പുകളും ഞങ്ങൾ സന്ദർശിച്ചു.
അഭയാർഥി ക്യാമ്പുകളിലെ അന്തേവാസികൾ ദുരിതങ്ങൾക്കിടയിലും രാഹുൽ ഗാന്ധിയുടെ വരവിനെ സ്വാഗതം ചെയ്തു. അവിടെ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്ന രാഹുൽ ഗാന്ധിക്കു മുന്നിൽ അമ്മമാർ കലാപത്തിന്റെ ചിത്രം വരച്ചുകാട്ടി. തലേദിവസം ക്യാമ്പിൽവെച്ച് പ്രസവിച്ച ഒരു സ്ത്രീയെയും കുട്ടിയെയും രാഹുൽ ഗാന്ധി അവിടെ കണ്ടു. തങ്ങളുടെ ജീവിതം മുഴുവൻ ക്യാമ്പുകളിൽ ചെലവഴിക്കേണ്ടിവരുമോ എന്ന ആശങ്കയിൽ ജീവിക്കുന്നവരുടെ ഇടയിലേക്കാണ് രാഹുൽ ഗാന്ധി എത്തിയത്. കലാപത്തിൽ കൊല്ലപ്പെട്ട ഗോത്രവിഭാഗക്കാരായ120ൽപരം പേരുടെ കുടുംബങ്ങൾ രാഹുൽ ഗാന്ധിയെ കാണാനെത്തി. പ്രത്യേക ഗോത്ര മേഖലക്കായി വാദിക്കുന്ന ഗോത്ര സംഘടനകളുടെ പ്രതിനിധികളും രാഹുലിനു മുന്നിൽ മനസ്സ് തുറന്നു. മെയ്തെയ്, കുക്കി വിഭാഗങ്ങളുടെ ക്യാമ്പുകളിൽ സമാനമായ ഹൃദ്യമായ വരവേൽപ്പാണ് ഞങ്ങൾക്ക് ലഭിച്ചത്. തങ്ങളെ കേൾക്കാനും തങ്ങൾക്ക് സാന്ത്വനമേകാനും എത്തിയ ഏക ദേശീയ നേതാവിനെ അവർ ഏറെ പ്രതീക്ഷകളോടെയാണ് സ്വാഗതം ചെയ്തത്. ഒരു ദേശീയ പ്രസ്ഥാനവും, ഒരു ദേശീയ നേതാവും തയാറാകാത്ത സന്ദർശനത്തിന് എത്തിയ രാഹുൽ ഗാന്ധി, ഇരുവിഭാഗങ്ങൾക്കുമിടയിൽ ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശമാണ് പകർന്നുനൽകിയത്. എന്നാൽ ഇരു ക്യാമ്പുകളിലും ആവശ്യത്തിനു ഭക്ഷണമോ മരുന്നോ ഇല്ല. പുറത്ത്, ദിനംപ്രതി അക്രമങ്ങൾ പെരുകുന്നു. കലാപത്തിൽ പിടഞ്ഞുമരിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ പെരുകുന്നു. രക്ഷതേടി ക്യാമ്പുകളിൽ എത്തുന്നവർക്കു വേണ്ടത്ര സുരക്ഷ ഒരുക്കാൻപോലും ഭരണകൂടത്തിനു കഴിയുന്നില്ല. തന്നെ കാണാൻ കാത്തുനിന്ന ഓരോരുത്തരോടും സമാധാനത്തെക്കുറിച്ചായിരുന്നു രാഹുൽ സംസാരിച്ചത്. അതിനുള്ള ശ്രമങ്ങൾ കൂട്ടായി സ്വീകരിക്കാൻ രാഹുൽ ആഹ്വാനം ചെയ്തു.
ക്യാമ്പുകൾ സന്ദർശിക്കുക മാത്രമായിരുന്നില്ല രാഹുൽ ഗാന്ധി ഈ ചുരുങ്ങിയ സമയം കൊണ്ട് ചെയ്തത്. മണിപ്പൂർ സിവിൽ സൊസൈറ്റി പ്രതിനിധികളെ കാണുകയും സമാധാനത്തിനുവേണ്ടി നിലകൊള്ളണമെന്ന ആഹ്വാനം മുന്നോട്ടുവെക്കുകയും ചെയ്തു. യുനൈറ്റഡ് നാഗാ കൗൺസിൽ പ്രതിനിധികളുള്ള കോഓഡിനേഷൻ കമ്മിറ്റി ഓഫ് മണിപ്പൂർ ഇന്റഗ്രിറ്റി, നാഗാ വിഭാഗത്തിന്റെ പരമോന്നത സംഘടനയായ യുനൈറ്റഡ് നാഗാ കൗൺസിൽ, ഷെഡ്യൂൾഡ് ട്രൈബ് ഡിമാൻഡ് കമ്മിറ്റി, ജെ.എൻ.യു പ്രഫസർ ഡോ. ബിമോൽ അകോയ്ജാം എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ആദ്യ ദിവസം രാത്രി ഹോട്ടലിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി വല്ലാതെ അസ്വസ്ഥനായിരുന്നു. ക്യാമ്പുകളിൽ കണ്ട കാഴ്ചകൾ അദ്ദേഹത്തെ അത്രമാത്രം പിടിച്ചുലച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ നരകയാതന അനുഭവിക്കുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളെയും വേദന മുറ്റിയ മുഖങ്ങൾ കണ്ട അദ്ദേഹത്തിന് ഒരു നിമിഷം പോലും ആ രാത്രി കണ്ണടക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എനിക്കറിയാം.
രണ്ടു മാസത്തോളമായി മണിപ്പൂർ കത്തിയെരിയാൻ തുടങ്ങിയിട്ട്. വിദേശ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങുന്നതിന്റെ പ്രാധാന്യം പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിനു നൽകിയില്ല. മൻ കി ബാത്തിൽ പോലും മണിപ്പൂരിന്റെ പേര് ഒരു തവണ പോലും ഉച്ചരിക്കാതെ നിസ്സംഗനായി അദ്ദേഹം നിന്നപ്പോൾ മണിപ്പൂരി തെരുവുകളിൽ റേഡിയോ എറിഞ്ഞുപൊട്ടിച്ചാണ് ജനങ്ങൾ പ്രതിഷേധിച്ചത്. ഒരു ഭരണാധികാരിക്കെതിരെ കത്തിയാളുന്ന വികാരം ഇതിൽക്കവിഞ്ഞെങ്ങനെയാണ് ജനങ്ങൾ പ്രകടിപ്പിക്കുക? കുറ്റകരമായ മൗനമാണ് ആദ്യനാൾ മുതൽ പ്രധാനമന്ത്രിയും ഭരണകൂടവും അവലംബിക്കുന്നത്. കൂടിക്കാഴ്ചക്കായി 10 ദിവസത്തിലധികം ഡല്ഹിയില് കാത്തിരുന്ന മണിപ്പൂരിലെ മുൻ മുഖ്യമന്ത്രി ഇബോബി സിങ് ഉൾപ്പെടെ 10 പ്രതിപക്ഷ നേതാക്കളെ കണ്ടില്ലെന്നു നടിച്ചാണ് മോദി വിദേശയാത്രക്ക് വിമാനം കയറിയത് ! ഇതിനിടയിൽ അങ്ങേയറ്റം പരിഹാസ്യമായ ഒരു രാജി നാടകം കളിച്ചു മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്. അതിനു തലേന്നാൾ കലാപത്തിൽ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹവുമായി സ്ത്രീകളുൾപ്പെടെ നാലായിരത്തിലധികം വരുന്ന ജനക്കൂട്ടമാണ് ബിരേൻ സിങ്ങിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. ആ നാണക്കേടിൽനിന്ന് തലയൂരാൻ വേണ്ടിയാണ് രാജിനാടകം നടത്തിയത്. അല്പമെങ്കിലും സത്യസന്ധത ഉണ്ടായിരുന്നെങ്കിൽ ഈ സാഹചര്യത്തിൽ കലാപത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കുമായിരുന്നു. എല്ലായിടത്തും ബി.ജെ.പി പയറ്റുന്ന വർഗീയ ധ്രുവീകരണം തന്നെയാണ് ഈ കൊച്ചുനാട്ടിലും തീ കോരിയൊഴിച്ചത്. എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്നുവെന്നു കണ്ടാണ് വീടുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമാധാനജാഥയുമായി സ്ത്രീകൾ തെരുവിലേക്കിറങ്ങിയത്.
യുദ്ധമേഖലയാണ് ഇന്ന് മണിപ്പൂർ. അതിർത്തി പങ്കിടുന്ന, പൈതൃകങ്ങളാൽ സമ്പദ്സമൃദ്ധമായ സംസ്ഥാനത്താണ് നൂറിലധികം പേർ 60 ദിവസങ്ങൾക്കുള്ളിൽ കൊല്ലപ്പെട്ടത്. ആയിരക്കണക്കിനു പേർക്ക് വീടും ജീവനോപാധികളും നഷ്ടമായി. എത്രയോ കുഞ്ഞുങ്ങൾ അനാഥരായി. 250ലധികം ചർച്ചുകൾ തകർക്കപ്പെട്ടു. അരലക്ഷത്തിലേറെപ്പേർ അഭയാർഥി ക്യാമ്പുകളിൽ. ആയിരങ്ങൾ വീടും നാടും ഉപേക്ഷിച്ച് ഓടിപ്പോയി. വെടിയേറ്റ മകനുമായി ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയ അമ്മയെയും കുഞ്ഞിനെയും ബന്ധുവിനെയും കലാപകാരികൾ തീയിട്ടുകൊന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങിന്റെയും സഹമന്ത്രിമാരുടെയും വീടുകൾ തകർത്തു. ക്രമസമാധാനം സമ്പൂർണമായി തകർന്നെന്ന് കേന്ദ്രമന്ത്രി രാജ്കുമാർ തന്നെ പരസ്യമായി പ്രതികരിച്ചുകഴിഞ്ഞു. ഈ നില തുടർന്നാൽ മുന്നണി വിടുമെന്ന് ബി.ജെ.പിയുടെ സഖ്യകക്ഷി എൻ.പി.പി പ്രഖ്യാപിച്ചുകഴിഞ്ഞു. കലാപം സമീപ സംസ്ഥാനമായ മിസോറമിലേക്ക് വ്യാപിച്ചിട്ടും നരേന്ദ്ര മോദി വീണ വായിക്കുകയാണ്.
മണിപ്പൂരിൽ ഞങ്ങൾ കണ്ട കാഴ്ചകൾ സർക്കാറുകളുടെയും ലോകത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരും. അവിടെ സമാധാനം കൊണ്ടുവരാൻ ആരു ശ്രമിച്ചാലും രാഷ്ട്രീയം നോക്കാതെ കോൺഗ്രസ് അവർക്കൊപ്പമുണ്ടാകും. ആരും വന്നില്ലെങ്കിലുമതെ, മണിപ്പൂരിന്റെ സമാധാനത്തിനായി കോൺഗ്രസ് മുന്നിൽത്തന്നെയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.