മണിപ്പൂർ: വംശീയ സംഘർഷങ്ങൾ അവസാനിക്കില്ല
text_fieldsസംഘർഷങ്ങളിൽ പലപ്പോഴും സർക്കാർ മെയ്തേയി വിരുദ്ധ നിലപാടുകളാണ് എടുക്കുന്നതെന്നാരോപിച്ച് കഴിഞ്ഞ ദിവസം ആയിരക്കണക്കിന് സായുധ ആറംബായ് തൊങ്കാൽ പ്രവർത്തകർ ഇംഫാലിലെ കംഗ്ലാ ഫോർട്ടിൽ ഒത്തുകൂടി
മണിപ്പൂരിലെ വംശീയ കലാപങ്ങൾ ആരംഭിച്ചിട്ട് ഒമ്പത് മാസങ്ങൾ പിന്നിടാൻ പോവുകയാണ്. കുക്കി, സോമി ഗോത്ര വംശജരെ ആസൂത്രിതമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ മെയ്തേയി ഭരണകൂടവും അവരെ അനുകൂലിക്കുന്ന തീവ്ര മെയ്തേയി സംഘടനകളും ഒരളവുവരെ വിജയിച്ചിരിക്കുന്നു.
രണ്ട് ചേരികളായി തിരിഞ്ഞ മെയ്തേയി,കുക്കി വിഭാഗക്കാർ തങ്ങളുടെ ആവനാഴിയിലെ സർവ അടവുകളും പ്രയോഗിച്ച് ഇപ്പോഴും ഏറ്റുമുട്ടുകയാണ്. താഴ്വരകളിൽ സ്വാധീനമുള്ള മെയ്തേയി വിഭാഗക്കാരാണ് സർക്കാറിനെ നിയന്ത്രിക്കുന്നത്. ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന നൂറുകണക്കിന് കുക്കികൾ തണുപ്പകറ്റാനുള്ള കമ്പിളിപോലും ഇല്ലാത്ത നിലയിലാണ്.
വിദ്യാഭ്യാസം, വീടുകൾ, എന്നിവക്കുപുറമെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ പുതിയ നായകന്മാരെ കാത്തിരിക്കുകയാണവർ. ഇതിനിടയിലും ദിനേന ഇരു വിഭാഗങ്ങളിലും പെട്ട തീവ്രവാദികൾ നിരപരാധികളെ വെടിവെച്ചുകൊല്ലുന്നത് തുടരുകയാണ്. കലാപത്തിന്റെ ബാക്കിപത്രമായി സ്വയംഭരണമെന്ന ആവശ്യവുമായി കുക്കികൾ രംഗത്തുണ്ട്.
അഞ്ച് മലയോര ജില്ലകൾ കേന്ദ്രീകരിച്ച് അവർ അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. എന്നാൽ, ഒരിക്കലും ഇത് അംഗീകരിക്കില്ലെന്നും നിലവിലുള്ള സംവരണങ്ങൾപോലും ഒഴിവാക്കി അവരെ ഗോത്രവർഗ പട്ടികയിൽനിന്ന് നീക്കണമെന്ന ആവശ്യവുമായി തീവ്ര മെയ്തേയി ഗ്രൂപ്പുകളായ ആറംബായ് തൊങ്കാൽ, മെയ്തിലീപൂൺ എന്നിവർ രംഗത്തുണ്ട്.
സംഘർഷങ്ങളിൽ പലപ്പോഴും സർക്കാർ മെയ്തേയി വിരുദ്ധ നിലപാടുകളാണ് എടുക്കുന്നതെന്നാരോപിച്ച് കഴിഞ്ഞ ദിവസം ആയിരക്കണക്കിന് സായുധ ആറംബായ് തൊങ്കാൽ പ്രവർത്തകർ ഇംഫാലിലെ കംഗ്ലാ ഫോർട്ടിൽ ഒത്തുകൂടി. സംസ്ഥാനത്തെ മെയ്തേയി വിഭാഗക്കാരായ 35 എം.എൽ.എമാരെയും രണ്ട് എം.പിമാരെയും അവിടേക്ക് വിളിച്ചുവരുത്തി മെയ്തേയികൾക്കനുകൂലമായി നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെടുകയും അവരെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു.
മുഖ്യമന്ത്രി ബിരേൻ സിങ് ഉൾപ്പെടെയുള്ള 35 എം.എൽ.എമാർ ആരും തങ്ങൾക്ക് മുകളിൽ അല്ലെന്നും, ജനങ്ങളുടെ മേൽ നടത്തുന്ന ആധിപത്യം അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അവരെ തിരിച്ചയച്ചത്. ഭരണകക്ഷിയായ ബി.ജെ.പിയിലെ 25 എം.എൽ.എമാർക്കുപുറമെ പ്രതിപക്ഷ നിരയിലെ 10 മെയ്തേയി എം.എൽ.എമാരും കംഗ്ലോ ഫോർട്ടിൽ സായുധരായ ആറംബായ് തെങ്കാലിന്റെ പരിപാടിയിൽ എത്തിയിരുന്നു.
സംസ്ഥാനത്ത് നടപ്പിലാക്കേണ്ട അഞ്ച് ആവശ്യങ്ങൾ ഇവരെക്കൊണ്ട് അംഗീകരിപ്പിക്കാൻ തീവ്ര നിലപാടുകാർക്ക് സാധിച്ചു. ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ പുതിയ കലാപങ്ങൾക്ക് വഴിതുറക്കുകയാവും ചെയ്യുക.
രാജ്യാതിർത്തിയിൽ വേലികെട്ടി മ്യാന്മറിൽനിന്നുള്ള കടന്നുകയറ്റം തടയണമെന്ന വാദവും ഇതുവഴി ഇങ്ങനെ കടന്നെത്തിയവരെ പിടികൂടി മിസോറമിലേക്ക് അയക്കണമെന്ന തീവ്ര ഗ്രൂപ്പുകാരുടെ ആവശ്യവുമൊക്കെ വരും ദിവസങ്ങളിൽ സജീവ ചർച്ചകൾക്ക് വഴിതുറക്കും. ചുരുക്കത്തിൽ രാജ്യം പൊതുതെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോഴും മണിപ്പൂരിലെ കലാപച്ചൂട് അണയില്ലെന്ന് സാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.