വീണ്ടെടുക്കണം ഇന്ത്യയുടെ മാണിക്യം
text_fieldsകലാപഭൂമിയായി മാറിയ മണിപ്പൂർ സന്ദർശിച്ച കാത്തലിക് ബിഷപ്സ് കൗൺസിൽ ഓഫ് ഇന്ത്യ (സി.ബി.സി.ഐ) പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് തന്റെ നേർക്കാഴ്ചകൾ പങ്കുവെക്കുന്നു
2023 മേയ് മൂന്നിന് തുടങ്ങിയ കലാപം മണിപ്പൂരിൽ ഇപ്പോഴും കെട്ടടങ്ങാതെ കനലുകളായി നിൽക്കുകയാണ്. അവിടത്തെ ജനങ്ങളെ ആശ്വസിപ്പിക്കുന്നതിനും ഭാരതസഭ കാരിത്താസ് ഇന്ത്യയിലൂടെയും സി.ആർ.എ.സിയിലൂടെയും ചെയ്ത സേവനങ്ങൾ അവലോകനം ചെയ്യുന്നതിനും ഭാവി ആവശ്യങ്ങൾ അന്വേഷിക്കുന്നതിനുമായാണ് ഈ മാസം 23,24 തീയതികളിൽ ഞാൻ മണിപ്പൂർ സന്ദർശിച്ചത്.
സി.ബി.സി.ഐ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. ജർവിസ് ഡിസൂസയും കാരിത്താസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലിയും ഒപ്പമുണ്ടായിരുന്നു. ഇംഫാൽ ആർച്ച് ബിഷപ്സ് ഹൗസിലെത്തി മണിപ്പൂർ അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ് ഡൊമിനിക് ലുമോൺ പിതാവിനെയും വികാരി ജനറൽ ഫാ. വർഗീസ് വേലിയ്ക്കകത്തിനെയും ഭാരതസഭയുടെ പിന്തുണയും ഐക്യദാർഢ്യവുമറിയിച്ചു, മണിപ്പൂർ ജനതയോടുള്ള സഹാനുഭൂതിയും പ്രകടിപ്പിച്ചു.
മണിപ്പൂർ കലാപത്തിൽ 160ൽ കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 60,000ത്തിൽപരം ആളുകൾ ഭവനരഹിതരായി. എല്ലാം നഷ്ടപ്പെട്ട്, നിരാശരായി ദുരിതാശ്വാസ ക്യാമ്പുകളിലും, ഇംഫാലിലും ചുരചാന്ദ്പൂരിലും കാംഗ്പോക്പിയിലും അയൽ സംസ്ഥാനങ്ങളിലും ഇന്ത്യയിലെ മറ്റു നഗരങ്ങളിലും കഴിയുന്ന മണിപ്പൂർ നിവാസികളുടെ വിവരം ഇംഫാൽ ആർച്ച് ബിഷപ് സ്ഥിതിവിവരക്കണക്കുകളിലൂടെ വ്യക്തമാക്കി.
ഒട്ടേറെ കുട്ടികൾ ഇപ്പോഴും വിദ്യാഭ്യാസ സൗകര്യമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കാര്യം അവർ വിവരിച്ചു. ഭാരത കത്തോലിക്ക സഭയുടെ ഭാഗമായ കമില്ലൻ ടാസ്ക് ഫോഴ്സിന്റെ മെഡിക്കൽ ക്യാമ്പുകളെക്കുറിച്ചും സി.എം.ഐ, വി.സി, സി.എം.സി, എഫ്.സി.സി സന്യാസ സമൂഹങ്ങളിലൂടെ മറ്റു സഭാവിഭാഗങ്ങളുമായി സഹകരിച്ചു നടത്തുന്ന ശാരീരിക-മാനസിക-ആത്മീയ പരിപാലനത്തെക്കുറിച്ചും അവർ വിവരിച്ചു.
ഇത്തരം സഹായസഹകരണങ്ങൾ മണിപ്പൂരിലെ സഭ ഏതെങ്കിലും ജനവിഭാഗങ്ങൾക്കായി മാത്രം പരിമിതപ്പെടുത്തിയിട്ടില്ല; മറിച്ച്, ഇംഫാൽ താഴ്വരയിലും ചുരചാന്ദ്പൂർ, കാംഗ്പോക്പി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റ് സ്ഥലങ്ങളിലുമുള്ള ഏവർക്കുമായാണ് വിതരണം ചെയ്തത്. സമാധാനം സംസ്ഥാപിതമായി, സർക്കാറിന്റെ ശക്തമായ നടപടികളും വ്യക്തമായ തീരുമാനവും വന്നെങ്കിൽ മാത്രമേ കൂടുതൽ ശാശ്വതമായ നടപടികളിലേക്ക് ഇനി നീങ്ങാനാവൂവെന്ന് അവർ വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സന്ദർശിക്കുന്നതിന് ആർച്ച് ബിഷപ് ഡൊമിനിക് ലൂമോണിന്റെ നേതൃത്വത്തിൽ ഞങ്ങൾ യാത്രതിരിച്ചു. അദ്ദേഹത്തിന്റെ സെക്രട്ടറി ഫാ. സാമുവേൽ, ഫാ. മാത്യു ചന്ദ്രൻകുന്നേൽ എന്നിവരും അനുഗമിച്ചു.
കാക്ചിങ്ങിലെ സ്നേഹം
കാക്ചിങ് ജില്ലയിലെ മേരി ഇമ്മാക്കുലേറ്റ് സ്കൂൾ സന്ദർശിച്ച് അവിടെ പ്രവർത്തിക്കുന്ന ഫാ. സിജോ ഒഴലക്കാട്ട്, എസ്.എം.എം.ഐ സന്യാസ സമൂഹത്തിലെ സിസ്റ്റർമാർ, അവിടത്തെ ബോർഡിങ്ങിലെ കുട്ടികൾ എന്നിവരോട് കലാപം സൃഷ്ടിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചും ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിച്ചു.
കമ്മിറ്റി ഫോർ പീസ് ഹാർമണിയുടെ നേതൃത്വത്തിൽ കാക്ചിങ്ങിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ എല്ലാം നഷ്ടപ്പെട്ട് എത്തിയ മെയ്തേയി കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും ഭക്ഷ്യ-സാനിറ്ററി-ജീവനോപാധി കിറ്റുകൾ നൽകുകയും ചെയ്തു. റിലീഫ് ക്യാമ്പ് കമ്മിറ്റി പ്രസിഡന്റ് ശൈലേന്ദ്ര സിങ് നേരിട്ട് നന്ദിയും സ്നേഹവും അറിയിച്ചത് ഹൃദയസ്പർശിയായി. അവർ അണിയിച്ച ഷാൾ അവിടത്തെ ഒരു ബാലനെ തിരിച്ചണിയിച്ച് നാമെല്ലാവരും ഒരേ മാനവരാശിയുടെ ഭാഗമാണെന്ന സന്ദേശം നൽകിയാണ് മടങ്ങിയത്.
സുഗ്നുവിലെ കാഴ്ചകൾ
മണിപ്പൂരിലെ പ്രഥമ ഇടവകയായിരുന്നു ചന്ദേൽ ജില്ലയിലുള്ള സുഗ്നു. നാഗന്മാരും മെയ്തേയികളും കുക്കികളും ഇടകലർന്ന് സാഹോദര്യത്തോടെ ഏറെക്കാലമായി വസിച്ചുവരുകയായിരുന്നു ഇവിടെ. ഇന്ന് ജനമൊഴിഞ്ഞ്, കത്തിക്കരിഞ്ഞ വീടുകളും കടകളും നിറഞ്ഞ ആ ഗ്രാമത്തിന്റെയും ഇടവകയുടെയും സ്ഥിതി അതീവ ദുഃഖകരമാണ്.
ഏറ്റവും ഹൃദയഭേദകമായി അനുഭവപ്പെട്ടത് കത്തിക്കരിഞ്ഞ് നാമാവശേഷമായ സെന്റ് ജോസഫ്സ് ഇടവക ദൈവാലയത്തിന്റെയും പൂർണമായി നശിപ്പിക്കപ്പെട്ട സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെയും അവസ്ഥയാണ്.
എഫ്.സി.സി സന്യാസിനിമാരുടെ സെന്റ് അൽഫോൻസ മഠം പട്ടാള ക്യാമ്പായി മാറിയിരിക്കുന്നു. ഇടവക പള്ളിയിലേക്ക് കയറിയപ്പോൾ നാലുവർഷത്തോളം അവിടെ വികാരിയായിരുന്ന ആർച്ച് ബിഷപ് ഡൊമിനിക് ലുമോൺ വികാരഭരിതനായി. ഏകദേശം ആയിരത്തിൽപരം ക്രൈസ്തവ കുടുംബങ്ങൾ (അതിൽ 600ൽ അധികം കത്തോലിക്ക കുടുംബങ്ങൾ) ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നു. ഇന്ന് അവിടം ഒരു ശവപ്പറമ്പിന് സമാനമായി തകർന്നുകിടക്കുന്നു.
മണിപ്പൂരിൽ എല്ലാ വിഭാഗം ജനങ്ങൾക്കും നാശനഷ്ടം നേരിട്ടു. എല്ലാം ഉപേക്ഷിച്ച് ജീവൻ മാത്രം കൈയിലെടുത്ത മെയ്തേയി വിഭാഗക്കാരെ കാക്ചിങ്ങിലെ അഭയാർഥി ക്യാമ്പിലും കുക്കികളെ ചുരചാന്ദ്പൂരിലെ അഭയാർഥി ക്യാമ്പിലും കണ്ടു. ഇനി എന്നെങ്കിലും അവർക്ക് ഒന്നിച്ചു വസിക്കാനാകുമോ എന്ന ചോദ്യം ഉത്തരമില്ലാതെ നിൽക്കുന്നു.
കാഞ്ചിപ്പൂരിന്റെ വേദന
കാഞ്ചിപ്പൂരിലെ കത്തിയമർന്ന ഹോളി റിഡീമർ ഇടവക പള്ളിയെക്കുറിച്ചും വൈദിക മന്ദിരത്തെക്കുറിച്ചും വേദനയോടെയാണ് അവിടെയുള്ളവർ സംസാരിച്ചത്. ഇംഫാലിലെമ്പാടും പ്രസിദ്ധമാണ് കാഞ്ചിപ്പൂർ കാത്തലിക് സ്കൂൾ. കുക്കിയായ പ്രിൻസിപ്പലിനെ തേടി ആയിരക്കണക്കിന് കലാപകാരികൾ എത്തിയതും പള്ളി കത്തിച്ചതും സ്കൂൾ തകർത്തതുമൊക്കെ നാഗവർഗക്കാരനായ ഫാ. ടൈറ്റസ് വികാരോദ്ദീപകമായി വിവരിച്ചു.
വിരോധത്തിന്റെ പ്രകടനം
മണിപ്പൂർ അതിരൂപതയുടെ കീഴിൽ ഇംഫാലിലെ സാംഗയിപ്രൂവിൽ പ്രവർത്തിച്ചിരുന്ന റീജനൽ പാസ്റ്ററൽ ട്രെയിനിങ് സെന്ററും സെന്റ് പോൾ പള്ളിയും പൂർണമായി കത്തിനശിച്ചു. അവിടെയുണ്ടായിരുന്ന കോഹിമ മുൻ മെത്രാൻ മലയാളിയായ മാർ ജോസ് മുകാലയും പള്ളിവികാരിയും അസിസ്റ്റന്റും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പള്ളിയും ട്രെയിനിങ് സെന്ററും പൂർണമായും തകർക്കപ്പെട്ടു.
പള്ളിയുടെ മുഖവാരത്തിലുള്ള ഈശോയുടെ തിരുഹൃദയരൂപത്തിന്റെ വലതുകരം മുഴുവനായും ഇടതു കൈപ്പത്തിയും നശിപ്പിച്ചിരിക്കുന്നു. ക്രൈസ്തവർക്കെതിരെ ചിലരുടെ ഇടയിൽ പതഞ്ഞുനിൽക്കുന്ന വിരോധത്തിന്റെ അന്തരീക്ഷമാണ് ഈ നാശനഷ്ടങ്ങൾക്ക് കാരണമായത്.
സാംഗയിപ്രൂവിലെ ട്രെയിനിങ് സെന്ററും ചുറ്റുമുള്ള കുക്കികളുടെ മനോഹര വസതികളും ഫെയ്ത് സ്കൂളും തകർക്കപ്പെട്ടുകിടക്കുന്നതും കാണാനായി.
പാസ്റ്ററൽ ട്രെയിനിങ് സെന്ററിനോടനുബന്ധിച്ച സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിപ്പിക്കുന്ന എസ്.എ.ബി.എസ് സഭാംഗങ്ങളായ സിസ്റ്റേഴ്സിനെ സന്ദർശിച്ച് ആശ്വസിപ്പിക്കാൻ അവസരമുണ്ടായി. ആക്രമണങ്ങളുടെ മുനയിൽനിന്ന് സംഘർഷഭരിതവും ആശങ്കജനകവുമായ ദിവസങ്ങൾ തള്ളിനീക്കിയതിനെപ്പറ്റി സഹോദരിമാർ വേദനയോടെ വിവരിച്ചു.
ചന്ദേലിലെ കുഞ്ഞുങ്ങളുടെ പാട്ട്
ചന്ദേലിലെ ആർച്ച് ബിഷപ്പിന്റെ ജന്മസ്ഥലമായ മോൺസാങ്പയിലുള്ള സെന്റ് പീറ്റേഴ്സ് പള്ളി സന്ദർശിക്കാനും അവിടത്തെ ഇടവക വികാരി ഫാ. മൈക്കിൾ കൊച്ചുപറമ്പിൽ, എസ്.എ.ബി.എസ് സഭാംഗങ്ങളായ സിസ്റ്റർമാർ എന്നിവരുമായി സംസാരിക്കാനും അവസരമുണ്ടായി.
സെന്റ് പീറ്റേഴ്സ് സ്കൂളിലെ കുട്ടികളുടെ സ്വീകരണഗാനം വേദനകൾക്കിടയിലും ഹൃദയാകർഷകമായിരുന്നു. വിഭിന്ന നാഗവിഭാഗങ്ങളിൽനിന്നുള്ള ഈ ഹോസ്റ്റൽ കുട്ടികൾ അവരുടെ പരമ്പരാഗത വസ്ത്രരീതികളണിഞ്ഞ് മനോഹരമായി പാടിയപ്പോൾ ഇന്ത്യയുടെ ബഹുസ്വരതയും ഏകത്വവുമൊക്കെ മനസ്സിലൂടെ കടന്നുപോയി.
മാനവികതയോടുള്ള വെല്ലുവിളി
2023 ജൂലൈ 24ാം തീയതി തിങ്കളാഴ്ച ഞങ്ങൾ ആർച്ച് ബിഷപ്സ് ഹൗസിനടുത്തുള്ള എഫ്.സി.സി പ്രൊവിൻഷ്യൽ ഹൗസ് സന്ദർശിച്ചു. ഇപ്പോഴും മലയാളികൾ തന്നെയാണ് അവിടെ നേതൃനിരയിലുള്ളത്. 1960 മുതൽ മണിപ്പൂരിൽ എഫ്.സി.സി സിസ്റ്റേഴ്സ് ചെയ്ത സേവനങ്ങളെക്കുറിച്ച് അവർ വിവരിച്ചു.
തുടർന്ന് മനോഹരമായ ഇംഫാൽ കത്തീഡ്രൽ ഞങ്ങൾ സന്ദർശിച്ചു. കത്തീഡ്രൽ ഇടവകാതിർത്തിയിലുള്ള കുക്കി വീടുകൾ നശിപ്പിക്കപ്പെട്ടതായി ഞങ്ങൾ കണ്ടു. വളരെ നന്നായി പ്രവർത്തിക്കുന്ന ഇംഫാൽ സോഷ്യൽ സർവിസ് സൊസൈറ്റിയുടെ ഓഫിസിൽ പോയി അവരുടെ പ്രവർത്തനങ്ങൾ നേരിട്ടു മനസ്സിലാക്കി. മലയാളിയായ ഫാ. സോണിയുടെ നേതൃത്വത്തിലാണ് ഈ സൊസൈറ്റിയുടെ പ്രവർത്തനങ്ങളും റിലീഫ് ക്യാമ്പുകളും നടക്കുന്നത്.
പോക്കാവോയിലെ റിലീഫ് സെന്ററിൽ പോയി മെഡിക്കൽ ക്യാമ്പ് കാണാൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നെങ്കിലും കർഫ്യൂ ആയിരുന്നതിനാൽ സാധ്യമായില്ല. മണിപ്പൂരിൽ നടമാടിയ ആക്രമണങ്ങളെല്ലാം മാനവികതയോടുള്ള വെല്ലുവിളിയാണ്.
ഭവനരഹിതരായവരും അരക്ഷിതരായി പലായനം ചെയ്യപ്പെട്ടവരും എല്ലാ വിഭാഗങ്ങളിൽ നിന്നുമുണ്ടെങ്കിലും ഏറെപ്പേർ ക്രൈസ്തവരാണെന്ന് സ്ഥിതിവിവരക്കണക്കിൽനിന്ന് വ്യക്തം.
ഇന്ത്യയുടെ മാണിക്യം എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച മണിപ്പൂർ ഇന്ന് തിളക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ്. എങ്ങനെയാണ് പഴയ മനോഹാരിത മണിപ്പൂരിന് വീണ്ടെടുക്കാനാവുക? ശക്തമായ രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടെങ്കിലേ സമാധാനം തിരികെ കൊണ്ടുവരാനാകൂ എന്ന നിഗമനമാണ് ചർച്ചകളിൽ മുഖ്യമായും പ്രകടമായത്.
സമഗ്രവികസനം ഉണ്ടായെങ്കിലേ കലാപമുഖരിതമായ മണിപ്പൂർ മാണിക്യത്തിന് പഴയ പ്രതാപത്തിലേക്ക് മടങ്ങാനാകൂ. കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ മാനസാന്തരം അനിവാര്യമാണ്. മാനവസൗഹാർദതയും സമാധാനവും പുരോഗതിയും കൊണ്ടുവരണമെങ്കിൽ എല്ലാവരും സഹകരിച്ച് പരസ്പരവിദ്വേഷങ്ങൾ മറന്ന് സമാധാനം നടപ്പാക്കി സമഭാവനയോടെ മുന്നേറണം. പുനരുദ്ധാരണത്തിനും നവമാനവ സമൂഹ നിർമിതിക്കായും ജാതിമത ഭേദമന്യേ ഏവരും സഹായ സഹകരണങ്ങൾ നൽകുമ്പോഴാണ് മണിപ്പൂർ മാണിക്യമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.