Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകാലത്തിനു മുമ്പേ...

കാലത്തിനു മുമ്പേ സഞ്ചരിച്ച കർമയോഗി

text_fields
bookmark_border
mannath padmanabhan
cancel

ജനസമൂഹത്തി​ന്റെ നന്മക്കായി സ്വന്തം ജീവിതം അർപ്പിച്ച്​, കർമധീരതയും ത്യാഗവിശാലതയും നിസ്വാർഥസേവനവും കൈമുതലാക്കി മതഭേദചിന്തയുടെ കോട്ട തകർത്ത്​ ഐക്യം, സാമൂഹികശക്തി, ഭാരതസംസ്​കാരം എന്നിവ ഉയർത്തിപ്പിടിച്ച അനശ്വരമഹാത്മാവ്​ മന്നത്തു പത്മനാഭ​ന്റെ 146ാമത് ജയന്തി 2023 ജനുവരി ഒന്നും രണ്ടും തീയതികളിൽ സാഘോഷം കൊണ്ടാടുകയാണ്. സമൂഹനന്മയോടൊപ്പം സ്വസമുദായത്തിന്റെ പുരോഗതിക്കുവേണ്ടിയും അന്ത്യംവരെ അക്ഷീണം പരിശ്രമിച്ച ആ നവോത്ഥാന നായകന്​ ആദരവും പ്രണാമവും അർപ്പിക്കാൻ ഒരുക്കുന്ന ആഘോഷത്തിൽ ജനസഹസ്രങ്ങളാണ്​ പങ്കുചേരുന്നത്​.

1878 ജനുവരി രണ്ടിന് പെരുന്നയിൽ മന്നത്തുവീട്ടിൽ പാർവതിയമ്മയുടെയും, വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടെയും പുത്രനായാണ്​ ജനനം. മാതാവി​ന്റെ വാത്സല്യം മാത്രമെ അദ്ദേഹത്തിന്​ കൂട്ടിനുണ്ടായിരുന്നുള്ളൂ. അഞ്ചാം വയസ്സിൽ അമ്മ എഴുത്തിനിരുത്തി. എട്ടു വയസ്സുവരെ കളരിയാശാ​ന്റെ ശിക്ഷണത്തിൽ എഴുത്തും വായനയും ഗണിതവും പഠിച്ചു. പിന്നീട് ചങ്ങനാശ്ശേരി സർക്കാർ സ്​കൂളിൽ ചേർന്നെങ്കിലും സാമ്പത്തിക പരാധീനതകൾ കാരണം തുടരാനായില്ല. ഒരു നാടകസംഘത്തിൽ ബാലനടനായി ചേർന്ന്​ രണ്ടുവർഷംകൊണ്ട് അനുഗൃഹീതനടൻ എന്ന പേര് സമ്പാദിച്ചു. അക്കാലത്തുതന്നെ തുള്ളൽകഥകൾ, ആട്ടക്കഥകൾ, നാടകങ്ങൾ മുതലായ സാഹിത്യഗ്രന്ഥങ്ങൾ വായിച്ച് ഭാഷാജ്​ഞാനവും സാഹിത്യവാസനയും പരിപുഷ്​ടമാക്കി. ചങ്ങനാശ്ശേരി മലയാളം സ്​കൂളിൽ പഠിച്ച് സർക്കാർ കീഴ്ജീവനപരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയിൽ വാധ്യാരായി ജോലിയാരംഭിച്ചു മാതൃകാധ്യാപകൻ എന്ന്​ പേരെടുത്ത അദ്ദേഹം വിവിധ സർക്കാർ പ്രൈമറി സ്​കൂളുകളിൽ പ്രഥമാധ്യാപകനായും ജോലിനോക്കി. 27ാം വയസ്സിൽ മിഡിൽ സ്​കൂൾ അധ്യാപകനായി സേവനമനുഷ്​ഠിക്കവെ ഹെഡ്മാസ്റ്ററുടെ നീതിനിഷേധനടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗം രാജിവെച്ചു. അതിനു രണ്ടുവർഷം മുമ്പ് തുറവൂർ സ്​കൂളിൽ അധ്യാപകനായിരിക്കുമ്പോൾ മജിസ്​ട്രേറ്റ് പരീക്ഷയിൽ പ്രൈവറ്റായി ചേർന്നു ജയിച്ചിരുന്നതിനാൽ, സനദെടുത്ത് ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ വക്കീലായി പ്രാക്ടിസ്​ ചെയ്തു. മികച്ച അഭിഭാഷകൻ എന്ന ഖ്യാതിയും നേടി.

തുടർന്ന് പെരുന്ന കരയോഗ ഉദ്ഘാടനം, ചങ്ങനാശ്ശേരി നായർ സമാജ രൂപവത്കരണം, നായർ ഭൃത്യജനസംഘ പ്രവർത്തനാരംഭം - ഇങ്ങനെ ഒന്നിനു പറകെ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായപ്രവർത്തനമണ്ഡലം കൂടുതൽ വിപുലമായി. 1914 ഒക്ടോബർ 31ന് രൂപവത്​കരിച്ച നായർ സമുദായ ഭൃത്യജനസംഘത്തി​ന്റെ നാമധേയം നായർ സർവിസ്​ സൊസൈറ്റി എന്നാക്കി, പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി. അദ്ദേഹമായിരുന്നു സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയും. 1924ലെ ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം, വൈക്കത്തുനിന്ന്​ കാൽനടയായി രാജധാനിയിലേക്കു നടത്തിയ ‘സവർണജാഥ’, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയവ ആ നവോത്ഥാന നായകന്റെ സംഘടനാചാതുരിയെയും നേതൃപാടവത്തെയും, പ്രക്ഷോഭണ വൈദഗ്ധ്യത്തേയും അടയാളപ്പെടുത്തുന്ന സംഭവങ്ങളാണ്.1914 ഒക്ടോബർ 31 മുതൽ 1945 ആഗസ്റ്റ് 17 വരെ 31 വർഷം എൻ.എസ്​.എസ് ജനറൽ സെക്രട്ടറിയും തുടർന്ന്​ മൂന്നുവർഷം പ്രസിഡൻറായും പ്രവർത്തിച്ചു. 1947ൽ സംഘടനയുമായുള്ള ഔദ്യോഗികബന്ധങ്ങൾ വേർപെടുത്തി സ്റ്റേറ്റ് കോൺഗ്രസിനും, ഉത്തരവാദഭരണ പ്രക്ഷോഭത്തിനും നേതൃത്വം നൽകി. മുതുകുളത്തു ചേർന്ന സ്റ്റേറ്റ് കോൺഗ്രസ്​ യോഗത്തിൽ ചെയ്ത പ്രസംഗത്തെ തുടർന്ന് രണ്ടരമാസം ജയിൽവാസം അനുഭവിക്കേണ്ടിവന്നു. പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജകമണ്ഡലത്തിൽ നിന്നു വിജയിച്ച് നിയമസഭ സാമാജികനായി. 1949 ആഗസ്റ്റിൽ രൂപവത്​കരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡൻറായി. തുടർന്ന് പത്തുകൊല്ലം സജീവരാഷ്ട്രീയത്തിൽ നിന്ന്​ വിട്ടുനിന്ന്​ സാമൂഹികപ്രവർത്തനങ്ങളിലും എൻ.എസ്​.എസി​ന്റെ വളർച്ചയിലും ശ്രദ്ധ ചെലുത്തി. തിരുക്കൊച്ചി സംസ്​ഥാനവും, അനന്തരം കേരളസംസ്​ഥാനവും രൂപം പ്രാപിച്ചപ്പോൾ കോൺഗ്രസ്​ വീണ്ടും ക്ഷണിച്ചെങ്കിലും, രാഷ്ട്രീയപ്രവർത്തനത്തിൽ അദ്ദേഹം സജീവമായി ഏർപ്പെട്ടില്ല. 1957ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ തോറ്റു. അന്ന്​ അധികാരത്തിൽ വന്ന കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ ഭരണത്തിൽ മനംമടുത്ത് അദ്ദേഹം വിമോചനസമരത്തിന് നേതൃത്വം നൽകി. ആ മന്ത്രിസഭ പിരിച്ചുവിടപ്പെടുകയും, സംസ്​ഥാനത്ത്​ രാഷ്​ട്രപതിഭരണം നിലവിൽ വരുകയും ചെയ്​തു. രാഷ്ട്രീയസമരരംഗത്ത് അത്​ഭുതം സൃഷ്​ടിച്ച മഹാനായ സേനാനി എന്ന നിലയിൽ അദ്ദേഹം ലോകപ്രസിദ്ധനായി.

സരളമായ ഭാഷാശൈലിയും രചനാരീതിയും അധീനമാക്കിയ മികച്ച വാഗ്​മിയായിരുന്നു അദ്ദേഹം. പഞ്ചകല്യാണി നിരൂപണം, ചങ്ങനാശ്ശേരിയുടെ ജീവിതചരിത്ര നിരൂപണം എന്നീ വിമർശനഗ്രന്​ഥങ്ങളും, ഞങ്ങളുടെ എഫ്.എം.എസ്​. യാത്ര, എന്റെ ജീവിതസ്​മരണകൾ എന്നിവയും അദ്ദേഹത്തിന്റെ കൃതികളിൽ ഉൾപ്പെടുന്നു.

സുദീർഘവും കർമനിരതവുമായ സേവനത്തിൽ അഭിമാനംകൊണ്ട് സമുദായം 1960ൽ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25ന് അദ്ദേഹം ഭൗതികമായി നമ്മിൽനിന്നു യാത്ര പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മസാന്നിധ്യം ജീവവായുവായി കരുതുന്ന സമുദായവും നായർ സർവിസ്​ സൊസൈറ്റിയും അദ്ദേഹത്തിന്റെ അന്ത്യവിശ്രമസങ്കേതം ഒരു ക്ഷേത്രമാതൃകയിൽതന്നെ സ്​ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സർവിസ്​ സൊസൈറ്റിയുടെ ഏതു നീക്കങ്ങൾക്കും ആരംഭം കുറിക്കുന്നത് ആ സന്നിധിയിൽനിന്നുമാണ്.

സേവനപ്രവർത്തനങ്ങൾ മുഖ്യമായും നായർ സമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും, അതിന്റെ ഗുണഭോക്താക്കൾ നാനാജാതിമതസ്​ഥരായ ബഹുജനങ്ങളാണെന്ന വസ്​തുതയെ അംഗീകരിച്ച് 1966ൽ ഇന്ത്യാ ഗവൺമെൻറ്​ പത്മഭൂഷൺ പുരസ്​കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. വൈകിയാണെങ്കിലും 2014ൽ സംസ്​ഥാന സർക്കാർ മന്നംജയന്തി ദിനമായ ജനുവരി രണ്ട്​ പൊതുഅവധിയായി പ്രഖ്യാപിച്ച് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുകയുണ്ടായി. നായർ സമുദായത്തിന്റെ ഐക്യത്തിനും, സർവിസ്​ സൊസൈറ്റിയുടെ കെട്ടുറപ്പിനും എന്നും പ്രചോദനവും, വഴികാട്ടിയുമായി നിലകൊള്ളുന്നത് ആ ദിവ്യാത്മാവാണ്. സംഘടനയുടെ ശക്​തിയും ചൈതന്യവും കാലത്തിനു മുമ്പേ സഞ്ചരിച്ച ആ കർമയോഗിയുടെ കാലാതീതമായ ദർശനങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mannath Padmanabhan
News Summary - Mannath Padmanabhan Jayanti Celebration
Next Story