മന്നത്തു പത്മനാഭൻ എന്ന സാമൂഹിക പരിഷ്കർത്താവ്
text_fields1878 ജനുവരി രണ്ട് ഒരു ചരിത്രദിനമാണ്. തന്റെ കർമപഥത്തിലൂടെ സഞ്ചരിക്കാൻ സമുദായത്തെ സജ്ജമാക്കിയ മന്നത്തു പത്മനാൻ എന്ന കർമയോഗി പെരുന്നയിൽ മന്നത്തുവീട്ടിൽ പാർവതിയമ്മയുടെയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടെയും പുത്രനായി ജനിച്ച ദിനം.
കളരിയാശാന്റെ ശിക്ഷണത്തിൽ എഴുത്തും വായനയും കണക്കും പഠിച്ച് ചങ്ങനാശ്ശേരിയിലെ സർക്കാർ സ്കൂളിൽ ചേർന്ന അദ്ദേഹത്തിന് സാമ്പത്തിക പരാധീനതകളാൽ പഠനം മുടങ്ങി. ബാല്യകാലത്തുതന്നെ തുള്ളൽകഥകൾ, ആട്ടക്കഥകൾ, നാടകങ്ങൾ മുതലായ സാഹിത്യ ഗ്രന്ഥങ്ങൾ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കിയിരുന്നത് തുണയായി. സർക്കാർ കീഴ്ജീവന പരീക്ഷ പാസായി കാഞ്ഞിരപ്പള്ളിയിൽ അധ്യാപക ജോലിയിൽ പ്രവേശിച്ചു, മാതൃകാധ്യാപകൻ എന്ന കീർത്തിയും സമ്പാദിച്ചു. വിവിധ സർക്കാർ പ്രൈമറി സ്കൂളുകളിലെ പ്രഥമാധ്യാപക ജോലിക്ക് ശേഷം മിഡിൽ സ്കൂൾ അധ്യാപകനായെങ്കിലും ഹെഡ്മാസ്റ്ററുടെ നീതിനിഷേധത്തിൽ പ്രതിഷേധിച്ച് 27ാമത്തെ വയസ്സിൽ ഉദ്യോഗം രാജിവെച്ചു.
മജിസ്ട്രേറ്റ് പരീക്ഷയിൽ പ്രൈവറ്റായി ചേർന്ന് വിജയിച്ചിരുന്നതിനാൽ, സന്നതെടുത്ത് ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. അഭിഭാഷകവൃത്തിയിൽ തുടരവേ പെരുന്ന കരയോഗം ഉദ്ഘാടനം, ചങ്ങനാശ്ശേരി നായർ സമാജ രൂപവത്കരണം, നായർ ഭൃത്യജനസംഘ പ്രവർത്തനാരംഭം... ഇങ്ങനെ ഒന്നിനുപിറകെ മറ്റൊന്നായി സമുദായ പ്രവർത്തന മണ്ഡലം അതിവിപുലമായി.
നായർ സമുദായ ഭൃത്യജനസംഘത്തിന്റെ പേര് വൈകാതെ നായർ സർവിസ് സൊസൈറ്റി എന്നാക്കുകയും സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1924ൽ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം, ‘സവർണജാഥ’, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാചാതുരിയെയും നേതൃപാടവത്തെയും പ്രക്ഷോഭണ വൈദഗ്ധ്യത്തെയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. ക്ഷേത്ര പ്രവേശന വിളംബരത്തിന് 20 വർഷങ്ങൾക്കു മുമ്പുതന്നെ, തന്റെ പരദേവതയായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം അവർണ ജനതക്കായി തുറന്നുകൊടുത്ത് യാഥാസ്ഥിതികരുടെ കണ്ണുതുറപ്പിച്ചിട്ടുമുണ്ട്.
1914 ഒക്ടോബർ 31 മുതൽ 1945 ആഗസ്റ്റ് 17 വരെ 31 വർഷക്കാലം എൻ.എസ്.എസിന്റെ ജനറൽ സെക്രട്ടറിയായും പിന്നീട് മൂന്നുവർഷം പ്രസിഡന്റായും പ്രവർത്തിച്ചു. 1947ൽ സംഘടനയുമായുള്ള ഔദ്യോഗികബന്ധങ്ങൾ വേർപെടുത്തി സ്റ്റേറ്റ് കോൺഗ്രസിനും ഉത്തരവാദ ഭരണപ്രക്ഷോഭണത്തിനും നേതൃത്വം നൽകി. മുതുകുളത്തു ചേർന്ന സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിൽ ചെയ്ത പ്രസംഗത്തെ തുടർന്ന് ജയിൽവാസം അനുഭവിക്കേണ്ടിവന്നു.
പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജക മണ്ഡലത്തിൽനിന്നു വിജയിച്ച് നിയമസഭയിലെത്തി. 1949 ആഗസ്റ്റിൽ ആദ്യമായി രൂപവത്കരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റുമായി. മികച്ച വാഗ്മിയായിരുന്ന അദ്ദേഹത്തിന് സരളമായ ഭാഷാശൈലിയും രചനരീതിയും അധീനമായിരുന്നു. സുദീർഘവും കർമനിരതവുമായ സേവനത്തിൽ അഭിമാനംകൊണ്ട് സമുദായം 1960ൽ മന്നം ശതാഭിഷേകം കൊണ്ടാടി.
സേവനപ്രവർത്തനങ്ങൾ മുഖ്യമായും നായർ സമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും, അതിന്റെ ഗുണഭോക്താക്കൾ നാനാജാതി മതസ്ഥരായ ബഹുജനങ്ങളാണെന്ന വസ്തുതയെ അംഗീകരിച്ച് ഇന്ത്യ ഗവൺമെന്റ് പത്മഭൂഷൺ പുരസ്കാരം നൽകി മന്നത്തു പത്മനാഭനെ ആദരിച്ചു. വൈകിയാണെങ്കിലും, 2014ൽ സംസ്ഥാന സർക്കാർ മന്നം ജയന്തി ദിനമായ ജനുവരി രണ്ട് പൊതു അവധിയായി പ്രഖ്യാപിച്ച് ആ മഹാനുഭാവനോടുള്ള ആദരവ് പ്രകടിപ്പിക്കുകയുണ്ടായി. സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം വരുത്തിയ വിപ്ലവകരമായ പരിവർത്തനങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
സമുദായ താൽപര്യത്തോടൊപ്പം ജനാധിപത്യവും മതേതരത്വവും രാജ്യതാൽപര്യങ്ങളും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ എന്നും ബദ്ധശ്രദ്ധനായിരുന്ന അദ്ദേഹം, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ദുർവ്യയങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹിക പരിഷ്കർത്താവുമായിരുന്നു. കർമപ്രഭാവത്താൽ, ശൂന്യതയിൽനിന്നും അത്ഭുതങ്ങൾ സൃഷ്ടിച്ച അവതാരപുരുഷനും സാധാരണക്കാരിൽ സാധാരണക്കാരനുമായിരുന്ന മന്നത്തു പത്മനാഭന്റെ നിലപാടുകൾക്കും ദർശനങ്ങൾക്കും പ്രസക്തിയും പ്രശസ്തിയും ഇപ്പോഴും വർധിക്കുന്നതായി നമുക്കു കാണാം.
വിശ്രമരഹിതമായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25ന് അദ്ദേഹം ഭൗതികമായി നമ്മിൽനിന്നു യാത്ര പറഞ്ഞു. എങ്കിലും ആ ആത്മസാന്നിധ്യം ജീവവായുവായി കരുതുന്ന സമുദായവും നായർ സർവിസ് സൊസൈറ്റിയും ക്ഷേത്ര മാതൃകയിൽതന്നെ അന്ത്യവിശ്രമ സങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സർവിസ് സൊസൈറ്റിയുടെ ഏത് ഉദ്യമങ്ങൾക്കും ആരംഭം കുറിക്കുന്നത് ആ സന്നിധിയിൽനിന്നുമാണ്.
അദ്ദേഹത്തിന്റെ 147ാമത് ജയന്തിയാഘോഷമാണിന്ന്. ആ ദിവ്യാത്മാവിന്റെ കാലാതീതമായ ദർശനങ്ങളും നിലപാടുകളുമാണ് നായർ സമുദായത്തിന്റെയും സംഘടനയുടെയും ശക്തിയും ചൈതന്യവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.