പ്രക്ഷോഭകാലത്തെ വനിതദിന ചിന്തകൾ
text_fieldsജീവിതത്തിെൻറ നാനാതുറകളിലുള്ളവർ അവരവർക്ക് സാധ്യമായിടങ്ങളിലെല്ലാം പ്രക്ഷോഭങ്ങൾക്ക് തിരികൊളുത്തുന്ന കാഴ്ചകളുമായാണ് വർത്തമാന ഇന്ത്യയിലെ ഓരോ പ്രഭാതവും വിടരുന്നത്. ആ പ്രക്ഷോഭങ്ങളുടെയെല്ലാം മുൻനിരയിൽ കാണുന്ന വർധിച്ച സ്ത്രീപങ്കാളിത്തവും (വിശേഷിച്ച് അകത്തളങ്ങളിൽ അടിച്ചമർത്തപ്പെട്ടവരെന്ന് മുദ്രവെക്കപ്പെട്ട മുസ്ലിംസ്ത്രീകൾ) അവരുടെ ജ്വലിച്ചുനിൽക്കുന്ന വീര്യവും സ്ത്രീനീതിക്കു വേണ്ടി എഴുന്നേറ്റു നിൽക്കുന്ന പ്രസ്ഥാനങ്ങൾക്ക് നൽകുന്ന പ്രതീക്ഷയും ഊർജവും അവാച്യമാണ്.
വീടകങ്ങൾതൊട്ട് പാർലമെൻറിൽ വരെ നീതിനിഷേധത്തിന് ഇരയാണ് സ്ത്രീ. നീതിയെയും നീതിനിഷേധത്തെയും കുറിച്ച് ജീവിതാനുഭവങ്ങളിൽനിന്ന് അവൾ പഠിച്ച പാഠങ്ങളും ആർജിച്ച ബോധ്യങ്ങളുമാണ് സി.എ.എ പോലുള്ള മാനവവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നീതിനിഷേധങ്ങൾക്കെതിരെയുള്ള സമരപോരാട്ടങ്ങളിലേക്ക് മുന്നിട്ടിറങ്ങാനും ശാഹീൻബാഗ് പോലുള്ള സമരഭൂമികകൾക്ക് തുടക്കം കുറിക്കാനും അവളെ പ്രാപ്തയാക്കുന്നത്. സ്ത്രീസമൂഹം കൈവരിച്ച ഉയർന്ന ജനാധിപത്യബോധവും നീതിയെയും നിയമങ്ങളെയും കുറിച്ചു അവൾ ഉയർത്തുന്ന ചോദ്യങ്ങളും കണ്ടില്ലെന്ന് നടിക്കാൻ ഇനി ഒരു ഭരണകൂടത്തിനും ഒരു അധികാരസ്ഥാപനങ്ങൾക്കും സാധിക്കുകയില്ല എന്ന് ലോകത്തോടു വിളിച്ചുപറയുകയാണ് ഈ മുന്നേറ്റങ്ങളൊക്കെയും. സ്വന്തം കൊള്ളരുതായ്മകളും കഴിവില്ലായ്മയും മൂടിവെക്കാൻ വെറുപ്പും വിദ്വേഷവും നിരന്തരം ഉൽപാദിപ്പിക്കുന്ന വെറുപ്പിെൻറ വ്യാപാരികളാണ് നമ്മെ ഭരിക്കുന്നത്. അധികാരം 'കട്ടെടുത്ത' ഈ വർഗം രാജ്യം പിന്നിട്ട കാലമത്രയും കെട്ടുപോകാതെ സൂക്ഷിച്ച മഹിത പാരമ്പര്യത്തെയും രാജ്യത്തിെൻറ സാംസ്കാരിക വൈവിധ്യങ്ങളെയും തെല്ലും വകവെക്കാതെ നീതിരഹിതനിയമങ്ങൾ ഒന്നിനുപിറകെ ഒന്നായി അടിച്ചേൽപിക്കുമ്പോൾ സ്വാതന്ത്ര്യവും സ്വാസ്ഥ്യവും കെട്ടുപോകുകയും ജീവിതം ദുസ്സഹമാകുകയും ചെയ്യുന്നു. അതിെൻറ ഏറ്റവും വലിയ ഇരകൾ ഇവിടുത്തെ സ്ത്രീസമൂഹങ്ങളാണ്.
നമ്മുടെ ഭരണഘടന ആരംഭിക്കുന്നത് 'നാം ഇന്ത്യൻ ജനത' എന്ന ആമുഖത്തോടെയാണ്. രാജ്യശിൽപികൾ സ്വപ്നം കണ്ട മഹത്തായ രാജ്യത്തെക്കുറിച്ചുള്ള മുഴുവൻ സങ്കൽപവും ആ ഒരൊറ്റ വരിയിൽ പ്രതിഫലിക്കുന്നുണ്ട്. 'നാം' എന്ന ആ ഒരൊറ്റ വാക്കിലുണ്ട് നമുക്കിടയിലെ സാഹോദര്യത്തിെൻറ ആഴവും പരപ്പും. നൂറ്റാണ്ടുകളായി നാം ചേർത്തുപിടിച്ച ആ സാഹോദര്യവും സൗഹൃദവുമാണ് വെറുപ്പിൽ ചുട്ടെടുത്ത ഈ ഒരൊറ്റ നിയമത്തിലൂടെ റദ്ദ് ചെയ്യപ്പെടുന്നത്.
അപരിഷ്കൃതവും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവുമായ ഈ നിയമവുമായി ബന്ധപ്പെട്ട് ആരുമായും സംവാദത്തിന് തയാറാണെന്നു പറഞ്ഞ അമിത് ഷാ ആ വെല്ലുവിളി ഏറ്റെടുത്തു മുന്നോട്ടുവന്ന ശാഹീൻബാഗിലെ അമ്മമാരെ തെൻറ വസതിയുടെ ഏഴയലത്തുപോലും അടുപ്പിക്കാതെ ഒളിച്ചോടിയ കാഴ്ച നാം കണ്ടു. ആ നിയമം എത്ര ദുർബലവും ജനാധിപത്യവിരുദ്ധവുമാണെന്നും ശാഹീൻബാഗിലെ അമ്മമാർ ആ നിയമത്തെയും അതിെൻറ വരുംവരായ്കകളെയും കുറിച്ചു എത്ര ബോധവാന്മാരാണെന്നും നമ്മെ അത് ബോധ്യപ്പെടുത്തി.
ഏതു നിയമവും നിയമമാകുന്നത് ഭൂരിപക്ഷത്തിെൻറ തിണ്ണബലത്തിലല്ല, അത് നീതിയോട് ചേർന്നുനിൽക്കുമ്പോൾ മാത്രമാണ്, നിയമം നീതിക്ക് എതിരാണെങ്കിൽ ആ നിയമം ലംഘിക്കുകയാണ് പൗരധർമം. ഇത് നമ്മെ പഠിപ്പിച്ചത് മറ്റാരുമല്ല, സംഘ് പരിവാറിെൻറ തോക്കിനിരയായ രാഷ്ട്ര പിതാവ് മഹാത്മജിതന്നെയാണ്. അപരനെ കുറിച്ചുള്ള കരുതലാണല്ലോ ജനാധിപത്യത്തിെൻറ കാതൽ. ആ ജനാധിപത്യത്തിെൻറ ഉരകല്ലാണ് നീതി. നീതിയെ മുൻനിർത്തി ജനാധിപത്യത്തെ അളക്കുമ്പോഴാണ് നാം ജനാധിപത്യത്തിൽനിന്ന് എത്രമാത്രം അകന്നുകൊണ്ടിരിക്കുന്ന സമൂഹമാണെന്ന് ബോധ്യമാവുക.കഴിഞ്ഞ ജനുവരിയിൽ വന്ന ആഗോള ജനാധിപത്യസൂചികയിൽ നാം 10 സ്ഥാനം പിന്നോട്ടു പോയി 51ലേക്ക് കൂപ്പുകുത്തി. ആഗോള പത്രസ്വാതന്ത്ര്യ സൂചികയിൽ നാം നിൽക്കുന്നത് 140ാം സ്ഥാനത്താണ്. ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിക്കുന്ന ആഗോള ലിംഗ അസമത്വ സൂചികയിൽ 159 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 125ാം സ്ഥാനത്താണ്. ലോകത്ത് സ്ത്രീകൾ ഏറ്റവും അരക്ഷിതമായ രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.
ഈയിടെ ഗുജറാത്തിൽനിന്ന് കേട്ടത് ക്ഷേത്ര പരിസരത്തെ വനിത കോളജിൽ ആർത്തവപരിശോധന എന്ന പേരിൽ 60ഓളം പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചു എന്ന ലജ്ജാകരമായ വാർത്തയാണ്. ആ വാർത്തയുടെ ഞെട്ടൽ മാറും മുമ്പ് അതേ ഗുജറാത്തിൽ മുൻസിപ്പൽ കോർപറേഷൻ വനിത ട്രെയ്നി ക്ലാർക്കുമാരെ (അവിവാഹിതരെ ഉൾപ്പടെ) ഗർഭപരിശോധനയുടെ പേരിൽ കൂട്ടത്തോടെ പരസ്യമായി നിർത്തി പരിശോധിച്ചതും കേട്ടു.
ഭരണഘടന സ്ത്രീകൾക്ക് നൽകുന്ന തുല്യനീതിയും സമത്വവും പരിരക്ഷയും ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇവിടുത്തെ സ്ത്രീകൾക്ക് ലഭ്യമായില്ല എന്നതാണ് യാഥാർഥ്യം. ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും മികച്ച ഭരണഘടനയുടെ തണലിൽ ജീവിക്കുന്ന ഒരു ജനത ഇന്ന് കാണെക്കാണെ ആ തണൽമരം മുറിച്ചുമാറ്റുന്നതിെൻറ മുരൾച്ചകൾ പലഭാഗങ്ങളിൽ നിന്നായി കേട്ടുകൊണ്ടിരിക്കുകയാണ്. ആ ഭരണഘടനക്കു പകരം സ്ത്രീവിരുദ്ധത ഓരോ വരിയിലും കുത്തിനിറച്ച സ്മൃതികളെ -അതേ, ഭരണഘടന ശിൽപികൾ കത്തിച്ച മനുസ്മൃതിയെ- കൊണ്ടുവരാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘ്പരിവാർ ഭരണകൂടവും അതിെൻറ ഫാഷിസ്റ്റ് അജണ്ടകളുമാണ് ഈ രാജ്യവും രാജ്യത്തെ ഓരോ പൗരനും വിശിഷ്യ, രാജ്യത്തെ സ്ത്രീസമൂഹവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സ്ത്രീവിരുദ്ധത വാക്കിലും പ്രവൃത്തിയിലും കൊണ്ടുനടക്കുന്ന ഇവരിൽനിന്ന് രാജ്യത്തെ തിരിച്ചുപിടിക്കണം. നീതിപീഠം തൊട്ട് മീഡിയവരെ ഫാഷിസ്റ്റുവത്കരിക്കപ്പെട്ട കാലത്ത് ഇത് സാധ്യമാകുക പ്രക്ഷോഭങ്ങളിലൂടെ മാത്രം. രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്തിൽനിന്ന് മോചനം നേടിയത് കോടതി ഉത്തരവിലൂടെയല്ല, രാജ്യത്തങ്ങോളമിങ്ങോളം അലയടിച്ച പ്രക്ഷോഭത്തിലൂടെയാണ് എന്നത് നമുക്ക് മറക്കാതിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.