രക്തസാക്ഷികൾ മാ.പ്രകളെ ഓർമപ്പെടുത്തുന്നു
text_fieldsഅൽ ജസീറയുടെ ഗസ്സ ബ്യൂറോ ചീഫ് വാഇൽ അൽ ദഹ്ദൂഹുമായുള്ള ഒരു അഭിമുഖത്തിന്റെ ദൃശ്യങ്ങൾ ഈയിടെ പുറത്തുവന്നിരുന്നു. അതിൽ അദ്ദേഹം പറയുന്നു ‘‘മാധ്യമപ്രവർത്തകർ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു പകരം അവർതന്നെ വാർത്തയായി മാറുന്ന സാഹചര്യമാണ് ഗസ്സയിൽ’’ എന്ന്. അത്തരമൊരു പ്രസ്താവന നടത്താൻ എന്തുകൊണ്ടും അർഹനാണ് സ്വന്തം ഭാര്യയും മക്കളുമെല്ലാം ഇസ്രായേൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുമ്പോൾ സംഘർഷ ഭൂമിയിൽനിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്യുകയായിരുന്ന ആ മാധ്യമ പ്രവർത്തകൻ. പ്രിയ കുടുംബാംഗങ്ങളുടെ ഖബറടക്ക ചടങ്ങുകൾക്ക് ശേഷം നേരം കളയാതെ വീണ്ടും നേരുതേടി ഇറങ്ങിയ അദ്ദേഹത്തിനുനേരെ ഇക്കഴിഞ്ഞ ദിവസമിതാ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നു. ഗുരുതര പരിക്കുകളോടെ ആക്രമണത്തെ വാഇൽ അതിജീവിച്ചുവെങ്കിലും ഇക്കുറി നഷ്ടമായത് കർമമണ്ഡലത്തിലെ സന്തഹ സഹചാരിയായ വിഡിയോ ജേണലിസ്റ്റ് സമീർ അബൂദാഖയെ. മുറിവുകൾ വെച്ചുകെട്ടി സമീറിന് യാത്രാമൊഴിയേകാനെത്തി പൊട്ടിക്കരഞ്ഞ വാഇൽ ഖബറടക്ക ശേഷം വീണ്ടും മൈക്കുമേന്തി നടക്കുന്നു.
ഗസ്സക്കുമേൽ 70 ദിവസം പിന്നിട്ട ഇസ്രായേൽ അധിനിവേശത്തിനിടെ ഇതിനകം 66 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് അൽ ജസീറ എണ്ണം പറയുന്നത്. ഈ കാലയളവിൽ കൊല്ലപ്പെട്ട ഫ്രീലാൻസ് റിപ്പോർട്ടർമാരുടെയും ഫോട്ടോഗ്രാഫർമാരുടെയും കണക്കുകൂടി ചേർത്താൽ അതിലുമേറെയാവും. അതില്ലെങ്കിൽപോലും ഈ ചെറിയ കാലയളവിൽ ഒരു പ്രദേശത്ത് ഇത്രയേറെ മാധ്യമ പ്രവർത്തകർ ജോലിക്കിടെ രക്തസാക്ഷികളാവുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്. ഈ കൊലപാതകങ്ങളൊന്നും അബദ്ധമോ യാദൃച്ഛികമോ ആയി സംഭവിച്ചതല്ല. കൃത്യമായി ഉന്നം പിടിച്ച് നടത്തിയ വേട്ടതന്നെയാണ്. പരിക്കേറ്റ് കിടന്നവർക്കരികിലേക്ക് ആംബുലൻസ് എത്തുന്നത് മണിക്കൂറുകളോളം വൈകിപ്പിച്ചുവെന്നത് ഇക്കാര്യം അടിവരയിടുന്നു.
ഇന്ത്യയിലേതുൾപ്പെടെ മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശപ്പോരാളികളെയും ഒളിഞ്ഞുനോക്കാനും അവരുടെ ഫോണുകളിലും കമ്പ്യൂട്ടറുകളിലും കള്ളത്തെളിവുകൾ തിരുകിക്കയറ്റുവാനുമുള്ള ചാരസാങ്കേതിക വിദ്യ വിതരണം ചെയ്യുന്ന ഇസ്രായേലിന്റെ തീട്ടൂരങ്ങൾക്ക് മുന്നിൽ ഭയലേശമേതുമില്ലാതെ നെഞ്ചുറച്ചു നിന്ന് വംശഹത്യയുടെ കാഴ്ചകൾ പുറംലോകത്തെ അറിയിക്കുന്നതിന് സയണിസ്റ്റ് ഭരണകൂടത്തിന്റെ പ്രതികാരം. ഉറ്റവരൊക്കെ ഇല്ലാതാവുന്നതോ അടുത്ത നിമിഷമൊരു വെടിയുണ്ട തനിക്കുനേരെ വന്നേക്കുമെന്ന സാധ്യതയോ അവരെ പിൻതിരിപ്പിക്കുന്നില്ല എന്നിടത്ത് ലോകത്തെ ഏറ്റവും ധീരമായ ദൗത്യമായി മാധ്യമപ്രവർത്തനം മാറുന്നു. സഹജീവികൾ വേട്ടയാടപ്പെടുന്ന കാലത്ത് വേട്ടക്കാർക്കൊപ്പം ചേർന്ന് മൃതദേഹത്തിന്റെ നെഞ്ചിലും ബുൾഡോസറിന് മുകളിലുമേറി ആനന്ദ നൃത്തം ചവിട്ടുന്നതല്ല മാധ്യമപ്രവർത്തനം എന്ന് ഓർമപ്പെടുത്തുകയും ചെയ്യുന്നു ആ രക്തസാക്ഷികൾ.
സത്യത്തെ ഭയക്കുന്ന ഭരണകൂടവും ആക്രമിക്കൂട്ടങ്ങളും ആദ്യം ഒരുമ്പെടുക മാധ്യമങ്ങളുടെ വായടപ്പിക്കാനും കാമറകളുടെ കണ്ണുമൂടാനുമാണെന്ന് ആർക്കാണറിഞ്ഞു കൂടാത്തത്. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദിന്റെ മിനാരങ്ങൾ മണ്ണോടുചേർത്ത ശേഷം അടുത്ത കർസേവക്കായി വർഗീയ ഭീകരർ പാഞ്ഞു കയറിയത് കാമറയേന്തിയ മാധ്യമപ്രവർത്തകർക്കു നേരെയായിരുന്നല്ലോ. ഇന്ത്യൻ പാർലമെൻറ് ആക്രമിക്കപ്പെട്ട വേളയിലും മാധ്യമപ്രവർത്തകരിൽ ചിലർ രക്തസാക്ഷിത്വം വഹിച്ചു.
കർണാടകത്തിൽ ഗൗരി ലങ്കേശിന് നേരെയും അഫ്ഗാനിസ്താനിൽ ഡാനിഷ് സിദ്ദീഖിക്കു നേരെയും വെസ്റ്റ് ബാങ്കിൽ ഷിറീൻ അബൂ അഖ്ലേഹിനുനേരെയും പാഞ്ഞുകയറിയ വെടിയുണ്ട എന്നും എപ്പോഴും അടുത്ത ഉന്നം തിരഞ്ഞ് നടപ്പുണ്ട്. കൈവിലങ്ങുകളും തടവറയും ലൈസൻസ് റദ്ദാക്കലുമെല്ലാം ആ വെടിയുണ്ടയുടെ പല രൂപങ്ങൾമാത്രം.
മാധ്യമപ്രവർത്തനം എന്ന ധീരമായ ജോലിതന്നെയോ നാം ചെയ്യുന്നത് എന്ന് ഓരോ മാധ്യമപ്രവർത്തകരും നെഞ്ചിൽ കൈവെച്ച് ആത്മവിമർശനം നടത്തേണ്ട സമയമായെന്ന് ഓരോ രക്തസാക്ഷികളും നമ്മോട് വിളിച്ചു പറയുന്നുണ്ട്. ഭരണകൂട വാഴ്ത്തുപാട്ടിന് താളമിടലല്ല മാധ്യമപ്രവർത്തനം എന്നെങ്കിലും കുറഞ്ഞപക്ഷം ഇന്ത്യൻ മാധ്യമലോകം തിരിച്ചറിഞ്ഞെങ്കിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.