മൗലാന ഗുൽസാർ അഹ്മദ്, നീതിവ്യവസ്ഥ താങ്കളോട് കടപ്പെട്ടിരിക്കുന്നു
text_fieldsമൗലാന ഗുൽസാർ അഹ്മദിന്റെ പ്രവർത്തനം മൂലം ഉയർത്തിപ്പിടിക്കപ്പെട്ടത് നീതിന്യായ വ്യവസ്ഥയുടെ അന്തസ്സാണ് എന്നു പറയേണ്ടി വരും. ഇതുപോലൊരാളും സംഘവും മുന്നിട്ടിറങ്ങിയില്ലെങ്കിൽ എത്രയേറെ മനുഷ്യർക്ക് അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ടേനെ.
‘‘ഒരു നിരപരാധിയെയും തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ല. നിയമപരമായി അവർക്ക് ലഭിക്കേണ്ട അവസാന അവകാശവും നേടിയെടുക്കും വരെ പോരാട്ടം തുടരുക തന്നെ ചെയ്യും’’- അഹ്മദാബാദ് സ്ഫോടനക്കേസിൽ ഒന്നര പതിറ്റാണ്ടുകാലം വിചാരണത്തടവ് അനുഭവിച്ച മുസ്ലിം യുവാക്കളെ വധശിക്ഷക്ക് വിധിച്ച അഹ്മദാബാദ് സെഷൻസ് കോടതി ഉത്തരവിനോട് മൗലാന ഗുൽസാർ അഹ്മദ് അഅ്സമി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. വധശിക്ഷ വിധികേട്ട് വെന്തുപോയ മൂന്നു മലയാളികൾ ഉൾപ്പെടെ 38 കുടുംബങ്ങളുടെ നെഞ്ചിൽ ആശ്വാസത്തിന്റെ തണുപ്പുപകർന്ന വാക്കുകളായിരുന്നു അത്.
കെട്ടിച്ചമച്ച ഭീകരവാദക്കേസുകളിൽ കുടുങ്ങി ഇന്ത്യയിലെ വിവിധ ജയിലുകളിൽ അനിശ്ചിതമായി കഴിയുന്ന നൂറുകണക്കിന് നിരപരാധികളുടെയും അവരുടെ മോചനത്തിനു കാത്തുകഴിയുന്ന കുടുംബാംഗങ്ങളുടേയും പ്രതീക്ഷയും അത്താണിയും ആയിരുന്നു കഴിഞ്ഞദിവസം അന്തരിച്ച മൗലാന ഗുൽസാർ അഹ്മദ്. ജംഇയ്യതുൽ ഉലമായെ ഹിന്ദ് മഹാരാഷ്ട്ര ഘടകം നേതൃത്വം നൽകുന്ന നിയമസഹായവേദിയുടെ മുഖ്യസംഘാടകനായിരുന്നു ജംഇയ്യത് മഹാരാഷ്ട്ര ഘടകം ജനറൽ സെക്രട്ടറികൂടിയായ അദ്ദേഹം. കള്ളക്കേസുകളിൽ തടവിലാക്കപ്പെട്ട നൂറുകണക്കിന് നിരപരാധികളുടെ കുറ്റമുക്തിക്കും മോചനത്തിനും വഴിയൊരുക്കിയ ജംഇയ്യത് ലീഗൽ എയ്ഡ് സെൽ അദ്ദേഹത്തിന്റെ ആശയമായിരുന്നു.
2007 മുതലാണ് മഹാരാഷ്ട്ര എ.ടി.എസ് ബലിയാടാക്കിയ ‘ഭീകരകേസു’കളിൽ പ്രതികളാക്കപ്പെട്ടവരുടെ നിരപരാധിത്വം തെളിയിക്കാൻ അവരുടെ കുടുംബങ്ങളെ അണിനിരത്തിയുള്ള നിയമപോരാട്ടത്തിന് മൗലാന തുടക്കമിടുന്നത്. 2011ൽ മാലേഗാവ് സ്ഫോടനക്കേസിലെ 11 പേരെ കുറ്റവിമുക്തരാക്കാനായത് പോരാട്ട വഴിയിലെ നാഴികക്കല്ലായി. അക്ഷർധാം ആക്രമണക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുഫ്തി അബ്ദുൽ ഖയ്യൂം ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നീണ്ട നിയമപോരാട്ടം നയിച്ചതും മൗലാന ഗുൽസാർ അഅ്സമിയാണ്. നാഗ്പുരിലെ ആർ എസ്.എസ് ആസ്ഥാനം ആക്രമിക്കാൻ ഗൂഢാലോചന നടത്തി എന്നാരോപിച്ചു 2006 ൽ മഹാരാഷ്ട ക്രൈംബ്രാഞ്ച് ചുമത്തിയ കേസിൽ (173/2006) ജൽഗാവിലെ മുൻ സിമി പ്രവർത്തകരായ ആസിഫ് ഖാൻ, പർവേസ് എന്നിവരെ മഹാരാഷ്ട്ര ഹൈകോടതി ഔറംഗാബാദ് െബഞ്ച് കുറ്റവിമുക്തരാക്കിയതും അഅ്സമിയുടെ നേതൃത്വത്തിലുള്ള നിയമപോരാട്ടത്തിലൂടെയാണ്.
1970 ലെ ഭീവണ്ടി, ജൽഗാവ് കലാപങ്ങൾ സമൂഹത്തിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥയാണ് മൗലാനയെ പൊതു പ്രവർത്തനത്തിന് നിർബന്ധിതനാക്കിയത്. അന്ന് മുന്നൂറോളം മുസ്ലിംകൾ അറസ്റ്റിലായി. കലാപം മൂലമുണ്ടായ ഭൗതിക നഷ്ടങ്ങളും അറസ്റ്റിലായ പ്രിയപ്പെട്ടവരുടെ അസാന്നിധ്യവും കുടുംബങ്ങളെ ഏറെ അലട്ടുന്നതായി മൗലാന അഅ്സമി നേരിൽ കണ്ടറിഞ്ഞു. പ്രിയപ്പെട്ടവരെ ജയിലിൽനിന്ന് മോചിപ്പിക്കാൻ അവർക്ക് പിന്തുണ നൽകി ദുരിതമനുഭവിക്കുന്നവർക്ക് സഹായവാഗ്ദാനവുമായി ജംഇയ്യത് ആദ്യമായി രംഗത്തുവന്നത് അന്നാണ്.
ഡൽഹി, അഹ്മദാബാദ് സ്ഫോടനക്കേസുകൾ, ഹരിൺ പാണ്ഡ്യ വധക്കേസ്, മുംബൈ സ്ഫോടന പരമ്പര കേസുകൾ, സിമി, ഇന്ത്യൻ മുജാഹിദീൻ മുദ്രയടിച്ച് ജയിലിലടക്കപ്പെട്ടവരുടെ വ്യത്യസ്ത കേസുകൾ എന്നിങ്ങനെ യു.എ.പി.എ, മോക്ക (MCOCA), ദേശദ്രോഹ നിയമങ്ങൾ ചുമത്തി ജയിലിലടക്കപ്പെട്ട എണ്ണമറ്റ നിരപരാധികളുടെ നിസ്സഹായരായ കുടുംബങ്ങൾക്ക് നീതിയിലും നിയമത്തിലുമുള്ള വിശ്വാസം പുനഃസ്ഥാപിക്കുംവിധം പ്രത്യാശ പകർന്നു മൗലാനയും ജംഇയ്യത് നിയമസഹായ സമിതിയും. അക്ഷർധാം കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട മൗലാന മുഫ്തി അബ്ദുൽ ഖയ്യൂം ആണ് ജംഇയ്യതിന്റെ അഹ്മദാബാദിലെ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ചുക്കാൻപിടിക്കുന്നത്. ‘‘അക്ഷർധാം സ്ഫോടനത്തെക്കുറിച്ചു പൊലീസ് - മാധ്യമഭാഷ്യം മുഖവിലയ്ക്കെടുത്ത് ഞങ്ങളും മൗനം പാലിച്ചിരുന്നെങ്കിൽ ഒരു തെറ്റും തെളിയിക്കാതെ അവരെ തൂക്കിക്കൊല്ലുമായിരുന്നില്ലേ?’’ എന്നാണ് മുഫ്തി അബ്ദുൽ ഖയ്യൂം മോചിതനായ വേളയിൽ ഗുൽസാർ അഅ്സമി സമൂഹത്തോട് ചോദിച്ചത്. അദ്ദേഹത്തിന്റെ നിസ്വാർഥമായ പ്രയത്നംകൊണ്ടാണ് മഹാരാഷ്ട്രക്ക് പുറത്തേക്കും നിയമസഹായ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ കഴിഞ്ഞത്.
മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക, കേരളം തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന അമ്പതിൽപരം കേസുകളിൽ പ്രതികളാക്കപ്പെട്ട 410 ലധികം പേർക്ക് ജംഇയ്യത് ലീഗൽ സെൽ നിയമസഹായം നൽകിവരുന്നുണ്ട്. അജ്ഞാതരുടെ വെടിയേറ്റ് രക്തസാക്ഷിയായ ബോംബെയിലെ പ്രശസ്ത അഭിഭാഷൻ അഡ്വ. ശാഹിദ് ആസ്മി മുതൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരായ ഇന്ദിരാ ജയ്സിങ്, കാമിനി ജയ്സ്വാൾ തുടങ്ങി നിരവധി പ്രഗത്ഭരായ അഭിഭാഷകരുടെ നിയമോപദേശവും സഹായ സഹകരണങ്ങളും ഉറപ്പുവരുത്തിയാണ് അദ്ദേഹം നിയമപോരാട്ട രംഗത്ത് മുന്നേറിയത്.
നിസ്സഹായരായ രാഷ്ട്രീയത്തടവുകാരുടെ മോചന സ്വപ്നവുമായി ജീവിച്ച അദ്ദേഹത്തിന്റെ വേർപാടിൽ ഒരു പക്ഷേ, ഏറ്റവുമധികം വേദന അനുഭവിക്കുന്നത് തടവുകാരും അവരുടെ കുടുംബങ്ങളും ആയിരിക്കും. മൗലാന ഗുൽസാർ അഹ്മദിന്റെ പ്രവർത്തനം മൂലം ഉയർത്തിപ്പിടിക്കപ്പെട്ടത് നീതിന്യായ വ്യവസ്ഥയുടെ അന്തസ്സാണ് എന്നു പറയേണ്ടി വരും. ഇതുപോലൊരാളും സംഘവും മുന്നിട്ടിറങ്ങിയില്ലെങ്കിൽ എത്രയേറെ മനുഷ്യർക്ക് അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ടേനെ. കെട്ടിച്ചമക്കപ്പെട്ട കേസുകളിൽ പ്രതിചേർക്കപ്പെട്ട നിരപരാധികളായ മനുഷ്യരെ തൂക്കുമരത്തിലും തടവറയിലും ഒടുങ്ങാൻവിടാതെ അവസാന ശ്വാസംവരെ പൊരുതിയ ഈ നീതിമാന്റെ ജീവിതം തലമുറകൾക്ക് പ്രചോദനമേകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.