പോരാളി
text_fieldsഇക്കാണുന്ന പ്രവിശാലമായ പ്രപഞ്ചവും അതിലെ എണ്ണമറ്റ പദാർഥങ്ങളുമെല്ലാം യഥാർഥമാണെന്ന മിഥ്യാബോധം ഒരാളിൽ ജനിപ്പിക്കുന്നതെന്തോ അതാണ് മായ. ആധുനിക ജനാധിപത്യ-മതേതരത്വ മൂല്യങ്ങളേക്കാൾ ടി ദർശനത്തിനാണിപ്പോൾ മാർക്കറ്റ് വില. പ്രകൃതിശാസ്ത്രവും സാമ്പത്തികശാസ്ത്രവും ചരിത്രവും തുടങ്ങി നയതന്ത്ര വിചാരങ്ങൾപോലും ഈ ദർശനത്തിലാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. വിമർശകർ അതിനെ ഫാഷിസമെന്നൊക്കെ പറയും. അതിനാൽ, മുന്നിൽക്കാണുന്നതും അന്വേഷിച്ചറിഞ്ഞതുമായ വസ്തുതകളൊന്നും ഭരണകൂടത്തിലെ ഈ ‘മായാ വാദി’കൾ വകവെച്ചു തരണമെന്നില്ല. ഇനി ഈ വസ്തുതകളും തെളിവുകളുമായി കോടതി കേറിയാലും പൊല്ലാപ്പാണ്; തീർത്തും മായയായ കാര്യങ്ങൾ നിരത്തി ഭരണകൂടത്തെയും ഭരണാധികാരിയെയും അപഹസിക്കുന്നേയെന്നവർ അട്ടഹസിക്കും; ശേഷം പിടിച്ച് തുറുങ്കിലടക്കും. അതാണ് ടീസ്റ്റ സെറ്റൽവാദിന് സംഭവിച്ചത്. ഗുൽബർഗയിലും ബെസ്റ്റ് ബേക്കറിയിലുമെല്ലാം ‘മിഥ്യ’യെന്ന് മനസ്സിലാക്കാതെ വ്യവഹാരത്തിനിറങ്ങിപ്പുറപ്പെട്ടു. തൽക്കാലം പരമോന്നത നീതിപീഠം കടാക്ഷിച്ചിട്ടുണ്ട്. കേസും കൂട്ടവുമൊക്കെയുണ്ടെങ്കിലും വിധി വരുംവരെ സ്വതന്ത്രയായി നടക്കാനുള്ള അനുമതിയുണ്ട്.
മോദികാലം സർവം മായ മാത്രമല്ല; നാടകീയം കൂടിയാണ്. അല്ലെങ്കിൽ, സകിയ ജാഫരിയുടെ ഹരജി സുപ്രീംകോടതി തള്ളിയതിന്റെ പിറ്റേന്നാൾതന്നെ ഇങ്ങനെയൊരു കുരുക്ക് വീഴുമോ? സകിയ ജാഫരിയെ അറിയില്ലേ? 2002ൽ ഗുജറാത്ത് വംശഹത്യക്കിടെ ഗുൽബർഗ് സൊസൈറ്റിയിൽ കൂട്ടക്കൊല ചെയ്യപ്പെട്ട 69ൽ ഒരാളായ ഇഹ്സാൻ ജാഫരിയുടെ വിധവ. ഭരണകൂടത്തിന്റെ കണ്ണിൽ ആ കൂട്ടക്കുരുതിയും ഒരു മായയായിരുന്നു. അതുകൊണ്ടാണ് സംഭവത്തിൽ ഉത്തരവാദികളെന്നാരോപിക്കപ്പെട്ട 64 പേർക്കും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ക്ലീൻചിറ്റ് നൽകിയത്. അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു സുപ്രീംകോടതി നിയോഗിച്ച എസ്.ഐ.ടിയുടെ കണ്ടെത്തൽ. പരമോന്നത നീതിപീഠത്തിന് അക്കാര്യം നിഷേധിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ, ക്ലീൻചിറ്റ് നൽകിയതിനെതിരെ സകിയ സമർപ്പിച്ച ഹരജി കോടതി നിഷ്കരുണം തള്ളി. ഗുജറാത്ത് സർക്കാറും സകിയ ജാഫരി എന്നസ്ത്രീയും തമ്മിലുള്ള കേസാണിതെന്ന് ഓർക്കണം. ഇതിൽ ടീസ്റ്റക്ക് ഒരു റോളുമില്ല. പക്ഷേ, ടീസ്റ്റക്ക് വിലങ്ങണിയിക്കാനുള്ള ഒന്നാന്തരം അവസരമായാണ് ഗുജറാത്ത് സർക്കാറും ആഭ്യന്തര വകുപ്പും ഇതിനെ കണ്ടത്. സകിയ ജാഫരിക്കു പിന്നിൽ ടീസ്റ്റയാണെന്നാണ് ഗുജറാത്ത് പൊലീസിന്റെ വാദം. ഗുജറാത്ത് വംശഹത്യയിൽ മോദിയടക്കമുള്ളവരെ പ്രതിചേർക്കാനും അതുവഴി അപഹസിക്കാനും ടീസ്റ്റ കൃത്രിമ തെളിവുകളുണ്ടാക്കി എന്നും വെച്ചുകാച്ചി. ഇക്കാര്യം, സുപ്രീംകോടതിയിൽ അവരുടെ വക്കീലും പറഞ്ഞു. കോടതി അതൊന്നും മുഖവിലക്കെടുത്തില്ലെങ്കിലും ഗുജറാത്ത് പൊലീസിന് ടീസ്റ്റക്കെതിരെ എഫ്.ഐ.ആർ ഇടാൻ ഇതിനപ്പുറമൊരു കാരണവും വേണ്ടായിരുന്നു. 2022 ജൂൺ 24നാണ് സുപ്രീംകോടതി വിധി വന്നത്; തൊട്ടടുത്ത ദിവസങ്ങളിൽ ടീസ്റ്റക്കെതിരെ കേസും അറസ്റ്റും! ജൂൺ 26 മുതൽ സെപ്റ്റംബർ രണ്ടുവരെ റിമാൻഡിൽ. അത്രയും ദിവസം അവരെ തടവറയിൽ പാർപ്പിക്കാൻ ഗുജറാത്ത് ഹൈകോടതി സുപ്രീംകോടതിയോടുപോലും പൊരുതി. ഇടക്കാല ജാമ്യമായിരുന്നു ആദ്യം അനുവദിച്ചത്; ദിവസങ്ങൾക്കു മുമ്പ്, ഹൈകോടതിയുടെ ഉടക്കിനിടയിലും അത് പൂർണ ജാമ്യമാക്കി മാറ്റിയിട്ടുണ്ട്. സഞ്ജീവ് ഭട്ടിനെപ്പോലുള്ളവർ ഇപ്പോഴും തടവറയിൽതന്നെ തുടരുമ്പോൾ, ഇതൊക്കെ വലിയ ആശ്വാസ വാർത്തതന്നെയാണ്.
കിഴക്കൻ ഹിമാലയത്തിൽനിന്നൊഴുകുന്ന ഒരു നദിയുടെ പേരുകൂടിയാണ് ടീസ്റ്റ. ആ പദത്തിനർഥം, മൂന്ന് കൈവഴികൾ ചേർന്നത് എന്നാണ്. ടീസ്റ്റയുടെ ജീവിതത്തിലുമുണ്ട് ഇതുപോലെ മൂന്ന് കൈവഴികൾ. അതിലാദ്യത്തേത് മാധ്യമപ്രവർത്തകയുടേതാണ്. ബിരുദ പഠനം പൂർത്തിയാക്കിയശേഷം, ‘ദി ഡെയ്ലി’ പത്രത്തിൽ പ്രവേശിക്കുന്നതോടെ ആദ്യ കൈവഴിയുടെ ഒഴുക്ക് ആരംഭിക്കുകയായി. തൊട്ടടുത്തവർഷമാണ്, ഇന്ധിരവധവും തുടർന്നുള്ള സിഖ് വംശഹത്യയുമെല്ലാം. നൂറു ശതമാനവും ഫീൽഡിൽ പ്രവർത്തിച്ച ടീസ്റ്റയുടെ റിപ്പോർട്ടുകൾ അക്കാലത്ത് അന്താരാഷ്ട്ര തലത്തിൽവരെ ചർച്ചയായി. 10 വർഷം മുഴുവൻ സമയ മാധ്യമപ്രവർത്തകയായിരുന്നു. ഇതിനിടയിൽ ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള പത്രങ്ങളിൽ പ്രവർത്തിച്ചു. 93ലെ ബോംബെ കലാപം റിപ്പോർട്ട് ചെയ്തതായിരിക്കാം, പ്രഫഷനൽ ജേണലിസ്റ്റ് എന്നനിലയിലെ അവസാനത്തെ ഫീൽഡ് വർക്ക്. വർഗീയ ലഹളകൾ തീർത്തും സത്യസന്ധമായി റിപ്പോർട്ട് ചെയ്യാൻതക്ക സ്വതന്ത്രമാധ്യമങ്ങൾ ഇന്ത്യയിലില്ല എന്ന തിരിച്ചറിവിൽ ആ പണി അവസാനിപ്പിച്ചു. എന്നുവെച്ച്, മാധ്യമപ്രവർത്തനം അവസാനിപ്പിച്ചില്ല. ജീവിതസുഹൃത്ത് ജാവേദ് ആനന്ദിനൊപ്പം സ്വന്തമായി ഒരു മാഗസിൻ തുടങ്ങി -കമ്യൂണൽ കോംബാറ്റ്: ടീസ്റ്റയുടെ രണ്ടാം കൈവഴി. കൈവഴിയെ കൂടുതൽ വിപുലമാക്കാൻ ‘സബ് രംഗ്’ എന്നപേരിൽ മറ്റൊരു ന്യൂസ് ഏജൻസിയും തുടങ്ങി. വിവിധ കമ്മിറ്റികളും അന്താരാഷ്ട്ര ഏജൻസികളുമെല്ലാം തയാറാക്കിയ അന്വേഷണ റിപ്പോർട്ടുകളും മറ്റും കഴിഞ്ഞ മുപ്പത് വർഷത്തിനിടെ എത്രയോ തവണ ‘സബ് രംഗി’ലൂടെ വെളിച്ചംകണ്ടിട്ടുണ്ട്. അതിൽ പലതും ഹിന്ദുത്വക്ക് തലവേദനയുണ്ടാക്കുന്നതുമായിരുന്നു. ‘മായ’യിലല്ല, ജനാധിപത്യ ഇന്ത്യയുടെ യാഥാർഥ്യങ്ങളിലായിരുന്നു ടീസ്റ്റ ജീവിച്ചത്. അതുകൊണ്ടുതന്നെ, ഇന്ത്യൻ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങൾ തുറന്നുകാണിക്കുകയാണ് ദൗത്യമെന്ന് അവർ കരുതി. അതിന് മാധ്യമപ്രവർത്തനം മാത്രം പോരാ; ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കണം. അതിനുവേണ്ടിയാണ് സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സി.പി.ജെ) എന്നപേരിൽ മൂന്നാമതൊരു കൈവഴി വെട്ടിയത്. ഗുജറാത്ത് കലാപാനന്തരം സി.പി.ജെ നടത്തിയ ഇടപെടലുകളാണ് വംശഹത്യയുടെ ആഴം പുറത്തുവരാൻ കാരണമായത്. സ്റ്റേറ്റും ജുഡീഷ്യറിയും ‘മായ’യെന്ന് എഴുതിത്തള്ളിയാലും വംശഹത്യയിൽ ഭരണകൂടത്തിന്റെ പങ്ക് വെളിപ്പെട്ടതിനു പിന്നിൽ സി.പി.ജെ എന്ന എൻ.ജി.ഒ ആയിരുന്നുവെന്ന് ആരും സമ്മതിക്കും. മോദിക്കെതിരെ ആദ്യമായി സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചതുപോലും സി.പി.ജെ ആയിരുന്നുവല്ലോ. ആ ഇടപെടലുകൾക്ക് പകരം ചോദിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ ഭരണകൂടം.
കാവിപ്പട പല തവണ മുമ്പും കെണിയൊരുക്കിയിട്ടുണ്ട്. അതൊക്കെ പല കോടതികളിലായി കിടക്കുന്നുണ്ട്. ബെസ്റ്റ് ബേക്കറി കേസിൽ, ഇല്ലാത്ത സാക്ഷിയെ അവതരിപ്പിച്ചു എന്നൊക്കെയാണ് ആരോപണം. ഗുജറാത്ത് ഇരകൾക്കായി ശേഖരിച്ച ഫണ്ട് വകമാറ്റി; വിദേശ ഫണ്ട് കൈപ്പറ്റി തുടങ്ങി വേറെയും കേസുകെട്ടുകളുണ്ട്. ഒറ്റനോട്ടത്തിൽതന്നെ വ്യക്തമാകും, എല്ലാം ഒരു മനുഷ്യാവകാശ പ്രവർത്തകക്കെതിരായ പൂട്ടുകളാണെന്ന്. അതിന്റെ തുടർച്ചയിലാണ് ഇപ്പോഴത്തെ കേസും. പക്ഷേ, ഇതുകൊണ്ടൊന്നും പതറില്ലെന്ന് നൂറു തരം. അക്കാര്യം പ്രഖ്യാപിച്ചതുമാണ്. കാവി സംഘത്തിനെതിരെ അണിനിരക്കുന്ന സർവ മനുഷ്യരും കൂടെയുണ്ടെന്നതാണ് ആത്മവിശ്വാസം.
1962 ഫെബ്രുവരി ഒമ്പതിന് ബോംബെയിൽ ജനനം. ടീസ്റ്റ അതുൽ സെറ്റൽവാദ് എന്നാണ് പൂർണനാമധേയം. അഭിഭാഷകനായ അതുൽ സെറ്റൽവാദിന്റെയും സീതയുടെയും മകൾ. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അറ്റോണി ജനറൽ എം.സി. സെറ്റൽവാദിന്റെ ചെറുമകൾ. മുംബൈ സർവകലാശാലക്കു കീഴിലെ എൽഫിൻസ്റ്റോൺ കോളജിൽനിന്ന് ബിരുദം. നിയമപഠനം പാതിവഴിയിലുപേക്ഷിച്ചു. പത്രപ്രവർത്തനകാലത്താണ് ജാവേദ് ആനന്ദുമായി പരിചയപ്പെടുന്നത്. ‘ദി ഡെയ്ലി’യിൽ സീനിയറായിരുന്നു ജാവേദ്. 87ൽ, ഇരുവരും വിവാഹിതരായി. രണ്ട് മക്കൾ: ജിബ്രാനും താമരയും. നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അതിലേറെ രാജ്യത്തെ നൂറുകണക്കിന് കലാപ ഇരകളുടെ നിലക്കാത്ത പ്രാർഥനകളും കൂട്ടിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.