മെഡിക്കൽ കോളജുകളിലെ അസി. പ്രഫസർ നിയമനവും ഒ.ബി.സി സംവരണവും
text_fieldsമെഡിക്കൽ കോളജുകളിലെ വിവിധ വകുപ്പുകളിൽ അസിസ്റ്റൻറ് പ്രഫസർമാരെ നിയമിക്കുന്നതിന് പി.എസ്.സി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഒക്ടോബർ 16നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്. ആകെ 58 തസ്തികകളിലാണ് ഒഴിവുകൾ. വിജ്ഞാപനം പുറത്തിറക്കിയത് 156 ഒഴിവുകളിലേക്കും. വിജ്ഞാപനത്തിലെ 89 ഒഴിവുകൾക്ക് ആദ്യമായി അപേക്ഷ ക്ഷണിക്കുന്നതാണ്.
67 ഒഴിവുകൾ ഇതിനുമുമ്പ് അപേക്ഷ ക്ഷണിച്ചപ്പോൾ സംവരണ വിഭാഗങ്ങളിൽപെട്ട യോഗ്യരായ ഉദ്യോഗാർഥികളെ ലഭിക്കാതെ വന്നതുമൂലം (NCA-നോ കമ്യൂണിറ്റി അവൈലബ്ൾ) പുനർ വിജ്ഞാപനം ചെയ്യുന്നതും. അഞ്ചു തവണ വരെ വിജ്ഞാപനം ചെയ്തിട്ടും യോഗ്യരായ ആളെ കിട്ടാതെ ആറാമതു തവണ വിജ്ഞാപനം ചെയ്യുന്ന ഒഴിവുകളുമുണ്ട്.
എന്തുകൊണ്ടാണ് ഉദ്യോഗാർഥികളെ കിട്ടാതെവരുന്നതെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അതിനുമുമ്പ് ഏതൊക്കെ സമുദായങ്ങൾക്ക് എത്രവീതം ഒഴിവുകളാണ് നിയമിക്കപ്പെടാതെ പോയതെന്നുകൂടി കാണുക.
പിന്നാക്ക സമുദായങ്ങളിൽപെട്ട യോഗ്യത നേടിയ ഉദ്യോഗാർഥികളില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു കാരണം. ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിൽ ഈ വിഭാഗത്തിന് പ്രവേശനം ലഭ്യമായിരുന്നില്ല. ഈഴവർക്ക്(ഇ.ടി.ബി) മൂന്നു ശതമാനവും മുസ്ലിംകൾക്ക് രണ്ടു ശതമാനവും അടക്കം ജനസംഖ്യയിൽ 65 ശതമാനത്തിലധികം വരുന്ന ഈ വിഭാഗം വിദ്യാർഥികൾക്ക് പ്രവേശനത്തിൽ ലഭ്യമായിരുന്ന സംവരണം കേവലം ഒമ്പതു ശതമാനം മാത്രമായിരുന്നു. ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പല വിഭാഗത്തിലും പരിമിതമായ സീറ്റുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിൽ 50 ശതമാനം സീറ്റുകൾ കേന്ദ്ര പൂളിലേക്ക് നൽകി. അതുകൊണ്ടുതന്നെ ഈ സംവരണം അവിടെ പാലിക്കപ്പെട്ടിരുന്നില്ല.
ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിലെ സംവരണം 27 ശതമാനമായി കഴിഞ്ഞവർഷം വർധിപ്പിച്ചിരുന്നു. ഈ ലേഖകന്റെ കൂടി നേതൃത്വത്തിൽ രണ്ട് ഉദ്യോഗാർഥികൾ ഹൈകോടതിയിൽ കേസ് നടത്തിയാണ് ഒരു വിധിയിലൂടെ ഈ വർധന നേടിയെടുത്തത്.
ഇതിനിടയിലും പിന്നാക്ക സമുദായങ്ങളിൽപെട്ട കുറെ വിദ്യാർഥികൾ ബിരുദാനന്തര ബിരുദം നേടുകയും പി.എസ്.സി വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, അത്തരത്തിൽ ബിരുദം നേടിയ വിദ്യാർഥികളിൽ മഹാഭൂരിപക്ഷവും ‘ക്രീമിലെയർ’ വിഭാഗത്തിൽ ഉൾപ്പെടുന്നവരായതിനാൽ സംവരണത്തിനുള്ള അർഹത നിഷേധിക്കപ്പെട്ടു. അർഹതയുള്ളവർക്ക് യോഗ്യതയില്ലെന്നും യോഗ്യതയുള്ളവർക്ക് അർഹതയില്ലെന്നും പറഞ്ഞ് ഉദ്യോഗാർഥികളെ ഒഴിവാക്കുന്നതിനുള്ള കുതന്ത്രമാണ് ‘ക്രീമിലെയർ’ സിദ്ധാന്തത്തിന് പിന്നിലെന്നത് ഇതിലൂടെ ഒരിക്കൽക്കൂടി വ്യക്തമാവുകയാണ്.
പിന്നാക്ക വിഭാഗങ്ങളിലെ യോഗ്യരായ ഉദ്യോഗാർഥികൾ ക്രീമിലെയർ നിബന്ധനമൂലം ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ അതേ സമുദായത്തിലെ തന്നെ ക്രീമിലെയർ വിഭാഗത്തിന് അവസരം നൽകുന്നതിന് ആവശ്യമായ നിയമനിർമാണം നടത്തുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2016ലെ പ്രകടനപത്രികയിൽ ഉറപ്പു നൽകിയിരുന്നതാണ്. 2016ൽ അധികാരമേറിയ സർക്കാർ കാലാവധി പൂർത്തിയാക്കുകയും ഇടതു മുന്നണിക്ക് തുടർഭരണം ലഭിക്കുകയും ചെയ്തിട്ടും ആ ഉറപ്പ് പാലിക്കപ്പെട്ടില്ല.
ഭരണത്തിന്റെ എല്ലാ മേഖലകളിലും പദവികളിലും എല്ലാ സമുദായങ്ങൾക്കും അർഹമായ, മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥയാണ് സംവരണം. ആ സംവരണം അട്ടിമറിക്കുന്നതിനുള്ള ഒരു കൗശലം മാത്രമാണ് ക്രീമിലെയർ സിദ്ധാന്തം. ക്രീമിലെയർ മാനദണ്ഡം യുക്തമായ രീതിയിൽ നിശ്ചയിക്കുന്നതിന് മൂന്നു വർഷത്തിനുള്ളിലോ ആവശ്യമെന്നു കണ്ടാൽ അതിനു മുമ്പോ നടപടി സ്വീകരിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്. അത് പാലിക്കപ്പെടുന്നില്ല. 2009ലെ മാനദണ്ഡങ്ങളാണ് ഇപ്പോഴും പിന്തുടരുന്നത്. ഇതിനിടയിൽ 2018ൽ വരുമാന പരിധി വർധിപ്പിച്ചു.
അവസരങ്ങളും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനുള്ള സംവരണ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കണം എന്ന ഒരു താൽപര്യവും സർക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. എന്നാൽ, സവർണ സമുദായങ്ങൾക്ക് 10 ശതമാനം സംവരണം അനുവദിക്കുന്ന കാര്യത്തിൽ ശരവേഗത്തിലാണ് സർക്കാർ തീരുമാനമെടുത്തത്. നിർബന്ധമല്ലെന്നും ആവശ്യമെങ്കിൽ മാത്രം നടപ്പാക്കിയാൽ മതിയെന്നുമാണ് ഇതുസംബന്ധിച്ച സുപ്രീംകോടതി വിധി. തമിഴ്നാട് സർക്കാർ സവർണ സംവരണം നടപ്പാക്കിയിട്ടില്ലെന്ന് മാത്രമല്ല ക്രീമിലെയർ വ്യവസ്ഥ പോലും അവിടെ സ്വീകരിച്ചിട്ടില്ല.
ഭാവി കേരളം എങ്ങനെയെന്ന ചർച്ചകൾ നടക്കുന്ന ഈ സന്ദർഭത്തിൽ ഭരണാധികാരികളും സാമൂഹിക നീതിയിൽ താൽപര്യമുള്ളവരും ഉണർന്നു പ്രവർത്തിച്ച് ഫലപ്രദമായ പരിഹാര നടപടികൾ ഉണ്ടാക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്.
(പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടറും സംവരണ സമുദായ മുന്നണി വർക്കിങ് പ്രസിഡന്റുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.