കരുത്തുപകരട്ടെ കനൽപഥം താണ്ടിയ ഓർമകൾ
text_fieldsഎന്റെ പ്രിയ പിതാവും സമുദായത്തിന്റെ സ്വത്തുമായിരുന്ന Mehboobe Millat Ibrahim Sulaiman Seth ജന്മദിനമാണ് നവംബർ മൂന്ന്. 83 വർഷം നീണ്ട ജീവിതം വിശ്രമമെന്തെന്നറിയാതെ സമൂഹത്തിനും സമുദായത്തിനുമായി പകുത്തുനൽകിയ അദ്ദേഹത്തെ തിരക്കൊഴിഞ്ഞ് ഞങ്ങൾക്ക് കിട്ടുന്നത് ചുരുക്കം അവസരങ്ങളിൽ മാത്രമായിരുന്നു. പലപ്പോഴും പി.എയുടെപോലും അകമ്പടിയില്ലാതെ വീട്ടിൽനിന്ന് പുറപ്പെടുന്ന അദ്ദേഹത്തെ കാണുന്ന മാത്രയിൽ ജനങ്ങൾ പൊതിയും. ഒരാളിൽ നിന്നും സഹായം സ്വീകരിക്കാതെ എല്ലാം കാരുണ്യവാനായ ദൈവത്തിലർപ്പിച്ച് നീങ്ങാൻ ഇഷ്ടപ്പെട്ട സേട്ട് സാഹിബിന്റെ കരുത്തും കാവലുമെല്ലാം ആ ഉറച്ച വിശ്വാസം തന്നെയായിരുന്നു.
പതിനാലാം വയസ്സിൽ പിതാവ് നഷ്ടപ്പെട്ട് ഉമ്മയുടെയും സഹോദരിയുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത അദ്ദേഹം പിന്നീട് സമുദായമെന്ന വലിയ കുടുംബത്തിന് വേണ്ടിയുള്ള പ്രയത്നങ്ങൾക്കായി സ്വയം അർപ്പിച്ചു. രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം ആദർശത്തിന്റെയും ആർജവത്തിന്റെയും കാര്യത്തിൽ ഏതൊരു പൊതുപ്രവർത്തകനും മാതൃകയാക്കേണ്ട ഖാഇദേമില്ലത്ത് ഇസ്മായിൽ സാഹിബിന്റെ കാലടിപ്പാടുകളെ പിൻപറ്റി. രാഷ്ട്രീയ തിരക്കുകൾക്കിടയിലും കുടുംബത്തെയും കൂട്ടുകാരെയും ഒരുമിപ്പിക്കാൻ സമയം കണ്ടെത്തി. ഏതൊരു പ്രശ്നത്തിനും നീതിപൂർവമായ തീർപ്പ് ഉറപ്പാക്കുംവരെ അതിൽ ശ്രദ്ധചെലുത്തി.
മഞ്ചേരിയും പൊന്നാനിയുമുൾപ്പെടെയുള്ള മലബാറിലെ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സേട്ട് സാഹിബിന്റെ സന്ദർശനങ്ങൾ ആഘോഷമായിരുന്നു. അദ്ദേഹം വീട്ടിൽ വന്നുകയറുമ്പോൾ ഞങ്ങളനുഭവിച്ചിരുന്ന അതേ സന്തോഷം. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും അദ്ദേഹത്തിന് നിരവധി കേൾവിക്കാരുണ്ടായിരുന്നു. ദുരിതപ്പെടുന്ന മനുഷ്യർക്ക് സഹായവും ആശ്വാസവും എത്തിക്കാനും അവർക്കായി ശബ്ദിക്കാനുമുള്ള കഴിവ് നൽകണമെന്നായിരുന്നു അദ്ദേഹം സദാ പ്രാർഥിച്ചിരുന്നത്. ആശ്വാസ പ്രവർത്തനം എന്നത് ജീവിതവൃതമായി കണ്ട പിതാവ് അത് ഈ ലോക ജീവിതത്തിൽ തനിക്ക് ഏതെങ്കിലും വിധത്തിൽ ഗുണകരമാവണമെന്ന് ആഗ്രഹിച്ചിരുന്നില്ല, അത് ഇഷ്ടപ്പെട്ടതുമില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ അനിഷ്ടസംഭവങ്ങളും അക്രമങ്ങളും കലാപങ്ങളുമുണ്ടാകുമ്പോൾ അവിടെ വേദനിച്ച് വാവിട്ട് കരയുന്ന ജനങ്ങൾക്കരികിലേക്ക് അദ്ദേഹം കുതിച്ചെത്തുമായിരുന്നു, അവരുടെ വേദന തന്റേതായിക്കണ്ട് ആശ്വാസവും നീതിയും ഉറപ്പാക്കാൻ അവസാനനിമിഷം വരെ പൊരുതുമായിരുന്നു. കലാപ ഭൂമിയിലെ കാഴ്ചകളോർത്ത് വീട്ടിലെ പ്രാർഥന വേളയിൽ കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരയുന്ന സേട്ടുസാഹിബിനെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, ആ മനുഷ്യർക്ക് വേണ്ടി ഇന്ത്യൻ പാർലമെന്റിൽ എണീറ്റുനിന്ന് വാദിക്കവെ അദ്ദേഹത്തിന്റെ ശബ്ദം ഒരിക്കൽപോലും പതറിയില്ല. പടച്ചതമ്പുരാനെയല്ലാതെ ഒരു ശക്തിക്ക് മുന്നിലും അദ്ദേഹം വഴങ്ങിയില്ല. സത്യത്തിനും നീതിക്കും മനഃസാക്ഷിക്കും വിരുദ്ധമായ ഒരു ഒത്തുതീർപ്പുകൾക്കും തയാറുമായിരുന്നില്ല.
രാജ്യത്ത് പലവിധ വർഗീയ കലാപങ്ങളും പ്രശ്നങ്ങളുമെല്ലാം പല കാലങ്ങളിൽ സംഭവിച്ചിട്ടുണ്ടെന്നാകിലും ബാബരി മസ്ജിദ് പോലൊരു ചരിത്ര പ്രാധാന്യമുള്ള ആരാധനാലയം തകർക്കാൻ വർഗീയ ശക്തികൾ മുതിരുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ ബാബരി മസ്ജിദ് തകർത്തതും തുടർന്നുള്ള സംഭവവികാസങ്ങളും അദ്ദേഹത്തെ വല്ലാതെ ഉലച്ചുകളഞ്ഞു. ഈ കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞതുപോലെ പടച്ചവനിലുള്ള അടിയുറച്ച വിശ്വാസമാണ് അദ്ദേഹത്തിന് കരുത്തായി മാറിയത്. തികഞ്ഞ പക്വതയോടെ കാര്യങ്ങളെ നേരിടാനും നിലപാട് സ്വീകരിക്കാനും അദ്ദേഹം തയാറായി.
കടുത്ത പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കുമിടയിലൂടെ കടന്നു പോകുമ്പോൾ രാജ്യവും ഇവിടുത്തെ ന്യൂനപക്ഷ സമൂഹങ്ങളും ഇബ്രാഹിം സുലൈമാൻ സേട്ടിനെപ്പോലൊരു നേതാവിന്റെ അഭാവം ചർച്ച ചെയ്യുന്നു. അവരുടെ ഓർമകളും സ്നേഹവും അദ്ദേഹത്തിനായുള്ള പ്രാർഥനകളായി മാറട്ടെ എന്നാഗ്രഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.