Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപി.കെ. കുഞ്ഞു...

പി.കെ. കുഞ്ഞു സാഹിബിന്‍റെ ഓർമകള്‍

text_fields
bookmark_border
പി.കെ. കുഞ്ഞു സാഹിബിന്‍റെ ഓർമകള്‍
cancel

പി.കെ. കുഞ്ഞു സാഹിബിന്‍റെ ഓർമ ദിനമാണ് ഇന്ന്. 1905 ആഗസ്റ്റ്‌ അഞ്ചിന് ജനിച്ച ആ അപൂർവ വ്യക്തിത്വം മരണപ്പെടുന്നത് 1979 ജൂൺ 24നാണ്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ അലീഗഢ് പഠനം പാതിവഴി ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരാവേശത്തില്‍ പൊതുപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 1930കളില്‍ തിരുവിതാംകൂറിലെ കേരള മുസ്‍ലിം നവോത്ഥാന പ്രവര്‍ത്തനങ്ങളിലും 1937ല്‍ ശ്രീമൂലംഅസംബ്ലിയിലും സജീവ സാന്നിധ്യമായിരുന്നു. 1948-49ല്‍ ട്രാവന്‍കൂര്‍ ലെജിസ്ലേറ്റീവ് അസ്സംബ്ലിയിലും 1954ല്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലെജിസ്ലേറ്റീവ് അസ്സംബ്ലിയിലും അംഗമായി. പിന്നാക്ക, ദലിത്, ന്യൂനപക്ഷ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. അവരുടെ സാമൂഹിക പുരോഗതിക്ക് വേണ്ടി പോരാടി. 1950കളിലും 60കളിലും കേരള രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികളെ നിയന്ത്രിച്ച രാഷ്ട്രീയ ചാണക്യനായിരുന്നു അദ്ദേഹം.

1954ൽ തിരുകൊച്ചി നിയമസഭയിൽ ആദ്യമായി ആരോഗ്യ-തൊഴില്‍ മന്ത്രിയായി. ഐക്യ കേരളത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും നിയമസഭകളില്‍ യഥാക്രമം 1960ല്‍ പി.എസ്.പിയെയും 1967ല്‍ കെ.എസ്.പി യെയും പ്രതിനിധീകരിച്ച് അംഗമായിരുന്നു. 67ലെ ഇ.എം.എസ് മന്തിസഭയിൽ പ്രഗത്ഭനായ ധനകാര്യ മന്ത്രിയായിരുന്നു. ഇന്ത്യയിൽ ആദ്യമായി സർക്കാർ ലോട്ടറിയും അതിനൊരു വകുപ്പും ആരംഭിച്ചത് കുഞ്ഞു സാഹിബ്‌ ആയിരുന്നു. കെ.എസ്.എഫ്.ഇ.യും കെ.എഫ്.സിയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ ജനോപകാരപ്രദമായ പദ്ധതികളായി ആരംഭിച്ചു.

വൈക്കം സത്യഗ്രഹത്തിലും നിരവധി ട്രേഡ് യൂനിയൻ സമരങ്ങളിലും പങ്കെടുത്ത് ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മികച്ചൊരു വാഗ്മിയായിരുന്ന അദ്ദേഹം പത്രപ്രവർത്തന രംഗത്തും വിദ്യാഭ്യാസ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. വാരികകളായ രാജ്യാഭിമാനി, സ്വരാജ്, ദിനപ്പത്രം, കേരള ജനത എന്നിവയുടെ പത്രാധിപരായിരുന്നു. അദ്ദേഹത്തിന്‍റെ പരിശ്രമഫലമായി കൈയൊപ്പ് പതിഞ്ഞ എം.എസ്.എം കോളജ് ദേശീയ പാതയോരത്ത് കായംകുളത്ത് അഭിമാനപൂർവം തല ഉയർത്തി നിൽക്കുന്നു. അവിടെയാണ് ഒരു കാലഘട്ടത്തിന്‍റെ ചരിത്രത്തെ ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ഖബറിടവും സ്ഥിതി ചെയ്യുന്നത്.

അദ്ദേഹത്തിന് കെ.എം സീതിസാഹിബുമായുള്ള അടുത്ത ബന്ധം കൊണ്ടായിരുന്നു ഏക മകൾ ലൈല ബീഗത്തെ സീതിസാഹിബിന്റെ ജ്യേഷ്ഠ പുത്രൻ കെ.ഐ മുഹമ്മദിനെ കൊണ്ട് 1953ൽ വിവാഹം കഴിപ്പിച്ചത്.

1937ൽ തിരുവിതാംകൂര്‍ ശ്രീമൂലം അസംബ്ലിയില്‍ മുസ്‍ലിം സമുദായത്തിന്‍റെ, പ്രത്യേകിച്ച് അവരിലെ സ്ത്രീകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരം ഉണ്ടാക്കാനായി 32ാം വയസ്സില്‍ അദ്ദേഹം സഭയുടെ ശ്രദ്ധ ക്ഷണിച്ചുകെണ്ടുള്ള അസംബ്ലി പ്രസംഗത്തി​ൽ ഇങ്ങനെ പറയുന്നു.

“കൃഷ്ണൻനായർ ദിവാൻജിയായിരുന്ന കാലത്ത്, അതായത് 1919ൽ ഉണ്ടായ 1939 നമ്പർ പ്രസ്തുത ജി.ഒയുടെ ഉദ്ദേശ്യവും നിർദേശവും അനുസരിച്ചുള്ള പ്രയോജനമോ പ്രോത്സാഹനമോ മുസ്‍ലിം വിദ്യാർഥികൾക്ക് ഇന്നു ലഭിക്കുന്നില്ല. വി.പി സ്കൂളുകളിൽ 25ഉം വി.എം സ്കൂളുകളിലും ഇംഗ്ലീഷ്സ്കൂളുകളിലും പത്തുവീതവും മുസ്‍ലിം വിദ്യാർഥികളുള്ള സ്കൂളുകളിൽ അറബിക് മുൻഷിമാരെ നിയമിക്കണമെന്ന് ആ ജി.ഒയിൽ ശാസിച്ചിട്ടുണ്ട്. ഈ സ്ഥാനത്ത് ആകെ 3271 സ്കൂളുകളുള്ളതിൽ 253 സ്കൂളുകളില്‍ മാത്രമേ അറബിക് മുൻഷിമാരെ നിയമിച്ചിട്ടുള്ളൂ. ആ വിഷയത്തിൽ ജി.ഒയുടെ തത്വത്തെ പാടെ വിസ്മരിച്ചിരിക്കയാണ്. ഈ 253 സ്കൂളുകളുള്ളതിൽ ഡിപ്പാർട്ടുമെന്റ് നടത്തുന്നതായി 146 സ്കൂളുകൾ മാത്രമേയുള്ളൂ. മുസ്‍ലിം വിദ്യാഥികൾ ധാരാളമുള്ള സ്കൂളുകളിൽ അറബി മുൻഷിമാരെ നിയമിക്കണമെന്നുള്ള അപേക്ഷയെ അശേഷം ഗൗനിക്കുന്നില്ല. ഇംഗ്ലീഷ് ഹൈസ്കൂളുകളിൽ അറബി വിഷയം ഐശ്ചികമായി എടുത്തു പഠിത്തം പൂർത്തിയാക്കിയതിനുശേഷം കോളജ് ക്ലാസുകളിൽ ചെല്ലുമ്പോൾ അതിനെ തുടർന്നു കൊണ്ടു പോകുന്നതിനുള്ള സൗകര്യം കോളജുകളിൽ ചെയ്തുകൊടുക്കുന്നില്ല. ഈ സംഗതിയെപ്പറ്റി വളരെക്കാലമായി സമുദായത്തിലുള്ളവർ നിവേദനങ്ങളും നിശ്ചയങ്ങളും അവതരിപ്പിച്ചു ഗവണ്മെൻറിനെ അറിയിച്ചിട്ടും അതൊന്നും ഇതുവരെ അധികാരികളുടെ ശ്രദ്ധയിൽപെട്ടിട്ടില്ല. ഇങ്ങനെ കോളജ് ക്ലാസുകളിൽ അറബിവിഷയം കൂടി തുടർന്ന്കൊണ്ടുപോകുന്നതിനുള്ള അസൗകര്യം നിമിത്തം അറബിവിഷയം ഐശ്ചികമായെടുത്ത് ഹൈസ്കൂളിൽ പഠിച്ചവർ കോളജിൽ ചെല്ലുമ്പോൾ അതുപേക്ഷിക്കേണ്ടിവരുന്നുണ്ട്.

1108ൽ 3 വർഷവും അതിൽ കൂടുതലും സർവീസുള്ള മറ്റു അധ്യാപകരെയെല്ലാം സ്ഥിരപ്പെടുത്തി. എന്നാൽ അഞ്ചുവർഷവും അതിൽ കൂടുതലും സർവിസുള്ള അറബി മുൻഷിമാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നീതിബോധം അധികൃതന്മാർക്കുണ്ടായില്ല എന്നുള്ള സംഗതി വ്യസനസമേതം ഇവിടെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. അധികൃതർ കാണിച്ചിരിക്കുന്ന ഈ പക്ഷപാതനയത്തെ ഞാൻ ഇവിടെ ശക്തിയായി എതിർക്കുന്നു. മുസ്‍ലിം സമുദായത്തിനു ഫീസ് സൗജന്യം അനുവദിച്ചുകൊടുത്തിട്ടുള്ളത് ആ സമുദായത്തിന് പൊതുവേ സാമ്പത്തികനിലയിലുള്ള അവശതകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മുസ്‍ലിം സമുദായം പൊതുവേ നോക്കുന്നപക്ഷം സാമ്പത്തികനിലയിൽ അത്ര മോശമായ ഒരു സ്ഥിതിയിൽ എത്തിയിട്ടുള്ളവരാണെന്നു എനിക്കഭിപ്രായമില്ല. ഫീസ് സൗജന്യവും മറ്റും അനുവദിച്ചിരുന്നതും മതാഭ്യസനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന അവർക്ക് അതിനുതകുന്ന ചില സൗകര്യങ്ങൾ ഈ രാജ്യത്തെ ഒരു പ്രധാനപ്പെട്ട സമുദായമായ മുസ്‍ലിംകൾക്ക് വിദ്യാഭ്യാസ വിഷയത്തിലുള്ള അനാസ്ഥയെ പരിഹരിക്കുന്നതിനും രാജ്യത്തിലുള്ള എല്ലാ ജനവിഭാഗങ്ങളും ഒന്നുപോലെ വിദ്യാഭ്യാസമുള്ളവരായി തീരുന്നതിനും വേണ്ടിയാണ്. ആ തത്വം അനുസരിച്ച് നോക്കുന്നതായാൽ മുസ്‍ലിം വിദ്യാഭ്യസത്തിന്‍റെ ഇന്നത്തെ നില ആശ്വസിക്കാനോ അഭിമാനിക്കാനോ പറ്റിയതല്ല. വിദേശങ്ങളിൽനിന്ന് ഇവിടത്തെ കോളജുകളിൽ പഠിക്കുന്നതിനു വന്നുചേരുന്ന മുസ്‍ലിം വിദ്യാർഥികൾക്ക് ഒരു മുസ്‍ലിം ഹോസ്റ്റൽ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതിന് 25 രൂപ ഗ്രാൻഡ് അനുവദിച്ചുകൊടുത്തിട്ടുണ്ട്. എന്നാൽ, ഈ കൊല്ലത്തിൽ ഈ 25 രൂപ ലാഭപ്പെടുത്താൻ വിദ്യാഭ്യാസ ഡയറക്‌ടർ സാഹസം കാണിക്കുന്നുണ്ടെന്ന് തോന്നുന്നു. ആ നയം അത്ര ശരിയല്ല. അതുകൊണ്ട് ഈ കൊല്ലത്തിലും ആ ഫോസ്റ്റൽ തുടർന്നു നടത്തിക്കൊണ്ട് പോകുന്നതിനുള്ള ഗ്രാന്‍ഡ്‌ അനുവദിച്ചുകൊടുക്കണമെന്നു ഞാൻ ഡയറക്ടറോട് അപേക്ഷിച്ചു കൊള്ളുന്നു.

വിദ്യാഭ്യാസ ഡിപ്പാർട്ടുമെൻറിലെ ഉദ്യോഗങ്ങളിൽ മുസ്‍ലിം സമുദായത്തിൻറെ പ്രാതിനിധ്യം ശരിപ്പെടുത്തിക്കൊണ്ടുപോകുന്നത് ഒരു പന്തീരാണ്ടുകാലമായിട്ടും സ്ഥിരപ്പെടുത്താത്ത കുറെ അറബി മുൻഷിമാരെക്കൊണ്ടാണ്. കേരളമൊട്ടുക്ക് നോക്കിയാൽ മുസ്‍ലിം സമുദായത്തിൽ നിന്നും ആദ്യമായി ബി.എ. പരീക്ഷ പാസാകാൻ ഭാഗ്യംസിദ്ധിച്ചത് തിരുവിതാംകൂറിലുള്ള ഒരു സ്ത്രീക്കാണ്. ജനിക്കുന്ന മുറിക്കുള്ളിൽ വളർന്ന് അതിനകത്തുള്ള വായുമാത്രം ശ്വസിച്ച് മൂടുപടത്തിൽ പൊതിഞ്ഞ് വെറും ഒരു അടുക്കളസാധനമായി കഴിഞ്ഞുകൂടുന്ന മുസ്‍ലിം സ്ത്രീ സമുദായത്തിന്‍റെ ഘോഷാ സമ്പ്രദായത്തെ ദൂരെ തൃജിക്കുന്നതിന് ആ യുവതി കാണിച്ച ധീരോദാത്തതയെ ശ്ലാഘിച്ചോ പരീക്ഷാ യോഗ്യതയെ പരിഗണിച്ചോ അല്ലെങ്കിൽ വർഗീയപ്രാതിനിധ്യ തത്വത്തെ സ്വീകരിച്ചോ അവക്ക് ഒരു ഉദ്യോഗം കൊടുക്കാമായിരുന്നു. എന്നാൽ അങ്ങിനെ ചെയ്തില്ല. ഉദ്യോഗങ്ങൾ അപ്പക്കഷണം പോലെ പകുത്തുകൊടുക്കാൻ സാധിക്കയില്ലാ എന്നു പ്രസിഡൻറു........

(തുടര്‍ന്ന് പറയാന്‍ തുടങ്ങുന്നതിന് മുമ്പ് സഭാനാഥന്‍ ഇടപെട്ട് ഇങ്ങനെ പറയുന്നു)

PRESIDENT: In the interests of the lady I would strongly urge the honourable member not to proceed with the matter. Government have that case under consideration and pressing this matter on the floor of the House is not to her advantage. While fully appreciating the desire of the honourable member to benefit a very cultured lady, the particular object he has in view may not be served by that kind of argument. I have no right to overrule or cut short that kind of remarks, but I am only putting this aspect of the matter for your consideration. Generally speaking when a particular individual urges his or her claim either in the matter of appointment, promotion or preferment, it is better that these things are brought to the notice of the Government informally rather than on the floor of the House. Suppose another honourable member were to get up and say that another holds superior qualifications than the one referred to by the member, that will give rise to all sorts of undesirable results.

(തുടര്‍ന്ന് കുഞ്ഞു സാഹിബ്‌ ഇങ്ങനെ പറയുന്നു...)

“ഉദ്യോഗദാന വിഷയത്തിൽ മുസ്‍ലിം സമുദായം വാസ്തവത്തിൽ അനുഭവിക്കുന്ന അവശതകളെക്കുറിച്ച് ഈ സഭയുടെ മുമ്പാകെ കൊണ്ടുവരുന്നതിന് ഒരുദാഹരണമായിട്ടാണ് ഞാൻ ആ സംഗതി എടുത്തുപറഞ്ഞിട്ടുള്ളത്. ഉദ്യോഗം ലഭിക്കാനുള്ള സന്ദർഭവും കൊടുക്കാനുള്ള അവസരവുംകൂടി ഉണ്ടായിരുന്നകാലത്ത് നിയമനാധികാരമുള്ളവര്‍ ആ സംഗതിയെ അവഗണിച്ചു എന്ന് ഈ സഭയെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ് ഈകാര്യം ഞാൻ പറഞ്ഞത്. രണ്ടുവർഷത്തിനുമുമ്പാണെന്ന് തോന്നുന്നു, ഇവിടത്തെ മഹാരാജാസ് ഹൈസ്കൂളില്‍ ഒരു അധ്യാപിക അവധി എടുത്തപ്പോൾ ഉണ്ടായ ഒരു ഒഴിവിൽ ആ മുസ്‍ലിം ബിരുദധാരിണിയെ നിയമിച്ചു. അവധിയെടുത്ത ആ സ്ത്രീ നിര്‍ഭാഗ്യവശാൽ മരിച്ചുപോകയും തൻമൂലം ആ വേക്കൻസി ഒരു ലോങ്ങ്‌ വേക്കൻസിയായി രൂപാന്തരപ്പെടുകയും ചെയ്തു. അപ്പോൾ പള്ളിക്കൂടം അടക്കുന്ന ഒഴിവുകാലവും സമീപിച്ചു. ആ സന്ദർഭത്തിൽ അവിടെ നിയമിച്ചു എന്ന് ഞാൻ പറഞ്ഞ മുസ്‍ലിം സ്ത്രീയെ പിരിച്ചുവിട്ടിട്ട് ആവശ്യമുള്ള മറ്റാരേയോ ആ ഒഴിവിൽ നിയമിക്കുകയാണ് ചെയ്തിട്ടുള്ളത്. മുസ്ലീം സമുദായത്തിൽനിന്ന് ആദ്യം ബി.എ പരീക്ഷ ജയിച്ച ഒരു സ്ത്രീക്കുപോലും ഉദ്യോഗം കൊടുക്കുന്ന വിഷയത്തിൽ കാണിച്ച നീതിബോധത്തേയും പക്ഷപാത ബുദ്ധിയേയും ഉദാഹരിക്കുന്നതിന് വേണ്ടിയാണ് ഇത്രയും സംഗതി ഇവിടെ പ്രസ്താവിക്കേണ്ടിവന്നിട്ടുള്ളത്. ഇനി എനിക്ക് പറയാനുള്ളത് അറബിക് ഇന്‍സ്പെക്ടറെ പറ്റിയാണ്. 1919ലെ ജി.ഒ.വിൽ ഒന്നാംഗ്രേഡ് അധ്യാപകന്മാരുടെ ഗ്രേഡിൽ ഒരു അറബിക് ഇൻസ്പെക്‌ടരെ നിയമിക്കണമെന്ന് പറയുന്നുണ്ട്. എന്നാൽ, ഇന്ന് അറബിക് ഇൻസ്പെക്ടറെ നിയമിച്ചിരിക്കുന്നത് ഏതു ഗ്രേഡിലാണ്?

മുസ്‍ലിം സമുദായത്തിന് ഒരു “അപ്പാളജി”യായിട്ടാണ് ഈ അറബിക് ഇൻസ്പെക്ടരെ നിയമിച്ചിട്ടുള്ളത്. അവര്‍ക്ക് യാതൊരധികാരങ്ങളുമില്ല. കന്യാകുമാരി മുതൽ വടക്കൻ പറവൂർ വരെയുള്ള 253 സ്കൂളുകളെ പരിശോധിക്കാൻ അധികാരമുണ്ടെന്നു പറയപ്പെടുന്ന ഉദ്യോഗസ്ഥന് ലഭിക്കുന്ന ശമ്പളം അദ്ദേഹത്തിന്‍റെ പരിശോധനക്കു വിധേയനാകുന്ന ഒരറബി മുൻഷിയുടെ ശമ്പളത്തേക്കാൾ എത്രയോ തുശ്ചമാണെന്ന് ഇവിടെ പറയാതെ നിവൃത്തിയില്ല. ആ ഉദ്യോഗസ്ഥന് അനുവദിച്ച് കൊടുത്തിട്ടുള്ള ട്രാവലിങ് അലവൻസും തീരെ പോരാതെയാണിരിക്കുന്നത്. പൊതുവേ പറയുന്നപക്ഷം മുസ്‍ലിം സമദായത്തിൻറെ വിദ്യാഭ്യാസ പുരോഗതിക്കു പര്യാപ്തമായ വിധത്തിൽ വേണ്ടതു പ്രവർത്തിക്കണമെന്നു ഞാൻ ഗവണ്മെൻറിനോട് അപേക്ഷിക്കുന്നു. മുസ്‍ലിം വിദ്യാർഥികൾക്കു ഫീസ്‌ സൗജന്യം അനുവദിച്ചുകൊടുക്കേണ്ടതാണ്.

നാലു ഡിവിഷനുകളിൽ ഉള്ള ഡിവിഷനൽ ഇൻസ്പെക്ടർമാരുടെ കീഴിൽ ഓരോ മുസ്‍ലം ഇൻസ്പെക്ടർമാരെ നിയമിക്കണമെന്നും മുസ്‍ലിം വിദ്യാഭ്യാസ കാര്യമായി മിസ്റ്റർ സ്റ്റാത്താം സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിനെ സ്വീകരിക്കേണ്ടതാണെന്നും ഓരോ ഡിവിഷനിലും ഇങ്ങനെ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരെ നിയമിച്ചാൽ അസിസ്റ്റൻറു ഇൻസ്പെക്റ്റർമാരുടെ ചുമതലക്ക് പുറമേ അറബിക് ഇൻസ്പെക്റ്റരുടെ ജോലികൂടി നിവഹിക്കുന്നതിനു നിർദ്ദേശിച്ചു നിയമിക്കുന്നപക്ഷം മുസ്‍ലിം വിദ്യാർഥികളുടെ വിദ്യാഭ്യാസത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിന് എളുപ്പമുണ്ടെന്നു ഞാൻ അഭിപ്രായപ്പെട്ടുകൊള്ളുന്നു”. (അവലംബം: The Travancore Sri Mulam Assembly Proceedings 29-07-1937)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Kunju
News Summary - Memories of P.K. Kunju Sahib
Next Story