കുന്ദേര: നോവലിന്റെ രാഷ്ട്രീയ സർഗാത്മകത
text_fieldsഇരുപതാം നൂറ്റാണ്ടിന്റെ ആഗോള രാഷ്ട്രീയത്തിൽനിന്ന് അടർത്തിമാറ്റി മനസ്സിലാക്കാൻ കഴിയാത്ത വലിയ എഴുത്തുകാരനായിരുന്നു കഴിഞ്ഞയാഴ്ച അന്തരിച്ച മിലൻ കുന്ദേര. പ്രത്യയശാസ്ത്രം എന്നത് കൊലയുടെ അടിസ്ഥാനത്വരകമായി മാറുന്ന പ്രതിഭാസം അതിന്റെ മൂർധന്യത്തിലെത്തിയത് ഇരുപതാം നൂറ്റാണ്ടിലായിരുന്നു. മുപ്പതുകളും നാല്പതുകളുമായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും രക്തപൂരിതമായ ദശാബ്ദങ്ങൾ. ജർമനിയിലെ നാസിസ്റ്റ് ഭരണകൂടവും സോവിയറ്റ് യൂനിയനിലെ സ്റ്റാലിനിസ്റ്റ് ഭരണകൂടവും കാർമികത്വംവഹിച്ച അസംഖ്യം കൂട്ടക്കൊലകളുടെ ആഭിചാരത്തിലൂടെ കടന്നുപോയതാണ് മുപ്പതുകളെ ഇത്രയും മൃത്യുഗ്രസ്തമാക്കിയത്.
വംശശുദ്ധിയുടെ നാസിസ്റ്റ് പ്രത്യയശാസ്ത്രവും സോഷ്യലിസത്തിന്റെ ശത്രുഭീതിയിൽ മിഥ്യാഭ്രമങ്ങൾ കൊലവാളെടുപ്പിച്ച സോവിയറ്റ് രാഷ്ട്രീയവും അടിസ്ഥാനപരമായി വ്യത്യസ്തമാണ്. എന്നാൽ, ഒന്നാം ലോകയുദ്ധം കഴിഞ്ഞുള്ള ഇടവേള ഈ ഭരണകൂടങ്ങൾ രക്തരൂഷിതമാക്കി. നാല്പതുകളുടെ തുടക്കത്തോടെ രണ്ടാം ലോകയുദ്ധത്തിന് കളമൊരുങ്ങുകയും മറ്റൊരു മനുഷ്യനാശത്തിന്റെ കഥയിലേക്ക് ലോകം കാൽവെക്കുകയും ചെയ്തു. കൊളോണിയൽ ഹിംസകൾ, ചെറുയുദ്ധങ്ങൾ, ആഭ്യന്തര യുദ്ധങ്ങൾ സൃഷ്ടിച്ച കൂട്ടക്കൊലകൾ, സംഘർഷഭൂമികളിൽനിന്നുള്ള പലായനങ്ങൾ അങ്ങനെ ഒട്ടേറെ ദുരന്തങ്ങൾ അതിനുമുമ്പും ശേഷവും ഇരുപതാം നൂറ്റാണ്ടിനെ ചോരയണിയിച്ചിട്ടുണ്ട്. അതിന്റെ സവിശേഷമായ ചരിത്രത്തിന്റെ കണ്ണാടികൂടിയായി മാറിയ കൃതികളാണ് മിലൻ കുന്ദേര എഴുതിയിട്ടുള്ളത്.
എന്നാൽ, തികഞ്ഞ വസ്തുസ്ഥിതി കഥനമല്ല നാം ആ കൃതികളിൽ സന്ധിക്കുന്നത്. മറിച്ച്, മനുഷ്യകഥാനുഗായിയായ സന്ദർഭങ്ങളുടെ അനുഭൂതിപൂർണമായ സാകല്യത്തിലൂടെ സമഗ്രാധിപത്യത്തിന്റെ രാഷ്ട്രീയത്തെ വിമർശിക്കാൻ ലോകത്തെ പ്രാപ്തമാക്കുന്ന സാഹിത്യമായിരുന്നു കുന്ദേര അവതരിപ്പിച്ചത്. പ്രാഗിലെ വസന്തത്തിലേക്കു സോവിയറ്റ് ടാങ്കുകൾ ഇരമ്പിക്കയറുമ്പോൾ ജീവിതം പാടേ മാറിപ്പോവുന്ന നാല് കഥാപാത്രങ്ങളിലൂടെയും ഒരു ശുനകനിലൂടെയും ആ രാഷ്ട്രീയത്തിന്റെ വർത്തമാനത്തെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്നതിൽ കുന്ദേര കാണിച്ച കൈയടക്കം അനുവാചകലോകത്തെ അത്ഭുതപ്പെടുത്തിയതാണ് (The Unbearable Lightness of Being). തോമസ്, തെരേസ, സബീന, ഫ്രാൻസ് എന്നിവർ അവരുടേതായ വിധത്തിൽ കമ്യൂണിസ്റ്റ് യാഥാസ്ഥിതികത്വത്തെ നേരിട്ടും പരോക്ഷമായും എതിർക്കുന്നവരായിരുന്നു. പക്ഷേ, ഭരണകൂടങ്ങളും കമ്യൂണിസ്റ്റ് പാർട്ടികളും സാധാരണ കരുതാറുള്ളതുപോലെ ഇങ്ങനെ പ്രതികരിക്കുന്ന വ്യക്തികൾ കമ്യൂണിസ്റ്റ് വിരുദ്ധതയിൽമാത്രം അഭിരമിച്ചു ജീവിക്കുന്നവരല്ല. അവരുടെ അനേകം കർതൃത്വതലങ്ങളിൽ ഒന്ന് മാത്രമാണത്. അതാവട്ടെ, അധികാരം ജീർണിക്കുമ്പോഴുണ്ടാവുന്ന ഭരണകൂട ഭീകരത അസഹനീയമായിത്തീരുമ്പോൾ വ്യക്തികൾ പ്രതികരിക്കുന്നതിന്റെ അനിവാര്യത മാത്രമാണ്.
സമഗ്രാധിപത്യത്തിന്റെ വിജയം അമൂർത്തമായ ഒരു സാമൂഹികതയിൽ നിർവചിക്കാൻ കഴിയുന്നതല്ല. സാധാരണ മനുഷ്യരിൽത്തന്നെയുണ്ട് അതിന്റെ അടിസ്ഥാന വാസനകൾ. നമ്മുടെ ആത്മചരിത്രത്തോടുള്ള നമ്മുടെ സമീപനമെന്താണ്? നാം പശ്ചാത്തപിക്കുന്നത് എങ്ങനെയാണ്? നമ്മുടെ പഴയകാലത്തെ വെള്ളപൂശാനുള്ള വ്യഗ്രത, നമ്മുടെ ജീവിതത്തിലൂടെ കടന്നുപോയവരെ തെറ്റായി ചിത്രീകരിക്കുന്ന കാപട്യം, വർത്തമാനകാലത്തിലും ഭാവിയിലും നമ്മെ മറ്റൊരാളായി നമുക്കുതന്നെ കണ്ടെത്താനുള്ള ഹതാശമായ നീക്കമല്ലേ? പശ്ചാത്താപം സ്വാഭാവികമല്ല, ‘സ്വന്തം കുത്സിതജീവിതം പെട്ടെന്ന് സ്വയം വെളിവാക്കപ്പെടുമ്പോഴുണ്ടാവുന്ന ആത്മയാതനയാണ് പശ്ചാത്താപം’ എന്ന് ഒരിടത്തു കുന്ദേര പറയുന്നുണ്ട് (The Book of Laughter and Forgetting). ഈ നോവൽ അതിന്റെ തുടക്കത്തിൽ ഭരണകൂടത്തിന്റെ അമരത്തിരിക്കുന്ന നേതാവിന്റെയും ഒരു സാധാരണ പൗരന്റെയും മനപ്പൂർവം മറവി സൃഷ്ടിക്കാനുള്ള രണ്ടു ശ്രമങ്ങളുടെ സഞ്ചാരപഥങ്ങൾ സമാന്തരമായി കാണിച്ചുതരുന്നുണ്ട്. ഗുഡ്വാൾഡും ക്ലമന്റിസും(Klement Gottwald and Vladimir Clementis) ചെക്ക് കമ്യൂണിസ്റ്റ് പാർട്ടിയിലെ രണ്ടു പ്രമുഖരായിരുന്നു.
ഗുഡ്വാൾഡ് ചെക്കോസ്ലൊവാക്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് പ്രസിഡന്റായി. ക്ലമൻറ്റിസ് ആവട്ടെ ഗുഡ്വാൾഡ് ആരംഭിച്ച ശുദ്ധീകരണ പ്രക്രിയയുടെ ഇരയായി അറസ്റ്റിലാവുകയും വധിക്കപ്പെടുകയും ചെയ്തു. നേതൃത്വത്തിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നകാലത്ത് ഗുഡ്വാൾഡും ക്ലമന്റിസും ഒപ്പംനിൽക്കുന്ന ഒരു ചിത്രം ചെക്കോസ്ലൊവാക്യയിൽ പ്രചാരത്തിലുണ്ടായിരുന്നു. വിപ്ലവാനന്തരം ഒരു പ്രാഗ് ഗോപുരത്തിന്റെ മട്ടുപ്പാവിൽനിന്ന് ഗുഡ്വാൾഡ് മറ്റു നേതാക്കന്മാർക്കൊപ്പം താഴെ അണികളെ അഭിവാദ്യംചെയ്യുന്ന ചിത്രമായിരുന്നു അത്. ആ മഞ്ഞുകാലത്ത് അയാളുടെ തലയിൽ തൊപ്പി ഉണ്ടായിരുന്നില്ല. ക്ലമന്റിസ് സ്വന്തം രോമത്തൊപ്പി ഊരി ഗുഡ്വാൾഡിനെ അണിയിച്ചു. ആ ചിത്രം ലക്ഷക്കണക്കിന് കോപ്പികൾ വിതരണം ചെയ്യപ്പെട്ടു. എന്നാൽ, ക്ലമൻറ്റിസ് പാർട്ടിവിരുദ്ധനായി പ്രഖ്യാപിക്കപ്പെട്ടതോടെ ആ ഫോട്ടോയിൽനിന്ന് വ്യാപകമായി അയാളുടെ മുഖം മാറ്റിക്കളയാനാണ് പാർട്ടി പ്രചാരണവിഭാഗം ശ്രമിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് മിറേക്ക് എന്ന ഒരു സാധാരണ മനുഷ്യൻ തന്റെ ഓർമയോടു മല്ലിടുന്ന ചിത്രം കുന്ദേര കാട്ടിത്തരുന്നത്. പഴയ കാമുകിയെ ഓർമയിൽനിന്ന് മറക്കാൻ വഴിതേടുകയാണ് അയാൾ. അവളുടെ വൈരൂപ്യമാണ് അയാളെ ഇതിനു പ്രേരിപ്പിക്കുന്നത്. പ്രേമലേഖനങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നതിനിടയിൽ അയാൾ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയാവുന്നു. അയാളുടെ തെറ്റിന് മകനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുംപോലും അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നു ഭരണകൂടം.
ശുഭാപ്തി വിശ്വാസം എന്ന ‘കറുപ്പ്’
ഫലിതമെന്ന (The Joke) ആദ്യകാല നോവലിലും സമാനമായ ഒരു ചിത്രം കുന്ദേര വരച്ചുകാട്ടുന്നുണ്ട്. അത് കൂടുതൽ ആത്മകഥാപരം കൂടിയാണ്. ലുഡ്വിക് യാൻ (Ludvik Jahn) എന്ന ചെറുപ്പക്കാരൻ ഒരു വലിയ ‘അപരാധം’ ചെയ്തതിന്റെ കഥയാണത്. മാർക്കെത എന്ന കാമുകി പാർട്ടിയുടെ ഒരു പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ അയാൾക്കൊരു കത്തെഴുതി. അതിൽ പാർട്ടിയുടെ അപദാനങ്ങളും രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും അവളുടെ അതിലെല്ലാമുള്ള ആനന്ദവും തുടിച്ചിരുന്നു. താൻ കൂടെയില്ലാത്തപ്പോഴുള്ള അവളുടെ ഈ രാഷ്ട്രീയോത്സാഹത്തെ ഒന്ന് ഇകഴ്ത്തിക്കാട്ടാൻ മാത്രമുദ്ദേശിച്ചു നിർദോഷമായി അയാൾ പോസ്റ്റ് കാർഡിൽ അവൾക്കു മറുപടി എഴുതി- “ശുഭാപ്തി വിശ്വാസം മനുഷ്യന്റെ കറുപ്പാണ്! (opium). ആരോഗ്യകരമായ അന്തരീക്ഷം എന്നത് ഒരു വിവേക ശൂന്യതയാണ്! ട്രോട്സ്കി നീണാൾ വാഴട്ടെ!” അതോടെ തീർന്നു അയാളുടെ ജീവിതത്തിലെ സ്വസ്ഥതകൾ. സത്യത്തിൽ അയാൾക്ക് ട്രോട്സ്കി ആരാണെന്നുപോലും കൃത്യമായി അറിയുമായിരുന്നില്ല. മാർക്സിന്റെ ആ പാരഡി അയാൾ തമാശക്ക് ചമച്ചതാണ്. എന്നാൽ, പാർട്ടി ഇക്കാര്യം അറിയുകയും അവളിൽനിന്ന് അയാളുടെ എല്ലാ സ്വകാര്യ കത്തുകളും വാങ്ങുകയും ചെയ്യുന്നു.
അവർ കമീഷനെെവച്ച് വിചാരണചെയ്തു അവനെ പുറത്താക്കി. കാമുകിയും ആ സ്വകാര്യ വാക്കുകൾ അപരാധമായിക്കണ്ട് അയാളെ ഉപേക്ഷിച്ചു. വെറുമൊരു പ്രേമഫലിതം ചെയ്ത അപകടം! ഇത്തരം കഥകളിലൂടെ അദ്ദേഹം സമഗ്രാധിപത്യത്തിന്റെ മനഃശാസ്ത്രത്തിലേക്കാണ് ചൂഴ്ന്നിറങ്ങാൻ ശ്രമിച്ചത്. കമ്യൂണിസത്തിന്റെ കറുപ്പും വെളുപ്പുമല്ല, വ്യക്തിയും സമൂഹവും അധികാരവും സമഗ്രാധിപത്യത്തിന്റെ ചരിത്രസന്ദർഭത്തിൽ എങ്ങനെ പരിണമിക്കുന്നു എന്നതാണ് അദ്ദേഹം അന്വേഷിച്ചത്. താൻ സോവിയറ്റ് വിമതനായ മഹാസാഹിത്യകാരൻ സോൾഷെനിത്സനിൽനിന്ന് വ്യത്യസ്തനാവുന്നത് അന്വേഷണത്തിലെ ഈ സവിശേഷ സർഗാത്മകതമൂലമാണെന്ന് ഒരഭിമുഖത്തിൽ കുന്ദേരതന്നെ പറയുന്നുണ്ട്. അനശ്വരത (Immortality) എന്ന നോവലിൽ ഗെയ്ഥെയുടെ വെറ്റിന വാൻ ആർണം (Bettina von Arnim) എന്ന എഴുത്തുകാരിയുമായുള്ള ബന്ധം കുന്ദേര അവതരിപ്പിക്കുന്നതു നിരവധി തവണ ഞാൻ വായിച്ചിട്ടുണ്ട്. ഓർമയും നശ്വരതാഭീതിയും അധികാര വിചാരണയും ഇടകലർത്തുന്ന മാന്ത്രിക രചനാശിൽപമായി ആ ഭാഗം എനിക്കനുഭവപ്പെട്ടിട്ടുണ്ട്.
മലയാളിയുടെ കുന്ദേര
കേരളത്തിൽ ചെ ഗുവേരയോടൊപ്പം കുന്ദേരയും പ്രധാനമായും കടന്നുവന്നത് പാശ്ചാത്യ ലോകത്തിലെപ്പോലെ വലതുപക്ഷ വൃത്തങ്ങളിലൂടെയല്ല. സമഗ്രാധിപത്യവിരുദ്ധരും പാർട്ടിക്ക് അനഭിമതരുമായ നവ ഇടതുപക്ഷത്തിന്റെ എഴുപതുകളിലെയും എൺപതുകളിലെയും സർഗാത്മക ജാഗ്രതയിലൂടെയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു താൻ കുന്ദേരയിൽ എത്തിയത് ഈ നവ ഇടതുവൃത്തങ്ങളുമായുള്ള പരിചയത്തിലൂടെയാണെന്ന് ഒരു ഫേസ്ബുക്ക് ചർച്ചയിൽ സൂചിപ്പിക്കുന്നുണ്ട്. യാഥാസ്ഥിതിക കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ തിരോധാനം ചെയ്തതോടുകൂടി മിലൻ കുന്ദേര കലഹരണപ്പെടുകയല്ല, മറിച്ച് കൂടുതൽ പ്രസക്തനായിത്തീരുകയാണുണ്ടായത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
അതിനുള്ള കാരണം, സമഗ്രാധിപത്യം എന്നത് ഒരു സവിശേഷ വ്യവസ്ഥയിലേക്കുമാത്രം ചുരുക്കാവുന്ന പ്രതിഭാസമല്ല എന്നത് മാത്രമല്ല. സമഗ്രാധിപത്യത്തിന്റെ ആന്തരികയുക്തിയെ അദ്ദേഹം തുറന്നുകാട്ടിയത് അങ്ങേയറ്റം സർഗാത്മകമായിട്ടാണ് എന്നതുകൊണ്ടുകൂടിയാണ്. അതിന്റെ മനുഷ്യവിരുദ്ധമായ, സാമൂഹികവിരുദ്ധമായ സൂക്ഷ്മവശങ്ങളെയാണ്, കൂടുതൽ പ്രകടവും സ്പഷ്ടവും പ്രത്യക്ഷവുമായ സ്ഥൂലക്കാഴ്ചകളെയല്ല കുന്ദേര രചനകൾക്കായി കണ്ടെടുത്തത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ കൃതികൾ ഇരുപതാം നൂറ്റാണ്ടിലെ മൃത്യുരാഷ്ട്രീയത്തിന്റെ ഏറ്റവും ഉദാത്തമായ ദാർശനിക വിചാരണകളായി നമ്മെ എക്കാലവും അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.