ന്യൂനപക്ഷങ്ങളെ ബജറ്റിലും തോൽപിക്കുമ്പോൾ
text_fields
സബ്കാ സാഥ്, സബ്കാ വികാസ് (എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം) എന്നായിരുന്നു ഒരുകാലത്ത് മോദി സർക്കാർ മുഴക്കിയിരുന്ന മുദ്രാവാക്യം. ന്യൂനപക്ഷ സമുദായങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നും അവരെ ദേശീയ മുഖ്യധാരക്ക് ഒപ്പം കൊണ്ടുവരുമെന്നുമെല്ലാമായിരുന്നു വാഗ്ദാനങ്ങൾ. മുമ്പെന്നത്തതിനെക്കാളും പൊള്ളയായി മാറുകയാണ് ഈ മുദ്രാവാക്യമിന്ന്. ഈ മാസാദ്യം അവതരിപ്പിക്കപ്പെട്ട യൂനിയൻ ബജറ്റ് അതിന്റെ വലിയൊരു ദൃഷ്ടാന്തമാണെന്ന് കാണാം. ഹിന്ദുത്വ...
സബ്കാ സാഥ്, സബ്കാ വികാസ് (എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം) എന്നായിരുന്നു ഒരുകാലത്ത് മോദി സർക്കാർ മുഴക്കിയിരുന്ന മുദ്രാവാക്യം. ന്യൂനപക്ഷ സമുദായങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നും അവരെ ദേശീയ മുഖ്യധാരക്ക് ഒപ്പം കൊണ്ടുവരുമെന്നുമെല്ലാമായിരുന്നു വാഗ്ദാനങ്ങൾ. മുമ്പെന്നത്തതിനെക്കാളും പൊള്ളയായി മാറുകയാണ് ഈ മുദ്രാവാക്യമിന്ന്. ഈ മാസാദ്യം അവതരിപ്പിക്കപ്പെട്ട യൂനിയൻ ബജറ്റ് അതിന്റെ വലിയൊരു ദൃഷ്ടാന്തമാണെന്ന് കാണാം.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്ന നിലവിലെ ഭരണകൂടത്തിന് രാജ്യത്തെ ന്യൂനപക്ഷ യുവതക്ക്, പ്രത്യേകിച്ച് മുസ്ലിംകൾക്ക് വിദ്യാഭ്യാസവും വികസനവും ഉറപ്പാക്കുന്നതിൽ ഒരു താൽപര്യവുമില്ലെന്ന് ബജറ്റ് കാണിക്കുന്നു.
2025 -26 ബജറ്റിൽ വെട്ടിക്കുറക്കപ്പെട്ട ആദ്യ വിദ്യാഭ്യാസ പദ്ധതി ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ള കുട്ടികളെ സ്കൂളിൽ പോകാൻ പ്രാപ്തരാക്കുന്ന പ്രീ-മെട്രിക് സ്കോളർഷിപ്പാണ്.
2023 -24ൽ ഈ പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയിരുന്നത് 433 കോടി രൂപയായിരുന്നു. 2024 -25ൽ ഇത് 326.16 കോടി രൂപയായും 2025 -26ൽ 195.70 കോടി രൂപയായും കുറച്ചു. 433 കോടി രൂപ വകയിരുത്തിയിരുന്നുവെങ്കിലും 2023 -24ൽ 95.83 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്; 2024 -25ൽ 90 കോടി രൂപയും.
വിഹിതത്തിലെ ഇടിവ് വെച്ച് നോക്കുമ്പോൾ ഈ വർഷത്തെ വിനിയോഗം കൂടുതൽ ആശങ്കജനകമായേക്കാം. ന്യൂനപക്ഷ സമുദായങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം തേടൽ കൂടുതൽ ഞെരുക്കത്തിലാക്കാൻതന്നെയാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റപ്പെടുത്താനാവില്ല.
ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ കാര്യത്തിലും ഇതേ കടുംവെട്ട് കാണാം. 2025 -26ലെ ബജറ്റിൽ മുൻവർഷത്തേതിനേക്കാൾ ഏകദേശം 65 ശതമാനം കുറച്ച് 413.99 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇനി പ്രഫഷനൽ, ടെക്നിക്കൽ കോഴ്സുകൾക്കുള്ള (ബിരുദ, ബിരുദാനന്തര) മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പിന്റെ കാര്യം നോക്കാം. കഴിഞ്ഞ വർഷം 33.80 കോടി രൂപ വകയിരുത്തിയിരുന്ന സ്ഥാനത്ത് ഇക്കുറി 7.34 കോടി രൂപ മാത്രമാണ് നീക്കിവെച്ചിരിക്കുന്നത്. വിദേശത്ത് പോയി പഠിക്കാൻ വിദ്യാഭ്യാസ വായ്പയെടുക്കുന്നവർക്കുള്ള പലിശ സബ്സിഡി കഴിഞ്ഞ വർഷം 15.30 കോടിയായിരുന്നത് ഇത്തവണ 8.16 കോടിയാക്കി കുറച്ചു.
മദ്റസകളോടുള്ള സർക്കാറിന്റെ ശത്രുത സമീപ വർഷങ്ങളിലെ ബജറ്റുകളിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.
2023 -24ൽ മദ്റസകൾക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള വിദ്യാഭ്യാസ പദ്ധതികൾക്കുള്ള ധനസഹായം 93 ശതമാനം കുറച്ച് വെറും 10 കോടി രൂപയാക്കിയിരുന്നു. 2024 -25ൽ ഇത് രണ്ട് കോടി രൂപയാക്കി. ഈ വർഷം പദ്ധതിക്കുള്ള വിഹിതം ഒരു ലക്ഷം രൂപ മാത്രമാണ്. ദലിത്, ആദിവാസി, മറ്റു പിന്നാക്ക വിഭാഗ, ന്യൂനപക്ഷ വിദ്യാർഥികൾക്ക് സാമ്പത്തിക വെല്ലുവിളികളെ മറികടക്കാൻ വലിയ അളവിൽ സഹായകമായിരുന്ന നിർണായക പിന്തുണയായിരുന്നു സർക്കാർ സ്കോളർഷിപ്. ആ പിന്തുണ ദുർബലമാക്കുന്നതാണ് കേന്ദ്രസർക്കാർ സമീപനം.
ന്യൂനപക്ഷ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആറ് പദ്ധതികൾക്കായി 2024 -25ൽ സർക്കാർ 1575.72 കോടി രൂപ വകയിരുത്തിയെങ്കിലും യഥാർഥത്തിൽ 517.20 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഇനിയും വെളിപ്പെടുത്താത്ത വിനിയോഗക്കണക്കുകൾ ഇതിലേറെ ഞെട്ടിക്കുന്നതാവാം.
ഉദാഹരണത്തിന്, 2023 -24ൽ 1689 കോടി രൂപയായിരുന്നു ബജറ്റ് പ്രഖ്യാപനം, 1500 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ, യഥാർഥത്തിൽ വിനിയോഗിച്ചത് 428.74 കോടി രൂപ മാത്രമാണ്. ഈ വർഷം ഈ പദ്ധതികൾക്കായി 678.03 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
നരേന്ദ്ര മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുസ്ലിം വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന്റെ ഭരണഘടന സാധുതയെ ചോദ്യംചെയ്തിരുന്നു. ഇതുമൂലം ആ സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് വർഷങ്ങളോളം കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകൾ നിഷേധിക്കപ്പെട്ടു.
വഖഫിനുള്ള വിഹിതത്തിലും കുറവ്
വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടുപോകുന്നതിനിടെ വഖഫുമായി ബന്ധപ്പെട്ട പദ്ധതികൾക്കുള്ള വിഹിതത്തിലും സർക്കാർ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. വഖഫ് ബോർഡ് കൈകാര്യം ചെയ്യുന്ന സ്വത്തുക്കളുടെ രേഖകൾ കമ്പ്യൂട്ടറൈസ്/ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ക്വാമി വഖഫ് ബോർഡ് തരാഖിയാറ്റി പദ്ധതിയാണ് അത്തരത്തിലൊന്ന്. വഖഫ് സ്വത്തുക്കളുടെ വാണിജ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി വഖഫ് സ്ഥാപനങ്ങൾക്കും വഖഫ് ബോർഡുകൾക്കും പലിശരഹിത വായ്പ നൽകുന്ന ശഹ്രി വഖഫ് സമ്പത്തി വികാസ് യോജനയാണ് മറ്റൊന്ന്. നഗരപ്രദേശങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന വഖഫ് ഭൂമിയിൽ വാണിജ്യ സമുച്ചയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, ആശുപത്രികൾ, കോൾഡ് സ്റ്റോറേജ് യൂനിറ്റുകൾ തുടങ്ങിയ സാമ്പത്തികമായി പ്രയോജനകരമായ കെട്ടിടങ്ങൾ നിർമിക്കുന്നതിനാണ് ഇത്തരം വായ്പ നൽകിയിരുന്നത്. തുടക്കത്തിൽ, ഈ രണ്ട് പദ്ധതികൾക്കും വ്യത്യസ്ത ഫണ്ടുകളായിരുന്നു. 2020 -21ൽ കേന്ദ്ര സർക്കാർ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് ഇരു സ്കീമുകൾക്കുമുള്ള ധനസഹായം ലയിപ്പിച്ചു.
2023 -24ൽ ഈ രണ്ട് പദ്ധതികൾക്കായി 17 കോടി രൂപ വകയിരുത്തിയിരുന്നുവെങ്കിലും എട്ട് കോടി രൂപ മാത്രമാണ് അനുവദിച്ചത്. യഥാർഥത്തിൽ നൽകിയതാവട്ടെ, 10 ലക്ഷം രൂപയും. 2024 -25 വർഷം 16 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും 3.07 കോടി രൂപയാണ് അനുവദിച്ചത്. ഇത്തവണ രണ്ടിനുംകൂടി 13 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
നിർണായക പദ്ധതികളിലും അട്ടിമറി
സംയോജിത വിദ്യാഭ്യാസ, ഉപജീവന സംരംഭ പദ്ധതിയായിരുന്ന നയീ മൻസിൽ, പരമ്പരാഗത കലകളുടെയും കരകൗശല ജോലികളുടെയും നവീകരണത്തിനും നൈപുണ്യ പരിശീലനത്തിനുമായുള്ള ഉസ്താദ് (USTTAD -Upgrading Skills and Training in Traditional Arts/Crafts for Development) പദ്ധതി, ന്യൂനപക്ഷ വനിത നേതൃത്വ വികസന പദ്ധതി, ന്യൂനപക്ഷ സംസ്കാരങ്ങളുടെയും പൈതൃകത്തിന്റെയും സംരക്ഷണത്തിനുള്ള ഹമാരി ധരോഹർ തുടങ്ങിയ പദ്ധതികളെല്ലാം പൂർണമായും നിർത്തലാക്കി. ഇതിനു പുറമെ, യു.പി.എസ്.സി, എസ്.എസ്.സി, സംസ്ഥാന പബ്ലിക് സർവിസ് കമീഷനുകൾ എന്നിവയുടെ പ്രിലിമിനറി പരീക്ഷ വിജയിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണ നൽകുന്നതടക്കമുള്ള സുപ്രധാന പരിപാടികളും നിർത്തിവെച്ചിരിക്കുകയാണ്.
മൗലാന ആസാദ് എജുക്കേഷൻ ഫൗണ്ടേഷൻ (എം.എ.ഇ.എഫ്), നാഷനൽ മൈനോറിറ്റീസ് ഡെവലപ്മെന്റ് ആൻഡ് ഫിനാൻസ് കോർപറേഷൻ (എൻ.എം.ഡി.എഫ്.സി) എന്നിവക്കുള്ള വിഹിതം പൂജ്യമായി വെട്ടിക്കുറച്ച കഴിഞ്ഞ വർഷത്തെ രീതി ഈ വർഷവും ആവർത്തിക്കപ്പെട്ടിരിക്കുകയാണ്.
ബജറ്റിൽ പ്രഖ്യാപിച്ച തുകതന്നെ പലപ്പോഴും പരിഷ്കരിക്കപ്പെടാറുണ്ട്. ഉദാഹരണത്തിന്, 2024 -25ൽ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനായി 3183.24 കോടി രൂപ സർക്കാർ ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവലോകനത്തിനു ശേഷം 1868.18 കോടിയായി കുറഞ്ഞു. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന 3350 കോടി രൂപയുടെ വിഹിതം എത്രത്തോളം വെട്ടിക്കുറക്കുമെന്ന് കാത്തിരുന്നുതന്നെ കാണണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.