Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightന്യൂനപക്ഷ വകുപ്പ്:...

ന്യൂനപക്ഷ വകുപ്പ്: വിമോചന സമര ഭൂതങ്ങൾ തിരിച്ചു വരുന്നോ?

text_fields
bookmark_border
pinarayi vijayan- christian priest
cancel
camera_alt

ക്രൈസ്തവ പുരോഹിതരുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ ചിത്രം)

ക്രിസ്ത്യൻ സഭകളുടെയും സഭാ പിതാക്കന്മാരുടെയും നിരന്തര പ്രചാരണങ്ങളുടെ ഫലമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഏറ്റെടുത്തിരിക്കുന്നു. വകുപ്പ് കൈകാര്യം ചെയ്തത് മുസ്​ലിം മന്ത്രിമാരായതിനാൽ അനർഹമായി മുസ്​ലിംകൾ ഒരുപാട് കൊണ്ടുപോകുന്നു എന്ന ആരോപണങ്ങളുടെ പൊള്ളത്തരം തുറന്ന് കാണിക്കപ്പെടാൻ ഈ ഏറ്റെടുക്കൽ സഹായിക്കും. കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെ നേതൃത്വം, മുസ്​ലിംകൾക്ക് ആ വകുപ്പ് നൽകരുത് എന്ന് പറഞ്ഞ് കഴിഞ്ഞ ഒരു വർഷമായി വ്യാപകമായ പ്രചാരണം നടത്തുന്ന പശ്ചാത്തലത്തിൽ വകുപ്പ് ഏറ്റെടുക്കുകയല്ലാതെ മുഖ്യമന്ത്രിക്ക് മറ്റ് മാർഗങ്ങളില്ല. നിരവധി തവണ വസ്തുതകളെ മുന്നിൽവെച്ച് വിശദീകരിച്ച പോലെ, മുസ്​ലിംകൾക്ക് ഇതുവരെ ഈ വകുപ്പ് വഴി അനർഹമായി ഒന്നും കിട്ടിയിട്ടില്ല എന്നതിനാൽ അവരെ സംബന്ധിച്ച് പ്രത്യേകിച്ച് നഷ്​ടബോധത്തിന്‍റെ ആവശ്യമില്ല താനും.

അതേസമയം, ഈ തീരുമാനത്തിന്‍റെ പ്രേരക ഘടകത്തിലടങ്ങിയ അതിഗുരുതരമായ അപകടത്തെ കണ്ടില്ലെന്ന് നടിച്ചു കൂടാ. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ വകുപ്പുകൾക്ക് വേണ്ടി പ്രശ്നമുണ്ടാക്കുന്നത് പോലെയല്ലിത്. ബി.ജെ.പി എന്ന രാഷ്ട്രീയ സംഘടന മുസ്​ലിംലീഗിനെ ചൂണ്ടി അവർ അധികാരത്തിൽ അധിക പങ്ക് പറ്റുന്നു എന്ന് പറയാറുണ്ട്. വർഗീയതയാണ് അതിന്‍റെ പിറകിലെങ്കിലും അതിന് രാഷ്ട്രീയത്തിന്‍റെ മറയിടാൻ അവർ ശ്രദ്ധിക്കാറുണ്ട്. ഉള്ളിലുണ്ടെങ്കിൽ പോലും മനുഷ്യന്‍റെ മുഖത്ത് നോക്കേണ്ടി വരുമല്ലോ എന്നോർത്ത് ബി.ജെ.പി പോലും മുസ്​ലിമിന് നൽകരുത് എന്ന് പച്ചക്ക് പറയാൻ മടിക്കാറുണ്ട്. ആ കേരളത്തിലാണ് കത്തോലിക്കാ സഭാ നേതൃത്വം മുസ്​ലിംകൾക്ക് ഒരു വകുപ്പ് നൽകരുതെന്ന് ആവശ്യപ്പെടുന്നതും അത് അവരിൽ നിന്ന് മാറ്റിയപ്പോൾ ആഹ്ളാദം പ്രകടിപ്പിക്കുന്നതും. പ്രത്യേക മത നേതൃത്വം വകുപ്പ് വിഭജനത്തിൽ ഇടപെട്ട് മറ്റൊരു മതവിഭാഗത്തിന് വകുപ്പ് നൽകിക്കൂടാ എന്ന് പറയുന്നത് ഒരു നിസ്സാര കാര്യമല്ല.

ഇപ്രകാരം കത്തോലിക്കാ സഭ കേരള രാഷ്ട്രീയത്തിൽ പച്ചയ്ക്ക് ഇടപെടാൻ ശ്രമം നടത്തുന്നത് ആദ്യമല്ല. വിമോചന സമരവുമായി ബന്ധപ്പെട്ടായിരുന്നു ഒന്ന്. അന്ന് കമ്യൂണിസ്റ്റുകൾക്കെതിരിലുള്ള ആഗോള സഖ്യത്തിന്റെ പേരിലായിരുന്നു അത്. കേരളം കമ്യൂണിസ്റ്റ് കേന്ദ്രമായി മാറും എന്ന് ഭയപ്പെട്ട അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും സഭയുടെ പിറകിലുണ്ടായിരുന്നു എന്നത് കേരളത്തിൽ പൊതു അംഗീകാരം കിട്ടിയ ഇടതുപക്ഷ ആരോപണമാണ്. പക്ഷേ, വിമോചന സമരം ഒരു അബദ്ധമായിരുന്നു എന്ന പൊതുബോധം ശക്തിപ്പെട്ടതിനാലും ഇടതും വലതുമുള്ള പാർട്ടികൾ പൊതുവെ പുരോഗമന സ്വഭാവം പുലർത്തുന്നവരായിരുന്നതിനാലും പിന്നീട് അത്ര പച്ചയ്ക്ക് വർഗീയത കളിക്കാൻ സഭയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ആഗോള തലത്തിലെ സാമ്രാജ്യത്വത്തിന്റെ ശത്രുസ്ഥാനത്ത് ഇസ്​ലാമിനെയും മുസ്​ലിംകളെയും പ്രതിഷ്ഠിച്ചതിനാൽ അവയെ ശത്രു സ്ഥാനത്ത് പ്രതിഷ്ഠിച്ചാണ് പ്രചാരണം എന്ന് മാത്രം. വിമോചനസമരക്കാലത്ത് ഗവൺമെന്‍റിനെതിരായ ആരോപണം കമ്യൂണിസ്‌റ്റു പ്രത്യയശാസ്‌ത്രത്തിന്‍റെ അടിത്തറ പാകാനുള്ള നിഗൂഢ പദ്ധതികൾ അവർക്കുണ്ടായിരുന്നു എന്നാണ്. ഇന്ന് മുസ്​ലിം സമുദായത്തിലെ സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങളെയും രാഷ്ട്രീയ രൂപങ്ങളെയും ഖിലാഫത്ത് സംസ്ഥാപന ശ്രമങ്ങളായാണ് ചിത്രീകരിക്കുന്നത്. ഈ സാമ്യതയെ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭ ഒരിക്കലും മറന്നു കൂടാ.


നിരന്തരമായ വ്യാജ പ്രചാരണങ്ങളിലൂടെ തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ വേട്ടയാടാൻ സഭാ നേതൃത്വം മുമ്പ് നടത്തിയ ശ്രമങ്ങളുടെ തീരാ വേദനയാണ് ലോകം ആയിരത്തോളം കൊല്ലമായി അനുഭവിക്കുന്നത് എന്ന് മനസ്സിലാക്കി സഭാ നേതൃത്വങ്ങളെ തിരുത്താൻ സാധാരണ വിശ്വാസികളും തയാറാകണം. ഒരു മത സമൂഹമെന്ന നിലയിൽ തങ്ങളുടെ നിലനിൽപ് അപകടത്തിലാണെന്നും അതിന് കാരണക്കാർ മറ്റവരാണെന്നും പറഞ്ഞ് വിശ്വാസി സമൂഹത്തെ ഇളക്കി വിട്ട ഒരുപാട് അനുഭവങ്ങൾ നമുക്ക് മുമ്പിലുണ്ട്. യൂറോപ്പി​െന്‍റ അനുഭവത്തിൽ നിരവധി പാഠങ്ങളുണ്ട്. പ്ലേഗ് പരത്തൽ, ക്രിസ്ത്യൻ കുട്ടികളെ കൊല്ലൽ, കിണറിൽ വിഷം കലക്കൽ, തിരുവോസ്തി അവമതിക്കൽ തുടങ്ങിയ പെരും കള്ളങ്ങളുപയോഗിച്ച് ജൂതരെ ആറു നൂറ്റാണ്ടോളം വേട്ടയാടിയതിനൊടുവിലാണ് സഭാ നേതൃത്വം അതിന് മാപ്പു പറഞ്ഞത്. പക്ഷേ, അപ്പോഴേയ്ക്കും അപരിഹാര്യമായ പരിക്കുകളാണ് അതുണ്ടാക്കിയത്. വിമോചന സമരക്കാലത്ത് തിരുവിതാംകൂറിലും മലബാറിലെ മലയോര മേഖലകളിലുമൊക്കെ വിശ്വാസികളെ ഇളക്കിക്കൊണ്ടു വന്നതിനെപ്പറ്റി അതിൽ സജീവമായിരുന്ന ഫാദർ വടക്കനും ജോസഫ് പുലിക്കുന്നേലും രേഖപ്പെടുത്തിയിട്ടുണ്ട്.

വകുപ്പ് ഏറ്റെടുക്കൽ കൊണ്ട് തീരുമോ?

കഴിഞ്ഞ ഒരു വർഷമായി ആവർത്തിക്കുന്ന നുണപ്രചാരണങ്ങളുടെ സത്യാവസ്ഥ പൊതു സമൂഹത്തിന് മുമ്പാകെ വെളിപ്പെടുത്തണമെന്ന് മുസ്​ലിം സംഘടനകളും വ്യക്തികളുമൊക്കെ നിരന്തരമായി ആവശ്യപ്പെട്ടതാണ്. പക്ഷെ, മുസ്​ലിം സംഘടനകളുടെ യോഗത്തിലും ഒരു മുസ്​ലിം സംഘടനാ പ്രസിദ്ധീകരണത്തിലും മാത്രമാണ് യഥാക്രമം മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും സത്യാവസ്ഥ വിശദീകരിച്ചത്. അന്ന് അത് ചെയ്തിരുന്നെങ്കിൽ ഇപ്പോഴത്തെ വിഷമസന്ധിയിൽ സർക്കാർ പെടുമായിരുന്നില്ല. അതിനാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ നിർബന്ധിതാവസ്ഥകൾക്കിടയിലും ആരോപണങ്ങളിലെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ട് വരാൻ ഗവൺമെന്‍റ്​ ഇനിയെങ്കിലും തയാറാകണമെന്ന് അഭ്യർഥിക്കുകയാണ്. പ്രശ്ന പരിഹാരത്തിനുള്ള ആത്മാർഥമായ ആഗ്രഹം കൊണ്ടാവാം മുഖ്യമന്ത്രി ഇങ്ങനെയൊരു നടപടി എടുത്തത്. പക്ഷെ, കേരളത്തിൽ വിമോചന സമരത്തിന് ശേഷം നാം ഒരു വിധം കഷ്ടപ്പെട്ട് ഒതുക്കിയ ഭൂതത്തെ അടച്ചിരുന്ന കുടത്തിന്‍റെ മൂടി പകുതി തുറന്ന അവസ്ഥയായോ എന്ന ഭീതി തോന്നുകയാണ്.

എല്ലാവരും സ്വാഗതം ചെയ്തു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഘ് പരിവാറും ചർച്ച് മേധാവികളുമല്ലാതെ മറ്റൊരാളും അതിനെ സ്വാഗതം ചെയ്തതായിക്കണ്ടില്ല. ഒന്നാം ഘട്ട വിജയമാഘോഷിക്കുന്ന ചർച്ച് മേധാവികൾ കേവലം തല മാറൽ കൊണ്ട് തൃപ്തരാകുമോ? അങ്ങനെ കരുതാനാവില്ല. കാരണം ന്യൂനപക്ഷ വകുപ്പിന്‍റെ ആനുകൂല്യങ്ങളും സ്​കോളർഷിപ്പുകളുമായി ബന്ധപ്പെട്ട് സഭാ നേതൃത്വം ഉണ്ടാക്കിയ ഒരു വ്യാജ നരേറ്റീവുണ്ട്. അതിലെ ഡിമാൻഡുകളുമായി സഭ മുന്നോട്ട് വരുമ്പോൾ അതിൽ എന്ത് നിലപാട് സർക്കാർ സ്വീകരിക്കുമെന്നാണ് കേരളീയ സമൂഹം നോക്കിക്കൊണ്ടിരിക്കുന്നത്. അതിൽ എന്ത് ചെയ്യുകയാണെങ്കിലും അച്യുതാനന്ദൻ സർക്കാറിന്‍റെ കാലത്ത് വകുപ്പ് നിലവിൽ വന്നത് മുതൽ ഓരോ ഇനത്തിലും മുസ്​ലിം സമൂഹം നേടിയതെന്ത്, മറ്റുള്ള വകുപ്പുകൾക്ക് കീഴിൽ വ്യത്യസ്ത ജാതി സമുദായങ്ങൾ നേടിയതെന്ത് എന്നത് സംബന്ധിച്ച വ്യക്തമായ കണക്കുകൾ സർക്കാർ മുന്നോട്ട് വെക്കേണ്ടി വരും. ശതമാനക്കണക്കിൽ മാത്രമല്ല, പണത്തിന്‍റെ കൃത്യമായ അളവായിത്തന്നെ ആ കണക്കുകൾ വരേണ്ടതുണ്ട്.


മുമ്പേ വെക്കുന്ന വെടി

ഇപ്പോൾ ഗവൺമെന്റ് ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കാൻ ഒരു കമീഷനെ നിയമിച്ചിട്ടുണ്ട്. ന്യൂനപക്ഷ വകുപ്പിനെതിരിൽ നടക്കുന്ന കോലാഹലപ്പട കേവലം 13 കോടിയിൽ മാത്രം താഴെ മാത്രം തുകയുള്ള ന്യൂനപക്ഷ വകുപ്പിന്റെ സ്കോളർഷിപ്പിന് വേണ്ടിയാണെന്ന് കരുതാനാവില്ല. വ്യാജ നഷ്ടങ്ങൾ നിരന്തരമായി പറഞ്ഞ് സ്ഥാപിച്ചെടുത്ത് പുതിയ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിട്ടാൻ പോകുന്ന ആനുകൂല്യങ്ങൾക്ക് പൊതുമണ്ഡലത്തിൽനിന്ന് എതിർപ്പുകളില്ലാതിരിക്കാനുള്ള മന:ശാസ്ത്ര പരമായ നീക്കമാണ് യഥാർത്ഥത്തിൽ നടക്കുന്നത്. തുച്ഛ തുകയ്ക്കുള്ള മദ്രസാധ്യാപക പങ്കാളിത്ത ക്ഷേമനിധി പദ്ധതിയും മറ്റും വലിയ ചർച്ചയാവുകയും സമുന്നതി/ ന്യൂനപക്ഷ വകുപ്പുകളിലൂടെയും പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷനിലൂടെയും ക്രൈസ്തവർക്ക് നൽകപ്പെടുന്ന കോടികൾ ചർച്ച ചെയ്യപ്പെടാതെ പോകുകയും ചെയ്യുന്നതും വെറുതെയല്ല എന്ന് മനസ്സിലാക്കണം.

മുന്നാക്ക സംവരണത്തിൽ പിണറായിയുടെ ഒന്നാം സർക്കാർ വിമർശന വിധേയമായതിന്റെ പ്രധാന കാരണം സാമ്പത്തിക സംവരണത്തോടുള്ള താത്വിക വിയോജിപ്പോടൊപ്പം കൃത്യവും ശാസ്ത്രീയവുമായ മാനദണ്ഡങ്ങളില്ലാതെ ഊഹാപോഹങ്ങളെയും പ്രചാരണങ്ങളെയും അടിസ്ഥാനമാക്കി വലിയൊരു വിഹിതം സവർണർക്കായി മാറ്റിവെച്ചു എന്നതായിരുന്നു. ആ അബദ്ധം ഈ പുതിയ കമീഷൻ റിപ്പോർട്ടിലെ നടപടികളിൽ സർക്കാർ കാണിക്കരുത്.

സർക്കാറിന് മുന്നിലെ മാർഗം

വിവിധ സാമൂഹിക ജാതി വിഭാഗങ്ങൾക്കായി വ്യത്യസ്ത സാമൂഹിക സുരക്ഷാ സ്​കോളർഷിപ്പ് പദ്ധതികളുണ്ട്. കേന്ദ്രത്തിന്റെയും കേരളത്തി​േന്‍റതുമായ സവിശേഷ പദ്ധതികൾ വേറെ വേറെയുണ്ടാവും. ഇവയെ മൊത്തം ഒരു കുടക്കീഴിൽ ആക്കേണ്ടതുണ്ട്. അപ്പോഴാണ് സർക്കാർ പദ്ധതികൾ ന്യായയുക്തമായി എല്ലാ വിഭാഗങ്ങളിലും വിതരണം ചെയ്യപ്പെടുന്നു എന്നുറപ്പാക്കാനും അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ നിജസ്ഥിതി അറിയാനും കഴിയുക. സ്​കോളർഷിപ്പുകളുടെ കാര്യത്തിൽ ഈ നിർദേശം നേരത്തെയുള്ളതാണെങ്കിലും ഒന്നും നടന്നിട്ടില്ല. ഇത് അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. ഈ പുനരാലോചനയിൽ ന്യൂനപക്ഷ വകുപ്പി​േന്‍റത് മാത്രമല്ല, എല്ലാ വകുപ്പുകൾക്ക് കീഴിലുള്ളതിനെയും ഉൾപ്പെടുത്തണം.

ഉദാഹരണമായി, മുസ്​ലിംകൾക്ക് ന്യൂനപക്ഷ വകുപ്പിന്‍റെ കീഴിലുള്ള സ്​കോളർഷിപ്പുകളാണുള്ളത്. അതെ സമയം മുന്നാക്ക ക്രിസ്ത്യാനികൾക്ക് സ്​കോളർഷിപ്പിൽ ഇരട്ടനേട്ടമുണ്ട്. മുന്നാക്കമെന്ന നിലയിൽ വിദ്യാ സമുന്നതി സ്കോളർഷിപ്പിന്റെയും ന്യൂനപക്ഷമെന്ന നിലയിൽ ആ വകുപ്പിന്‍റെ ഒന്നൊഴികെയുള്ള ആറ് സ്​കോളർഷിപ്പുകളുടെയും കൂടി ഗുണഭോക്താക്കളാണ് അവർ. അതിൻ്റെ തുകയും എണ്ണവും സ്കോപ്പും ന്യൂനപക്ഷ വകുപ്പിൻ്റെ സ്​കോളർഷിപ്പുകളുമായി താരതമ്യപ്പെടുത്തിയാൽ സമുദായം തിരിച്ച ലാഭ നഷ്ടത്തിൻ്റെ കണക്കുകൾ കൃത്യതയോടെ കിട്ടും. അതേസമയം, പിന്നാക്ക ക്രിസ്ത്യാനിക്ക് വിദ്യാസമുന്നതിക്ക് അപേക്ഷിക്കാനാവാത്തതിനാൽ മുന്നാക്ക ക്രിസ്ത്യാനിക്കുള്ള ഇരട്ട നേട്ടം അവർക്കില്ല. അതുപോലെ തന്നെ, മദ്രസാധ്യാപകർക്കുള്ള വിവാഹ ഭവനനിർമാണ ക്ഷേമ പദ്ധതികൾക്ക് സമാനമായതോ കൂടിയ വിഹിതമുള്ളതോ ആയ പദ്ധതികൾ സമുന്നതി, പരിവർത്തിത ക്രൈസ്തവ കോർപറേഷൻ, പിന്നാക്ക കോർപറേഷൻ തുടങ്ങിയവക്ക്​ കീഴിലുണ്ട്. ഇവയൊന്നും പരിഗണിക്കാതെ മുസ്​ലിംകൾ എല്ലാം കൊണ്ടുപോകുന്നേ എന്ന വ്യാജാരോപണം ഉണ്ടാക്കുന്ന സാമൂഹികധ്രുവീകരണം കണ്ടില്ലെന്ന് നടിക്കാൻ ഒരു മതേതര സർക്കാറിനാവില്ല.


വകുപ്പുകളും സമുദായ പ്രാതിനിധ്യവും

സർക്കാർ സമിതികളിലെ പ്രാതിനിധ്യം സംബന്ധിച്ച് കഴിഞ്ഞ ഒരു വർഷമായി ക്രിസ്ത്യൻ സഭകളുടെ പക്ഷത്ത് നിന്ന് ഉയരുന്ന പരാതികൾ ഗവൺമെന്റിന്റെ വിഭവ വിതരണത്തിൽ സമുദായം തിരിച്ചുള്ള ആലോചനകൾക്ക് കാരണമായിരിക്കുന്നു. വിവിധ സർക്കാർ വകുപ്പുകൾ, സമിതികൾ, കോർപറേഷനുകൾ എന്നിവയിലെ സമുദായം തിരിച്ചുള്ള പ്രാതിനിധ്യം സംബന്ധിച്ച ചർച്ചയ്ക്ക് ഈ പരാതി പ്രേരണയാകുന്നുണ്ട്. അത് ന്യൂനപക്ഷ വകുപ്പിൽ മാത്രം പരിമിതമാക്കാതെ മുഴുവൻ പൊതുമേഖലാ സംവിധാനങ്ങളിലും ബാധകമാക്കണം. ന്യൂനപക്ഷ വകുപ്പിൽ മുസ്​ലിംകൾക്കുണ്ടെന്ന് പറയുന്നത് പോലെ മറ്റു വകുപ്പുകളിലും ഏതെങ്കിലും ജാതി സമുദായങ്ങൾക്ക് അനർഹമായ പ്രത്യേക പരിഗണനയോ അവഗണനകളോ ഉണ്ടെങ്കിൽ അവ പരിഹരിക്കേണ്ടത് തന്നെയാണ്. അതിന് എല്ലാ വകുപ്പുകളെയും സംബന്ധിച്ച സ്ഥിതി വിവരണക്കണക്കുകൾ പൊതു പരിശോധനയ്ക്ക് ലഭ്യമാക്കണം. ബ്രിട്ടീഷ് കാലം തൊട്ട് ഭരണപക്ഷത്തോടൊപ്പം നിന്നതിനാൽ ലഭ്യമായ സാമൂഹിക മുന്നാക്കാവസ്ഥ മൂലം വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ക്രിസ്ത്യാനികൾക്ക് എപ്പോഴും മേൽക്കൈ ഉണ്ടാവാറുണ്ട്.

എയ്ഡഡ് സ്​കൂളുകളും കോളജുകളും നല്ലൊരു ശതമാനവും ക്രിസ്ത്യാനികളുടെ കൈയിലാണുള്ളത്. ഇവ വഴി നിരവധി കോടികളുടെ സർക്കാർ പണമാണ് ഒരു പ്രത്യേക വിഭാഗത്തിലേക്കൊഴുകുന്നത്. ആരോഗ്യ മേഖലയ്ക്ക് പുറമെ വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ കീഴിലുള്ള സംവിധാനങ്ങളിൽ ഒരു സമുദായമെന്നതിനപ്പുറം ക്രിസ്ത്യൻ മത നേതൃത്വം തന്നെ അനർഹമായ സ്ഥാനങ്ങൾ നേടുന്നു എന്നൊരു പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ മന്ത്രിസഭയിൽ ശൈലജ ടീച്ചർ കൈകാര്യം ചെയ്തിരുന്ന ഒറ്റ വകുപ്പിനെ വിഭജിച്ച് സാമൂഹിക വികസനം ആർ. ബിന്ദുവിന് നൽകിയപ്പോൾ വനിതാ ശിശു വികസനം സഭാ പ്രതിനിധിയായി മന്ത്രി പദവി നേടിയ വീണാ ജോർജിന് നൽകിയത് ഇതിന്‍റെ ഭാഗമാണ് എന്നാണ് ആരോപണം.

ഇപ്രകാരമുള്ള ആരോപണ പ്രത്യാരോപണങ്ങൾ സാമൂഹിക രംഗത്തിന്‍റെ ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല. അതിനായി എല്ലാ വകുപ്പുകളിലും ഏതെങ്കിലും ജാതി സമുദായങ്ങൾക്ക് അനർഹമായ പ്രത്യേക പരിഗണനകളോ അവഗണനകളോ ഇല്ലെന്ന് ഉറപ്പു വരുത്തണം. എല്ലാ വകുപ്പുകളെയും സംബന്ധിച്ച സ്ഥിതി വിവരണക്കണക്കുകൾ പൊതു മണ്ഡലത്തിൽ ലഭ്യമാക്കുക എന്നതാണ് ഗവൺമെന്റ് അതിന് വേണ്ടി ചെയ്യേണ്ടത്.


മുസ്​ലിം വോട്ടും അട്ടിപ്പേറും

കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞതിലുണ്ടായ ശരികേട് പിറ്റേന്നത്തെ പാർട്ടി വിശദീകരണത്തിൽ തിരുത്തിയിട്ടുണ്ട്. ക്രൈസ്തവ സഭകളുടെ സമ്മർദത്തെ തുടർന്നല്ല വകുപ്പ് ഏറ്റെടുത്തത് എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ തുടർച്ചയായി ഒരു വിഭാഗം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് മറുവിഭാഗത്തിന് പരാതികളുണ്ടായിരുന്നെന്നും അതാണ് വകുപ്പ് ഏറ്റെടുക്കാൻ കാരണമെന്നുമാണ് സി.പി.എം നേതൃത്വത്തിന്റെ വിശദീകരണം. അത് പോലെ ​െക.ടി. ജലീൽ വകുപ്പ് കൈകാര്യം ചെയ്തതിനെ കുറിച്ച് പരാതിയുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായിക്കണ്ടു. ശരിയല്ലല്ലോ അത്. കഴിഞ്ഞ ആഗസ്റ്റ് മാസം മുതൽ ന്യൂനപക്ഷ വകുപ്പിനെ എന്നതോടൊപ്പം മന്ത്രി ജലീലിനെ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു സഭാ നേതൃത്വവും അവരുടെ പ്രസിദ്ധീകരണങ്ങളുമെന്നിരിക്കെ ഇത്തരമൊരു നിഷേധം മുഖ്യമന്ത്രി നടത്തരുതായിരുന്നു. മാത്രമല്ല, അങ്ങനെ ചെയ്യുമ്പോൾ സഭാ സമ്മർദ്ദത്തിലല്ല തന്‍റെ ഏറ്റെടുക്കൽ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സംശയാസ്പദമാകുകയാകും ഫലം.

അതേസമയം, ലീഗിന് മുസ്​ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശമില്ലെന്ന് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ വലിയൊരു ശരിയുണ്ട്. ലീഗിന് മാത്രമായി നിയന്ത്രിക്കാൻ കഴിയുന്നേടത്ത് നിന്ന് അവരുടെ ബെൽട്ടുകളിലടക്കം വോട്ടർമാർ മാറിപ്പോയിരിക്കുന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ട മലപ്പുറത്തെ നേർത്ത് വരുന്ന യു.ഡി.എഫ്​ -എൽ.ഡി.എഫ്​ വോട്ട് വ്യത്യാസാനുപാതം കാണിക്കുന്നത് ലീഗിനപ്പുറം ചിന്തിക്കുന്ന സമുദായ വോട്ടർമാരെയാണ്.

ലീഗ് ഭരണത്തിൽ വന്നിരുന്നെങ്കിലും ഈ പ്രശ്നത്തിൽ ഭിന്നമായെന്തെങ്കിലും സംഭവിക്കുമായിരുന്നെന്ന് വോട്ടർമാർ കരുതുന്നില്ല. സവർണ സംവരണത്തോടുള്ള എതിർപ്പ് നിർത്തി വെച്ചതും കഴിഞ്ഞ ക്രിസ്മസ് കാലത്ത് നടത്തിയ വ്യാപക അരമന സന്ദർശനങ്ങളുമൊക്കെ സഭാ നേതൃത്വത്തിന് മുന്നിൽ വിട്ടുവീഴ്ച ചെയ്ത് അധികാരം പിടിക്കാനുള്ള ലീഗിന്‍റെ തന്ത്രങ്ങളായാണ് സമുദായത്തിലെ ഈ വോട്ടർമാർ മനസ്സിലാക്കിയത്. എൻ.ആർ.സി സമരത്തിലെ ഉറച്ച നിലപാടും, വഴുക്കലുകളുണ്ടാവാമെങ്കിലും ജാതി മത സമുദായ സഭാ ശക്തികളുടെ മുന്നിൽ യു.ഡി.എഫിനോളം വഴങ്ങുന്നവരല്ല ഇടത് മുന്നണി എന്ന തോന്നലും കൂടിയാണ് മുസ്​ലിം സമുദായത്തിലെ വോട്ടർമാരെ ഇടത് മുന്നണിയോടടുപ്പിച്ചത്. മലപ്പുറത്തിനപ്പുറം മുസ്​ലിം വോട്ടിങ്​ പാറ്റേണിൽ കണ്ട ഇടത് അനുകൂല ഷിഫ്റ്റിന്‍റെ ഒരു കാരണവും ഇതാണ്.


അതേസമയം, ഈ ഷിഫ്റ്റ് എല്ലാ കാലവും ഇടത് മുന്നണിക്കനുകൂലമാവും എന്നല്ല. എല്ലാ സമുദായങ്ങളിലുമെന്ന പോലെ മുസ്​ലിം സമുദായത്തിലും പുതുതായി വളർന്നു വരുന്ന തലമുറ സാമൂഹിക രംഗത്തുള്ള ഉച്ചനീചത്വങ്ങളെ കുറിച്ച് കൂടിയ അളവിൽ ബോധമുള്ളവരാണ്. പാർട്ടികളോട് ബന്ധം സൂക്ഷിക്കുമ്പോഴും പാർട്ടി കൽപനകൾക്കനുസരിച്ച് മാത്രം വോട്ട് ചെയ്യണമെന്ന് നിർബന്ധമുള്ളവരല്ല അവർ. ഒരു പാർട്ടിക്കും അട്ടിപ്പേറവകാശം കൊടുക്കാതെ സാമൂഹിക സാമ്പത്തിക വളർച്ചകളിൽ ഓരോ കൂട്ടരും എത്രത്തോളം തങ്ങളെ സഹായിക്കുന്നു എന്നതിനനുസരിച്ച് രാഷ്ട്രീയ നിലപാടെടുക്കാൻ കഴിവുറ്റവരാണവർ. രാഷ്ട്ര നിർമാണത്തിൽ തങ്ങളുടെ പങ്ക് നിർവഹിക്കാൻ പാകത്തിൽ എന്താണ് ഓരോ മുന്നണിയും ഡെലിവർ ചെയ്യുന്നത് എന്ന് സാകൂതം വീക്ഷിക്കുന്നുണ്ടവർ.

വിദ്യാഭ്യാസ രംഗത്ത് പിന്നാക്കമായതിന്റെ പേരിൽ ഏറെ പഴി കേട്ടവരാണ് മുസ്​ലിംകൾ. ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ഈ ബഹളങ്ങളൊക്കെ മുമ്പ് ഇല്ലാതിരുന്ന വിദ്യാഭ്യാസം നേടാൻ നടത്തിയ ചെറിയ ശ്രമങ്ങളോട് മുമ്പേ ആ രംഗത്ത് മുന്നേറിയവർ കാണിക്കുന്ന അസ്വസ്ഥതകളായിട്ടാണ് അവർ കാണുന്നത്. വിദ്യാഭ്യാസ രംഗത്ത് സവിശേഷമായ പദവിയുള്ളവ ന്യൂനപക്ഷ സ്ഥാപനങ്ങളിൽ മഹാ ഭൂരിപക്ഷവും ക്രിസ്ത്യൻ സമുദായത്തിനാണുള്ളത് എന്നവർക്കറിയാം. അവയുടെ അനുപാതത്തിൽ ഇപ്പോഴും നിലനിൽക്കുന്ന അന്തരത്തിനിടയിലും നടക്കുന്ന പുതിയ പാർശ്വവൽക്കരണ ശ്രമങ്ങൾ സമൂഹത്തിലുള്ള അസന്തുലിതത്വം നിലനിർത്താനായുള്ള ശ്രമങ്ങളായി അവർ കാണുന്നുണ്ട്.

കൊളോണിയൽ ശക്തികളോടൊപ്പം ചേർന്നു നിന്നവർ വിദ്യാഭ്യാസ രംഗത്ത് മേൽക്കൈയും താരതമ്യേന ഗുണമേന്മയും കാഴ്ചവെക്കുമ്പോൾ, അന്ന് അവരിൽനിന്ന് സ്വാതന്ത്ര്യം വാങ്ങാൻ സമരം ചെയ്യാൻ പോയി പിന്നാക്കമായിപ്പോയ മുസ്​ലിം സമൂഹത്തിന് അർഹമായ സാമൂഹികനീതി കിട്ടിയില്ലെന്നുള്ള ബോധ്യമുള്ളവരാണവർ. സാമൂഹിക സുരക്ഷാ പദ്ധതികളിൽ ശ്രദ്ധ പുലർത്തിയതിന്‍റെ ഫലമായി, തങ്ങളുടെകൂടെ വോട്ടിന്‍റെ പിൻബലത്തിൽ വർധിത പിന്തുണയോടെ ഭരണത്തിലേറിയ ഇടത് സർക്കാർ ഈ സാമൂഹിക നീതിക്ക് വേണ്ടിയുള്ള ശ്രമത്തിലും തങ്ങളോടൊപ്പമുണ്ടാവുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. പുതുമുഖങ്ങളെ ഉൾപ്പെടുത്തി, ഭൂതകാലത്തിന്റെ ഭാരത്തിൽ നിന്ന് മുക്തരാണ് തങ്ങൾ എന്ന സന്ദേശം നൽകി ഭരണം തുടങ്ങിയ സർക്കാർ ഇതിന് പകരം വിമോചന സമരകാലത്തെ ഭൂതങ്ങളെ സ്വതന്ത്ര വിഹാരത്തിന് വിടുകയാണെങ്കിൽ വലിയ ദുരന്തത്തിലേക്കായിരിക്കും അത് പാർട്ടിയെയും നാടിനെയും എത്തിക്കുക. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:christian sabhaldf govtPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayanminority welfare dept
News Summary - Minority Welfare Dept: What is the aim of christian Leaders in New LDF Govt
Next Story