അക്ബറും സാകിറും ആരുടെ ഇര?
text_fieldsസാകിർ നായികിെൻറ സ്വത്ത് കണ്ടു കെട്ടാനും റെഡ് കോർണർ നോട്ടീസ് വഴി അദ്ദേഹത്തെ ഇന്ത്യയിലേക്കെത്തിച്ച് ‘കങ്കാരു’ വിചാരണ നടത്താനുമുള്ള മോദി സർക്കാറിെൻറ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടതിെൻറ തുടർച്ചയായാണ് എം.എം. അക്ബറിെൻറ അറസ്റ്റിനെ വിലയിരുത്തേണ്ടത്. നായിക് വിഷയത്തിലെ പരാജയം ‘ഭീകരവിരുദ്ധ പോരാട്ട’ത്തിൽ ഇന്ത്യക്കു താൽക്കാലികമാണെങ്കിലും ചില തിരിച്ചടികൾ നൽകുന്നുണ്ടായിരുന്നു. സലഫി ഇസ്ലാമിെൻറ ‘തന്ത്രപര’മായ ജിഹാദി സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിൽ ഇന്ത്യക്കകത്തുണ്ടായിരുന്ന പ്രധാന വെല്ലുവിളിയായിരുന്നു നായിക്.
2012 ൽ ‘ജുഡീഷ്യൽ വാച്ച്’ പുറത്തുവിട്ട അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെൻറിെൻറ രേഖകളിൽ സലഫി ജിഹാദിസം എങ്ങനെയാണ് തന്ത്രപരമായി അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കു ഗുണം ചെയ്യുന്നതെന്ന് സി.ഐ.എയെ ഉദ്ധരിച്ച് വിശദീകരിക്കുന്നുണ്ട്. പൊളിറ്റിക്കൽ ഇസ്ലാം ഗ്രൂപ്പുകളിൽ നുഴഞ്ഞു കയറുന്നതിനെക്കാൾ എളുപ്പം ഇത്തരം ആത്മീയ കടുംപിടിത്ത ഗ്രൂപ്പുകളാണെന്നും ഐ.എസ് ആ അർഥത്തിൽ അമേരിക്കൻ താൽപര്യങ്ങളെ സഹായിക്കുമെന്നുമാണ് അമേരിക്കൻ കൺസർവേറ്റിവ് ഗ്രൂപ്പുകളിൽ ഒന്നിെൻറ ഭാഗമായ ജുഡീഷ്യൽ വാച്ച് പുറത്തുവിട്ട രേഖകൾ ചൂണ്ടിക്കാട്ടിയത്.
സാകിർ നായിക് ഇന്ത്യയിൽ ഉന്നമായതിെൻറ പശ്ചാത്തലം ഇതായിരിക്കാനാണ് എല്ലാ സാധ്യതകളും. സലഫി ഇസ്ലാം തന്നെയാണ് ഐ.എസിെൻറ രൂപവത്കരണത്തിൽ പങ്കുവഹിച്ചതെന്ന് പ്രമുഖ സലഫി പണ്ഡിതനും മുൻ മക്ക ഇമാമുമായ ശൈഖ് ആദിൽ അൽ കൽബാനി കുറ്റപ്പെടുത്തിയത് ശ്രദ്ധിക്കുക. സാകിർ നായിക്കും എം.എം. അക്ബറുമൊക്കെ സലഫിസത്തിനകത്തു നിന്നുകൊണ്ട് ഐ.എസിനെ എതിർത്തവരായിരുന്നു. ഇന്ത്യൻ സാഹചര്യത്തിൽ പ്രതിഭീകരതയുടെ ഭരണകൂട സിദ്ധാന്തങ്ങളുമായി ഇത് ഏറ്റുമുട്ടി. ‘ഇന്ത്യൻ മുജാഹിദീൻ’ എന്ന ദുരൂഹ സംഘടനക്ക് ഉള്ള അത്രപോലും ‘ഘടകങ്ങൾ’ ഐ.എസിന് ഇന്ത്യയിൽ-വിശിഷ്യ സലഫി മുസ്ലിംകൾ കൂടുതലുള്ള കേരളത്തിൽ- രൂപവത്കരിക്കാൻ കഴിയാതെ പോയതിെൻറ കാരണം അന്താരാഷ്ട്ര സലഫി ഗ്രൂപ്പുകളുടെ കൂടി അംഗീകാരമുള്ള ഈ ഇന്ത്യൻ നേതാക്കളുടെ ഉറച്ച നിലപാടുകൾകൂടിയായിരുന്നു.
ഇസ്ലാമിെൻറ ഭീകരവിരുദ്ധ മുഖം ഇംഗ്ലീഷ് ഭാഷയിൽ നായികിനെപ്പോലെ ശക്തമായി അവതരിപ്പിച്ച ഇന്ത്യക്കാർതന്നെ വേറെ ഇല്ലെന്നതാണ് വസ്തുത. മുസ്ലിംകൾക്കിടയിൽ ഭീകരത പടർത്തുക എന്ന ലക്ഷ്യം സർക്കാറിന് ഇല്ലെങ്കിൽ അവർ ഏറ്റെടുക്കേണ്ട ശബ്ദങ്ങളായിരുന്നു സാകിറും അക്ബറുമൊക്കെ. പേക്ഷ, ഇരുവരെയും കുടുക്കാനും അന്താരാഷ്ട്രതലത്തിൽ അവർക്കുള്ള പ്രതിച്ഛായ തകർക്കാനുമാണ് നീക്കം നടന്നത്.
നായികിെൻറ പ്രസംഗം കേട്ടാണ് ധാക്ക ബോംബ് സ്ഫോടന കേസിലെ പ്രതി പ്രചോദിതനായത് എന്നാണ് എൻ.ഐ.എ ആരോപിച്ച കുറ്റം. എന്നാൽ, നായികിെൻറ പ്രസംഗങ്ങൾ താനും കേട്ടിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറയുന്ന മട്ടിലുള്ള ഒന്നുംതന്നെ അവയിൽ തെൻറ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നും ജസ്റ്റിസ് മൻമോഹൻ സിങ് ചൂണ്ടിക്കാട്ടുന്നത് ശ്രദ്ധിക്കുക. ഭീകരവാദം ആരോപിക്കപ്പെടുന്നവരുടെ കാര്യത്തിൽ കോടതികൾ അപൂർവമായാണ് നിയമത്തിെൻറ മിനിമം ആനുകൂല്യങ്ങൾപോലും അനുവദിക്കാറുള്ളത്.
നിയമപ്രകാരമുള്ള കാരണം കാണിക്കൽ നോട്ടീസ് പോലും കൊടുക്കാതെ സാകിർ നായികിെൻറ സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനിച്ച എൻ.ഐ.എയുടെ മുമ്പാകെ തികച്ചും അസാധാരണമായ ഒരു ചോദ്യം കോടതി ഉയർത്തി. സാമ്പത്തിക ക്രമക്കേട് നടത്തി എന്ന ആരോപണം നേരിടുന്ന ഒരാളുടെ സ്വത്തു കണ്ടുകെട്ടണമെന്നാണ് ആവശ്യമെങ്കിൽ ക്രിമിനൽ കേസുകളിൽ നടപടി നേരിടുന്ന, എന്നാൽ 10,000 കോടിയിലധികം സ്വത്തുവകകളുള്ള ഒരു ഡസൻ ബാബാമാരുടെ പേര് താൻ തരാം, നടപടി എടുക്കുമോ എന്നാണ് ജസ്റ്റിസ് മൻമോഹൻ സിങ് ചോദിച്ചത്. ആശാറാം ബാപ്പുവിെൻറ കാര്യം അദ്ദേഹം എടുത്തുപറയുകയും ചെയ്തു. അതിനു പിന്നാലെയാണ് നായികിനെതിരെ വിമാനത്താവളങ്ങളിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കം ഇൻറർപോൾ തള്ളിയത്. കേസുകൾ കെട്ടിച്ചമക്കാൻ കാണിച്ച അമിതാവേശമായിരുന്നു രണ്ടിടത്തും മോദി സർക്കാറിനെ ചതിച്ചത്.
എം.എം. അക്ബറിനെ അറസ്റ്റ്ചെയ്തതും ഉത്സാഹഭരിതമായ അന്വേഷണം ആരംഭിച്ചതുമൊക്കെ സംസ്ഥാന സർക്കാറിെൻറ വെറുമൊരു ക്രമസമാധാന കേസിനെക്കാൾ വലുതാവുന്നത് ഈ സാഹചര്യത്തിലാണ്. അദ്ദേഹത്തിെൻറ കീഴിലുള്ള പീസ് ഇൻറർനാഷനൽ സ്കൂളിലെ പുസ്തകങ്ങൾ മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന ലളിതമായ കേസിന് എന്തിനാണാവോ ജാമ്യമില്ലാ വകുപ്പ്? സ്വാഭാവികമായും എടുത്ത കേസിൽ ആയിരിക്കില്ല ഈ അറസ്റ്റ് അവസാനിക്കാൻ പോകുന്നത്. പീസ് സ്കൂൾ പാഠപുസ്തകത്തിൽ ഉള്ളതിനെക്കാൾ കെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ലവ് ജിഹാദിെൻറയും പശുവിെൻറയും പേരിൽ സർക്കാർ സ്കൂളുകളിൽ ഇന്ത്യയിൽ പഠിപ്പിക്കുന്നില്ലേ? ഇത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കേണ്ട കുറ്റകൃത്യം ആണെങ്കിൽ മറുഭാഗത്ത് വിദ്യാഭാരതി സ്കൂളുകളിൽ പഠിപ്പിക്കുന്ന പരമത വിദ്വേഷത്തിനെതിരെ ലോക്കൽ പൊലീസിെൻറ എഫ്.ഐ.ആറുകൾ പോലും ഉണ്ടാവാറില്ലല്ലോ. എന്തുകൊണ്ട് നിയമത്തിന് ഇങ്ങനെയൊരു ഇരട്ടത്താപ്പ്?
ഈ ആരോപണങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ കേസിലുൾപ്പെട്ടവർ നേരിട്ട് ചെയ്തിട്ടില്ലാത്ത, എന്നാൽ പൊലീസിന് വ്യാഖ്യാനിച്ചു ഒപ്പിക്കാൻ കഴിയുന്ന തെളിവുകളായിരുന്നു രണ്ടിടത്തും പ്രത്യക്ഷപ്പെട്ടത്. മുംബൈ കേന്ദ്രീകരിച്ച് പ്രസിദ്ധീകരിച്ച ആ പുസ്തകത്തിലെ വിവാദ ചോദ്യങ്ങൾ ഓർഡർ നൽകിയശേഷമാണ് ശ്രദ്ധയിൽ പെട്ടതെന്നാണ് അക്ബർ വ്യക്തമാക്കിയത്. അത് പഠിപ്പിക്കേണ്ടതില്ലെന്നു സ്കൂളിൽ നിർദേശവും നൽകിയിരുന്നു. സമാനമായ മുൻകാല വിവാദങ്ങളിൽ എന്തായിരുന്നു സർക്കാർ ചെയ്തത്? തേജ് ബഹാദുർ സിങ്ങിനെതിരെ മോശം പരാമർശം നടത്തിയ പാഠഭാഗം പിൻവലിക്കുകയല്ലേ മുമ്പൊരിക്കൽ എൻ.സി.ഇ.ആർ.ടി ചെയ്തത്? ഒരു സ്വകാര്യ വ്യക്തിയുടെ സ്കൂളിൽ ഇതൊരു മഹാപാതകം ആണെങ്കിൽ ഉത്തരേന്ത്യ കത്തിയെരിഞ്ഞ ഒരു പ്രക്ഷോഭത്തിന് വഴി തുറക്കുകയല്ലേ തേജ് ബഹാദുർ സിങ് വിഷയം അന്ന് ചെയ്തത്? അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെയോ വൈസ് ചാൻസലർമാരെയോ അറസ്റ്റ് ചെയ്തതായി ഇതുവരെ കേട്ടിട്ടില്ല. വളരെ സിംപ്ൾ ആയ ഈ കീഴ്വഴക്കം ഒരു ജനാധിപത്യ രാജ്യത്ത് എന്തുകൊണ്ട് അക്ബറിനു മാത്രം ബാധകമല്ലാതാകുന്നു?
നായികിെൻറ കാര്യത്തിലും ഇതുണ്ട്. ഭീകരതയെ തള്ളിപ്പറയുന്ന ആയിരക്കണക്കിന് പ്രസംഗങ്ങൾ നടത്തിയ ഒരാളുടെ വാക്കുകൾ, അഥവാ അദ്ദേഹം പറഞ്ഞതിനു വിപരീതമായി ഒരുത്തൻ ദുർവ്യാഖ്യാനം ചെയ്തിട്ടുണ്ടെങ്കിൽതന്നെ, അത് എങ്ങനെയാണ് അയാളുടെ കുറ്റമായി മാറുന്നത്? അങ്ങനെയെങ്കിൽ പാർലമെൻറിൽനിന്ന് ആരംഭിക്കണമല്ലോ അറസ്റ്റുകൾ. മുസ്ലിംകൾക്കെതിരെ എത്രയെത്ര പ്രസ്താവനകളാണ് അതിനകത്തുള്ള ചില മഹാന്മാരുടേതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്? ആ പ്രസ്താവനകളാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതങ്ങളുടെ കാരണമെന്ന് കുറ്റപ്പെടുത്തിയാൽ നിഷേധിക്കാൻ കഴിയുമോ? എല്ലാം പോകട്ടെ, പാർലമെൻറിെൻറ ചുവരിൽ രാഷ്ട്രനായകരോടൊപ്പം പ്രതിഷ്ഠിച്ച സവർക്കറുടെ പുസ്തകം ഉദാഹരണം. പരമത വിദ്വേഷവും ഹിംസക്കുള്ള ആഹ്വാനവും ജീവനുള്ള അക്ഷരങ്ങളായല്ലേ ‘ഭാരത ചരിത്രത്തിലെ ആറ് സുവർണ ഘട്ടങ്ങൾ’ എന്ന പുസ്തകമായി നമ്മുടെ മുമ്പിലിരിക്കുന്നത്? നായികിെൻറയും അക്ബറിെൻറയും കാര്യത്തിൽ നിയമവാഴ്ചയുടെ തത്ത്വങ്ങളാണ് മോദി സർക്കാർ നടപ്പാക്കുന്നതെങ്കിൽ അതേ തത്ത്വം എന്തുകൊണ്ട് ഇക്കാര്യത്തിൽ ബാധകമല്ല? പ്രകടമായ ഇത്തരം ഇരട്ടത്താപ്പുകളാണ് സർക്കാറിെൻറ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നത്. ഇത് നിയമത്തോടുള്ള ബഹുമാനെത്തക്കാളുപരി ശുദ്ധമായ അസഹിഷ്ണുതയായി ചിത്രീകരിക്കപ്പെടുന്നതും.
മുസ്ലിം സമൂഹം വളരെ ശ്രദ്ധിച്ച് വിലയിരുത്തേണ്ട ചില സൂചനകൾ ഈ വിഷയങ്ങളിലെല്ലാമുണ്ട്. അന്താരാഷ്ട്ര സലഫി സംഘടനകളുമായി ബന്ധമുള്ള, എന്നാൽ ഭീകരതക്കെതിരെ വളരെ കൃത്യമായി ഇന്ത്യൻ മുസ്ലിം സമൂഹത്തിൽ നിലപാടെടുത്തവരാണ് ഇപ്പോൾ വേട്ടയാടപ്പെടുന്ന രണ്ടു പേരും. അതിൽ അവരുടെ കൂടി വിവരക്കേടുകളുണ്ട്. ഐ.എസിെൻറ ആവിർഭാവം മുതൽക്കിങ്ങോട്ട് രാഷ്ട്രീയ ഇസ്ലാമിനെ മാറ്റിവെച്ച് ആത്മീയ ഇസ്ലാമിനെയാണ് ചാരസംഘടനകൾ ടാർഗറ്റ് ചെയ്യുന്നതെന്ന് തിരിച്ചറിയാൻ ഇരുവർക്കുമായില്ല. ഇന്ത്യയിൽ ഉടനീളം ഇടക്കാലത്ത് സൂഫീ കൾട്ടുകൾ പെരുകിയതും (ഓർമയില്ലേ തടിയൻറവിടെ നസീറിനെ) ആചാരപരമായ പിടിവാശികൾമൂലം സലഫികൾ പലതായി പിളർന്നതും അവയിൽ ചില ഗ്രൂപ്പുകൾ ഇന്ത്യയുമായി ഒരു ബന്ധവുമില്ലാത്ത സിറിയയിലേക്കും മറ്റും പുറപ്പെട്ടുപോയതുമൊക്കെ ചേർത്തു വായിക്കേണ്ട സംഗതികളാണ്. ഡൽഹിയിൽ ഇടക്കാലത്ത് മുതിർന്ന ഡിഫൻസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ ‘വിലാസത്തിൽ’ ആയിരുന്നു ‘സൂഫീ പഠനം’ നടന്നത്. അങ്ങനെ ഒരു സംഘമായിരുന്നു കശ്മീരിൽ വെടിയേറ്റ് മരിച്ചതും. കൂട്ടിവായിക്കാൻ എളുപ്പമുള്ള ചില ഭരണകൂട താൽപര്യങ്ങൾ ഇതിലെവിടെയൊക്കെയോ ഉണ്ട്. സലഫിസത്തെ ഐ.എസ് ആക്കാനുള്ള ആടുമേക്കൽ സിദ്ധാന്തങ്ങൾ എവിടെനിന്ന് വരുന്നുവെന്നും അതിനോട് പടവെട്ടുമ്പോൾ ആരെയാണ് പിണക്കുന്നതെന്നും തിരിച്ചറിയാൻ എളുപ്പമാണ്. എന്നുവെച്ച് പണ്ഡിതരെ ബലികൊടുക്കാൻ എങ്ങനെ കഴിയും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.