അവർ ആക്രോശിച്ചു; ‘‘അവനെ ട്രെയിനിൽനിന്ന് തള്ളിപ്പുറത്തിടൂ’’
text_fieldsജൽഗാവിൽനിന്ന് കല്യാണിലേക്കുള്ള യാത്ര അശ്റഫ് അലി സയ്യിദ് ഹുസൈൻ മാനിയാർ എന്ന 72കാരന് ദീർഘകാലമായുള്ള പതിവാണ്. ട്രെയിൻ കയറി കല്യാൺ ജങ്ഷനിൽ ഇറങ്ങി ഓട്ടോപിടിച്ച് നഗരപ്രാന്തമായ കോങ്കോണിൽ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോകും. എന്നാൽ, ആഗസ്റ്റ് 30ാം തീയതിയിലെ യാത്ര സാധാരണ പോലുള്ളതായിരുന്നില്ല.
പൊലീസ് നിയമന യോഗ്യതാ പരീക്ഷയെഴുതാൻ മുംബൈയിലേക്ക് പോവുകയായിരുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ഹുസൈന്റെ കൈയിൽ ‘പശുമാംസം’ ഉണ്ടെന്ന ആരോപണം ഉന്നയിച്ചു. പൊലീസുകാരാകാൻ, അതുവഴി നിയമത്തിന്റെ സംരക്ഷകരാവാൻ ഒരുങ്ങുന്ന ചെറുപ്പക്കാരാണ് പശുസംരക്ഷകർ ചമഞ്ഞ് ഈ വയോധികന്റെ രക്തത്തിനുവേണ്ടി മുറവിളികൂട്ടിയത്. അവരദ്ദേഹത്തിന്റെ മുഖത്തും നെഞ്ചിലും വയറ്റത്തുമിടിച്ചു, കണ്ണുപൊട്ടുന്ന തെറിവിളിച്ചു, ഫോൺ പിടിച്ചുപറിച്ചു, അതിക്രമ ദൃശ്യങ്ങൾ ഫോണുകളിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ഹുസൈൻ നൽകിയ പരാതിയെ തുടർന്ന് ആകാശ് അഹ്വാദ്, നിലേഷ് അഹിരെ, ജയേഷ് മൊഹിതെ എന്നിവരെ അറസ്റ്റ് ചെയ്തു. ക്രൂര ആക്രമണത്തിന്റെ കൃത്യമായ വിഡിയോ തെളിവുകൾ ഉണ്ടായിരുന്നിട്ടും, ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്)യിലെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയ ഇവരെ ഒരു ദിവസം കഴിഞ്ഞ് ജാമ്യം നൽകി വിട്ടയച്ചു.
ജൽഗാവിലെ ചാലിസ്ഗാവ് സ്റ്റേഷനിൽ നിന്നാണ് ഹുസൈൻ ട്രെയിനിൽ കയറിയത്. നല്ല തിരക്കുണ്ടായിരുന്നതിനാൽ നാസിക് സ്റ്റേഷൻ എത്താറാവുന്നതുവരെ നിന്നാണ് യാത്ര ചെയ്തത്. അത്ര നേരം താഴത്തെ സീറ്റിലിരുന്ന ഒരു പെൺകുട്ടി മുകളിലെ ബർത്തിലേക്ക് കയറിയപ്പോൾ ആ സീറ്റിൽ ഹുസൈൻ ഇരുന്നു. നിൽക്കുകയായിരുന്ന ഒരു യുവാവ് നീങ്ങിയിരുന്ന് സീറ്റിൽ സ്ഥലം നൽകാൻ ഹുസൈനോട് ആവശ്യപ്പെട്ടു. തിക്കിത്തിരക്കിയിരിക്കുന്ന സീറ്റിൽ ഒരാൾക്കുകൂടി ഇരിക്കാൻ സ്ഥലമില്ലെന്നുപറഞ്ഞത് യുവാവിനെയും കൂടെയുണ്ടായിരുന്നവരെയും ഈർഷ്യ പിടിപ്പിച്ചു.
തനിക്കിറങ്ങേണ്ട കല്യാൺ സ്റ്റേഷൻ എത്താറാവുന്നതുവരെ ഹുസൈൻ സീറ്റിൽ തന്നെയിരുന്നു. ഇറങ്ങാൻ ഒരുങ്ങുന്നതിനായി സഞ്ചിയെടുത്തു. അതിൽ രണ്ട് ജാറുകളിലായി പോത്തിറച്ചിയുണ്ടായിരുന്നു. പോത്തിറച്ചി ഉപയോഗം മഹാരാഷ്ട്രയിൽ നിയമവിധേയമാണ്. “ ബാഗ് തുറന്നുകാണിക്കാൻ പൊടുന്നനെ ആവശ്യപ്പെട്ട യുവാക്കൾ ചീത്ത വിളിക്കുകയും ബാഗിനുള്ളിൽ നിരോധിതമായ കാള ഇറച്ചിയാണെന്ന് ആരോപിക്കുകയും ചെയ്തു. ആൾക്കൂട്ടം മർദിക്കാനും അധിക്ഷേപിക്കാനും തുടങ്ങി”- എഫ്.ഐ.ആറിൽ പറയുന്നു.
സ്റ്റേഷൻ അടുത്തതോടെ വാതിലിനടുത്തേക്ക് നീങ്ങാൻ തുടങ്ങിയ ഹുസൈന്റെ പിന്നാലെ കൂടി അക്രമികൾ. ‘‘അവനെ ട്രെയിനിൽ നിന്ന് തള്ളിപ്പുറത്തിടൂ’’ എന്ന് അവരിൽ ചിലർ പറയുന്നത് കേൾക്കാമായിരുന്നു. എതിർത്തതോടെ ആൾക്കൂട്ടം അടി കൂടുതൽ കടുപ്പിച്ചു, കണ്ണിലും നെഞ്ചത്തുമെല്ലാം അടിയേറ്റതായി ഹുസൈൻ പറയുന്നു. സഹതാപം തോന്നിയ ചില യാത്രക്കാർ അടിയും തെറിവിളിയും നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അക്രമികൾ മർദനം തുടർന്നു. പൊലീസിൽ പരാതി കൊടുത്താൽ കൊന്നുകളയുമെന്നും വീട്ടിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിയും മുഴക്കി. ബജ്റംഗ്ദളുമായുള്ള ബന്ധത്തെക്കുറിച്ചും അവർ വീമ്പിളക്കുന്നുണ്ടായിരുന്നു.
ട്രെയിൻ താനെയിൽ എത്തിയപ്പോൾ, ഹുസൈന് ഒരുവിധം ഇറങ്ങാൻ പറ്റി. അക്രമികളിൽ ചിലരും ഒപ്പമിറങ്ങി റെയിൽവേ പൊലീസിന്റെ അടുത്തെത്തി. തന്നെ യുവാക്കൾ മർദിച്ചതായി ഹുസൈൻ പൊലീസിനോട് പറഞ്ഞു. മുഖം വീങ്ങിയിരുന്നു, കൺതടം കറുത്തിരുന്നു, ആകെപ്പാടെ ഉലഞ്ഞുപോയ അദ്ദേഹം സംസാരിക്കാൻപോലും പ്രയാസപ്പെട്ടു. എന്നാൽ, പൊലീസ് ഇതെല്ലാം അവഗണിച്ചതോടെ ഹുസൈനെതിരായ വർഗീയ ആക്രമണം ട്രെയിനിലെ ഒരു സാധാരണ കലഹമായി ചുരുങ്ങി. “പൊലീസുകാർ കടലാസിൽ എന്തോ എഴുതി ഒപ്പിടാൻ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് കാണാൻ കഴിയുമായിരുന്നില്ല, അതൊന്ന് വായിച്ചുതരാൻ പറയാവുന്ന അവസ്ഥയിലുമായിരുന്നില്ല. ഞാൻ ഒപ്പിട്ട് ഇറങ്ങിവന്നു”-അദ്ദേഹം പറയുന്നു.
ഹുസൈൻ പിന്നീട് കല്യാണിലേക്കും അവിടെ നിന്ന് മകളുടെ വീട്ടിലേക്കും പോയി. “എന്റെ കൈവശമുണ്ടായിരുന്ന മാംസമാണ് അവരുടെ ദേഷ്യത്തിനും അക്രമത്തിനും കാരണമെന്ന് എനിക്ക് തോന്നി. ഞാനത് മകളുടെ വീടിനടുത്ത ജലാശയത്തിലേക്ക് വലിച്ചെറിഞ്ഞു. ട്രെയിനിൽ സംഭവിച്ചതൊന്നും കുടുംബത്തെ അറിയിക്കാതിരിക്കാനാണ് ഞാൻ ആദ്യം ശ്രമിച്ചത്. പക്ഷേ, അക്രമികൾ അതിനകം വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു, ഉച്ചയോടെ അത് സകലയിടങ്ങളിലുമെത്തി.
വിഡിയോകൾ പുറത്തുവന്നതോടെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) പ്രവർത്തകർ ഹുസൈന്റെ കുടുംബത്തെയും കൂട്ടി താനെ പൊലീസ് സ്റ്റേഷനിലേക്ക് പോയി. നിയമവിരുദ്ധമായ ഒത്തുകൂടൽ, കലാപമുണ്ടാക്കൽ, അനധികൃതമായി തടയൽ, കലാപത്തിന് കാരണമായേക്കും എന്ന് അറിഞ്ഞുകൊണ്ട് പ്രവർത്തിക്കൽ, ഉപദ്രവമേൽപിക്കൽ, സമാധാന ലംഘനം, ഒരു ലക്ഷം രൂപയിൽ താഴെയുള്ള നാശനഷ്ടം വരുത്തൽ, വധിക്കുമെന്നോ ഗുരുതരമായി പരിക്കേൽപിക്കുമെന്നോ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് ധൂലെയിൽനിന്നുള്ള നാലുപേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351(3) പ്രകാരം പ്രതികൾക്ക് ഏറിപ്പോയാൽ ഏഴുവർഷം വരെ തടവേ ശിക്ഷയായി ലഭിക്കൂ. എല്ലാവർക്കും ഉടനടി ജാമ്യം ലഭിക്കുമെന്നും ഉറപ്പായിരുന്നു.
പശുസംരക്ഷണത്തിനെന്ന പേരിൽ നടക്കുന്ന ആൾക്കൂട്ടക്കൊലകൾക്കെതിരായ കേസിൽ 2018ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെത്തുടർന്ന്, മഹാരാഷ്ട്ര സർക്കാർ 2022ൽ ഒരു സർക്കാർ പ്രമേയം പുറപ്പെടുവിച്ചിരുന്നു. അതിൻപ്രകാരം സാമുദായിക സൗഹാർദത്തിന് ഭംഗം വരുത്തൽ, അവഹേളിക്കൽ, മതവികാരങ്ങൾക്കെതിരായ രോഷമുയർത്തൽ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ ഇത്തരം കേസുകളിൽ പൊലീസ് പ്രയോഗിച്ചിരിക്കണം. എന്നാൽ, ഈ സംഭവത്തിന്റെ വർഗീയ വശം പൊലീസ് പൂർണമായും അവഗണിച്ചു. നിർണായകമായ വകുപ്പുകൾ ചേർക്കാൻ പൊലീസ് വിമുഖത കാണിച്ചതായി പരാതി രജിസ്റ്റർ ചെയ്യുന്ന സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഡി.പി.ഐ പ്രവർത്തകൻ സർഫറാസ് ‘ദ വയറി’നോട് പറഞ്ഞു.
അക്രമത്തിന്റെ വിശദമായ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടും പൊലീസ് സ്വമേധയ കേസെടുക്കാൻ കൂട്ടാക്കിയില്ല. എഫ്.ഐ.ആർ ഫയൽ ചെയ്യാൻ ഹുസൈൻ രണ്ടാമത് വന്ന് പരാതി നൽകുന്നതുവരെ കാത്തിരുന്നു. ഹുസൈൻ ധൈര്യസമേതം മുന്നോട്ടുവന്നില്ലായിരുന്നുവെങ്കിൽ പൊലീസ് കേസെടുക്കില്ലായിരുന്നു. സെപ്റ്റംബർ ഒന്നിന്, പ്രതികൾ മൂവരും ജാമ്യത്തിൽ ഇറങ്ങിയശേഷം, മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് ഹുസൈന്റെ മകളുടെ വീട്ടിലെത്തി.
ആക്രമണ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ പ്രതികരണങ്ങളുമായി മുന്നോട്ടുവന്നു. എന്നാൽ, ഭരണാധികാരികൾ മൗനം പാലിച്ചു. കല്യാണും താനെയും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ഉറച്ച തട്ടകങ്ങളാണ്, എന്നാൽ ഈ കുറിപ്പ് എഴുതുന്നതുവരെ അദ്ദേഹം ഇതേക്കുറിച്ച് ഒരുവാക്കുപോലും ഉരിയാടിയിട്ടില്ല.
(നിരവധി മാധ്യമ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ലേഖിക thewire.in സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.