സാത്വികതയുടെ ഉയരങ്ങൾ
text_fieldsവർഷങ്ങൾക്കുമുമ്പ് സഹകരണ മേഖലയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ സാരഥ്യം ഞാൻ വഹിച്ചിരുന്നു. അസാധാരണമാംവിധം തകർന്നുപോയ ആ സ്ഥാപനത്തിലെ ശമ്പളം ലഭിക്കാതെ ദുഃഖിതരായി നിൽക്കുന്ന ജീവനക്കാരാണ് ചുമതലയേറ്റ ദിവസം ഓഫിസിൽ എന്നെ വരവേൽക്കാനുണ്ടായിരുന്നത്. സ്ഥാപനത്തിന്റെ പേരിൽ കൊച്ചി തുറമുഖത്ത് സ്റ്റോക്കുണ്ടായിരുന്ന കുറച്ച് മഞ്ഞൾ വിറ്റാണ് ആ മാസത്തെ ശമ്പളം കൊടുത്തുതീർത്തത്. നിയമ വ്യവഹാരങ്ങൾ, കിട്ടാക്കടങ്ങൾ എന്നിങ്ങനെ ഒന്നിനുപിറകെ ഒന്നായി പ്രതിസന്ധികൾ സ്ഥാപനത്തിന് വന്നുകൊണ്ടിരുന്നു. ജീവനക്കാരാവട്ടെ, ആത്മവിശ്വാസവും ഊർജവും നഷ്ടപ്പെട്ട് വല്ലാത്തൊരു മാനസികാവസ്ഥയിലുമായിരുന്നു.
എന്നെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു ഈ അധിക ചുമതല. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ കാര്യങ്ങൾ അൽപസ്വൽപം മെച്ചപ്പെട്ട് വന്നു. സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദ പഠന റിപ്പോർട്ട് തയാറാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സഹായം നേടിയെടുക്കുകയും ചെയ്തു. സ്ഥാപനത്തിന് കീഴിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന മിക്ക പാണ്ടികശാലകളും ഓഫിസുകളും അടഞ്ഞുകിടക്കുകയായിരുന്നു.
അവിടെ നിയോഗിക്കപ്പെട്ട ജീവനക്കാർ ആരൊക്കെയാണ്, അവർ എന്ത് ചെയ്യുന്നു എന്നതു സംബന്ധിച്ച് ഒരു വിവരവും ഓഫിസിൽ ഉണ്ടായിരുന്നില്ല. അതെല്ലാം ഒന്ന് പരിശോധിക്കാനായി ഞാനൊരു ദേശാടനം തന്നെ നടത്താൻ തീരുമാനിച്ചു. ഒരോ യാത്രയും ഒരോ തരം അനുഭവങ്ങളാണ് സമ്മാനിച്ചത്. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന, പൂട്ടുപോലും തുരുമ്പി ദ്രവിച്ച പാണ്ടികശാലകൾ, പൂട്ടിയിട്ട ഫ്ലാറ്റുകൾ, ഓഫിസുകൾ എല്ലാം കാണാനിടയായി.
അക്കൂട്ടത്തിൽ മുംബൈയിലും ഞങ്ങൾക്കൊരു ഓഫിസുണ്ടായിരുന്നു. മുംബൈ നഗരഹൃദയത്തിലെ മസ്ജിദ് ബന്ദർ എന്ന സ്ഥലത്തായിരുന്നു സ്ഥാപനത്തിന്റെ ഓഫിസ്. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ജി.എം. ബനാത്ത് വാല മഹാരാഷ്ട്ര നിയമസഭയിൽ പ്രതിനിധാനംചെയ്ത മണ്ഡലമായ ഉമർഖാദിയുടെ ഭാഗമാണ് ഈ പ്രദേശം. മുംബൈയിലെ ഓഫിസിന്റെ ചുമതലയുണ്ടായിരുന്ന മലയാളി ഉദ്യോഗസ്ഥനാണ് എന്നെ സ്വീകരിക്കാനെത്തിയത്. എവിടെയെങ്കിലും ഇരുന്ന് സംസാരിക്കണമല്ലോ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം വിഷമവൃത്തത്തിലായി. ‘‘അങ്ങനെ ഇരിക്കാൻ പാകത്തിൽ നല്ലൊരു സ്ഥലം നമുക്കില്ല സാർ, ബുദ്ധിമുട്ടില്ലേൽ നമ്മുടെ ഓഫിസിൽ ഇരിക്കാം, സൗകര്യങ്ങൾ വളരെ കുറവാണ്’’. ജനത്തിരക്കാർന്ന ഇടുങ്ങിയ ഗലികളിലൂടെ ഞങ്ങൾ ഓഫിസിലേക്ക് നടന്നു.
മുംബൈ നഗരത്തിന്റെ ആധുനികവത്കരണത്തിനിടെ പരമ്പരാഗത മേഖലക്കുണ്ടായ തകർച്ചയെക്കുറിച്ച് അയാൾ സവിസ്തരം സംസാരിച്ചു. ഔദ്യോഗിക കാര്യങ്ങൾ ചർച്ച ചെയ്ത ശേഷം അയാളുടെ വീട്ടുകാര്യങ്ങളും കുടുംബ കാര്യങ്ങളും ഞാൻ തിരക്കി. ഓഫിസിൽനിന്ന് 75 കിലോമീറ്റർ അകലെ കുടുംബ സമേതമാണ് താമസം. രാവിലെയും വൈകുന്നേരവും മുംബൈയിലെ സബർബൻ ട്രെയിനുകളിൽ തൂങ്ങിപ്പിടിച്ച് അതിസാഹസികമായി യാത്ര ചെയ്യുന്ന, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി തൊഴിൽ തേടിയെത്തിയ അനേകരിലൊരാളായിരുന്നു അദ്ദേഹവും.
സ്ഥാപനത്തിൽനിന്ന് ഇടക്കിടെ കിട്ടുന്ന ശമ്പളവും ഭാര്യയുടെ ജോലിയിൽനിന്നുള്ള ചെറിയ വരുമാനവും കൊണ്ടാണ് ഈ മഹാനഗരത്തിൽ അദ്ദേഹവും കുടുംബവും കഴിയുന്നതെന്നും ഞാൻ മനസ്സിലാക്കി. ഇത്രയും ബുദ്ധിമുട്ടോടെ എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു, മറ്റുവഴികൾ ആലോചിക്കാത്തതെന്ത് എന്ന എന്റെ ചോദ്യത്തിനുമുന്നിൽ അയാൾ ഇത്തിരി നേരം മൗനിയായി. ശേഷം പറഞ്ഞു, ‘‘സാർ പറഞ്ഞത് ശരിയാണ്, ഈ വരുമാനം കൊണ്ട് ഇവിടെ ജീവിതം അസാധ്യമാണ്, തെറ്റിദ്ധരിക്കില്ലേൽ ഒരു കാര്യം പറയാം. ഡ്യൂട്ടി കഴിഞ്ഞുള്ള സമയങ്ങളിൽ ഞാൻ ചെറിയ കച്ചവടം ചെയ്യാറുണ്ട്. വല്ലപ്പോഴും ചില അക്കൗണ്ട്സ് വർക്കും ലഭിക്കാറുണ്ട്.’’
‘‘ഇതിനെല്ലാമിടയിൽ നമ്മുടെ സ്ഥാപനത്തിന്റെ കാര്യം എങ്ങനെ നടക്കും.’’ എന്നായി ഞാൻ. അയാൾ പറഞ്ഞു: ‘‘എല്ലാ ദിവസവും കൃത്യമായി ഓഫിസിൽ വരുന്ന ആളാണ് ഞാൻ. ചരക്കുകളുമായി ബന്ധപ്പെട്ട് പലരെയും ദിനേന ബന്ധപ്പെടാറുണ്ട്. ഒരൽപം മൂലധനമുണ്ടെങ്കിൽ പഴയ പ്രതാപത്തിലേക്ക് നമുക്ക് ഈ സ്ഥാപനത്തെ എത്തിക്കാൻ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. അക്കാര്യങ്ങൾ ഉന്നയിച്ച് ഓഫിസിലേക്ക് നിരന്തരം കത്തിടപാടുകൾ നടത്താറുമുണ്ട്. ആരും ഗൗനിക്കാറില്ല. രാപകലന്യേ വ്യത്യാസമില്ലാതെ അധ്വാനിക്കാൻ ഞാൻ തയാറാണ്.’’
ആ സംസാരത്തിൽ ആത്മാർഥതയും നിഷ്കളങ്കതയുമുള്ളതായി എനിക്ക് അനുഭവപ്പെട്ടു. ഞങ്ങളിരുവരും പാണ്ടികശാലയിലും സ്ഥാപനവുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലുമെല്ലാം ആ ദിവസങ്ങളിൽ പോയി. മടങ്ങുന്നതിനുമുമ്പ് ഞാനയാളെയും കൂട്ടി ഒരു കടയിൽ പോയി. രണ്ടുമൂന്ന് ഷർട്ടുകൾ വാങ്ങി ഉപഹാരമായി നൽകി. അത് കൈപ്പറ്റുമ്പോൾ ആ മനുഷ്യന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. മുംബൈ എയർപോർട്ടിനുമുന്നിൽ എന്നെ യാത്രയാക്കവേ അദ്ദേഹം പറഞ്ഞു. ‘‘അങ്ങ് വലിയ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനാണ്. ഞാനാകട്ടെ, ഏറ്റവും താഴേത്തട്ടിലുള്ള ഒരു ജീവനക്കാരനും. എങ്ങനെയാണ് ഈ രീതിയിൽ പെരുമാറാൻ സാധിക്കുന്നത്?
‘‘സ്നേഹത്തിനും ആത്മാർഥതക്കും അങ്ങനെ തട്ടുകളൊന്നുമില്ല, വലുപ്പചെറുപ്പങ്ങളുമില്ല. ഇതെന്റെ രീതി.’’ ആ മറുപടിയിൽ അയാൾ വികാരാധീനനായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയുള്ള ആ ദേശാടനത്തെ തുടർന്നുള്ള ഇടപെടലുകൾക്കുശേഷം കുറച്ച് പുരോഗതിയൊക്കെ സ്ഥാപനത്തിന് കൈവന്നു. വൈകാതെ ഞാൻ ആ സ്ഥാപനത്തിന്റെ ചുമതലയിൽനിന്ന് മാറുകയും ചെയ്തു.
വർഷങ്ങൾക്കുശേഷം തപാലിൽ എന്നെത്തേടിയൊരു കത്ത് വന്നു. മുംബൈ നഗരത്തിലെ ജനനിബിഡമായ ഗലികളിൽ വെച്ച് കണ്ട ആ മനുഷ്യന്റെ എഴുത്താണ്. അദ്ദേഹത്തിന്റെ പിതാവിന്റെ വിയോഗ വാർത്ത അറിയിക്കാനായിരുന്നു അത്. ‘‘എനിക്ക് ഒരുപാടൊന്നും എന്റെ പിതാവിനെ സഹായിക്കാൻ സാധിച്ചില്ല. സാമ്പത്തികമായി മെച്ചപ്പെട്ട ഒരു പ്രവാസി ഒന്നുമായിരുന്നില്ലല്ലോ ഞാൻ. അവസാന നിമിഷങ്ങളിൽ പിതാവിന്റെ ചാരെയിരിക്കാൻ സാധിച്ചു. അങ്ങേക്ക് ഇത് വായിക്കാൻ പോലും സമയമുണ്ടാകുമോ എന്നറിയില്ല. എങ്കിലും പഴയ സ്നേഹവായ്പിന്റെ ഓർമയിൽ ഇതെഴുതുകയാണ്.’’ ഏതാണ്ടിങ്ങനെയായിരുന്നു കത്തിന്റെ ഉള്ളടക്കം. കത്ത് വായിച്ചുകഴിഞ്ഞ ഉടനെ ഞാൻ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുകയും അനുശോചനം അറിയിക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ഇന്ന് അദ്ദേഹം ആ സ്ഥാപനത്തിൽനിന്ന് വിരമിച്ചിട്ടുണ്ടാകും. ചിലപ്പോൾ നാട്ടിൽ തിരിച്ചെത്തിയിട്ടുമുണ്ടാകും.
പ്രതിബന്ധങ്ങൾക്കിടയിലും ക്ഷമാപൂർവം, ധൈര്യസമേതം ജീവിതം മുന്നോട്ടുനയിക്കാനുള്ള മനസ്സാണ് അയാളിൽനിന്ന് നാം പഠിച്ചത്. അങ്ങേയറ്റം സാത്വികമായ ജീവിതശൈലിയും പ്രതിസന്ധികളിൽ തളരാത്ത, കരുത്തുള്ള മനസ്സും അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ന് പലർക്കും നഷ്ടപ്പെടുന്നതും അതാണ്. ചെറിയ പ്രയാസങ്ങളിൽപോലും ഇടറിവീഴുന്ന എത്രയെത്ര പേരെയാണ് നാം ദിവസവും കാണുന്നത്. വിഷാദത്തിൽ തുടങ്ങി ആത്മഹത്യയിൽവരെ അത് പര്യവസാനിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ, പുഷ്പഹാരങ്ങളായി സ്വീകരിക്കാനും വെല്ലുവിളികളെ മനക്കരുത്ത് കൊണ്ട് അതിജീവിക്കാനും നാം പഠിക്കേണ്ടിയിരിക്കുന്നു, പരിശീലിക്കേണ്ടിയിരിക്കുന്നു.
ദക്ഷിണാഫ്രിക്കയുടെ വിമോചന പോരാട്ടത്തിന്റെ പ്രതീകമായ നെൽസൺ മണ്ടേല ഇങ്ങനെ പറയുന്നു. എന്നെ എന്റെ വിജയത്തിന്റെ അടിസ്ഥാനത്തിലല്ല; എത്ര തവണ താഴെ വീഴുന്നു, എത്ര തവണ എഴുന്നേൽക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.