മോദിയുടെ ക്രൂരകൃത്യങ്ങൾ
text_fieldsനരേന്ദ്ര മോദിയുടെ നിലപാടുകളെ സുപ്രീംകോടതി മുൻ ജഡ്ജിയും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മുൻ ചെയർമാനുമായ ജസ്റ്റിസ് മാര്കണ്ഡേയ കട്ജു വിമർശന വിധേയമാക്കുന്നു
ഒട്ടനവധി മതങ്ങളും ജാതികളും ഭാഷകളും വംശീയ വിഭാഗങ്ങളുമെല്ലാം ഒത്തുചേരുന്ന അത്യന്തം വൈവിധ്യപൂർണമായ പ്രദേശമാണ് ഇന്ത്യൻ ഉപഭൂഖണ്ഡം. ആകയാൽത്തന്നെ, ഇന്ത്യാദേശത്തിന്റെ പിതാവെന്ന നിലയിൽ ഞാൻ ബഹുമാനിക്കുന്ന മഹാനായ മുഗൾ ചക്രവർത്തി അക്ബർ മുന്നോട്ടുവെച്ച സുൽഹെ കുൽ (സർവ മതങ്ങൾക്കും സമുദായങ്ങൾക്കും തുല്യ ബഹുമാനം നൽകുന്ന) നയമാണ് നമുക്ക് ഏറ്റവും കരണീയം.
മഹാഭാരത ഇതിഹാസത്തിൽ, യുദ്ധാവസാനം രാജാവായി അഭിഷിക്തനാകാനിരിക്കുന്ന യുധിഷ്ഠിരന് ഭീഷ്മ പിതാമഹൻ നൽകുന്നൊരു ഉപദേശമുണ്ട്: ഭേദേ ഗണാഃ വിനശ്യന്തി ഭിന്നാസ്തു സജായ: പരാഃ തസ്മാത് സംഘാത് യോഗേൻ പ്രയതരേൺ ഗണാഃ സദാ (ശാന്തിപർവ്വം-അധ്യായങ്ങൾ 107/108 ശ്ലോകം 14)
ജനങ്ങൾക്കിടയിലെ ആഭ്യന്തര കലഹങ്ങൾ കൊണ്ട് മാത്രമാണ് രാഷ്ട്രങ്ങൾക്ക് നാശമുണ്ടാകുന്നത്. ആകയാൽത്തന്നെ, നാടിന്റെ ഭരണാധികാരികൾ എല്ലായ്പോഴും ജനങ്ങൾക്കിടയിൽ നല്ല ബന്ധം നിലനിർത്താൻ ശ്രമിക്കണം.
ഏകദേശം 140 കോടി വരുന്ന ഇന്ത്യൻ ജനസംഖ്യയുടെ 80 ശതമാനത്തോളം ഹിന്ദുക്കളാണ്. മുസ്ലിംകൾ ഏകദേശം 20കോടി വരും, അതായത് ഏകദേശം 15ശതമാനം. ഇതിനു പുറമെ ദശലക്ഷക്കണക്കായ സിഖുകാരും ക്രൈസ്തവരും ജൈനരും മറ്റ് സമുദായങ്ങളുമുണ്ട്. ഇന്ത്യയെ ഒരുമയോടെ നിലനിർത്താനും മുന്നേറാനുമുള്ള ഒരേയൊരു നേരായ മാർഗം, എല്ലാ മതങ്ങൾക്കും ഇന്ത്യൻ ഭരണകൂടം തുല്യമായ ബഹുമാനം നൽകുക മാത്രമാണ്.
ജീവിതത്തിലുടനീളം, പ്രത്യേകിച്ച് 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായശേഷം ഇതിന് നേർവിപരീതമായിരുന്നു നരേന്ദ്ര മോദിയുടെ നയം. ചെറുപ്രായത്തിൽത്തന്നെ രാഷ്ട്രീയ സ്വയം സേവക്സംഘത്തിൽ ചേർന്നയാളാണ് മോദി. കുത്സിതമായ വിഭജന നയത്തിന്റെ ഭാഗമായി 1925ൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികൾ പടച്ചുവിട്ട ഈ സംഘടനയുടെ പ്രത്യയശാസ്ത്രം തന്നെ മുസ്ലിം വിദ്വേഷമാണ്.
എല്ലാ ആർ.എസ്.എസ് അംഗങ്ങളും നിർബന്ധമായും വായിച്ചിരിക്കേണ്ട എ ബഞ്ച് ഓഫ് തോട്ട്സ് (വിചാരധാര) എന്ന പുസ്തകത്തിൽ അവരുടെ നേതാവ് എം.എസ്. ഗോൾവാൾക്കർ അത് കൃത്യമായി വ്യക്തമാക്കുന്നുണ്ട്. മുസ്ലിംകൾക്കെതിരെ മുഴുനീളെ വിഷം ചീറ്റുന്ന അതിലെ ഒരു അധ്യായത്തിൽ അവരെ തെമ്മാടികൾ, തീവ്രവാദികൾ, വിദേശ ആക്രമണകാരികൾ, ബലാത്സംഗികൾ, കൊള്ളക്കാർ എന്നെല്ലാമാണ് വിശേഷിപ്പിക്കുന്നത്.
സംഘടനാ അംഗങ്ങളുടെ വിശുദ്ധപുസ്തകമെന്ന നിലയിൽ മോദി അത് തീർച്ചയായും വായിക്കുകയും അതിലെ തത്ത്വശാസ്ത്രം ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ടാകും. അവർ നിയന്ത്രിക്കുന്ന ബി.ജെ.പിയിലൂടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതുവരെ ആർ.എസ്.എസിന്റെ പ്രചാരകനായിരുന്നു മോദി.
ഗുജറാത്തിൽ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ചെയ്ത സംഗതികളിലൊന്ന് രണ്ടായിരത്തിലേറെ മുസ്ലിംകളെ അറുകൊല ചെയ്ത ഒരു കൂട്ടക്കുരുതിയൊരുക്കുകയായിരുന്നു. അക്കാലത്തെഴുതിയ ഒരു ലേഖനത്തിൽ ഈ സംഭവത്തെ ക്രിസ്റ്റൽനാത്ത് (ജർമനിയിൽ യഹൂദർക്കെതിരെ നടന്ന ബീഭത്സമായ കൂട്ടക്കുരുതിയെ വിശേഷിപ്പിക്കുന്ന പദം, ഉടഞ്ഞ ചില്ലുകൾ എന്നാണ് വാക്കർഥം) എന്നാണ് ഞാൻ വിശേഷിപ്പിച്ചത്.
പിന്നീട്, 2014ൽ, ഇന്ത്യയുടെ പ്രധാനമന്ത്രിയായ അദ്ദേഹം 10 വർഷമായി ആ പദത്തിൽ തുടരുന്നു. ഇക്കഴിഞ്ഞ പത്തുവർഷം ഇന്ത്യയിലെ മുസ്ലിംകളെ സംബന്ധിച്ച് പേടിസ്വപ്നമായിരുന്നു. മാട്ടിറച്ചി കഴിക്കുകയും വിൽക്കുകയും ചെയ്തുവെന്ന വ്യാജാരോപണം ഉന്നയിച്ച് ഗോരക്ഷക ഗുണ്ടകൾ പലരെയും തല്ലിക്കൊന്നു. ‘ജയ് ശ്രീറാം’ വിളിക്കാത്തതിന് പലരും ക്രൂരമായി മർദിക്കപ്പെട്ടു; അതും പൊലീസ് കാഴ്ചക്കാരായി നോക്കിനിൽക്കെ.
പലരുടെയും വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തുകളഞ്ഞു. കെട്ടിച്ചമച്ച കുറ്റങ്ങളും വ്യാജ തെളിവുകളും നിർമിച്ച് കള്ളാരോപണങ്ങൾ ചുമത്തിയും തീവ്രവാദികളെന്നും ഗുണ്ടാസംഘങ്ങളെന്നും മുദ്രകുത്തിയും ആയിരക്കണക്കിന് നിരപരാധികളായ മുസ്ലിംകളെ പൊലീസ് അറസ്റ്റ് ചെയ്തു, മിക്കവരും മനുഷ്യത്വഹീനമായ സാഹചര്യങ്ങളിൽ ജയിലിൽ കഴിയുന്നു.
ഇതെല്ലാം നടക്കുന്നത് മോദിയുടെ പൂർണമായ അറിവോടെ അദ്ദേഹത്തിന്റെ കൺമുന്നിൽ വെച്ചാണ്. എങ്ങനെ അല്ലാതിരിക്കും? ഇതുതന്നെയാണല്ലോ അദ്ദേഹം തന്റെ ജീവിതം കൊണ്ട് ലക്ഷ്യമിട്ടതും; ഇതു തന്നെയാണ് അദ്ദേഹത്തിന്റെ വിശ്വാസപ്രമാണവും.
കഴിഞ്ഞ ദശകത്തിലുടനീളം എല്ലാ പരസ്യ പ്രസ്താവനകളിലും വിശിഷ്യാ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ മോദി മുസ്ലിംകളെ പൈശാചികവത്കരിച്ചു, സകല ഭരണകൂട-വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കാവിവത്കരിക്കാനും ശ്രമിച്ചു. ഈ തെരഞ്ഞെടുപ്പ്കാലത്ത് രാജസ്ഥാനിലെ ബൻസ്വാരയിൽ നടത്തിയ പ്രസംഗത്തിൽ മുസ്ലിംകളെ വിദേശ നുഴഞ്ഞുകയറ്റക്കാർ എന്ന് വിളിച്ചത് സകലവിധ മര്യാദകളുടെയും ലംഘനമാണ്. (ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത പ്രദേശവാസികളുടെ പിൻമുറക്കാരാണ് ഇന്ത്യയിലെ മുസ്ലിംകളിൽ 95 ശതമാനവും, അല്ലാതെ വിദേശികളല്ല).
കടുത്ത മോദി ആരാധികയായ മാധ്യമപ്രവർത്തക റൂബിക ലിയാഖത്തുമായി പിന്നീട് നടത്തിയ അഭിമുഖത്തിൽ ഹിന്ദു-മുസ്ലിം ഭിന്നിപ്പ് പറയുന്നൊരാൾ പൊതുജീവിതത്തിന് യോഗ്യനല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ജീവിതകാലം മുഴുവൻ അതുതന്നെയാണ് ചെയ്തിട്ടുള്ളത് എന്നതിനാൽ അദ്ദേഹം ആജന്മ നുണയനാണെന്ന് വ്യക്തം.
തികച്ചും പ്രതിലോമപരമായ ഫ്യൂഡൽ ചിന്താഗതിക്കാരനാണ് മോദി. പുരാതന ഇന്ത്യയിൽ ശിരസ്സ് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നതായി അദ്ദേഹം ഒരിക്കൽ അവകാശപ്പെട്ടു (ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ തെളിവ് ഒരു ദേവന് ആനയുടെ തലയുണ്ട് എന്നതായിരുന്നു); ജനിതക എൻജിനീയറിങ്, സ്റ്റെം സെൽ തെറപ്പി തുടങ്ങിയ കാര്യങ്ങളിലൊക്കെ നമുക്ക് ജ്ഞാനമുണ്ടായിരുന്നുവെന്നും.
അതേസമയം അതിദാരിദ്ര്യം, സകല കണക്കുകളെയും ഭേദിച്ച് വർധിച്ചുവരുന്ന തൊഴിലില്ലായ്മ, കുട്ടികളുടെ പോഷകാഹാരക്കുറവിന്റെ ഭയാനകമായ അളവ് (ആഗോള പട്ടിണി സൂചിക പ്രകാരം ഓരോ രണ്ടാമത്തെ ഇന്ത്യൻ കുട്ടിയും പോഷകാഹാരക്കുറവുള്ളവരാണ്), ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വിലക്കയറ്റം, സാധാരണക്കാർക്ക് ശരിയായ ആരോഗ്യപരിരക്ഷയും നല്ല വിദ്യാഭ്യാസവും ലഭിക്കാതെ പോകുന്നത് എന്നിങ്ങനെ ഇന്ത്യ അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരമുണ്ടാക്കണമെന്ന് അദ്ദേഹത്തിന് ഒരു പിടിയുമില്ല.
പച്ചക്ക് പറഞ്ഞാൽ മുസ്ലിംകളോടുള്ള വെറുപ്പല്ലാതെ മറ്റൊന്നും ആ മനുഷ്യന്റെ തലക്കുള്ളിലില്ല. ഒന്നിനെക്കുറിച്ചും ശാസ്ത്രീയമായ ധാരണകളുമില്ല. ഇപ്പോൾ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹം തോൽക്കുക എന്നത് ഇന്ത്യയിലെ മുസ്ലിംകൾക്ക് മാത്രമല്ല, സകല ഇന്ത്യക്കാർക്കും കടുത്ത അസംബന്ധങ്ങളിൽ നിന്നുള്ള ആശ്വാസകരമായ മോചനമായിത്തീരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.