മോദി നടത്താത്ത അനുശോചന പ്രസംഗം
text_fields‘‘യൂനിഫോംധാരിയായ ഒരു റെയിൽവേ പൊലീസ് കോൺസ്റ്റബിൾ തന്റെ മേലുദ്യോഗസ്ഥനെയും ട്രെയിൻ യാത്രികരായ മൂന്ന് മുസ്‍ലിം പുരുഷന്മാരെയും വെടിവെച്ചു കൊലപ്പെടുത്തിയ വിദ്വേഷ കുറ്റകൃത്യം സംബന്ധിച്ച്, ഈ മഹത്തായ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ എനിക്കുള്ള അടങ്ങാത്ത വേദനയും രോഷവും ഇന്ത്യൻ ജനതയുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’’
‘‘അയാൾ കൊലപ്പെടുത്തിയ നാലു പേരുടെയും കുടുംബങ്ങളോട് എന്റെ ഹൃദയം അഗാധമായ സഹാനുഭൂതി അറിയി ക്കുന്നു. ഈ ദുഃഖവേളയിൽ മുഴുവൻ രാജ്യവും അവർക്കൊപ്പം നിൽക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.’’
“ കൊലനടത്തിയശേഷം റെക്കോഡ് ചെയ്ത വിഡിയോയിൽ ഈ കോൺസ്റ്റബിൾ എന്നോട് രാഷ്ട്രീയ വിധേയത്വം അവകാശപ്പെടുന്നുണ്ട്. ഞാൻ അതിനെ പൂർണമായും തള്ളിപ്പറയുന്നു. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയങ്ങളെ ഞാൻ ശക്തമായി എതിർക്കുന്നു എന്ന കാര്യവും ഊന്നിപ്പറയുന്നു. എന്റെ പ്രാഥമിക കടമ രാജ്യത്തിന്റെ ഭരണഘടനയെ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്, ആകയാൽ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിന്റെ ഉയർച്ച തടയാൻ പരമാവധി പ്രവർത്തിക്കുക എന്നതാണ്. മതത്തിെൻറയോ ജാതിയുടെയോ മറ്റെന്തെങ്കിലും സ്വത്വത്തിെൻറയോ പേരിൽ ആളുകളെ ഉന്നമിടുന്ന വിദ്വേഷ അതിക്രമങ്ങൾക്ക് ഈ രാജ്യത്ത് സ്ഥാനമില്ല.
കൊളോണിയൽ ഭരണാധികാരികൾ വിട്ടുപോയശേഷം നമ്മുടെ പൂർവസൂരികൾ പ്രതിജ്ഞ ചെയ്ത എല്ലാ പൗരജനങ്ങൾക്കും തുല്യതയുള്ള രാജ്യം കെട്ടിപ്പടുക്കാനും സുരക്ഷിതമാക്കാനുമുള്ള ദൃഢനിശ്ചയത്തിൽ കൈകോർക്കാൻ മത- ജാതി-ഭാഷ-ലിംഗ ഭേദെമന്യേ ഇന്ത്യയിലെ ജനങ്ങളോട് ഞാൻ ആഹ്വാനം ചെയ്യുന്നു. നമ്മുടെ ഭരണഘടനയുടെ മഹത്തായ ഉറപ്പുകൾ ഉയർത്തിപ്പിടിക്കുക.’’
ജൂലൈ 31ന് യൂനിഫോം ധാരിയായ ഒരു ആർ.പി.എഫുകാരൻ നടത്തിയ കൂട്ടക്കുരുതിക്കുശേഷം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിട്ടില്ലാത്ത പ്രസ്താവനയാണിത്.
മൗനമായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. രാജ്യത്തിെൻറ ആഭ്യന്തരമന്ത്രിയും റെയിൽവേ മന്ത്രിയും സമാനമായാണ് പ്രതികരിച്ചത്. ഔദ്യോഗിക പ്രതികരണം എന്ന നിലയിൽ എനിക്ക് ആകെ കാണാനായത് വെസ്റ്റേൺ െറയിൽവേയിലെ ഒരു ജൂനിയർ ഉദ്യോഗസ്ഥൻ പുറത്തിറക്കിയ പ്രസ്താവനയാണ്. സംഭവത്തെ ‘ദൗർഭാഗ്യകരം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ‘കോൺസ്റ്റബിൾ തെൻറ ഔദ്യോഗിക ആയുധം ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി എന്നും കുറ്റാരോപിതൻ അറസ്റ്റിലായി’ എന്നും കൂട്ടിച്ചേർക്കുന്നു.
അന്ന് പുലർച്ച, മുംബൈ-ജയ്പൂർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ യാത്രചെയ്യുകയായിരുന്ന കോൺസ്റ്റബിൾ മേലുദ്യോഗസ്ഥനായ എ.എസ്.ഐ ടിക്കാറാം മീണയെയാണ് ആദ്യം വെടിവെച്ചുകൊന്നത്. പിന്നീട് അതേ കോച്ചിൽ യാത്ര ചെയ്തിരുന്ന, ഒറ്റനോട്ടത്തിൽ തന്നെ മുസ്‍ലിം എന്ന് വ്യക്തമാവുന്ന താടിധാരിയായ അബ്ദുൽ ഖാദർഭായ് ഭൻപുർവാലയെ വെടിവെച്ചു കൊന്നു. പിന്നീട് നാലു കോച്ചുകളുടെ ഇടനാഴികളിലൂടെ നടന്ന് അടുത്ത മുസ്‍ലിം ഛായയുള്ള, താടിവെച്ച യാത്രികനെ- സദർ മുഹമ്മദ് ഹുസൈനെ പാൻട്രി കാറിൽ വെച്ച് കണ്ടു, അദ്ദേഹത്തെയും വെടിവെച്ചു കൊന്നു. രണ്ടു കോച്ചുകളിലൂടെ വീണ്ടും നടന്നു, വീണ്ടും കണ്ടു രൂപം കൊണ്ട് മുസ് ലിം എന്ന് തിരിച്ചറിയാവുന്ന അസ്ഘർ അബ്ബാസ് ശൈഖിനെ, അദ്ദേഹത്തെയും വെടിവെച്ചു കൊന്നു.
പിന്നീട്, സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയിൽ ഈ കോൺസ്റ്റബിൾ കൊലപ്പെടുത്തിയ ഒരാളുടെ ദേഹത്ത് കയറി നിന്ന് “നിങ്ങൾക്ക് വോട്ടു ചെയ്യണമെങ്കിൽ, നിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ, ഞാൻ പറയുന്നു, മോദിയും യോഗിയുമുണ്ട്’’ എന്ന് പ്രഖ്യാപിക്കുന്നത് കേൾക്കാം. ഇന്ത്യൻ മുസ്ലിംകളെക്കുറിച്ച് സൂചിപ്പിച്ച് ‘‘അവർ പാകിസ്താനിൽ നിന്നാണ് പ്രവർത്തിക്കുന്നത്, ഇതാണ് രാജ്യത്തെ മാധ്യമങ്ങൾ കാണിക്കുന്നത്...’’എന്നും അയാൾ പറയുന്നു.
ആ വിഡിയോയുടെ ഏറ്റവും നടുക്കുന്ന കാര്യം എന്തെന്നാൽ, പ്രതി ഒരു കുലുക്കവുമില്ലാതെയാണ് നിൽക്കുന്നത്. യാത്രക്കാരിൽ ഒരാൾപോലും അയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നില്ല, അത് ഒരു പക്ഷേ അയാൾ ആയുധധാരി ആയിരുന്നതുകൊണ്ടാവാം. കുറെയേറെ ആളുകളിരുന്ന് വിഡിയോ പകർത്തുക മാത്രം ചെയ്യുന്നു.
പിറ്റേ ദിവസം ഒരു യുവമുസ്ലിം സഹപ്രവർത്തക എെൻറ ഓഫിസിലേക്ക് കയറിവന്നു. അവർക്ക് കണ്ണീരടക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ‘‘ഈ വാർത്തയും വിഡിയോയും കണ്ടതിൽപ്പിന്നെ എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല’’- അവർ തേങ്ങിപ്പറഞ്ഞു.
‘‘വല്ലാത്ത അരക്ഷിതത്വം തോന്നുന്നു. ഞാൻ ആലോചിച്ചത് ആ മരിച്ച മനുഷ്യർ ഒരുപക്ഷേ എെൻറ പിതാവോ സഹോദരനോ ആകുമായിരുന്നു, ഒരു പക്ഷേ ഇന്നലെ ഞാനും ട്രെയിൻ യാത്ര ചെയ്ത ഞാനാകുമായിരുന്നു’’.
അവളെ ആശ്വസിപ്പിക്കാൻ വിഫല ശ്രമം നടത്തുന്നതിനിടെ ഞാൻ ആലോചിച്ചു, രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ ദശലക്ഷക്കണക്കിന് മുസ്ലിംകളും അവളുടേതിന് സമാനമായ, ഭയാനകമായ സങ്കടചിന്തയിലൂടെയാവും കടന്നുപോകുന്നുണ്ടാവുകയെന്ന്. നമ്മുടെ ഭരണ സംവിധാനത്തിൽ ഇന്ത്യയിലെ മുസ്ലിംകൾക്ക് സമാശ്വാസവും ഉറപ്പും നൽകാൻ ഒറ്റൊറ്റ നേതാവുപോലുമില്ല എന്ന കാര്യവും ഞാൻ തിരിച്ചറിഞ്ഞു.
നവ ഇന്ത്യയിലെ ഏറ്റവും വലിയ വർത്തമാനകാല ദുരന്തവും അതുതന്നെയാവും-
നമ്മുടെ നേതാക്കളിൽ പൊതു സഹാനുഭൂതിക്കുള്ള രോഗാതുരമായ അഭാവം. പകരം അവരിൽ പലരും വിദ്വേഷത്തിെൻറ വാഹകരാണു താനും.
ലോകത്തിെൻറ മറ്റേതൊരു ഭാഗവുമെടുത്തു നോക്കുക. 2020 മേയ് മാസം 47 വയസ്സുള്ള ജോർജ് ഫ്ലോയിഡ് എന്ന ആഫ്രോ അമേരിക്കക്കാരനെ മിനിയപോളിസിലെ പൊലീസുകാരൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. ‘‘എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല’’ എന്നായിരുന്നു ജോർജ് ഫ്ലോയിഡിെൻറ അവസാന വാക്കുകൾ.
തൊലികറുത്തവരോട് സഹാനുഭൂതി ഇല്ലാത്തതിൽ കുപ്രസിദ്ധനായ ആളായിരുന്നു അതി വലതുപക്ഷ രാഷ്ട്രീയക്കാരനായ അന്നത്തെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. എന്നിട്ടും തദ് വിഷയത്തിൽ ട്രംപ് പ്രസ്താവന നടത്തി ‘‘ജോർജ്ജ് ഫ്ലോയിഡിന്റെ കുടുംബത്തോട് നമ്മുടെ രാജ്യത്തിന്റെ അഗാധമായ, ഹൃദയംഗമമായ അനുശോചനം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഭയാനകമായ, ദാരുണമായ, കാര്യം സംഭവിച്ചു. ….അത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു, അനുവദിക്കരുതാത്തതായിരുന്നു. നീതി ലഭ്യമാക്കുമെന്ന് നാം ഉറപ്പുപറയുന്നു. അദ്ദേഹത്തിെൻറ ഭയചകിതരായ കുടുംബാംഗങ്ങളുമായി ഞാൻ സംസാരിച്ചു...’’
അതല്ലെങ്കിൽ സമീപകാലത്തെ ഒരു വെടിവെപ്പ് സംഭവത്തിെൻറ കാര്യം നോക്കൂ, വടക്കൻ ആഫ്രിക്കൻ വേരുകളുള്ള നഹീൽ എം എന്ന 17കാരൻ മുസ്‍ലിം പയ്യൻ പാരിസിൽ ട്രാഫിക് പൊലീസിെൻറ വെടിയേറ്റു മരിച്ചു.
ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പൊലീസിനെ അപലപിച്ച് തുറന്നുപറഞ്ഞു:
“നമ്മുടെ ഒരു കൗമാരക്കാരൻ കൊല്ലപ്പെട്ടിരിക്കുന്നു, അത് പറഞ്ഞറിയിക്കാനാകാത്തതും പൊറുക്കാനാകാത്തതുമായ സംഭവമാണ്. എന്തു കാരണത്തിെൻറ പേരിലായാലും ഒരു യുവാവിന്റെ മരണത്തെ ന്യായീകരിക്കാനാവില്ല. കുടുംബത്തോട് ഐക്യദാർഢ്യവും സഹാനുഭൂതിയും പ്രകടിപ്പിച്ച അദ്ദേഹം സ്ഥിതിഗതികൾ സമാധാനത്തിലായ ശേഷം നീതി നടപ്പാക്കുമെന്ന് ഉറപ്പും നൽകി.
നാം തെരഞ്ഞെടുത്ത നമ്മുടെ നേതാക്കളിൽനിന്ന് വേദനയുടെയോ രോഷത്തിന്റെയോ പൊതു ഖേദത്തിന്റെയോ ഉറപ്പിന്റെയോ നേർത്ത ശബ്ദംപോലും കേൾക്കാത്ത വിധത്തിലുള്ള എന്ത് ധാർമിക പ്രതിസന്ധിയാണ് ഈ രാജ്യത്തെ വലയം ചെയ്തിരിക്കുന്നത്?
ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് പൊലീസുകാർ നടത്തിയ ഈ രണ്ടു കൊലപാതകങ്ങൾക്കെതിരെ അമേരിക്കയിലും ഫ്രാൻസിലും പൊതുജന പ്രക്ഷോഭങ്ങളുയർന്നിരുന്നു. മുംബൈ-ജയ്പൂർ ട്രെയിനിൽ യൂനിഫോം ധരിച്ച പൊലീസുകാരൻ നടത്തിയ ക്രൂരമായ വിദ്വേഷ കുറ്റകൃത്യം രാജ്യവ്യാപക രോഷത്തിന് കാരണമാകാത്ത വിധം എന്ത് ധാർമിക പ്രതിസന്ധിയിലാണ് ഇന്ത്യയുടെ പൊതുമനഃസാക്ഷിയെ തകർത്തുകളയുന്നത്?
അതിനുപകരം ഈ കൂട്ടക്കൊല മാനസിക അസ്വാസ്ഥ്യമുള്ള ഒരു വ്യക്തിയുടെ ചെയ്തി മാത്രമാണെന്നും വിദ്വേഷ കുറ്റകൃത്യമല്ലെന്നും നമ്മെ ബോധ്യപ്പെടുത്താനുള്ള ആഞ്ഞുപിടിച്ച ശ്രമത്തിലാണ് നമ്മുടെ മാധ്യമങ്ങൾ. കൊല്ലപ്പെട്ട ആളുകൾ ആരൊക്കെയെന്ന് വെളിപ്പെടുത്താൻ പല റിപ്പോർട്ടർമാരും ആദ്യഘട്ടത്തിൽ കൂട്ടാക്കിയിരുന്നില്ല. മുന്നിൽ കണ്ടവരെ വെടിവെച്ചിടുകയായിരുന്നുവെന്നാണ് ചിലർ റിപ്പോർട്ട് ചെയ്തത്.
മാനസികാസ്വാസ്ഥ്യമുള്ള ആളാണ് ഇവ്വിധത്തിൽ വെടിയുതിർത്തതെങ്കിൽ, എന്തുകൊണ്ടാണ് അയാൾ കൊലപ്പെടുത്തിയ യാത്രക്കാരെല്ലാം മുസ്ലിംകൾ മാത്രമായത്? കോൺസ്റ്റബിൾ മാനസിക സ്ഥിരത ഇല്ലാത്ത ആളായിരുന്നുവെങ്കിൽ മേലുദ്യോഗസ്ഥർ എങ്ങനെയാണ് അയാളെ ഒരു മാരകായുധം ഉത്തരവാദിത്തത്തോടെ ഏൽപിച്ചത്?
മതപരമായ വ്യക്തിത്വത്തിന്റെ പേരിൽ മാത്രം മൂന്ന് അപരിചിതരുടെ ജീവൻ അപഹരിക്കാൻ പ്രേരിപ്പിക്കും വിധം ഈ യുവ കോൺസ്റ്റബിളിന്റെ ആത്മാവിനെ വിഷലിപ്തമാക്കിയത് എന്താണ്?
ഈ വിദ്വേഷത്തിന്റെ ഉറവിടം എവിടെ നിന്നാണ് എന്ന് എന്തുകൊണ്ട് നാം ചോദിക്കുന്നില്ല?
ഈ കോൺസ്റ്റബിൾ ഒരു മുസ്‍ലിം ആയിരുന്നുവെന്ന് ഒരു നിമിഷം ചിന്തിക്കുക. അങ്ങനെയെങ്കിൽ നമ്മുടെ രാഷ്ട്രീയ, മാധ്യമ വ്യവഹാരങ്ങൾ എത്രമാത്രം ചൂടുകൊണ്ട് വിറക്കുമായിരുന്നു? വെടിവെപ്പിനെ ഒരു ഭീകരാക്രമണമായി പ്രഖ്യാപിച്ച് ഉടനടി ഔദ്യോഗിക അപലപനം വരുമായിരുന്നു. പൈശാചിക ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിച്ചതിന് ഇന്ത്യയുടെ അയൽക്കാർക്കെതിരെ രോഷത്തോടെ സംശയ വിരലുകൾ ഉയർന്നേനെ. ഇവിടെയിപ്പോൾ ഒരു മേൽജാതിക്കാരൻ ഹിന്ദു കോൺസ്റ്റബിൾ മുസ്‍ലിം യാത്രക്കാർക്കു നേരെയാണ് നിറയൊഴിച്ചിരിക്കുന്നത് എന്നതിനാൽ രാഷ്ട്രീയ- സാമൂഹിക രോഷങ്ങളേതുമേ ഇല്ലാതായിരിക്കുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.