മോദി പയറ്റുന്ന ‘മണ്ഡൽ’ രാഷ്ട്രീയം
text_fieldsദുർബലരും കൂടുതൽ പിന്നാക്കക്കാരുമായ കരകൗശലക്കാരും കൈത്തൊഴിലുകാരുമായ ഒ.ബി.സി വിഭാഗങ്ങളും ഭൂമിയുടെ ഉടമാവകാശവും അധികാര പങ്കാളിത്തവുമുള്ള ശക്തരും പ്രബലരുമായ കർഷക ഒ.ബി.സിക്കാരും തമ്മിലുള്ള അന്തരം മണ്ഡൽ കമീഷൻ റിപ്പോർട്ടിൽതന്നെ വ്യക്തമാക്കിയതാണ്. കരകൗശല ഒ.ബി.സിക്കാർക്ക് കർഷക ഒ.ബി.സിക്കാരുമായി ഒരു മത്സരം സാധ്യമല്ലെന്ന് മണ്ഡൽ കമീഷൻ റിപ്പോർട്ടിൽ വിയോജനക്കുറിപ്പായി രേഖപ്പെടുത്തിയിട്ടുമുണ്ട്
മൂന്നാമൂഴത്തിന് വോട്ട് സമാഹരണ യജ്ഞം തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കുലത്തൊഴിലിലേർപ്പെട്ട ഒ.ബി.സിക്കാർക്കായി ‘വിശ്വകർമ യോജന’ ചെങ്കോട്ടയിൽ പ്രഖ്യാപിച്ചതിന് തൊട്ടുപിറ്റേന്നുതന്നെ കേന്ദ്ര മന്ത്രിസഭ അതിന് അംഗീകാരം നൽകി. വിശ്വകർമ ജയന്തി ദിനത്തിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞ പദ്ധതിയുടെ വിശദാംശങ്ങൾ മന്ത്രിസഭ യോഗ തീരുമാനങ്ങൾക്കൊപ്പം കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിടുകയും ചെയ്തു. പദ്ധതിക്ക് അർഹതയുള്ള കുലത്തൊഴിലുകാരായ 18 ഒ.ബി.സി വിഭാഗങ്ങളുടെ പട്ടിക വായിച്ച അശ്വിനി വൈഷ്ണവിനോട് വിശ്വകർമ പദ്ധതിയുടെ ഗുണഭോക്താക്കളുടെ കൂട്ടത്തിൽ പ്രധാനമന്ത്രി നിരന്തരം വാചാലമാകാറുള്ള മുസ്ലിംകളിലെ പസ്മാന്തകളെ പരാമർശിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ഹിന്ദി ബെൽറ്റിലെ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചിരുന്നു. സർക്കാർ നിർണയിച്ച കുലത്തൊഴിലുകളിൽ ഏർപ്പെട്ട ഒ.ബി.സിക്കാർ ഏത് മതത്തിൽപ്പെട്ടവരായാലും ഗുണഭോക്താക്കളാകുമെന്നും അതിൽ മതഭേദം കാണിക്കില്ലെന്നുമായിരുന്നു വൈഷ്ണവ് നൽകിയ മറുപടി.
ഒ.ബി.സിക്കുള്ളിലെ പിളർപ്പിൽ പ്രതീക്ഷ
ഒ.ബി.സിക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്നതിനിടയിലും വിശ്വകർമജരെയും പസ്മാന്തകളെയും പ്രത്യേകം സംബോധന ചെയ്ത് ചേർത്തുപിടിക്കാൻ മോദി നോക്കുന്നത് അടുത്ത പൊതുതെരഞ്ഞെടുപ്പിനായി പിന്നാക്ക ജാതി സമവാക്യം പൊളിച്ചെഴുതുന്നതിനാണ്. 2014ൽ ഉത്തർപ്രദേശിൽ ബഹുജൻ സമാജ് പാർട്ടിയുടെ (ബി.എസ്.പി) സ്വത്വരാഷ്ട്രീയത്തെ പിളർത്തി മായാവതിയുടെ ‘ബഹുജൻ സമാജി’ൽ വലിയൊരു വിഭാഗത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന് വളമാക്കി മാറ്റിയ തന്ത്രത്തിന്റെ വകഭേദമാണ് 2024ൽ ഒ.ബി.സിക്കിടയിൽ ബി.ജെ.പി പയറ്റാനിറങ്ങിയിരിക്കുന്നത്. ഉത്തർപ്രദേശിൽ ബി.എസ്.പി ശാക്തീകരിച്ചവരിൽ ഭൂരിഭാഗവും മായാവതിയുടെ സ്വന്തം ജാതിക്കാരായ ജാട്ടവുകൾ ആയിരുന്നതിനാൽ അവരിലേക്ക് ചൂണ്ടി മറ്റു പട്ടികജാതി വിഭാഗങ്ങളുടെ രക്ഷക്ക് തങ്ങളുണ്ട് എന്ന് വിശ്വസിപ്പിച്ച് കൂടെ നിർത്തുകയായിരുന്നു ബി.ജെ.പി. സമാനമായ പിളർപ്പ് ഒ.ബി.സി വിഭാഗങ്ങൾക്കിടയിൽ സൃഷ്ടിച്ചെങ്കിൽ മാത്രമേ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കേന്ദ്രത്തിൽ ഇനിയൊരു ഭരണത്തുടർച്ച സാക്ഷാത്കരിക്കാനാകൂ എന്ന തിരിച്ചറിവ് അവർക്കുണ്ട്.
പ്രബലർ വേണ്ട; ദുർബലർ മതി
മണ്ഡൽ രാഷ്ട്രീയത്തിന്റെ സംഭാവനകളായ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും തേജസ്വി യാദവും അഖിലേഷ് യാദവും ‘ഇൻഡ്യ’ സഖ്യത്തിന്റെ ഭാഗമായി ബി.ജെ.പിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് എത്തുന്നപക്ഷം വടക്കേ ഇന്ത്യയിൽ ഒ.ബി.സിയിലെ പ്രബലരും ശക്തരുമായ യാദവ, കുർമി ജാതികളുടെ പിന്തുണ പ്രതീക്ഷിക്കാനാവില്ല. അതിനാൽ അധികാര-ഉദ്യോഗ തലങ്ങളിൽ സ്വാധീനമുള്ള ഒ.ബി.സിയിലെ പ്രബല വിഭാഗങ്ങൾക്ക് പിറകെ പോകാതെ ഏറ്റവും പിന്നാക്കക്കാരും (എം.ബി.സി) ദുർബലരുമായ ഒ.ബി.സി വിഭാഗങ്ങളെ തങ്ങളോടൊപ്പം നിർത്താനാണ് ബി.ജെ.പി നോക്കുന്നത്. ‘വിശ്വകർമ യോജന’യുടെ ഭാഗമാക്കിയ ഒ.ബി.സി വിഭാഗങ്ങൾ ആരൊക്കെ എന്ന് നോക്കിയാൽ ഇത് വ്യക്തമാകും. ആശാരി, വള്ളം നിര്മാണക്കാർ, കവച നിര്മാണക്കാർ, കൊല്ലപ്പണിക്കാർ, പണിയായുധങ്ങളുണ്ടാക്കുന്നവർ, താഴ് നിര്മാണക്കാർ, സ്വര്‍ണപ്പണിക്കാർ, കുശവന്മാര്, ശില്പികൾ, കൊത്തുപണിക്കാര്‍, കല്ല് പൊട്ടിക്കുന്നവര്‍, ചെരുപ്പുകുത്തികൾ, പാദരക്ഷ നിർമാണക്കാർ, കല്ലാശാരി, കൊട്ടയും പായയും ചൂലുമുണ്ടാക്കുന്നവർ, കയര്‍ നെയ്ത്തുകാർ, പരമ്പരാഗത പാവ-കളിപ്പാട്ട നിര്മാണക്കാർ, ക്ഷുരകർ, മാലയുണ്ടാക്കുന്നവർ, അലക്കുകാര്‍, തയ്യല്‍ക്കാര്‍, മത്സ്യബന്ധന വല നെയ്യുന്നവർ എന്നീ കുലത്തൊഴിലുകാരാണവർ.
ഒ.ബി.സി ജാതികളിലെ ശക്തരും ദുർബലരും
2018 വരെ ലഭ്യമായ കണക്കുപ്രകാരം രാജ്യത്ത് ഒ.ബി.സി വിഭാഗക്കാരായി 2600 സമുദായങ്ങളെങ്കിലുമുണ്ട്. ഇതിൽ 983 വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിൽ ഒട്ടും പ്രാതിനിധ്യമില്ല. ഒ.ബി.സിക്കായി സംവരണം ചെയ്ത സർക്കാർ ജോലികളിൽ 97 ശതമാനവും നേടുന്നത് കേവലം 10 ജാതികളാണ്. ദുർബലരും കൂടുതൽ പിന്നാക്കക്കാരുമായ കരകൗശലക്കാരും കൈത്തൊഴിലുകാരുമായ ഒ.ബി.സി വിഭാഗങ്ങളും ഭൂമിയുടെ ഉടമാവകാശവും അധികാര പങ്കാളിത്തവുമുള്ള ശക്തരും പ്രബലരുമായ കർഷക ഒ.ബി.സിക്കാരും തമ്മിലുള്ള അന്തരം മണ്ഡൽ കമീഷൻ റിപ്പോർട്ടിൽതന്നെ വ്യക്തമാക്കിയതാണ്. കരകൗശല ഒ.ബി.സിക്കാർക്ക് കർഷക ഒ.ബി.സിക്കാരുമായി ഒരു മത്സരം സാധ്യമല്ലെന്ന് മണ്ഡൽ കമീഷൻ റിപ്പോർട്ടിൽ വിയോജനക്കുറിപ്പായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഭൂപരിഷ്കരണത്തെ തുടർന്ന് ഭൂമി ലഭിച്ച യാദവരും കുർമികളും അടങ്ങുന്ന കർഷകരായ ഒ.ബി.സിക്കാർക്ക് മണ്ഡൽ കമീഷൻ റിപ്പോർട്ടിനെ തുടർന്ന് അധികാര പങ്കാളിത്തവും ലഭിച്ചതോടെ ഈ അന്തരം ഏറുകയാണ് ചെയ്തത്.
രോഹിണി കമീഷനും ജാതി സെൻസസും
മണ്ഡൽ കമീഷൻ റിപ്പോർട്ടിനെ തുടർന്നുണ്ടായ സംവരണത്തിന്റെ ആനുകൂല്യം പ്രബലരായ ഏതാനും വിഭാഗങ്ങളിൽ പരിമിതപ്പെടുന്നുവെന്ന പരാതികളെ രാഷ്ട്രീയമായി തങ്ങൾക്ക് അനുകൂലമാക്കാനാകുമോ എന്ന ചിന്തയിൽനിന്നുകൂടിയാണ് ഒ.ബി.സിക്കാരെ വിവിധ ഉപജാതികളാക്കി തരം തിരിക്കുന്നതിന് 2017ൽ നരേന്ദ്ര മോദി സർക്കാർ രോഹിണി കമീഷനെ നിയോഗിച്ചത്. കമീഷൻ റിപ്പോർട്ട് ജൂലൈ 31ന് രാഷ്ട്രപതിക്ക് സമർപ്പിച്ചെങ്കിലും ഉള്ളടക്കമോ ശിപാർശകളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒ.ബി.സിക്കുള്ളിലെ ബലാബലത്തിൽ പക്ഷം പിടിക്കാമെന്ന കണക്കുകൂട്ടലിൽ നിയോഗിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പുറത്തുവന്നാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും.
മറുഭാഗത്ത് ജാതി സെൻസസ് അജണ്ടയാക്കി ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷം തീരുമാനിച്ചതും മോദിക്ക് പിന്നിലുള്ള ഒ.ബി.സി വിഭാഗങ്ങളെ കണ്ടാണ്. ജാതി സെൻസസ് ആവശ്യമുന്നയിക്കുക മാത്രമല്ല, ഒ.ബി.സി വോട്ടുകൾ നിർണായകമായ ബിഹാറിൽ നിതീഷ് സർക്കാർ സ്വന്തം നിലക്ക് ജാതി സർവേ പൂർത്തിയാക്കുകയും ചെയ്തു. അത് തടയാൻ ശ്രമിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന് ഹൈകോടതിയിലും സുപ്രീംകോടതിയിലും തിരിച്ചടിയേറ്റു. ജാതി സെൻസസ് തടയാൻ കോടതി വിസമ്മതിച്ചതോടെ അത് പ്രസിദ്ധീകരിക്കരുതെന്ന ആവശ്യമാണ് ഏറ്റവുമൊടുവിൽ സുപ്രീംകോടതി മുമ്പാകെ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, അത് പ്രസിദ്ധീകരിച്ചേ മതിയാകൂ എന്ന നിലപാടിലാണ് നിതീഷ് സർക്കാർ.
ഏതായാലും മുൻ പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിങ് മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കിയ ശേഷം ഉത്തരേന്ത്യൻ രാഷ്ട്രീയം വീണ്ടുമൊരിക്കൽകൂടി ഒ.ബി.സി കേന്ദ്രീകൃതമാവുകയാണ്. രോഹിണി കമീഷനും ജാതി സർവേയും വിശ്വകർമ യോജനയുമെല്ലാം ഒ.ബി.സി വോട്ടുകൾക്കായെറിയുന്ന വലകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.