ഖത്തർ ലോകകപ്പ് 'കട്ടെടുത്ത' മഗ്‌രിബിലെ ഉമ്മമാർ; അവർ വീട്ടുവേലയെടുത്ത് കളിപഠിപ്പിച്ച മക്കൾ
text_fieldsദോഹ: ഖത്തർ ലോകകപ്പിൽ മൊറോക്കൊയുടെ കുതിപ്പിനൊപ്പം താരങ്ങളുടെ അമ്മമാരും ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഖത്തറിൽ ദേശീയ ടീം കളിക്കുന്ന ഓരോ മത്സരങ്ങൾക്ക് ശേഷവും അമ്മമാരോടൊപ്പം ആഘോഷിക്കുന്ന ഒരു കൂട്ടം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിച്ചത്. "റോഡിലൂടെ നടക്കുന്നവർക്ക് അമ്മ ജീവിതത്തിന്റെ വിളക്കുമാടമായി തുടരുന്നു''. മൊറോക്കൻ ടീമിന്റെ പരിശീലകനായ വാലിദ് റെഗ്രഗിയുടെ വാചകങ്ങൾ അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ലോകകപ്പ് മത്സരങ്ങളിൽ മൊറോക്കൻ ടീമിനൊപ്പം അവരുടെ അമ്മമാരും ഉണ്ടായിരുന്നു. അമ്മമാരോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരം താരങ്ങൾ ഒരു കളിയിലും പാഴാക്കിയില്ല. അത് എല്ലാ മത്സരങ്ങളിലും വീണ്ടും വീണ്ടും കാണാനായി. ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെതിരെ അതുല്യ വിജയം നേടിയ മൊറോക്കൻ ടീം ലോകകപ്പിന്റെ സെമിഫൈനലിലെത്തി പുതു ചരിത്രവുമെഴുതി. ലോകകപ്പിന്റെ ചരിത്രത്തിൽ സെമിയിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ ടീമായി മൊറോക്കോ മാറി.
ലോകകപ്പ് സെമിഫൈനലിലേക്ക് മൊറോക്കോ യോഗ്യത നേടിയതിൽ സന്തോഷിച്ച് ടീം അംഗമായ സുഫിയാൻ ബൗഫൽ തന്റെ അമ്മക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വൈറലായി പരക്കുകയാണ്.
ഫിഫ ട്വിറ്ററിൽ കുറിച്ചു, " കളി കാണാനെത്തിയ ഒരു പ്രധാന അതിഥിക്ക് സ്റ്റാൻഡിൽ നിൽക്കാൻ കഴിഞ്ഞില്ല. അതിനാൽ സുഫിയാൻ ബൗഫലിന്റെ അമ്മ ആഘോഷിക്കാൻ അൽ തുമാമ സ്റ്റേഡിയത്തിൽ പ്രവേശിച്ചു. ഇന്ന് മൊറോക്കോയുടെ ആഘോഷങ്ങളുടെ താരം ഈ അമ്മയാണ്". ട്വിറ്ററിൽ ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. 'തന്റെ മകൻ വിജയിക്കുമ്പോൾ ഒരമ്മയോളം സന്തോഷം മറ്റൊന്നിനുമില്ല' എന്ന് ഒരാൾ പ്രതികരിച്ചു. 2022 ലോകകപ്പിലെ ഏറ്റവും മനോഹരമായ വിഡിയോകൾ എന്നാണ് ഈ ക്ലിപ്പുകൾ വിശേഷിപ്പിട്ടപ്പെട്ടത്.
ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയ മൊറോക്കൻ ടീമിന്റെ ആഘോഷങ്ങൾക്കിടയിൽ, മൊറോക്കൻ ടീമിന്റെ പരിശീലകൻ വാലിദ് റെഗ്രഗുയി അമ്മയുടെ തലയിൽ ചുംബിക്കാൻ വേണ്ടി സ്റ്റേഡിയത്തിന്റെ സ്റ്റാൻഡിലേക്ക് കടന്നുവന്നത് കാണികളെ അമ്പരപ്പിച്ചു. പോർച്ചുഗലുമായുള്ള മത്സരത്തിലും അദ്ദേഹം ഇത് ആവർത്തിച്ചു. മൊറോക്കൻ പരിശീലകന്റെ അമ്മക്ക് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വലിയ പങ്കുണ്ട്. അവർ പാരീസിലെ ഓർലി എയർപോർട്ടിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്.
ടീം അംഗം അഷ്റഫ് ഹക്കീമി തന്റെ ജീവിതത്തിൽ അമ്മയുടെ പങ്കിന് പലതവണ നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്. സ്‌പെയിനിനെതിരായ മത്സരവിജയത്തിന് ശേഷം സഹപ്രവർത്തകരോടൊപ്പമുള്ള ആഘോഷം കഴിഞ്ഞ് അദ്ദേഹം മാതാവിനടുത്തേക്ക് ഓടിയെത്തി അവരെ കെട്ടിപ്പിടിച്ച് ചുംബിക്കുകയും ജഴ്സി ഊരി നൽകുകയും ചെയ്തിരുന്നു.
ബെൽജിയത്തിനെതിരായ വിജയത്തിന് ശേഷം, തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ, "ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, അമ്മ" എന്നും കുറിച്ചു. അമ്മക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. ഉപജീവനത്തിനായി വീടുകളിൽ വേലക്കാരിയായി ജോലി ചെയ്തിരുന്ന അമ്മയുടെ പങ്കിന് ഹക്കിമി പലതവണ നന്ദി പ്രകടിപ്പിച്ചു. പരിശീലനത്തിനും ജിമ്മിൽ പോകുന്നതിനും പണം കണ്ടെത്തി നൽകാൻ അവർ നന്നായി ബുദ്ധിമുട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.