കോടതിമുറിയിലെ വിലാപങ്ങള്‍
text_fieldsപെരിയ കൊലക്കേസിലെ പ്രതികളില്‍ ചിലര്‍ കുടുംബപ്രാരാബ്ധങ്ങള്‍ പറഞ്ഞ് ശിക്ഷയില്‍ ഇളവുചോദിച്ചതും മറ്റൊരു യുവാവ് വാവിട്ടുകരഞ്ഞുകൊണ്ട് വധിച്ചുകളഞ്ഞേക്കൂ എന്ന് പറഞ്ഞതും വല്ലാതെ വേദനിപ്പിച്ചു. അത് പ്രതികളോടുള്ള അനുകമ്പയുടെ പേരിലല്ല. അനുകമ്പയല്ല നീതിയാണ്, കുറ്റത്തിന് ശിക്ഷയാണ് പ്രധാനം. പക്ഷേ, ഞാന്‍ വേദനിച്ചത് നമ്മുടെ സംസ്ഥാനത്തെ ഓര്‍ത്താണ്. കക്ഷിരാഷ്ട്രീയത്തിന്റെ ഹിംസ എല്ലാക്കാലത്തും എന്നെ നടുക്കിയിട്ടുണ്ട്. നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന...
പെരിയ കൊലക്കേസിലെ പ്രതികളില്‍ ചിലര്‍ കുടുംബപ്രാരാബ്ധങ്ങള്‍ പറഞ്ഞ് ശിക്ഷയില്‍ ഇളവുചോദിച്ചതും മറ്റൊരു യുവാവ് വാവിട്ടുകരഞ്ഞുകൊണ്ട് വധിച്ചുകളഞ്ഞേക്കൂ എന്ന് പറഞ്ഞതും വല്ലാതെ വേദനിപ്പിച്ചു. അത് പ്രതികളോടുള്ള അനുകമ്പയുടെ പേരിലല്ല. അനുകമ്പയല്ല നീതിയാണ്, കുറ്റത്തിന് ശിക്ഷയാണ് പ്രധാനം. പക്ഷേ, ഞാന്‍ വേദനിച്ചത് നമ്മുടെ സംസ്ഥാനത്തെ ഓര്‍ത്താണ്.
കക്ഷിരാഷ്ട്രീയത്തിന്റെ ഹിംസ എല്ലാക്കാലത്തും എന്നെ നടുക്കിയിട്ടുണ്ട്. നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന ഒരു ചെറിയ പട്ടണത്തിലാണ് ഞാന്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എഴുപതുകളില്‍. അവിടെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ നടന്നിരുന്നത് സി.പി.എം-സി.പി.ഐ കക്ഷികള്‍ തമ്മിലും സി.പി.എമ്മും യൂത്ത് കോൺഗ്രസും തമ്മിലുമായിരുന്നു.
എന്റെ അയല്‍വാസിയായ ഒരു യൂത്ത് കോൺഗ്രസുകാരനെ സി.പി.എമ്മുകാര്‍ വടിവാള്‍ ഉപയോഗിച്ച് നടുറോഡിലിട്ട് വെട്ടിക്കൊല്ലുന്നതും സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ വീട് യൂത്ത് കോൺഗ്രസുകാര്‍ പൂർണമായും അഗ്നിക്കിരയാക്കിയതും ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. അദ്ദേഹവും കുടുംബാംഗങ്ങളും എങ്ങനെയോ രക്ഷപ്പെട്ടു. അക്കാലത്ത് സി.പി.എം-സി.പി.ഐ രക്തസാക്ഷികള്‍ കൂടുതലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള രാഷ്ട്രീയസംഘട്ടനങ്ങളുടെ പേരിലായിരുന്നു.
വെട്ടേറ്റുമരിച്ച ഒരു കെ.എസ്.വൈ.എഫ് (പിന്നീട് ഡി.വൈ.എഫ്.ഐ ആയി) പ്രവര്ത്തകന് എന്റെ അമ്മയുടെ അടുത്ത സുഹൃത്തിന്റെ അനുജനായിരുന്നു. അവര്‍ നിരന്തരം വീട്ടില്‍വന്നു അനിയന്റെ കാര്യം പറഞ്ഞു കരയുമായിരുന്നു. എനിക്ക് വേണ്ടപ്പെട്ട സി.പി.ഐ കുടുംബത്തിലെ സഖാവും വെട്ടേറ്റ് മരിച്ചിട്ടുണ്ട്. ഇതല്ലാതെ നിരവധി യൂത്ത് കോൺഗ്രസ്, ആർ.എസ്.പി, മുസ്ലിംലീഗ്, സി.പി.ഐ പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും സംഘട്ടനങ്ങളില്‍ അക്കാലത്ത് മരിച്ചിട്ടുണ്ട്.
സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം
സി.പി.എം-സി.പി.ഐ(എം.എല്‍) സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ഗംഭീര ലഘുലേഖ എഴുതി അതിന് അറുതിവരുത്താന്‍ കെ. വേണുവിന്റെ ധിഷണക്ക് കഴിഞ്ഞതാണ് അതിരൂക്ഷമാകുമായിരുന്ന മറ്റൊരു രക്തച്ചൊരിച്ചിലില്‍നിന്ന് കേരളത്തെ രക്ഷിച്ചത്. കക്ഷിരാഷ്ട്രീയക്കാര്‍ ആക്രമിച്ചാല്‍ അവര്‍ തൊഴിലാളികള്‍ ആണെങ്കില്‍ തിരിച്ചാക്രമിക്കുകയോ കൊല്ലുകയോ ചെയ്യരുത് എന്നതായിരുന്നു കക്ഷിരാഷ്ട്രീയവും വർഗരാഷ്ട്രീയവും തമ്മിലുള്ള അന്തരം എന്ന ആ ലഘുലേഖയിലൂടെ വേണു അണികള്‍ക്ക് കൊടുത്ത സന്ദേശം.
തങ്ങള്‍ക്ക് എവിടെ വേണമെങ്കിലും സി.പി.എം അണികളെ തിരിച്ചാക്രമിക്കാം, കൊല്ലാം എങ്കിലും അത് ചെയ്യില്ല എന്ന നിലപാട് ആ ലഘുലേഖയില്‍ വേണു അടിവരയിട്ട് പറഞ്ഞിരുന്നു. അപവാദങ്ങള്‍ ഉണ്ടായിട്ടുണ്ടാവം. പക്ഷേ, നിലപാട് അതായിരുന്നു. എണ്ണത്തില്‍ കുറവാണ് എന്നത് കൊലപാതകച്ചങ്ങലകള് സൃഷ്ടിക്കുന്നതിന് തടസ്സമല്ല.
പുറത്തുനിന്നു ആളെ ഇറക്കിയാണ് ആർ.എസ്.എസുകാര്‍ സി.പി.എം പ്രവർത്തകരെ പാര്‍ട്ടി ഗ്രാമങ്ങളിൽ കടന്നുകയറിപ്പോലും വെട്ടിവീഴ്ത്തി കണക്ക് തുല്യമാക്കിയിരുന്നത്. അക്കാലത്ത് സി.പി.ഐ(എം.എല്‍) പിന്തുണയുള്ള സാംസ്കാരിക പ്രസിദ്ധീകരണമായ ‘പ്രേരണ’യില്‍ സുഗതകുമാരിയും എം. ഗംഗാധരനും ഒ.വി. വിജയനും ഒക്കെയടങ്ങുന്ന ലിബറല്‍ ബുദ്ധിജീവികളെ മുന്‍നിര്‍ത്തി രാഷ്ട്രീയകൊലപതകങ്ങള്ക്കെതിരെ ഒരു കാമ്പയിനും നടത്തിയിരുന്നു.
കേരളത്തിലെ, വിശേഷിച്ച് വടക്കന്‍കേരളത്തിലെ, രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ച് ധാരാളം അക്കാദമിക്-ജേണലിസ്റ്റിക്ക് അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട്. സാമൂഹികശാസ്ത്രപരവും മനഃശാസ്ത്രപരവുമായ കാര്യകാരണങ്ങളിലേക്കൊക്കെ പലരും ചൂഴ്ന്നിറങ്ങിയിട്ടുണ്ട്. ആ ചര്‍ച്ചയിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. ഗുരുവിനും ഗാന്ധിക്കും ഇത്രയേറെ ആരാധകരുള്ള കേരളത്തില്‍ ഇവര്‍ രണ്ടുപേരും മുന്‍നിര്‍ത്തിയെന്നു പറയുന്ന അഹിംസയോട് ആര്‍ക്കും വലിയ പ്രതിപത്തി കാണുന്നില്ല.
പക്ഷേ, മാര്‍ക്സും ലെനിനും അഹിംസാവാദികളായിരുന്നു എന്ന് പ്രസംഗിച്ചാല്പോലും കൈയും മെയ്യും മറന്ന് കൈയടികിട്ടുന്ന പ്രദേശമാണ് കേരളം. നല്ലതുപറയാനും അതുകേട്ട് കൈയടിക്കാനും കാട്ടുന്ന ആത്മാർഥത സ്വന്തം കക്ഷിക്കോ മതത്തിനോ ജാതിക്കോ എന്തെങ്കിലും സംഭവിക്കുന്ന നിമിഷംവരെയേ പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും സൂക്ഷിക്കാന്‍ കഴിയുന്നുള്ളൂ.
ഒരു ചുവടെങ്കിലും അതിനപ്പുറത്തേക്ക് വെക്കുമ്പോഴേ വാക്ക് പ്രവൃത്തിയിലേക്ക് അൽപമെങ്കിലും നീങ്ങുന്നുള്ളൂ. അതുണ്ടാവാറില്ല. വിശാലമായ സ്നേഹവചനങ്ങള്‍ ഉദ്ധരിക്കുകയും ഉച്ഛരിക്കുകയും ചെയ്തശേഷം നമ്മള് ചെയ്യുന്നത് സ്വന്തം രക്തസാക്ഷിയെ കക്ഷിരാഷ്ട്രീയത്തിന്റെ കണക്കില്‍ ഉദാത്തീകരിക്കുകയാണ്. ചിലപ്പോള്‍ രക്തസാക്ഷികള്‍ അനാഥരായപ്പോകാറുണ്ട്.
1979ല്‍ ഇടതുമുന്നണി രൂപീകൃതമായശേഷം പരസ്പരം വെട്ടിക്കൊന്നവര്ക്കായുള്ള സി.പി.ഐ-സി.പി.എം ആചരണങ്ങള്‍ ക്രമേണ നിര്‍ത്തിവെക്കപ്പെട്ടു. ചില സ്തൂപങ്ങള്തന്നെ ഇല്ലാതായി. എന്നാല്‍, മരിച്ച സഖാക്കളും അതുതന്നെയാവും ആഗ്രഹിച്ചിട്ടുണ്ടാവുക എന്ന് ഞാന്‍ വിചാരിക്കുന്നു. ഇന്നിപ്പോള്‍ ഇൻഡ്യാ മുന്നണിയിൽ സി.പി.ഐ, സി.പി.എം, സി.പി.ഐ (എം.എല്‍-ലിബറേഷൻ) പാർട്ടികള്‍ ഒന്നിച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നത് നാം കാണുന്നു. ഇൻഡ്യാ മുന്നണിയെ ശക്തിപ്പെടുത്തുക എന്നത് ബി.ജെ.പി ഭരണം അവസാനിപ്പിക്കാനുള്ള മുന്നുപാധിയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ഈ ഐക്യമാണ് ഇനിയങ്ങോട്ടും ഊട്ടിയുറപ്പിക്കേണ്ടത്.
സഹിഷ്ണുതയുടെ സംസ്കാരം
ഇൻഡ്യാ മുന്നണിയിലെ കക്ഷികള്‍ എന്നനിലയില്‍ കോണ്‍ഗ്രസും ഇടതുകക്ഷികളും കേരളത്തില്‍ കൂടുതല്‍ സംയമനവും സഹിഷ്ണുതയും വളര്‍ത്തേണ്ടതുണ്ട്. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഒരു പ്രത്യേകത ന്യൂനപക്ഷ സംഘടനകള്‍, വിശേഷിച്ച് ക്രൈസ്തവ-മുസ്ലിം ന്യൂനപക്ഷ സംഘടനകള്‍ ചരിത്രപരമായി യു.ഡി.എഫിനോടോപ്പമാണ് നിന്നിട്ടുള്ളത് എന്നതാണ്.
എഴുപതുകളില്‍ അഖിലേന്ത്യാ മുസ്ലിം ലീഗും (എ.ഐ.എം.എൽ), ബാബരി മസ്ജിദ് തകർച്ചക്കുശേഷം ഇബ്രാഹിം സുലൈമാൻ സേട്ട് രൂപം നൽകിയ ഇന്ത്യൻ നാഷനൽ ലീഗും പിന്നീട് കുറേക്കാലം ജമാഅത്തെ ഇസ്ലാമിയും മാത്രമായിരുന്നു അതിനൊരു അപവാദം. ദശാബ്ദങ്ങളോളം ഇടതുമുന്നണിക്ക് പിന്തുണ നല്‍കിയിരുന്ന ജമാഅത്ത്, മാറിയ ദേശീയസാഹചര്യത്തില്‍ ഇൻഡ്യാ മുന്നണിയെയാണ് അനുകൂലിക്കുന്നത്. ആ മുന്നണിയിലെ കക്ഷികള്‍ തമ്മില്‍ വൈരുധ്യം മൂര്‍ച്ഛിക്കുന്ന സാഹചര്യം ഞാന്‍ ആഗ്രഹിക്കുന്നില്ല. സൗഹൃദപൂര്‍ണമായ സഹവര്‍ത്തിത്വമാണ് മത്സരം അനിവാര്യമാവുമ്പോഴും ഉണ്ടാവേണ്ടത്.
ഇപ്പോള്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസുമായി ഉണ്ടായിട്ടുള്ള ശത്രുതയും അവസാനിപ്പിക്കേണ്ടതാണ്. എല്ലാ സംസ്ഥാനങ്ങളിലും പ്രസക്തിയും പ്രഹരശേഷിയുമുള്ള പ്രസ്ഥാനം കോണ്‍ഗ്രസാണെങ്കിലും പല സംസ്ഥാനങ്ങളിലും ബി.ജെ.പി വിരുദ്ധ പ്രാദേശിക പാർട്ടികള്‍ക്ക് അവരെക്കാള്‍ ശക്തിയുള്ള സ്ഥിതിയുണ്ട്. ഇതിന്റെ ബലാബലങ്ങള്‍ പലപ്പോഴും മുന്നണി ബന്ധങ്ങളെ ശിഥിലമാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു.
ഇക്കാര്യത്തില്‍ തമിഴ്നാട്ടില്‍ സ്റ്റാലിന് സ്വീകരിച്ചു പോരുന്ന നിലപാട് ശ്ലാഘനീയവും മാതൃകാപരവുമാണ്. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം തുടങ്ങി എല്ലാവരെയും അദ്ദേഹത്തിന്റെ മുന്നണി രാഷ്ട്രീയം ഉൾക്കൊള്ളാന്‍ ശ്രമിക്കുന്നു. അതുപോലെ, ബിഹാറിലും രാജസ്ഥാനിലും ഇടതുപക്ഷത്തിനടക്കം എല്ലാവര്ക്കും ഈ വിശാലസഖ്യം ഗുണം ചെയ്തിട്ടുണ്ട്. പറഞ്ഞുതീരുന്നതിനുമുമ്പ് 2026 ഇങ്ങെത്തുമെന്ന് എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. കേരളത്തില്‍ ഒരു ചെറിയവിഭാഗം ക്രൈസ്തവ സംഘടനകള്‍ അടുത്തകാലത്തായി കൊണ്ടുനടക്കുന്ന കടുത്ത ഇസ്ലാമോഫോബിയയും ഹിന്ദുത്വപ്രീണനവും അവരും അവസാനിപ്പിക്കേണ്ടതുണ്ട്.
കൊലക്കേസിലെ പ്രതികള്‍ തങ്ങള്‍ക്ക് പഠിക്കണമെന്നും പട്ടാളത്തില്‍ ചേരണമായിരുന്നുവെന്നും പറഞ്ഞ് വിതുമ്പിയത് ഒരു നാടിന്റെ യുവത്വത്തിന്റെ വിതുമ്പലായി മനസ്സിലാക്കേണ്ടതുണ്ട്. മരിച്ചാല്‍മതി എന്ന് ഒരു ചെറുപ്പക്കാരന് തോന്നിയത് കുറ്റബോധംകൊണ്ടല്ല എന്നത് ശരിയാണെങ്കിലും ജീവിതം ഇങ്ങനെ ആയതിലുള്ള ഒരു പൊറുതിമുട്ടല്‍ ആ വിലാപത്തിലുണ്ട്.
ഇപ്പോള്‍ സി.ബി.ഐ കോടതിയാണ് ചിലരെ കുറ്റക്കാരെന്ന് കണ്ടെത്തിയതും ചിലരെ വിട്ടയച്ചതും. യഥാർഥത്തില്‍ ഈ കുറിപ്പ് എഴുതേണ്ടത് എല്ലാ ഉപരികോടതികളിലും നടക്കാന്‍പോവുന്ന വ്യവഹാരങ്ങള്‍ക്കും ശേഷമാവണമായിരുന്നു എന്നാണ് ഞാനും വിചാരിക്കുന്നത്. പക്ഷേ, പ്രതികള്‍ കുറ്റക്കാരെന്ന് വിധിക്കപ്പെട്ടാലും ഇല്ലെങ്കിലും രണ്ടുപേര്‍ കൊലപ്പെട്ടിട്ടുണ്ട്.
അവര്‍ ഇക്കാര്യത്തില്‍ ആദ്യത്തെ ഇരകളല്ല. പക്ഷേ, അവസാനത്തേതാവണം എന്നകാര്യത്തില്‍ തര്‍ക്കമില്ല. ഇതിനുശേഷവും കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട് എന്നെനിക്ക് അറിയാഞ്ഞിട്ടുമല്ല. പക്ഷേ, ഈ വിലാപം അത് പുതിയതായിരുന്നു. ഇനി ചെറുപ്പക്കാര്‍ അരിഞ്ഞുവീഴ്ത്തപ്പെടരുത്. ഇത് ഹിന്ദുത്വരാഷ്ട്രീയത്തോട് പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ രാഷ്ട്രീയം മറ്റൊന്നാണ്.
സി.പി.എമ്മും ന്യൂനപക്ഷവും മറ്റു സംഘടനകളുമെല്ലാം നിരന്തരമുള്ള ചര്‍ച്ചകളിലൂടെ അവരെ താല്‍ക്കാലികമായി തടഞ്ഞുനിര്‍ത്തുക പ്രധാനമാണ്. പക്ഷേ, ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍, സ്വന്തം വ്യത്യസ്താഭിപ്രായങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കുരുതിച്ചോര ഒഴുക്കാതെ എങ്ങനെ സഹവര്‍ത്തിത്വം സാധ്യമാക്കാമെന്ന് തീര്‍ച്ചയായും ആലോചിക്കണം. രാഷ്ട്രം അത് നിങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.