രണ്ടക്ഷരംകൊണ്ടൊരു ലോകാത്ഭുതം
text_fieldsഇങ്ങനെയൊരാളുണ്ടെന്നത് സാന്ത്വനവും അഹങ്കാരമെന്നു തോന്നിപ്പോകുന്ന സ്വകാര്യസന്തോഷവുമാണ് -മലയാളത്തിന്റെ പ്രിയ എം.ടിക്ക് നവതിയാശംസ നേർന്ന് സി. രാധാകൃഷ്ണൻ എഴുതുന്നു
എം.ടി നവതി കടക്കുന്നു. എം.ടിക്ക് ആരോഗ്യവും ദീർഘായുസ്സും നേരുന്ന കേരളീയ മനഃസാക്ഷിയോടൊപ്പം ഞാനുമുണ്ടെന്ന് രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു.
എന്താണ് എം.ടിയെ നമുക്ക് പ്രിയങ്കരനാക്കുന്നത്?
ഒന്നാമത് വിട്ടുവീഴ്ചയില്ലാത്ത നിലപാടിനാൽ ബലപ്പെട്ട അദ്ദേഹത്തിന്റെ ആർജവമാണ്. ആരോടും കീഴ്പ്പെടുന്ന പ്രകൃതം അദ്ദേഹത്തിനില്ല. എഴുത്തുകാർ അശരണരാണ്, അടിമയെപ്പോലെ നിൽക്കേണ്ടവരാണ് എന്നൊരു ധാരണ എങ്ങനെയോ നമ്മുടെ സമൂഹത്തിൽ കുറെക്കാലമായി ഉണ്ടായിരുന്നു. അതിനെതിരെ ധീരമായി നിവർന്നുനിന്ന ആദ്യത്തെ മലയാള സാഹിത്യകാരനാണ് അദ്ദേഹം എന്നെനിക്ക് തോന്നുന്നു. ഞാൻ ആരോടും സമനാണെന്ന് വിശ്വസിക്കാനും പെരുമാറാനും ഉറച്ചുനിൽക്കാനും ശീലിച്ച ഒരാൾ. അത് കേരളത്തിലെ എഴുത്തുകാരുടെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല വർധിപ്പിച്ചത്. നമുക്ക് ഇരിക്കാനൊരു കസേരയുണ്ട്, അതിൽ നാംതന്നെ ഇരിക്കണം. അല്ലെങ്കിൽ മറ്റാരെങ്കിലും അതിൽ ഇരിപ്പുറപ്പിക്കുമെന്ന് മനസ്സിലാക്കി അതിനനുസരിച്ച് ചങ്കൂറ്റത്തോടെ പ്രവർത്തിച്ചു അദ്ദേഹം.
മലയാള സാഹിത്യത്തിൽ എന്താണ് എം.ടി ചെയ്തത്?
ഇരുപതുകൾ വരെ മലയാള സാഹിത്യം പദ്യസാഹിത്യമായിരുന്നു എന്നു മാത്രമല്ല, അത് പലപ്പോഴും ശൃംഗാരത്തിലും പദ്യരചനയിലെ അഭ്യാസങ്ങളിലും ഒതുങ്ങിനിൽക്കുകയും ചെയ്തു. അതിനിടയിലാണ് ആശാൻ വന്ന് ഹാ പുഷ്പമേ എന്ന് ഹൃദയം നൊന്ത് വിലപിച്ചതും അത് മലയാളത്തിലെ മനുഷ്യദുഃഖത്തിന്റെ ഒരു പ്രവാഹമായി രൂപാന്തരപ്പെട്ടതും. ആ ദുഃഖത്തിന് അതേ അർഥത്തിൽതന്നെ മറ്റൊരു തലത്തിൽ ഭാഷ്യം ചമച്ചയാളാണ് എം.ടി. അദ്ദേഹം ആ ദുഃഖത്തെ അമർഷമായി രൂപാന്തരപ്പെടുത്തുകയാണ് ചെയ്തത്. അങ്ങനെയാണ് ‘ഇരുട്ടിന്റെ ആത്മാവി’ന്റെ ജനനം. മലയാള പദ്യശാഖയിൽ വീണപൂവിന് എന്ത് പ്രാധാന്യമുണ്ടോ, ചിന്താവിഷ്ടയായ സീതക്ക് എന്ത് പ്രാധാന്യമുണ്ടോ അത്രയും പ്രാധാന്യമുണ്ട് ഇരുട്ടിന്റെ ആത്മാവ് എന്ന ചെറുകഥക്കെന്ന് എനിക്ക് തോന്നുന്നു.
അതോടുകൂടി സ്ഥൂലവും സമൂഹനിഷ്ഠവും മൊത്തത്തിൽതന്നെ ഒരു അയനാർഥ പരിവേഷവുമുള്ള സാഹിത്യം ആത്മനിഷ്ഠവും സ്വന്തം മനസ്സാക്ഷിയിലേക്ക് കടന്നുകയറി നിലയുറപ്പിക്കുന്ന ഒരു സംഗതിയും ലോകത്തോട് തന്റെ സാന്നിധ്യം വിളിച്ചറിയിക്കാനുള്ള ആവേശവുമൊക്കെയായി മാറുകയാണ്. ലോകത്തെമ്പാടുമുള്ള മനുഷ്യർക്ക് ശാസ്ത്രത്തിന്റെയും സാങ്കേതിക ശാസ്ത്രത്തിന്റെയും പിന്തുണയോടുകൂടി കൈവന്ന വലിയൊരു വലുപ്പത്തിന്റെ തുടർച്ചയായിട്ടാണ് ഇത്. മാത്രവുമല്ല, അതിന്റെ ഫലമായുണ്ടായ സമൂഹ ശിഥിലീകരണത്തിന്റെ ഒരു പരിണിതഫലംകൂടിയാണ്. ഇതിനെ അതിജീവിക്കാനുള്ള മാർഗമെന്ത് എന്ന ചിന്തയിലേക്ക് കൊണ്ടുപോകുന്നതിൽനിന്നാണ് മലയാള സാഹിത്യത്തിൽ ദാർശനികതക്ക് ഇടം ലഭിക്കുന്നത്.
ഈ അർഥത്തിൽ മലയാളിക്ക് സ്വന്തം മനസ്സിലേക്ക് നോക്കാനുള്ള സ്വാതന്ത്ര്യവും ശേഷിയും നൽകിയത് എം.ടിയാണെന്നു കാണാം. എം.ടിയില്ലാതെ മലയാളത്തിലെ ആധുനികത ഒരിക്കലും തുടങ്ങുമായിരുന്നില്ല എന്നും നിരീക്ഷിക്കാനാവും.
എം.ടി എന്ന ഈ മനുഷ്യൻ മലയാള ഭാഷയിലെ എഴുത്തിന് ഒരു പുതിയ മാനംകൂടി നൽകുകയുണ്ടായി. മലബാറിലെ ഗ്രാമ്യഭാഷ, ഏതു ഭാഗത്തെയും മനുഷ്യന്റെ ഗ്രാമ്യഭാഷ അവരുടെ മനസ്സ് അറിയാനും അറിയിക്കാനുമുള്ള ഏറ്റവും വലിയ ഉപാധിയാണ് എന്നദ്ദേഹം തെളിയിക്കുകയായിരുന്നു. നമുക്ക് കൃത്രിമമായ സംസ്കൃതരൂപത്തിലുള്ള ഭാഷയല്ല വേണ്ടത്, നാം ഉപയോഗിക്കുന്ന നിത്യജീവിത ഭാഷയാണ് കഥപറയാനും പരസ്പരം ബന്ധപ്പെടാനും നല്ലതെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. ആ തെളിവ് ഇപ്പോഴും നമുക്ക് ആശ്രയമായിത്തന്നെയുണ്ട് എന്നുകൂടി അറിയുക.
രണ്ടക്ഷരംകൊണ്ട് ഒരു എഴുത്തുകാരനെ ലോകമൊട്ടുക്ക് അറിയാൻ പ്രയാസമില്ല എന്ന് എം.ടി തെളിയിച്ചു, അതൊരു ചെറിയ കാര്യമല്ല. മലയാളത്തിലോ മറ്റേതെങ്കിലും ഭാഷയിലോ ഇങ്ങനെയൊരു എഴുത്തുകാരനുണ്ടോ? ഇല്ലെന്നാണ് എനിക്കു തോന്നുന്നത്. അതത്ര എളുപ്പമല്ല, അതൊരു അഭ്യാസമാണ്, അത്ഭുതമാണ്. പക്ഷേ, അദ്ദേഹം അതു സാധ്യമാക്കി.
മനസ്സിന്റെ കാഠിന്യം എന്ന കാപട്യം അദ്ദേഹം തന്റെ പ്രിയപ്പെട്ടവരുടെ മുന്നിൽ വെക്കുകകൂടി ചെയ്തിട്ടുണ്ട്. തന്റെ മനസ്സിന്റെ ആർദ്രഭാവങ്ങൾ ആർക്കും ഒരുതരത്തിലും കയറി സ്ഥാനം പിടിക്കാനുള്ള ഉപാധിയാവരുത് എന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നതായി തോന്നുന്നു. ഞാൻ ആരുടെയും ആരുമല്ല എന്നൊരു മനോഭാവവും എന്നെ കൽപിച്ച് അനുസരിപ്പിക്കാൻ ആർക്കും സാധ്യമല്ല എന്നൊരു തീരുമാനവും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ നമുക്ക് കാണാനാവും.
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ സമാധിയെന്നു പറയാവുന്ന സ്ഥലത്തെ കേരളത്തിലെ ഏറ്റവും വലിയൊരു സാംസ്കാരിക കേന്ദ്രമായി വളർത്തിയെടുത്തത് അദ്ദേഹത്തിന്റെ ആജീവനാന്ത പരിശ്രമം ഒന്നുകൊണ്ടാണ്. ആ മഹാഭഗീരഥശ്രമത്തിന്റെ ഫലം ഇന്ന് നമുക്ക് വ്യക്തമായി അനുഭവിക്കാനും സാധിക്കുന്നുണ്ട്. ആ സാംസ്കാരിക കേന്ദ്രത്തിലെ ഇലത്തണലിൽ ഇരിക്കുമ്പോൾപോലും എന്തെന്നില്ലാത്തൊരു സാന്ത്വനസുഖം മനസ്സിന് ലഭിക്കുന്നു. മലയാളത്തിലെ മറ്റേതെങ്കിലുമൊരു സാഹിത്യകാരന്റെ ഓർമക്ക് എഴുത്തുകാരന്റെ ഇത്തരത്തിൽ ഒരു സാംസ്കാരിക സ്ഥലം പരിപാലിക്കപ്പെടുന്നില്ല.
ഈ മഹാകാര്യത്തിനും എം.ടി എന്ന അതികായനോട് നാം കടപ്പെട്ടിരിക്കുന്നു. എം.ടിയുടെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടന സദസ്സിൽ ഇക്കാര്യം തുറന്നുപറയാനുള്ള അവസരം എനിക്കുണ്ടായി. ആ സദസ്സിൽ മൂന്നു മന്ത്രിമാരും മമ്മൂട്ടി എന്ന താരവും കഴിഞ്ഞാൽ എം.ടിയുടെ സാഹിത്യത്തെക്കുറിച്ച് പറയാനുണ്ടായിരുന്ന ഒരേയൊരാൾ ഞാനായിരുന്നു.
മലയാളത്തിന് എം.ടിയുണ്ട് എന്നത് വലിയ സാന്ത്വനവും ആശ്വാസവും അഹങ്കാരമെന്നുപോലും തോന്നിപ്പോകുന്ന സ്വകാര്യ സന്തോഷവുമാണ്. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നേരുന്നു. നല്ലതു വരട്ടെയെന്ന് പ്രാർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.