മുനമ്പത്ത് ആര് ആരെയാണ് വഞ്ചിക്കുന്നത്?
text_fieldsഈ പ്രദേശത്ത് വട്ടമിട്ട് പറക്കുന്ന ചില ചിദ്രശക്തികളുടെ ലക്ഷ്യം ആ പാവപ്പെട്ട ജനങ്ങളുടെ അവകാശത്തിനപ്പുറം വഖഫ് നിയമങ്ങളെയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താനും പ്രശ്നവത്കരിക്കാനുമാണ്. അതുകൊണ്ടാണ് വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കേന്ദ്രത്തിന്റെ പരിഗണനയിലുള്ള പുതിയ വഖഫ് ഭേദഗതി നിയമവുമായി ഈ വിഷയത്തെ കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നത്.നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനും ജനങ്ങളെ വിഭജിക്കാനും പണിയെടുക്കുന്ന ചില...
ഈ പ്രദേശത്ത് വട്ടമിട്ട് പറക്കുന്ന ചില ചിദ്രശക്തികളുടെ ലക്ഷ്യം ആ പാവപ്പെട്ട ജനങ്ങളുടെ അവകാശത്തിനപ്പുറം വഖഫ് നിയമങ്ങളെയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താനും പ്രശ്നവത്കരിക്കാനുമാണ്. അതുകൊണ്ടാണ് വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കേന്ദ്രത്തിന്റെ പരിഗണനയിലുള്ള പുതിയ വഖഫ് ഭേദഗതി നിയമവുമായി ഈ വിഷയത്തെ കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നത്.
നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനും ജനങ്ങളെ വിഭജിക്കാനും പണിയെടുക്കുന്ന ചില ഛിദ്രശക്തികൾക്ക് വീണുകിട്ടിയ ഏറ്റവും പുതിയ ആയുധമാണ് എറണാകുളം ജില്ലയിലെ ചെറായി-മുനമ്പം മേഖലയിൽ ഉൾപ്പെടുന്ന നാനൂറ് ഏക്കറിലധികം വരുന്ന വഖഫ് ഭൂമിയും അതിൽ ഇപ്പോൾ താമസിച്ചുവരുന്ന കുറെ കുടുംബങ്ങളുടെ അവകാശത്തർക്കവും സംബന്ധിച്ച വിവാദം.
1951ൽ സിദ്ദീഖ് സേട്ട് എന്നയാൾ പിതാവ് ഹാഷിം സേട്ടിന്റെ ഒസ്യത്ത് പ്രകാരം കോഴിക്കോട് ഫാറൂഖ് കോളജിന്റെ നടത്തിപ്പിനും വികസനത്തിനുമായി വഖഫ് നൽകിയ ഭൂമിയാണിതെന്നാണ് രേഖകളിൽനിന്ന് വ്യക്തമാകുന്നത്. ഈ ഭൂമിയിലെ താമസക്കാരായ കുടുംബങ്ങൾ കുടിയിറക്ക് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രദേശത്തും പ്രദേശത്തിന് പുറത്തും പ്രതിഷേധങ്ങളും ശക്തമാണ്.
75 വർഷങ്ങൾക്കുമുമ്പ് വഖഫ് ചെയ്ത ഈ ഭൂമിയിൽ ഇത്രയും വർഷങ്ങൾക്കുശേഷം എങ്ങനെ ഇത്രയധികം കുടുംബങ്ങൾ സ്ഥിരതാമസമാക്കി? ഈ ഭൂമി അവർ വില കൊടുത്ത് വാങ്ങിയതാണോ? ആണെങ്കിൽ ഇത്തരം ഭൂമികൾ കൈമാറ്റം ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചാണോ വിൽപന നടന്നത് തുടങ്ങി ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിലൂടെ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരത്തിലെത്താൻ കഴിയൂ.
വഖഫ് ചെയ്യപ്പെട്ട ഈ ഭൂമിയിൽ നിന്ന് ഫാറൂഖ് കോളജിന്റെ ആവശ്യത്തിന് വിൽപന നടന്നിട്ടുണ്ടെങ്കിൽ തന്നെ 1995ലെ കേന്ദ്ര വഖഫ് ആക്ട് പ്രകാരം വഖഫ് ഭൂമികൾ ഇനിയൊരിക്കലും വിൽക്കാനോ കൈമാറ്റം ചെയ്യപ്പെടാനോ പാടില്ല (once a waqf always waqf ) എന്ന നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പാവും സംഭവിച്ചിട്ടുണ്ടാവുക എന്നതുകൊണ്ട് തന്നെ ഇപ്പോൾ വർഷങ്ങൾക്കുശേഷം ഈ വിഷയം ഉയർന്നുവരാനിടയായ സാഹചര്യത്തിന് പിന്നിലെ സാങ്കേതിക കാരണങ്ങൾക്കപ്പുറം പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.
പല കാലങ്ങളിലായി നിരവധിയാളുകൾ പണം നൽകി വാങ്ങിയിട്ടുള്ള ഈ ഭൂമിയിൽ അത് സ്വന്തമാക്കിയവർക്ക് ഇതുവരെയും കരമൊടുക്കുക എന്നതിനപ്പുറം വിൽക്കാനോ പണയപ്പെടുത്താനോ കഴിയും വിധം അതിന്മേൽ അവകാശം ലഭിച്ചിട്ടില്ല എന്നിടത്താണ് അക്കാലത്ത് നടന്ന കച്ചവടങ്ങളിൽ നടന്നിരിക്കാൻ സാധ്യതയുള്ള വലിയൊരു തട്ടിപ്പ് പുറത്തുവരുന്നത്. ഇപ്പോൾ കരമൊടുക്കാനുള്ള അവകാശം കൂടി നിയമം വഴി റദ്ദ് ചെയ്യപ്പെട്ടിരിക്കുകയാണല്ലോ.
ഫാറൂഖ് കോളജ് മാനേജ്മെന്റിലുണ്ടായിരുന്ന ‘ആരൊക്കെയോ’ ചിലരും വഖഫ് പ്രദേശത്തെ ഇടത്-വലത് പ്രാദേശിക രാഷ്ട്രീയ നേതൃത്വവും ചേർന്ന ഒരു ‘സിൻഡിക്കേറ്റ്’ നടത്തിയ നിയമവിധേയമല്ലാത്ത കച്ചവടത്തിന്റെ ഇരകളാണ് പ്രദേശത്തെ ജനതയെന്നാണ് ഇതുവരെയുള്ള കാര്യങ്ങളിൽ നിന്ന് മനസ്സിലാവുന്നത്. അതത് കാലത്തെ വഖഫ് ബോർഡ് ഭരണസമിതിക്ക് ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നോ എന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്
1995ലെ കേന്ദ്ര വഖഫ് ആക്ട് നിലവിൽ വരുന്നതിനുമുമ്പ് വഖഫ് ഭൂമികൾ വിൽക്കാൻ അനുവാദമുണ്ടായിരുന്നുവെങ്കിലും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വേണമായിരുന്നു അത് ചെയ്യേണ്ടിയിരുന്നത്. ഭൂമി വിൽക്കുന്നതിനായി വഖഫ് ചെയ്തിരിക്കുന്ന സ്ഥാപനത്തിന്റെ ഭരണഘടനാനുസൃതമായ ഭൂരിപക്ഷ അംഗീകാരവും അതിന്റെ നിയമപരമായ നടപടിക്രമങ്ങളും ആയതിന് വഖഫ് ബോർഡിന്റെ അന്തിമ അംഗീകാരവുമൊക്കെ അനിവാര്യമായ നടപടി ക്രമങ്ങളായിരുന്നു.
നിയമപരമായ ഈ നടപടിക്രമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ഈ ഭൂമി കൈമാറ്റമെല്ലാം നടന്നിരുന്നതെങ്കിൽ ഇവിടത്തെ പാവപ്പെട്ട മനുഷ്യർക്ക് ഇന്ന് നേരിടുന്ന പ്രതിസന്ധിയുണ്ടാവുമായിരുന്നില്ലല്ലോ. അക്കാലങ്ങളിൽ ഇങ്ങനെ നിയമപരമായി വില്പന നടത്തിയ വഖഫ് ഭൂമികൾ നാട്ടിലെമ്പാടുമുണ്ടായിരുന്നു. അപ്പോൾ ഇവിടെ വിഷയത്തിന്റെ മർമം അവിടെ നടന്നിട്ടുള്ള നിയമവിരുദ്ധ ഇടപാടുകൾ തന്നെയാണ്.
എന്താണ് പരിഹാരം?
തീർച്ചയായും പണം കൊടുത്ത് ഭൂമി വാങ്ങിയവർ കുടിയിറക്ക് ഭീഷണി നേരിടുമ്പോൾ അവർക്ക് നീതി വാങ്ങിക്കൊടുക്കാനും അവർക്കൊപ്പം നിൽക്കാനും എല്ലാവർക്കും ബാധ്യതയുണ്ട്. അതിനിടെ, അവസരം തിരിച്ചറിഞ്ഞ് ഭൂമി വാങ്ങിക്കൂട്ടിയ കുത്തകകളും റിസോർട്ട് മാഫിയകളും ഉൾപ്പെടെയുള്ളവരെ ഒഴിപ്പിച്ച് അത്തരം ഭൂമികൾ തിരിച്ചുപിടിക്കാനും നടപടികളുണ്ടാവേണ്ടതുണ്ട് .
എന്നാൽ, ഈ പ്രദേശത്ത് വട്ടമിട്ട് പറക്കുന്ന ചില ചിദ്രശക്തികളുടെ ലക്ഷ്യം ആ പാവപ്പെട്ട ജനങ്ങളുടെ അവകാശത്തിനപ്പുറം വഖഫ് നിയമങ്ങളെയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താനും പ്രശ്നവത്കരിക്കാനുമാണ്. അതുകൊണ്ടാണ് വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കേന്ദ്രത്തിന്റെ പരിഗണനയിലുള്ള പുതിയ വഖഫ് ഭേദഗതി നിയമവുമായി ഈ വിഷയത്തെ കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നത്. ആ നിയമം പ്രാബല്യത്തിൽ വന്നാൽ ഈ ഭൂമി എന്നേക്കുമായി ഈ പാവങ്ങൾക്ക് അന്യമാവുമെന്നറിയാത്തവരല്ല ഇത് പ്രചരിപ്പിക്കുന്നത്. ഇത്തരം ശക്തികൾക്ക് അവസരം കൊടുക്കാതെ അവിടെ കാലങ്ങളായി താമസിക്കുന്നതും വിലകൊടുത്ത് വാങ്ങിയതുമായ പാവപ്പെട്ട താമസക്കാരുടെ നിയമപരമായ അവകാശം സ്ഥാപിച്ചുകൊടുക്കാൻ ഇതൊരു പ്രത്യേക പരിഗണന അർഹിക്കുന്ന കേസായി മാത്രം എടുത്തുകൊണ്ട് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അതോടൊപ്പം തന്നെ അതിനായി നിർദേശിക്കപ്പെടുന്ന പരിഹാര മാർഗങ്ങൾ മറ്റു പല വഖഫ് ഭൂമിയിലേക്കും കടന്നുകയറാനുള്ള അവകാശവും 'കേസ് സ്റ്റഡി' യും ആവാതിരിക്കാനുള്ള ജാഗ്രതയും വേണ്ടതുണ്ട്.
കൂടാതെ, ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി നുണകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. ദുരിതമനുഭവിക്കുന്ന 600 കുടുംബങ്ങൾ എന്ന കണക്കുകളൊക്കെ അത്തരം പ്രചാരണങ്ങളുടെ ഭാഗമാണ്. വഖഫ് ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും കൈയടക്കിവെച്ചിരിക്കുന്നത് റിസോർട്ടുടമകളും ഭൂമാഫിയയും അടങ്ങുന്നവരാണെന്നിരിക്കെ, ബാക്കിയുള്ള സ്ഥലത്ത് താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങളാണ് പ്രശ്നത്തെ അഭിമുഖീകരിക്കുന്നത്. ഇത്തരം പ്രചാരണങ്ങളുടെ മുനയൊടിക്കാൻ താഴെ പറയുന്ന കാര്യങ്ങളെ ഉൾപ്പെടുത്തി ഒരു വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ച് യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവരാൻ സർക്കാർ തയാറാവണം.
ഈ ഭൂമി വഖഫ് ചെയ്യുന്ന കാലത്ത് പ്രസ്തുത ഭൂമിയിൽ താമസക്കാരായിരുന്ന കുടികിടപ്പവകാശമുണ്ടായിരുന്നവരെ സംബന്ധിച്ച വിവരങ്ങൾ.
- 1995ന് മുമ്പായി അവിടെ നടന്ന ഭൂമി കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ
- 1995ന് ശേഷം ഭൂമി കൈമാറ്റം നടന്നിട്ടുണ്ടെങ്കിൽ അതെങ്ങനെ എന്നത് സംബന്ധിച്ച വിവരങ്ങൾ
- അക്കാലത്ത് ഫാറൂഖ് കോളജ് മാനേജ്മെന്റിലും വഖഫ് ബോർഡിലുമുണ്ടായിരുന്നവരുടെ ഇടപെടലുകൾ സംബന്ധിച്ച വിവരങ്ങൾ.
- 1995ന് മുമ്പും ശേഷവും പ്രദേശത്ത് നടന്നിട്ടുള്ള വൻകിട ഇടപാടുകൾ സംബന്ധിച്ച വിവരണങ്ങൾ.
- ഇപ്പോൾ വഖഫ് ഭൂമിയിൽ നിലനിൽക്കുന്ന റിസോർട്ടുകളുടെയും വീടുകളുടെയും കാലിഭൂമികളുടെയും സ്ഥിതി വിവരക്കണക്കുകൾ
ഇതിനുപുറമെ, അന്വേഷണ സമിതിക്ക് പ്രശ്നപരിഹാരത്തിന് യുക്തമെന്ന് തോന്നുന്ന കാര്യങ്ങളും കൂടി ഉൾപ്പെടുത്തി പുറത്തുവിടുന്ന ഒരു റിപ്പോർട്ടിലൂടെ മാത്രമേ അവിടത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള മനുഷ്യരെ വഞ്ചിക്കാൻ കൂട്ടുനിന്ന അക്കാലത്തെ ഉദ്യോഗസ്ഥരടക്കമുള്ളവരെ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കാനും വഖഫ് സ്വത്തുകൾക്കെതിരായ ദുഷ് പ്രചാരണങ്ങൾക്ക് തടയിടാനും കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.