മുണ്ടക്കൈ എന്ന ഡെഡ് എൻഡ്
text_fieldsറോഡ് അവസാനിക്കുന്നതിന് പറയുന്ന ഡെഡ് എൻഡിന് ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന പ്രദേശമാണ് മുണ്ടക്കൈയും അട്ടമലയും. വയനാടിന്റെ മിക്ക പ്രദേശങ്ങളിലേക്കും നിരവധി റോഡുകൾ ഉണ്ടെങ്കിലും ഈ പ്രദേശങ്ങളിലേക്ക് ആകെയുള്ളത് ഒരൊറ്റ റോഡ് മാത്രം. ദുരന്തഭൂമിയായ മുണ്ടക്കൈയിലേക്ക് എത്തിച്ചേരാൻ പ്രയാസമാകുന്നതും ഭൂപ്രകൃതിയുടെ ഈ സവിശേഷതകൊണ്ടാണ്. വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപറ്റയിൽനിന്ന് ഒമ്പത് കിലോമീറ്ററുണ്ട് മേപ്പാടി ടൗണിലേക്ക്....
റോഡ് അവസാനിക്കുന്നതിന് പറയുന്ന ഡെഡ് എൻഡിന് ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന പ്രദേശമാണ് മുണ്ടക്കൈയും അട്ടമലയും. വയനാടിന്റെ മിക്ക പ്രദേശങ്ങളിലേക്കും നിരവധി റോഡുകൾ ഉണ്ടെങ്കിലും ഈ പ്രദേശങ്ങളിലേക്ക് ആകെയുള്ളത് ഒരൊറ്റ റോഡ് മാത്രം. ദുരന്തഭൂമിയായ മുണ്ടക്കൈയിലേക്ക് എത്തിച്ചേരാൻ പ്രയാസമാകുന്നതും ഭൂപ്രകൃതിയുടെ ഈ സവിശേഷതകൊണ്ടാണ്. വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപറ്റയിൽനിന്ന് ഒമ്പത് കിലോമീറ്ററുണ്ട് മേപ്പാടി ടൗണിലേക്ക്. മേപ്പാടിയിൽനിന്ന് 16 കിലോമീറ്റർ സഞ്ചരിച്ചാൽ മുണ്ടക്കൈയിലെത്താം. മേപ്പാടി ടൗണിൽ കെ.ബി റോഡ് വഴി മുണ്ടക്കൈ റൂട്ടിൽ റോഡിലേക്ക് പ്രവേശിച്ചാൽ തിരിച്ചുവരാൻ മറ്റു വഴികളില്ല.
മേപ്പാടിയിൽനിന്ന് 13 കിലോമീറ്റർ സഞ്ചരിച്ചാൽ മുണ്ടക്കൈക്ക് തൊട്ടടുത്തുള്ള ചെറിയ ടൗൺ ആയ ചൂരൽമലയിൽ എത്താം. ചൂരൽമല പാലം കഴിഞ്ഞാൽ ഇടതുവശത്തേക്കുള്ള റോഡ് അട്ടമലയിലേക്കും വലതുവശത്തേക്കുള്ള റോഡ് മുണ്ടക്കൈയിലേക്കും ആണ്. മുണ്ടക്കൈ എത്തിക്കഴിഞ്ഞാൽ ആ റോഡ് അവിടെ അവസാനിക്കുകയാണ്. മേപ്പാടി -മുണ്ടക്കൈ ബസ് റൂട്ടിന്റെ അവസാന സ്റ്റോപ് -ഡെഡ് എൻഡ്! ഇവിടെനിന്ന് മുകൾഭാഗത്ത് പ്രവർത്തിക്കുന്ന തോട്ടങ്ങളിലേക്ക് ദുർഘടമായ വഴികളിലൂടെ വേണം തൊഴിലാളികൾക്ക് പോകാൻ. ഇത് കഴിഞ്ഞാൽ പിന്നീട് നിലമ്പൂർ മലനിരകൾ. പ്രശസ്തമായ സൂചിപ്പാറ വെള്ളച്ചാട്ടവും ഇതിനടുത്താണ്. 12,000 ഹെക്ടർ സംരക്ഷിത വനപ്രദേശമാണ് ഈ മലനിരകൾ.
കുടിയേറ്റ തൊഴിലാളികൾ വന്ന് വലിയ സെറ്റിൽമെന്റുകൾ ആയതിന്റെ ചരിത്രമാണ് മുണ്ടക്കൈ, അട്ടമല, പുത്തുമല എന്നിവയുടെ പൊതുവായ ചരിത്രം. മനുഷ്യവാസം ഇല്ലാതിരുന്ന വൻ മലനിരകൾ ഉൾക്കൊള്ളുന്ന മനോഹരമായ പ്രദേശത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞത് ബ്രിട്ടീഷുകാരാണ്. 1850കളിൽതന്നെ ഇവിടെ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ തേയില ഉൾപ്പെടെയുള്ള കൃഷികൾ വ്യാപകമായിരുന്നു. കള്ളാടി, പുത്തുമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ വലിയ പുൽകുന്നുകൾക്കിടയിൽ ബ്രിട്ടീഷ് നിർമിതികളുടെ അവശിഷ്ടങ്ങൾ കാണാം. പിൽക്കാലത്ത് ഏറ്റവും വലിയ തേയിലത്തോട്ടമായി മാറിയ സെന്റിനൽ റോക്ക് എസ്റ്റേറ്റ് (എച്ച്.എം.എം) പിറവിയെടുത്തതോടെയാണ് വലിയ തോതിലുള്ള തൊഴിലാളി കുടിയേറ്റം ഉണ്ടായത്.
മേപ്പാടി പഞ്ചായത്തിലെ 12ാം വാർഡിൽ പുത്തുമല മുതൽ നീലികാപ്പ്, ചൂരൽമല, അട്ടമല, മുണ്ടക്കൈ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സെന്റില് റോക്ക് എസ്റ്റേറ്റ് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എസ്റ്റേറ്റുകളിൽ ഒന്നാണ്. തദ്ദേശീയരായി ഇവിടെയുണ്ടായിരുന്നത് പണിയ വിഭാഗത്തിൽ പെട്ടവരായിരുന്നു. പിന്നീട് മലപ്പുറം, പാലക്കാട്, തലശ്ശേരി ഉൾപ്പെടെയുള്ള ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽനിന്നാണ് തൊഴിലാളികൾ എത്തിയത്. കുടുംബങ്ങൾ ആയാണ് അക്കാലത്ത് തൊഴിലാളികളെ മേസ്ത്രിമാർ കൊണ്ടുവന്നിരുന്നത്. ഇവർക്ക് താമസസൗകര്യവും ആരോഗ്യ സംരക്ഷണത്തിനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. പിൽക്കാലത്ത് സ്കൂളുകളും ആരംഭിച്ചു. മുസ്ലിം, ഹിന്ദു വിഭാഗത്തിൽ പെട്ടവരായിരുന്നു തൊഴിലാളികളിൽ അധികവും. തമിഴ്നാട്ടിൽനിന്നും തൊഴിലാളികളെ എത്തിച്ചു.
1950കളുടെ തുടക്കത്തിൽ തിരുവിതാംകൂർ ഭാഗത്തുനിന്നും മധ്യകേരളത്തിൽനിന്നും കുടിയേറ്റങ്ങൾ നടന്നു. ഇത്തരത്തിൽ എത്തിയവർ കർഷകരായിരുന്നു. ഇവരിൽ പലരും അഞ്ചും പത്തും ഏക്കർ പണം കൊടുത്തും വെട്ടിപ്പിടിച്ചും കൃഷികൾ ചെയ്തു. പുത്തുമല, മുണ്ടക്കൈ എന്നിവിടങ്ങളിൽ വലിയ ഫാക്ടറികൾ ഉണ്ടായിരുന്നു. മുണ്ടക്കൈ ഫാക്ടറി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഈ ഫാക്ടറിയും തേയിലത്തോട്ടവും ആണ് മേഖലയെ ജനവാസമുള്ള പ്രദേശമാക്കി മാറ്റിയത്. തേയില കൃഷി ചെയ്ത സെന്റിൽ റോക്ക് എസ്റ്റേറ്റിനു പുറമെ മറ്റുപല ചെറുകിട എസ്റ്റേറ്റുകളും പ്രവർത്തിച്ചിരുന്നു. റാണിമല, നാഗമല, ഡംഡം തുടങ്ങിയ ചെറുകിട തോട്ടങ്ങൾ ഏലമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ആദ്യകാല തൊഴിലാളികളുടെ പിന്മുറക്കാരാണ് ഇത്തരം തോട്ടങ്ങളിലെ തൊഴിലാളികളായി മാറിയത്.
മുമ്പ് മുണ്ടക്കൈ വഴി നിലമ്പൂരിലേക്ക് റോഡ് നിർമിക്കുന്നതിന് ആലോചനകൾ നടന്നിരുന്നു. എന്നാൽ, അവ ഫലപ്രദമായില്ല. താമരശ്ശേരി ചുരം താണ്ടാതെ കടന്നുപോകാൻ കഴിയുന്ന ഈ പാതയിൽ ഏഴു പാലങ്ങൾ നിർമിക്കണമെന്നത് ആയിരുന്നു വെല്ലുവിളിയായി പറഞ്ഞിരുന്നത്. വനഭൂമിയിൽ റോഡ് നിർമിക്കുന്നത് സംബന്ധിച്ചുള്ള അനുമതികളും മറ്റുചില രാഷ്ട്രീയ പ്രശ്നങ്ങളും വേറെയും. ഇപ്പോഴും കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് ഈ പ്രദേശത്തേക്ക് സർവിസ് നടത്തുന്നത്. ഒരു സ്വകാര്യ ബസും സർവിസ് നടത്തുന്നു. തേയിലത്തോട്ടങ്ങൾക്കു പിറകെ ചെറുകിട തോട്ടങ്ങൾ നിരവധി വന്നതോടെ പ്രദേശം സാമ്പത്തികമായി ഏറെ മെച്ചപ്പെട്ടിരുന്നു.
ശരാശരി വരുമാനത്തിൽ മേപ്പാടി പഞ്ചായത്ത് സംസ്ഥാനത്തുതന്നെ ഒരുകാലത്ത് ഏറെ മികച്ചുനിന്നിരുന്നു. അന്നത്തെ പ്രദേശത്തെ വാണിജ്യ സിരാകേന്ദ്രം ആയിരുന്നത് മേപ്പാടി ടൗൺ ആണ്. 80കളുടെ അവസാനത്തോടെ പല തോട്ടങ്ങളും കൈമാറ്റം ചെയ്യപ്പെടുകയും വെട്ടിമുറിക്കപ്പെടുകയും ചെയ്തതോടെ സ്ഥിരം തൊഴിലാളികളിൽ പലർക്കും തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. താഞ്ഞിലോട് 300 ഏക്കർ തോട്ടത്തിൽ സ്ഥിരം തൊഴിലാളികളെ പുറത്താക്കുന്നതിന് മാനേജ്മെന്റ് കള്ളം പറഞ്ഞത് ഏലത്തിന്റെ ചരം മോഷ്ടിച്ചെന്നായിരുന്നു. ഇത്തരത്തിൽ പല തോട്ടങ്ങളിൽനിന്നും വിവിധ ആനുകൂല്യങ്ങൾ നേടിയിരുന്ന തൊഴിലാളികളെ വ്യാപകമായി പുറത്താക്കി.
ടൂറിസം മേഖലയിൽ വ്യാപകമായ മുന്നേറ്റം ഉണ്ടായപ്പോൾ മലനിരകളും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളും ഉൾപ്പെടുന്ന വെള്ളരിമല പ്രദേശം വലിയതോതിലാണ് മാറ്റത്തിന് വിധേയമായത്. നൂറുകണക്കിന് റിസോർട്ടുകളും സാഹസിക ടൂറിസം സംരംഭങ്ങളും ഇവിടെ വന്നു. ഒരുകാലത്ത് തൊഴിലാളികളെ കിട്ടാതെ വിഷമിച്ചിരുന്ന പ്രദേശമായിരുന്നു 900 മല. ഏലത്തോട്ടങ്ങളുള്ള 900 മലയിലേക്ക് നാലും അഞ്ചും കിലോമീറ്റർ കുത്തനെ നടന്ന് ജോലിക്ക് പോകാൻ തൊഴിലാളികൾ തയാറായിരുന്നില്ല. 900 മല 900 കണ്ടി എന്ന സാഹസിക ടൂറിസം കേന്ദ്രമായാണ് അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.