Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമൂന്നാർ കൈയേറ്റവും...

മൂന്നാർ കൈയേറ്റവും സി.പി.എം-സി.പി.​െഎ തർക്കവും

text_fields
bookmark_border
മൂന്നാർ കൈയേറ്റവും സി.പി.എം-സി.പി.​െഎ തർക്കവും
cancel

എന്ത് കൊണ്ടാണ് മുന്നാറിലെ ഭൂമി പ്രശ്നത്തിൽ സി.പി.എമ്മും സി.പി.ഐയും രണ്ടു തട്ടിൽ. സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ എത്തുമ്പോഴൊക്കെ മൂന്നാറിലെ സി.പി.എം–സി.പി.ഐ തർക്കം വാർത്തകളിൽ സ്ഥാനം പിടിക്കാറുണ്ട്. 1980ൽ അന്ന് മുന്നാർ പഞ്ചായത്തി​െൻറ ഭാഗമായിരുന്ന മാങ്കുളത്തെ മിച്ചഭൂമി വിതരണം സംബന്ധിച്ചായിരുന്നു തർക്കമെങ്കിൽ 2007ൽ ഇടതു മുന്നണി ഭരണത്തിൻ കീഴിൽ തന്നെ മൂന്നാറിലെ സി.പി.ഐ ഒാഫീസി​െൻറ നേർക്ക് ജെ.സി.ബി എത്തിയതോടെ തർക്കം പുതിയ തലത്തിലെത്തി. യഥാർഥത്തിൽ 1964ൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പിളർപ്പ് മുതൽ തോട്ടം മേഖലയിൽ ഇരു പാർട്ടികളുമായി നിലനിൽക്കുന്ന പോരാട്ടത്തിൻറ പുതിയ മുഖമാണ് മുന്നണിക്കകത്ത് നിന്നും ഉയരുന്ന ഭൂമി വിവാദം.

മൂന്നാർ മേഖലയിൽ ചെങ്കൊടി സംഘമെന്നാൽ എ.ഐ.ടി.യു.സിയും സി.പി.ഐയുമാണ്.  തോട്ടം തൊഴിലാളികൾക്കിടയിൽ എ.ഐ.ടി.യു.സി അറിയപ്പെടുന്നതും അങ്ങനെതന്നെ. തോട്ടം മേഖലയായ മൂന്നാർ, ദേവികുളം, ചിന്നക്കനാൽ തുടങ്ങിയ പഞ്ചായത്തുകളിലെ വലിയ പാർട്ടി സി.പി.ഐ തന്നെയെന്ന് സമ്മതിക്കാതെ തരമില്ല. ഒരു പക്ഷെ, സി.പി.ഐക്ക് ഏറ്റവും കുടുതൽ സ്വാധീനമുള്ള മേഖലയാണിവിടം. അതാണ് സി.പി.എമ്മിനെ പ്രകോപിപ്പിക്കുന്നത്. എന്നാൽ, മന്ത്രി എം.എം.മണിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിലുടെ സി.പി.എം. വളരുന്നത് തങ്ങൾക്ക് ഭീഷണിയാകുമെന്ന് സി.പി.ഐയും ഭയക്കുന്നു. ജാതിയും മതവും ഭാഷയുമൊക്കെ മൂന്നാർ രാഷ്ട്രിയത്തിലെ ഘടകമാണെന്ന് തിരിച്ചറിവിലാണ് ഇരു പാർട്ടികളും. 1980ൽ സംസ്ഥാന തലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപവൽക്കരിക്കും വരെ രണ്ടു മുന്നണിയിലായിരുന്ന സി.പി.ഐയും സി.പി.എമ്മും പരസ്പരം അടിച്ചും ആയുധമേന്തിയുമാണ് മുന്നേറിയത്. തോട്ടം തൊഴിലാളികൾക്കിടയിൽ ആധിപത്യം ഉറപ്പിക്കാനുള്ളതായിരുന്നു പോരാട്ടം. ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലവിൽ വന്നത് മുതൽ മൂന്നാർ ഉൾപ്പെടുന്ന ദേവികുളം നിയോജകമണ്ഡലം സി.പി.എമ്മിനാണ്. ഇരു പാർട്ടികളും ഒരു മുന്നണിയിലാണെങ്കിലും മോരും മുതിരയും പോലെ. പരസ്പരം വിശ്വാസകുറവ് പോലെ.

കുട്ടിയാവർവാലിൽ 2006ലെ ഇടതുപക്ഷ സർക്കാർ നാലായിരത്തോളം പേർക്ക് ഭുമി നൽകിയിരുന്നു. ഇവരിൽ ഏറെയും തോട്ടം തൊഴിലാളികൾ. എല്ലാവർക്കും പട്ടയം നൽകിയെങ്കിലും ഭുമി അളന്ന് തിരിച്ച് നൽകിയില്ല. അന്തോണിയാർ കോളനിയിലും കുറച്ച് പേർക്ക് ഭൂമി നൽകാൻ സ്ഥലം കണ്ടെത്തി. ഇതിപ്പോൾ കയ്യേറ്റക്കാരുടെ പക്കൽ. ദേവികുളത്ത് കച്ചേരിസെറ്റിൽമെൻ്റിൽ നാല്  സ​െൻറ് വീതം ഭവനരഹിതർക്ക് നൽകാൻ കണ്ടെത്തിയ ഭൂമിയിലും കയ്യേറ്റമുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് റവന്യു വകുപ്പിനോട് സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സി.പി.ഐയുടെ െക്രഡിറ്റാകുമോയെന്ന ആശങ്ക സി.പി.എമ്മിന് ഇല്ലാതില്ല. സി.പി.ഐക്ക് ഇഷ്ടമില്ലാത്ത കയ്യേറ്റങ്ങൾ ഒഴിപ്പിക്കപ്പെടുമോയെന്നും മറ്റുള്ളവർ ഭയക്കുന്നു.

സി.ഐ.ടി.യു നേതൃത്വത്തിലുള്ള ദേവികുളം എസ്റ്റേറ്റ് യൂണിയന് 2006ൽ കണ്ണൻ ദേവൻ കമ്പനിയിൽ അംഗീകാരം ലഭിക്കുന്നത് വരെ, അംഗീകാരം എന്ന ആവശ്യം ഉയർത്തിയായിരുന്നു തർക്കം. മൂന്നാമതൊരു യുണിയന് അംഗീകാരം നൽകുന്നതിനെ എ.ഐ.ടി.യു.സി.യും ഐ.എൻ.ടി.യു.സി.യും ഒരുപോലെ എതിർത്തതാണ് തർക്കത്തിൻറ അടിസ്ഥാന കാരണം. പല തവണ റഫറണ്ടം നടന്നുവെങ്കിലും 2006ലാണ് സി.ഐ.ടി.യു യൂണിയനും അംഗീകാരമായത്. അന്നു മുതൽ പോരാട്ടം ആധിപത്യത്തിന് വേണ്ടിയായി. എങ്കിലും ഐ.ഐ.ടി.യു.സി യൂണിയൻറ ചങ്ങാത്തം ഐ.എൻ.ടി.യു.സി യൂണിയനോടാണ്. പൊമ്പളൈ ഒരുമൈ നേതൃത്വത്തിൽ മൂന്നാറിൽ സമരം നടക്കുമ്പോൾ അതേ ആവശ്യം ഉന്നയിച്ച് സി.പി.എമ്മിലെ എസ്.രാജേന്ദ്രൻ എം.എൽ.എ നിരാഹാരം കിടന്നതും മറ്റു യൂണിയനുകൾക്ക് ഇഷ്പ്പെട്ടിരുന്നില്ല.

എല്ലാ കാലത്തും റവന്യൂ വകുപ്പ് സി.പി.ഐ കൈകാര്യം ചെയ്യുന്നതിനാൽ അവരെ അടിക്കാനുള്ള വടിയായി ഭൂമി പ്രശ്നം മാറിയെന്ന് വേണം കരുതാൻ. 1971ലെ കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം മിച്ചഭൂമിയായി സർക്കാരിൽ നിക്ഷിപ്തമാക്കിയ മാങ്കുളത്തെ 5189 ഏക്കർ ഭൂമി ഭൂരഹിതർക്ക് പതിച്ച് നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു 1980ലെ വിവാദം. അന്ന് ഭരണത്തിന് നേതൃത്വം നൽകിയ സി.പി.എമ്മും രണ്ടാം  കക്ഷിയായ കോൺഗ്രസ്–യുവും റവന്യൂ വകുപ്പ് കൈകാര്യം ചെയ്ത സി.പി.ഐക്ക് എതിരെ രംഗത്തുണ്ടായിരുന്നു. 1980ൽ 524 പേർക്ക് പട്ടയം നൽകി.1016 ഗുണഭോക്താക്കളുടെ പട്ടിക 1998ൽ പ്രസിദ്ധികരിച്ചുവെങ്കിലും ഭൂമി വിതരണം ഇനിയും ആയിട്ടില്ല.എന്നാൽ, മാങ്കളം കാർഷിക മേഖലയായതിനാൽ അവിടെ ഭൂമിയുടെ പേരിലുള്ള രാഷ്ട്രിയ മൽസരമില്ല. മൂന്നാർ അങ്ങനെയല്ല, തോട്ടം തൊഴിലാളികളുടെ പിന്തുണ നേടണം. മറുഭാഗത്ത് ടൂറിസവും റിസോർട്ടും സമ്പത്തിന് കാരണമാകുമെന്നുവെന്നതിനാൽ രാഷ്ട്രിയ കക്ഷികൾക്കും താൽപര്യം കൂടുന്നു.

1996ലെ ഇടതുപക്ഷ സർക്കാരാണ് മൂന്നാർ മേഖലയിൽ പട്ടയം നൽകാൻ തീരുമാനിച്ചത്. അപ്പോഴും സി.പി.ഐക്കായിരുന്നു റവന്യൂ വകുപ്പ്. സി.പി.എമ്മും സി.പി.ഐയും അവരുടെ മൂന്നാർ ആഫീസുകൾക്കും പട്ടയം വാങ്ങിയതും 1999ലാണ്. നേതാക്കൾ കൈവശപ്പെടുത്തിയ ഭൂമിക്കും പട്ടയം വാങ്ങി. സി.പി.എം നേതാക്കളായിരുന്നു ഇക്കാര്യത്തിൽ മുന്നിൽ. സി.പി.ഐ, ഐ.എൻ.ടി.യു.സി നേതാക്കൾക്ക് തോട്ടം മാനേജ്മ​െൻറ് വീട് നൽകിയിരുന്നതിനാൽ അന്നവർ സർക്കാർ ഭൂമിയിൽ താൽപര്യം കാട്ടിയില്ല. 2006ൽ വി.എസ്.അച്യൂതാനന്ദൻറ നേതൃത്വത്തിലുള്ള ഇടതു മുന്നണി സർക്കാർ അധികാരത്തിൽ വരുന്നത് വരെ മൂന്നാർ മേഖലയിൽ ഭൂമി കയ്യേറ്റവും കയ്യേറിയ ഭൂമിക്ക് പട്ടയം നൽകലും പോക്ക് വരവ് ചെയ്യലും റിസോർട്ട് നിർമ്മാണവുമൊക്ക തടസമില്ലാതെ പോയി. ഇതിനിടെ വ്യാജ പട്ടയങ്ങൾ സംബന്ധിച്ച് വാർത്തകൾ വരികയും അന്വേഷണ കമ്മീഷനുകൾ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ, കാര്യമായ ഒഴിപ്പിക്കൽ നടന്നിരുന്നില്ല.

2007ൽ വി.എസിൻറ ദൗത്യസംഘം ജെ.സി.ബിയുമായി മലകയറിയതോടെയാണ് മൂന്നാർ ഭൂമി കയ്യേറ്റം വാർത്തകളിലെത്തുന്നത്. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചും വ്യാജ പട്ടയ ഭൂമിയിലെ റിസോർട്ടുകൾ പൊളിച്ച് നീക്കിയും വി.എസി​െൻറ പൂച്ചകൾ മുന്നേറിയപ്പോൾ സാംസ്കാരിക കേരളം ഒപ്പം നിന്നു. സി.പി.ഐ കൈകാര്യം ചെയ്തിരുന്ന റവന്യൂ വകുപ്പിനെ കാഴ്ചക്കാരാക്കിയായിരുന്നു വി.എസിൻറ മുന്നേറ്റം. റവന്യൂ വകുപ്പുമായി ആലോചിക്കാതെയുള്ള കുടിയൊഴിപ്പിക്കലുമായി സഹകരിക്കാതെ ചില മുതിർന്ന റവന്യു ഉദ്യോഗസ്ഥർ അവധിയിൽ പോകുകയും ചെയ്തു.

എന്നാൽ, ദൗത്യ സംഘത്തിൻറ സംഘത്തിൻറ  ജെ.സി.ബി സി.പി.ഐ ഓഫീസിലേക്ക് നീങ്ങിയതോടെയാണ് കയ്യേറ്റത്തിൻറ പേരിലുള്ള സി.പി.എം–സി.പി.ഐ തർക്കം സംസ്ഥാന തലത്തിലെത്തുന്നത്. കണ്ണൻ ദേവൻ കമ്പനിയിൽ നിന്ന് വാങ്ങിയ കെട്ടിടത്തിന് 1999ലായിരുന്നു പി.കെ.വാസുദേവൻ നായരുടെ പേരിൽ പട്ടയം വാങ്ങിയത്. ദേശിയപാതയിലേക്ക് നീണ്ട ഈ കെട്ടിടത്തിൻറ പൂമുഖം പൊളിച്ച് നീക്കാനാണ് ജെ.സി.ബി എത്തിയത്. ഇത് വലിയ വിവാദമായി. അതോടെ ദൗത്യം അവസാനിപ്പിച്ച് പൂച്ചകൾ മലയിറങ്ങി. പക്ഷെ, അതിൻറ പേരിൽ ആരംഭിച്ച വിവാദം ഇപ്പോഴും തുടരുന്നു. പാർട്ടി ആഫിസിൻറ മുകൾ നിലകൾ ലോഡ്ജാണെന്ന ആരോപണം ഉയർന്നു. സി.പി.ഐ ഭൂമി കയ്യേറി പി.കെ.വിയുടെ പേരിൽ പട്ടയം വാങ്ങിയെന്നും ആക്ഷേപം ഉയർന്നു. സി.പി.എം ആഫീസും ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങളെ സി.പി.ഐ പ്രതിരോധിച്ചത്. സി.പി.എം ആഫീസിൻറ മുകൾ ഭാഗവും സ്വകാര്യ വ്യക്തിക്ക് റിസോർട്ടിനായി നൽകിയിരിക്കുകയാണ്. ഗസ്റ്റ് ഹൗസിന് മുന്നിലെ സി.പി.എം പാർട്ടി ഗ്രാമം വി.എസും ദൗത്യ സംഘവും കണ്ടില്ലെന്നായിരുന്നു ആരോപണം. സി.പി.എം സഹയാത്രികരായ ചില റിസോർട്ട് ഉടമകളുടെ കയ്യേറ്റവും ഇതിനിടെ പുറത്തു വന്നു. ദൗത്യസംഘത്തിനും മുഖ്യമന്ത്രി വി.എസിനും എതിരെ അന്ന് സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന മന്ത്രി എം.എം.മണി പരസ്യമായി രംഗത്ത് വന്നതും സി.പി.എം ഓഫിസിന് സമീപത്തെ കയ്യേറ്റം പൊളിക്കാൻ വന്ന ദൗത്യസംഘത്തെ സി.പി.എം നേരിട്ടതും അക്കാലത്തായിരുന്നു.

ഇതേസമയത്ത് തന്നെയാണ് 1971ലെ നിയമപ്രകാരം ഏറ്റെടുത്ത ഭൂമി വനം വകുപ്പിന് കൈമാറനുള്ള ശ്രമം സി.പി.ഐക്കരായ റവന്യൂ–വനം മന്ത്രിമാരായ കെ.പി.രാജേന്ദ്രനും ബിനോയ് വിശ്വവും ആരംഭിച്ചത്. 17022 ഏക്കർ ഭൂമിയാണ് കെ.ഡി.എച്ച് വില്ലേജിൽ വനം വകുപ്പിന് സംരക്ഷിത വനമാക്കാൻ കൈമാറിയത്. ഇതിന് സി.പി.എം അനുകുലമായിരുന്നില്ലെന്നാണ് പറയുന്നത്. റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രൻ മുന്നോട്ട് വെച്ച നവീന മൂന്നാർ എന്ന ആശയവും മറ്റൊരു തർക്കത്തിന് കാരണമായി. മൂന്നാർ ടൗണിലെ വ്യാപാരികൾ തുടങ്ങി വസിക്കുന്ന വീടുകളും മാർക്കറ്റും കടകളും അടക്കമുള്ള 1073.5 ഏക്കർ കമ്പനിയിൽ നിന്നും ഏറ്റെടുത്ത് നൽകാനും അനധികൃത റിസോർട്ടുകളിൽ നിന്നും പിഴയടക്കം ഈടാക്കി നവീന മൂന്നാർ നിർമ്മിക്കാനുമായിരുന്നു ലക്ഷ്യം. ഇതിനായി ഓർഡിനൻസ് തയ്യാറായെങ്കിലും നിയമപ്രശ്നമുണ്ടെന്ന മുഖ്യമന്ത്രി വി.എസിൻറ അഭിപ്രായത്തോടെ കോൾഡ് സ്റ്റോറേജിലായി. നവീന മൂന്നാർ എന്ന ആശയം നടപ്പാകുന്നതിലൂടെ ടൗണിൽ ജീവിക്കുന്ന ഭവന രഹിതർ, കമ്പനിയുടെ വീടുകളിലും  കടകളിലും കഴിയുന്നവർ എന്നിവരുടെ പിന്തുണ സി.പി.ഐക്കാകുമെന്നും അനധികൃത റിസോർട്ടുകൾക്ക് നിയമസാധുത നൽകുകയും ഏറ്റെടുക്കുന്ന ഭൂമിയിൽ ബാക്കി റിസോർട്ടുകൾക്ക് നൽകുന്നതിലും റവന്യൂ വകുപ്പിന് മേൽക്കോയ്മ ലഭിക്കുമെന്ന സി.പി.എം ഭയം മൂലം ഓർഡിനൻസിനെ അട്ടിമറിച്ചുവെന്നാണ് സി.പി.ഐ ആരോപിക്കുന്നത്.

ഇപ്പോൾ ഇടതു മുന്നണി സർക്കാർ വന്നതോടെ പഴയ സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നു. മൂന്നാർ ടൗണിൽ വൻകിട കയ്യേറ്റങ്ങൾ ഇല്ലെങ്കിലും സമിപ പഞ്ചായത്തുകളിൽ കയ്യേറ്റമുണ്ട്. ചിന്നക്കനാൽ, വട്ടവട,ദേവികുളം പഞ്ചായത്തുളകിലെ കയ്യേറ്റങ്ങൾക്ക് പിന്നിൽ സി.പി.എം ആണെന്ന ആരോപണമാണ് സി.പി.ഐ ഉന്നയിക്കുന്നത്. മൂന്നാറിൽ മാത്രം ആയിരകണക്കിന് ഏക്കർ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്.

1877 ജൂലൈ 11ന് ജോൺ ഡാനിയൽ മൺേട്രാ എന്ന സായ്പ് പൂഞ്ഞാർ രാജാവിൽ നിന്നും കണ്ണൻ ദേവൻ കുന്നുകൾ പാട്ടത്തിന് എടുക്കുന്നതോടെയാണ് ഇപ്പോഴത്തെ മൂന്നാറി​െൻറ ചരിത്രം ആരംഭിക്കുന്നത്. പിന്നിട് പലരിലൂടെയായി കണ്ണൻ ദേവൻ കമ്പനിയിലും തുടർന്ന് ടാറ്റാ കമ്പനിയിലും ഭൂമി എത്തിപ്പെട്ടു. 1971ല കണ്ണൻ ദേവൻ (ഭൂമി ഏറ്റെടുക്കൽ) നിയമ പ്രകാരം  കണ്ണൻ ദേവൻ കമ്പനിയുടെ കൈവശമുണ്ടായിരുന്ന മുഴുവൻ ഭൂമിയും സർക്കാർ തിരിച്ച് എടുക്കുകയും തേയില കൃഷിക്കും അനുബന്ധാവശ്യങ്ങൾക്കും വേണ്ടി വരുന്ന ഭൂമി തിരിച്ച് പാട്ടത്തിന് നൽകുകയും ചെയ്തു.    കണ്ണൻ ദേവൻ (ഭൂമി ഏറ്റെടുക്കൽ) നിയമം–1971 പ്രകാരം കമ്പനിയുടെ കൈവശമുണ്ടായിരുന്ന മുഴുവൻ ഭൂമിയും സർക്കാരിൽ നിക്ഷിപ്തമാക്കി. 137606 ഏക്കറാണ് സർക്കാർ ഏറ്റെടുത്തത്?. 57359.14 ഏക്കർ കമ്പനിക്ക് തിരിച്ച് നൽകി. തേയല കൃഷിക്കായി 23239.06 ഏക്കർ, വിറക ്കൃഷി നടത്താൻ 16898.9 ഏക്കർ, കന്നുകാലി മേയ്ക്കുന്നതിന് 1220.77 ഏക്കർ, കെട്ടിടങ്ങളും റോഡുകളും സ്ഥിതി ചെയ്യുന്ന 2617.69 ഏക്കർ എന്നിങ്ങനെയായിരുന്നു ഇത്. 65 സർവേ നമ്പരുകളിലായി 70522.12 ഏക്കർ സർക്കാരിൽ നിക്ഷിപ്തമാക്കി. ഈ ഭൂമിയുടെ വിനിയോഗം എങ്ങനെയായിരിക്കണമെന്ന് പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു സമിതിയേയും സർക്കാർ നിയോഗിച്ചു. ഈ സമിതിയുടെ നിർദേശങ്ങളാണ് 1975ൽ സർക്കാർ ഉത്തരവായി പുറത്തിറക്കിയത്. ഇരവികുളം വന്യജീവിസങ്കേതത്തിനും വനവൽക്കരണത്തിനും ഭൂമി നീക്കി വെച്ചു. മാങ്കുളത്ത്  ഭൂരഹിതർക്ക് പതിച്ച് നൽകാൻ 5189 ഏക്കർ, ക്ഷീരവികസനത്തിന് 3824.85 എന്നിങ്ങനെ നീക്കിവെച്ചു. സ്കുൾ, എഫ്.സി.ഐ, കെ.എസ്.ആർ.ടി.സി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾക്കും ഭൂമി വകയിരുത്തി.

ഭവന പദ്ധതിക്കായി 1956 ഏപ്രിൽ 27ന്  216.58 ഏക്കർ, 1965 ജൂലൈ ഏഴിന് 283 ഏക്കർ എന്നിങ്ങനെ അന്നത്തെ കണ്ണൻ ദേവൻ കമ്പനി നൽകി. 1975ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്നാറിൽ ഭവന രഹിതർക്ക് 162 ഏക്കർ, 10ഉം15 ഉം സൈൻറ് വീതമുള്ള പ്ലോട്ടുകളാക്കി വിലക്ക്  നൽകാൻ 272.21 ഏക്കർ, മൂന്നാർ ടൗണിൽ ഹൗസിംഗ് കോളണി നടപ്പാക്കുന്നതിന് ഭവന നിർമ്മാണ ബോർഡിന് കൈമാറാൻ 70.83 ഏക്കർ, താലൂക്കാസ്ഥാനമായ ദേവികുളത്ത് 110.21 ഏക്കർ അങ്ങനെ 1125.25 ഏക്കർ ഭൂമിയാണ് ഇപ്പോഴത്തെ കെ.ഡി.എച്ച് വില്ലേജിൽ മാറ്റി വെച്ചത്. എന്നാൽ 1975ലെ സർക്കാർ ഉത്തരവ് നടപ്പായില്ല. ഭവന രഹിതർക്ക് നൽകേണ്ട ഈ ഭൂമി റിസോർട്ടുകൾ സ്വന്തമാക്കി. ഇപ്പോഴും വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുവെങ്കിലും അതു തടയുന്നില്ല.


 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnar land encroachmentcpm-cpi dispute
News Summary - munnar land encroachment and cpm-cpi dispute
Next Story