മുസ്ലിം സ്കോളർഷിപ്: മറനീക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിലെ ചതിക്കുഴികൾ
text_fieldsകേരളത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് ബിരുദ ബിരുദാനന്തര, പ്രഫഷനൽ കോഴ്സുകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രതിവർഷം യഥാക്രമം 3000, 4000, 5000 രൂപ നിരക്കിൽ സ്കോളർഷിപ്പുകൾ അനുവദിച്ചുകൊണ്ടുള്ള 2008 ആഗസ്റ്റ് 16ലെയും സ്കോളർഷിപ് ആനുകൂല്യം 20 ശതമാനം ലത്തീൻ കേത്താലിക്ക, പരിവർത്തിത ക്രിസ്ത്യാനി സമുദായങ്ങൾക്കും ബാധകമാക്കിക്കൊണ്ടുള്ള 2011 ഫെബ്രുവരി 22ലെയും സി.എ, കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ടിങ്, കമ്പനി സെക്രട്ടറിഷിപ് എന്നിവ പഠിക്കാൻ വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയുള്ള മുസ്ലിം-മറ്റു ന്യൂനപക്ഷങ്ങൾ എന്നിവർക്കുള്ള സ്കോളർഷിപ് അനുവദിച്ചുകൊണ്ട് പുറത്തിറക്കിയ 2015 മേയ് എട്ടിലെയും സർക്കാർ ഉത്തരവുകൾ റദ്ദാക്കിക്കൊണ്ട് കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി, പി. ചാലി എന്നിവരടങ്ങുന്ന ബെഞ്ച് പ്രസ്താവിച്ച വിധി വലിയ ഒച്ചപ്പാടിന് വഴിവെച്ചിരിക്കുന്നതിൽ അത്ഭുതമില്ല.
മുസ്ലിം ലീഗ്, ഐ.എൻ.എൽ, പി.ഡി.പി മുതലായ രാഷ്ട്രീയ പാർട്ടികളും മുസ്ലിം മതസാംസ്കാരിക സംഘടനകളും പൊതുവെ വിധി പുനഃപരിശോധിക്കുകയോ അതിനെതിരെ അപ്പീൽ കൊടുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുേമ്പാൾ, ചില ക്രൈസ്തവ സംഘടനകൾ വിധിയെ സ്വാഗതം ചെയ്യുന്നു. വിധി പഠിച്ചശേഷം നിലപാട് വ്യക്തമാക്കാം എന്നാണ് മുഖ്യമന്ത്രിയുെട നിലപാട്. ഈയവസരത്തിൽ സംഭവഗതികളെ യഥാർഥ പശ്ചാത്തലത്തിൽ വായിക്കാനുള്ള സംയമനം അനാവശ്യ വിവാദങ്ങളും തുടർന്നുണ്ടായേക്കാവുന്ന അസ്വാരസ്യങ്ങളും ഒഴിവാക്കാൻ അനുപേക്ഷ്യമാണ്.
2008 ഫെബ്രുവരി 21ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി (ചെയർമാൻ, സച്ചാർ കമീഷൻ റിപ്പോർട്ട് പഠന സമിതി) മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് സമർപ്പിച്ച റിപ്പോർട്ടിന്റെ ആമുഖം വായിക്കുക: ഇന്ത്യൻ മുസ്ലിംകളുടെ വിദ്യാഭ്യാസ-സാമൂഹിക സാമ്പത്തിക മേഖലകളിലെ സ്ഥിതിവിവരക്കണക്കുകളും അവസ്ഥാ വിശേഷങ്ങളും ശേഖരിച്ചും അവ അപഗ്രഥന വിധേയമാക്കി കേന്ദ്ര സർക്കാറിന് സമർപ്പിക്കാനായി ജസ്റ്റിസ് രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിൽ ഏഴംഗ സമിതിയെ 2005 മാർച്ച് 9ാം തീയതി കേന്ദ്ര സർക്കാർ നിയോഗിച്ചു.
ഈ രംഗങ്ങളിൽ മുസ്ലിം ജനവിഭാഗം അനുഭവിക്കുന്ന അവശതകൾ കണ്ടെത്താനും ക്രിയാത്മകമായ ഇടപെടലുകളിലൂടെ പരിഹാരം കണ്ടെത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഇത്തരം ഒരു ദൗത്യം ഏറ്റെടുത്തത്. മുസ്ലിം പ്രീണനം നിറംപിടിപ്പിച്ച കെട്ടുകഥയാണെന്നും മാത്രമല്ല, വികസനപാതയിൽ ഏറ്റവും പിന്നാക്കം പൊയ്ക്കൊണ്ടിരിക്കുന്ന ജനതതിയാണ് അവർ എന്നും സച്ചാർ റിപ്പോർട്ട് വരച്ചുകാട്ടി. ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മിക്കതും സച്ചാർ സമിതി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ ഇടതുസർക്കാർ ഇക്കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. 2007 ഒക്ടോബർ 15ന് ഇറക്കിയ ഒരു ഉത്തരവിലൂടെ സച്ചാർ സമിതി റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാനായി കേരള സർക്കാർ പാലോളി മുഹമ്മദ് കുട്ടി (തദ്ദേശ സ്വയംഭരണ മന്ത്രി) അധ്യക്ഷനും ടി.കെ. ഹംസ (എം.പി), കെ.ഇ. ഇസ്മാഈൽ (എം.പി), എ.എ. അസീസ് (എം.എൽ.എ), ഡോ. കെ.ടി. ജലീൽ (എം.എൽ.എ), ടി.കെ. വിൽസൻ, ഡോ. ഫസൽ ഗഫൂർ, ഒ. അബ്ദുറഹ്മാൻ, ഡോ. ഹുസൈൻ രണ്ടത്താണി, സി. മുഹമ്മദ് കുഞ്ഞി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി എന്നിവർ അംഗങ്ങളുമായി ഒരു സമിതിയെ നിയോഗിച്ചു.
കേരള മുസ്ലിംകൾ എന്ന ശീർഷകത്തിൽ പാലോളി സമിതി റിപ്പോർട്ടിൽ പറയുന്നത്:
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടേതിൽനിന്ന് വിശദാംശങ്ങളിലും സാഹചര്യങ്ങളിലും വ്യത്യസ്തമാണെങ്കിലും സച്ചാർ സമിതി കേരളത്തിലും വിവിധ മേഖലകളിൽ മുസ്ലിം പിന്നാക്കാവസ്ഥ സാമൂഹിക നീതിയെ തുറിച്ചുനോക്കുന്ന ഒരു യാഥാർഥ്യമാണ് എന്ന് കണ്ടിട്ടുണ്ട്. കേരളീയരുടെ രാഷ്ട്രീയ പ്രബുദ്ധതയും നവോത്ഥാന പ്രസ്ഥാനങ്ങളുടെ പൈതൃകമായി ലഭിച്ച പുരോഗമന സ്വഭാവവും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പൊതുവായ മുന്നേറ്റങ്ങളുമൊക്കെ കേരളത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വേർതിരിച്ച് നിർത്തുേമ്പാൾ തന്നെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളിൽ കേരള മുസ്ലിംകൾ ഇതര സമുദായങ്ങളെക്കാൾ പിന്നിലാണെന്നതാണ് വസ്തുത.
ഒരു സമുദായത്തിന്റെ വിദ്യാഭ്യാസ നിലവാരം സമൂഹത്തിലെ അതിന്റെ പദവിയുടെ സുപ്രധാന മാനദണ്ഡമാണ്. കേരളത്തിലെ വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിലെ വിദ്യാഭ്യാസത്തിന്റെയും വൈദഗ്ധ്യ സമ്പാദനത്തിന്റെയും രീതി എല്ലാ വിഭാഗങ്ങൾക്കിടയിലുമുള്ള വികാസത്തെ സൂചിപ്പിക്കുന്നു. സാക്ഷരതയുടെ ശതമാനത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. പൊതു സാക്ഷരതാ നിരക്കുകളിൽ നിലനിന്നിരുന്ന വ്യത്യാസങ്ങൾ ക്രമേണ കുറഞ്ഞുവന്നിട്ടുണ്ട്. എന്നാൽ, വിദ്യാസമ്പാദനത്തിന്റെ നിലവാരത്തിന്റെ കാര്യത്തിൽ ഇപ്പോഴും വ്യത്യാസങ്ങൾ ഉണ്ട്. കേരളീയ മുസ്ലിംകളുടെ വിദ്യാഭ്യാസ നിലവാരം ക്രിസ്ത്യാനികളുടെയും പരമ്പരാഗത ജാതിശ്രേണിയിൽ മുഖ്യസ്ഥാനത്തുണ്ടായിരുന്ന ജാതികളുടെയും നിലവാരത്തിന് വളരെ താഴെയാണ്.
ഇതിൽ നിന്നെല്ലാം സംശയാതീതമായി വ്യക്തമാക്കുന്ന കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:
1. സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ വസ്തുനിഷ്ഠമായി വിവരിച്ച മുസ്ലിം അധഃസ്ഥിതി പരിഹരിക്കാനുള്ള നിർദേശങ്ങൾ, കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളിൽ നടപ്പാക്കാനുള്ള ശിപാർശകൾ സമർപ്പിക്കാനാണ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി കൺവീനറായി വി.എസ് സർക്കാർ 11 അംഗ സമിതിയെ നിയോഗിച്ചത്. ന്യൂനപക്ഷങ്ങളെ പൊതുവായി പഠിക്കാനോ നിർേദശങ്ങൾ സമർപ്പിക്കാനോ സമിതിയെ ചുമതലപ്പെടുത്തിയിരുന്നില്ല.
(പ്രഥമ സിറ്റിങ്ങിൽ മുതിർന്ന അംഗമായിരുന്ന കെ.ഇ. ഇസ്മാഈൽ എം.പി അങ്ങനെയൊരു സംശയം ഉന്നയിച്ചപ്പോൾ കൺവീനർ പാലോളി തീർത്തുപറഞ്ഞത്, ഇത് സച്ചാർ സമിതി റിപ്പോർട്ട് നടപ്പാക്കാനുള്ളതാണ്. മുസ്ലിംകളല്ലാത്ത മറ്റൊരു സമുദായവും സമിതിയുടെ പരിഗണനയിൽ വരുന്നില്ല എന്നായിരുന്നു.)
2. കേരള മുസ്ലിം സ്ഥിതി ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ ഭേദമാണെന്ന് സച്ചാർ റിപ്പോർട്ടിലുള്ളതോടൊപ്പം കേരളത്തിലെ മുസ്ലിം സമൂഹവും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അപേക്ഷിച്ചു വിദ്യാഭ്യാസപരമായും തൊഴിൽപരമായും പിറകിലാണെന്ന് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2001ലെ സെൻസസ് പ്രകാരം കേരളത്തിലെ മുസ്ലിം ജനസംഖ്യ 24.70 ശതമാനമാണ്. എന്നാൽ, കോളജ് വിദ്യാഭ്യാസത്തിൽ 8.1 മാത്രമാണ് അവരുടെ അനുപാതം. ഹിന്ദുക്കളുടേത് 18.7ഉം ക്രിസ്ത്യാനികളുടേത് 20.5മായി നിൽക്കുേമ്പാഴാണിത്. ദാരിദ്ര്യത്തിൽ മുസ്ലിം അനുപാതം 28.7 ആയിരിക്കെ ക്രിസ്ത്യാനികളുടേത് വെറും നാലു ശതമാനമാണ്. ഒരർഥത്തിലും രണ്ടു ന്യൂനപക്ഷ സമുദായങ്ങൾ തുല്യരല്ലെന്ന് വ്യക്തം.
3. 'സർക്കാർ സർവിസിലും പൊതുമേഖല സ്ഥാപനങ്ങളിലും ബാങ്കിങ് മേഖലയിലും മറ്റും ഉയർന്ന തസ്തികകളിലെ മുസ്ലിം പ്രാതിനിധ്യം വളരെ പിന്നിലാണ്. ആവശ്യമായ പരിശീലനത്തിന്റെ അഭാവവും വ്യക്തിത്വ വികാസത്തിലെ പിൻനിരയും ഇതിനൊരു കാരണമാണ്. ഇത് പരിഹരിക്കാൻ കഴിയുന്നവിധത്തിൽ ആവശ്യമായ പരിശീലനങ്ങൾ നൽകേണ്ടതാണ് (പാലോളി റിപ്പോർട്ട് ഖണ്ഡിക 23 പേജ് 17). ഇതുപ്രകാരം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കോച്ചിങ് സെൻററുകളിൽ മറ്റു ന്യൂനപക്ഷ-പിന്നാക്ക സമുദായങ്ങൾക്ക് കൂടി പ്രവേശനം അനുവദിച്ചത് ഒൗദാര്യമായല്ലാതെ ജനസംഖ്യാനുപാതികമായ അവകാശമായി മാറുന്നേ ഇല്ല.
4. 'വിദ്യാഭ്യാസ പ്രോത്സാഹനത്തിൽ സ്കോളർഷിപ്പിനുള്ള സ്ഥാനം പ്രധാനമാണ്......പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ ഏറെ പ്രയോജനകരമായിരിക്കും. കേരളത്തിൽ മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് പത്താംക്ലാസ് വരെയുള്ള പഠനത്തിന് പ്രതിവർഷ സ്കോളർഷിപ് വർഷങ്ങളായി നിലവിലുണ്ട്.' (പാലോളി റിപ്പോർട്ട് ഖണ്ഡിക VI പേജ് 31).
പാലോളി കമ്മിറ്റി മുേമ്പാട്ടുവെച്ച ശിപാർശകൾ:
1. കേരളത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് പുതുതായി വിദ്യാഭ്യാസ സ്കോളർഷിപ്പ് ഏർപ്പെടുത്തേണ്ടതാണ്. ഫീസാനുകൂല്യത്തിന് അർഹരായ എല്ലാവർക്കും സ്കോളർഷിപ് ഏർപ്പെടുത്തേണ്ടതാണ്. 2. ഗവേഷണാധിഷ്ഠിത കോഴ്സുകൾക്ക് പഠിക്കുന്ന മുസ്ലിം പെൺകുട്ടികൾക്ക് പ്രതിവർഷം 12,000 രൂപ സ്കോളർഷിപ് ഏർപ്പെടുത്തണം. 3. ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഡിഗ്രിക്കും പി.ജിക്കും പഠിക്കുന്ന മുസ്ലിം പെൺകുട്ടികൾക്ക് പ്രതിവർഷം 2000 രൂപ സ്കോളർഷിപ്പ് ഏർപ്പെടുത്തുക. (പാലോളി റിപ്പോർട്ട് പേജ് 32).
ഈ ശിപാർശകൾ പരിഗണിച്ചാണ് 2008 ആഗസ്റ്റ് 16ന് അന്നത്തെ സർക്കാർ മുസ്ലിം പെൺകുട്ടികൾക്ക് ബിരുദ, ബിരുദാനന്തര പ്രഫഷനൽ കോഴ്സുകൾക്ക് മെറിറ്റടിസ്ഥാനത്തിൽ പ്രതിവർഷം 3000, 4000, 5000 രൂപ നിരക്കിൽ 5000 സ്കോളർഷിപ്പുകൾ പാസാക്കിയത്. ഇതാണിപ്പോൾ വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി റദ്ദാക്കിയ ഒന്നാമത്തെ ആനുകൂല്യം. 2011 ഫെബ്രുവരി 22ലെ ഉത്തരവിൽ സ്കോളർഷിപ് ആനുകൂല്യത്തിൽ കത്തോലിക്ക സമുദായത്തിനും മറ്റു പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കും 20 ശതമാനം അനുവദിച്ചതാണ് ജനസംഖ്യാനുപാതികമല്ലെന്ന് വിധിച്ച് കോടതി റദ്ദാക്കിയിരിക്കുന്നത്. സത്യത്തിൽ ക്രൈസ്തവരിൽ ലത്തീൻ ക്രിസ്ത്യാനികളും പരിവർത്തിതരും 20 ശതമാനത്തിലധികമുണ്ടോ? അഥവാ മൊത്തം ക്രൈസ്തവ സമുദായം ന്യൂനപക്ഷ സമുദായമെന്ന നിലയിൽ സ്കോളർഷിപ്പിന് അർഹരാണെന്നാണോ? എങ്കിൽ മുന്നാക്ക സമുദായങ്ങളിലെ മൊത്തം കുട്ടികൾക്കും മുസ്ലിംകളിലെ തന്നെ ആൺ-പെൺ വിവേചനമന്യേ എല്ലാ കുട്ടികളും സ്േകാളർഷിപ്പിന് അർഹരാണെന്നല്ലേ വരുക?
14 ജില്ലകളിൽ നടത്തിയ സിറ്റിങ്ങുകളിൽ ലഭിച്ച 398 നിവേദനങ്ങളിൽ പൊതുവായി പ്രതിപാദിച്ച 77 പ്രശ്നങ്ങളാണ് റിപ്പോർട്ടിൽ പരിഗണിച്ചതെന്ന് പാലോളി സമിതിയുടെ റിപ്പോർട്ടിന്റെ മുഖവുരയിൽ പ്രസ്താവിച്ചിട്ടുണ്ട്. കേരള യുക്തിവാദി സംഘം, കേരള വിശ്വകർമ സഭ, പത്മശാലി സമാജം, കൊടൽനടകാവ് എൻ.എസ്.എസ് കരയോഗം എന്നീ സംഘടനകളടക്കമുണ്ട് പട്ടികയിൽ. അതേസമയം, ഒരു ക്രൈസ്തവ സംഘടന പോലുമില്ല. പാലോളി പഠനസമിതിയിലെ 11 അംഗങ്ങളിൽ ഒരാൾ ക്രൈസ്തവനാണെങ്കിലും അദ്ദേഹവും ഒരു സിറ്റിങ്ങിലും തന്റെ സമുദായത്തിന്റെ കാര്യം ഉന്നയിച്ചിട്ടില്ല. ഇത് മുസ്ലിം സമുദായത്തിന്റെ മാത്രം കാര്യമാണെന്ന് അദ്ദേഹം മനസ്സിലാക്കിയതാവാം കാരണം. എന്നിട്ടിപ്പോൾ അഞ്ചാറ് വർഷങ്ങൾക്ക് ശേഷം ക്രൈസ്തവരോടുള്ള വിവേചനമായി ഉപര്യുക്ത ഉത്തരവുകളെ ദുർവ്യാഖ്യാനിക്കുന്നതിന്റെ പിന്നിൽ സങ്കുചിത താൽപര്യങ്ങൾ മാത്രമാണ്.
കലങ്ങിയ വെള്ളത്തിൽനിന്ന് മീൻ പിടിക്കാൻ കേന്ദ്രമന്ത്രിയുൾപ്പെടെ സംഘ്പരിവാർ പ്രമുഖരും രംഗത്തുണ്ട്. സച്ചാർ സമിതി റിപ്പോർട്ട് ആദ്യമേ തള്ളിക്കളഞ്ഞ പാർട്ടിയാണ് ബി.ജെ.പി എന്നോർക്കണം. രാജ്യത്തോട് കൂറില്ലാത്തവരായി ആചാര്യൻ മുേമ്പ വിധിച്ച മുസ്ലിംകൾ, ക്രൈസ്തവർ, കമ്യൂണിസ്റ്റുകാർ എന്നിവരടങ്ങിയ പട്ടികയിൽനിന്ന് ക്രിസ്ത്യാനികളെ പെട്ടെന്ന് പുറത്തുകൊണ്ടുവന്ന് പ്രത്യേക സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ കാപട്യം മുതലക്കണ്ണീരിൽ കുറഞ്ഞ ഒന്നുമല്ല. അവസാന വിശകലനത്തിൽ പാലോളി പഠനസമിതി ചെയ്ത ശിപാർശകളിൽ സർക്കാർ -അതാരുടേതായാലും- വെള്ളം ചേർത്ത് ന്യൂനപക്ഷാനുകൂല്യമാക്കി മാറ്റിയതാണ് ഒന്നാമത്തെ തെറ്റ്.
രണ്ടാമത്തേത്, യഥാർഥ പശ്ചാത്തലവും കാരണങ്ങളും കോടതി മുമ്പാകെ അവതരിപ്പിക്കുന്നതിൽ സർക്കാർ ഭാഗം അഭിഭാഷകർക്ക് പറ്റിയ ഗുരുതരമായ വീഴ്ചയും. രണ്ടായാലും ഒരബദ്ധത്തിൽ പിടികൂടി വിധിയെ സ്വാഗതം ചെയ്യുന്നവർ ആരായാലും നീതിയുടെ പക്ഷത്തല്ല നിൽക്കുന്നതെന്ന് അവർ തിരിച്ചറിയണം. പണ്ടോറയുടെ പെട്ടി തുറന്ന സർക്കാറാവട്ടെ മുഖ്യമന്ത്രി ഉറപ്പുനൽകിയപോലെ, വിധി പഠിച്ച് വോട്ട്ബാങ്ക് രാഷ്ട്രീയത്തിനപ്പുറത്ത് നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച് വിധി തിരുത്തിക്കിട്ടാൻ വേണ്ടത് ചെയ്യണം. അല്ലാത്തപക്ഷം അസംതൃപ്തിയും അസ്വാരസ്യങ്ങളും വളരുകയും പടരുകയും ചെയ്യും. സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി തിരിച്ചറിഞ്ഞ യാഥാർഥ്യമെങ്കിലും പാർട്ടിയും സർക്കാറും കാണാതെ പോവരുത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.