ഷംസീർ എന്ന പേരിലെ മിത്തും യാഥാർഥ്യവും
text_fields‘മിത്ത്’ വിവാദത്തിൽ സി.പി.എമ്മും സ്പീക്കർ എ.എൻ. ഷംസീറും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിരിക്കുന്നു. തീർത്തും നിർദോഷകരമായ, അതിലുപരി ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസംഗത്തെ ദുർവ്യാഖ്യാനിച്ച് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘ്പരിവാർ പദ്ധതിക്കു മുന്നിൽ മുട്ട് മടക്കില്ലെന്നുതന്നെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദൻ മാസ്റ്ററുടെ വാർത്തസമ്മേളനത്തിന്റെ രത്നച്ചുരുക്കം.
ഏതെങ്കിലും മതവിശ്വാസത്തെ ഹനിക്കാനോ മുറിപ്പെടുത്താനോ അല്ല, ശാസ്ത്രബോധത്തെ പ്രോത്സാഹിപ്പിക്കണമെന്ന ഭരണഘടന തത്ത്വത്തിലൂന്നിയാണ് താൻ പ്രസംഗിച്ചതെന്നും ഇപ്പോഴത്തെ വിവാദം രാജ്യത്ത് പലയിടത്തും നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ കേരളത്തിലേക്കും കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമാണെന്നും ഷംസീറും പറയുകയുണ്ടായി. വിഷയത്തിൽ തിരുത്തിന്റെയും മാപ്പിന്റെയും ആവശ്യമില്ലെന്നും ഇരുവരും ആവർത്തിക്കുകയും ചെയ്തു. ജൂലൈ 21ന്, കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ നടത്തിയ ചില പരാമർശങ്ങൾ ഉയർത്തിക്കാട്ടി ആദ്യം യുവമോർച്ചയും പിന്നീട് എൻ.എസ്.എസും അതിനുപിന്നാലെ പ്രതിപക്ഷ നേതാവുൾപ്പെടെ ഏതാനും കോൺഗ്രസ് നേതാക്കളും ഷംസീറിനെതിരെ കഴിഞ്ഞദിവസങ്ങളിൽ രംഗത്തുവന്നിരുന്നു.
ഷംസീർ ഹൈന്ദവ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ് എല്ലാവരുടെയും ആക്ഷേപം. പലയിടത്തും ഷംസീറിനെതിരെ കൊലവിളി പ്രസംഗങ്ങൾ വരെ നടന്നു. സാധാരണഗതിയിൽ, ആക്ഷേപത്തിൽ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ തിരുത്തും ഖേദപ്രകടനവുമൊക്കെയാണ് പ്രായോഗിക രാഷ്ട്രീയം. എന്നാലിക്കുറി സി.പി.എം അതിനുതയാറായില്ലെന്നു മാത്രമല്ല,‘വിവാദ’ പരാമർശങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ അതിനെ രാഷ്ട്രീയമായി പ്രതിരോധിച്ചു.
സ്പീക്കറുടെ പ്രഭാഷണത്തിലെ വിവാദ ഭാഗം ഇങ്ങനെയാണ്: ‘‘ശാസ്ത്ര സാങ്കേതികരംഗം വികസിക്കുമ്പോൾ സയൻസിന്റെ സ്ഥാനത്ത് മിത്തുകളെ അവതരിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരന്മാർ എന്നെഴുതിയാൽ തെറ്റാകുന്നതും പുഷ്പകവിമാനം ശരിയാകുന്നതും. കല്യാണം കഴിച്ചാൽ കുട്ടികളുണ്ടാകാത്തവർ ഐ.വി.എഫ് ട്രീറ്റ്മെന്റിന് പോകാറുണ്ട്. ട്രീറ്റ്മെന്റിൽ ചിലർക്ക് ഒന്നിലേറെ കുട്ടികളുണ്ടാകും.
ഐ.വി.എഫ് ട്രീറ്റ്മെന്റ് പണ്ടേയുണ്ടെന്നും അങ്ങനെയാണ് കൗരവർ ഉണ്ടായതെന്നും പറയുന്നു. പ്ലാസ്റ്റിക് സർജറി മെഡിക്കൽ സയൻസിലെ പുതിയ കണ്ടുപിടിത്തമാണ്. പ്ലാസ്റ്റിക് സർജറിയും പുരാണകാലത്തേയുള്ളതാണെന്നും മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഭഗവാൻ ഗണപതി ഇതിന്റെ ഉദാഹരണമാണെന്നും പറയുന്നു.’’ ഇതിൽ വിവാദമാക്കാൻ മാത്രമുള്ള, ഹിന്ദു മത വിശ്വാസത്തെ വ്രണപ്പെടുത്തുന്ന എന്തെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല.
എന്നല്ല, മിത്തിനെയും ആധുനിക ശാസ്ത്രത്തെയും കൂട്ടിക്കുഴക്കുന്ന പ്രവണതക്കെതിരെ വിമർശനം ഉന്നയിക്കുന്ന ആദ്യത്തെയാളുമല്ല ഷംസീർ. ദേശീയതലത്തിൽതന്നെ അക്കാദമിക വിദഗ്ധരും ശാസ്ത്രജ്ഞരും തൊട്ട് യുക്തിവാദികൾവരെ ഇക്കാര്യം വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നു. എന്തിനേറെ, ഈ പ്രവണതക്ക് മോദി സർക്കാർ വലിയ പിന്തുണ നൽകിയപ്പോൾ അതിനെതിരെ രാംഗത്തുവന്നവരിൽ ആർ.എസ്.എസ് സൈദ്ധാന്തികർ വരെയുണ്ട്.
മേൽസൂചിപ്പിച്ച അതേ ഉദാഹരണങ്ങൾ നിരത്തി ഈ പ്രവണതയുടെ അപകടങ്ങളെക്കുറിച്ച് മുമ്പ് ആർ.എസ്.എസ് നേതാവ് ആർ. ഹരി പ്രസംഗിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ശശി തരൂരിനെപ്പോലുള്ളവർ തങ്ങളുടെ ഹിന്ദു-ഹിന്ദുത്വ സിദ്ധാന്തത്തെ സമർഥിക്കാനും ഇതേ ഉദാഹരണങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അന്നൊന്നുമില്ലാത്ത കോലാഹലങ്ങൾ ഷംസീറിന്റെ കാര്യത്തിലുണ്ടാകുമ്പോൾ അത് വേറെത്തന്നെ പരിശോധിക്കേണ്ടതുണ്ട്.
ജനങ്ങൾക്കിടയിൽ, വിശേഷിച്ചും വിദ്യാർഥികൾക്കിടയിൽ ശാസ്ത്രാവബോധം വളർത്തുക എന്നത് രണ്ടാം പിണറായി സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. നിയമസഭയുടെ നാഥൻ എന്ന നിലയിൽ ആ നിലപാടിനെ ഉയർത്തിപ്പിടിക്കുക മാത്രമാണ് ഷംസീർ ചെയ്തിരിക്കുന്നത്.
വാസ്തവത്തിൽ, ഇത് കേവലമൊരു ശാസ്ത്രബോധവത്കരണമെന്ന ‘പോപുലിസ്റ്റ്’ നിലപാടല്ല. ശക്തമായൊരു ഫാഷിസ്റ്റ് പ്രതിരോധമാണ്. സർവമേഖലകളിലും കാവിവത്കരണത്തിന് കോപ്പുകുട്ടുന്ന സംഘപരിവാരം ശാസ്ത്ര, ഗവേഷണ രംഗത്തും കൈവെക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. 2014ൽ, മോദി അധികാരത്തിലേറിയശേഷം മിത്തിനെ ശാസ്ത്രീയവത്കരിക്കുന്ന ഈ പരിപാടിക്ക് വേഗം കൂടുകയും ചെയ്തു.
മോദിതന്നെയായിരുന്നു ഇതിന്റെ ‘ഉദ്ഘാടക’നും. 2014 ഒക്ടോബറിൽ മുംബൈയിൽ റിലയൻസ് ആശുപത്രിയുടെ ഉദ്ഘാടനചടങ്ങിൽ അദ്ദേഹം ഗണപതിയുടെ രൂപം സർജറിയിലൂടെ രൂപപ്പെടുത്തിയതാണെന്നുപറഞ്ഞത് വലിയ വാർത്തയായിരുന്നു. പിന്നീട് ‘ഇന്ത്യൻ സയൻസ് കോൺഗ്രസു’കൾ ഇത്തരം ‘ശാസ്ത്ര’ങ്ങളുടെ വേദികൂടിയായി മാറി. ഈ ‘പുരാണശാസ്ത്ര’ങ്ങൾക്ക് പ്രത്യേകം സെഷനുകൾതന്നെ അനുവദിക്കപ്പെട്ടു.
2015 ശാസ്ത്രകോൺഗ്രസിൽ ക്യാപ്റ്റൻ ആനന്ദ് ജെ. ബോധാസ് എന്ന ഹിന്ദുത്വവാദി പുരാണ വിമാന സാങ്കേതികവിദ്യയെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ചു. പുരാണകാലത്ത് വൈക്കോലിൽനിന്നും സ്വർണം ഉൽപാദിപ്പിച്ചതിന്റെയും പതിനായിരം വർഷങ്ങൾക്കുമുമ്പ് ഗ്രഹാന്തരയാത്ര നടത്തിയതിന്റെയും ‘ചരിത്രം’ ആ സെഷനിൽ ഉയർന്നുകേട്ടു. 2019ലെ ജലന്ധർ ശാസ്ത്രകോൺഗ്രസ് ശരിക്കും ‘ഹിന്ദുത്വ ശാസ്ത്ര’ത്തിന്റെ കൂത്തരങ്ങായി മാറിയിരുന്നു. ‘ഭാവി ഇന്ത്യ: ശാസ്ത്രവും സാേങ്കതിക വിദ്യയും’ എന്ന പ്രമേയത്തിൽ അന്ന് സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ‘പ്രബന്ധ’ങ്ങളിൽ എടുത്തുപറയേണ്ടത് ആന്ധ്ര യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ജി. നാഗേശ്വർ റാവുവിന്റേതായിരുന്നു.
മൂലകോശ ഗവേഷണത്തിലും കൃത്രിമ ബീജസങ്കലന വിദ്യയിലുമെല്ലാം സഹസ്രാബ്ദങ്ങൾക്കുമുേമ്പ ഇന്ത്യക്കാർക്ക് അറിവുണ്ടായിരുന്നുവെന്നാണ് ഇദ്ദേഹം സമർഥിച്ചത്. കൗരവർ ടെസ്റ്റ് ട്യൂബ് ശിശുക്കളായിരുന്നുവത്രെ; സുദർശനചക്രവും മറ്റും തെളിയിക്കുന്നത് ‘പ്രാചീന’ ഇന്ത്യയിലെ മിസൈൽ സാേങ്കതിക വിദ്യയിലേക്കാണ്; പുഷ്പക വിമാനം മാത്രമല്ല, രാവണന് വേറെയും 24 വിമാനങ്ങളുണ്ടായിരുന്നു; അവക്കായി ശ്രീലങ്കയിൽ വിമാനത്താവളങ്ങളും പ്രവർത്തിച്ചിരുന്നു.
ഡാർവിനു മുേന്ന പരിണാമ സിദ്ധാന്തത്തെക്കുറിച്ച് ലോകത്തെ അറിയിച്ചതും ഇതേ ‘ശാസ്ത്ര ഗ്രന്ഥ’ങ്ങളാണെന്നും അദ്ദേഹം വാദിച്ചു. നാഗേശ്വർ റാവുവിനെ വെല്ലുന്ന കണ്ടെത്തലുമായാണ് തമിഴ്നാട്ടിൽനിന്നുള്ള ജഗത്തല കൃഷ്ണൻ എന്ന സ്വതന്ത്ര ഗവേഷകൻ സമ്മേളനത്തിനെത്തിയത്. ഗുരുത്വാകർഷണ സിദ്ധാന്തത്തിൽ ന്യൂട്ടണും ആപേക്ഷികതാ സിദ്ധാന്തത്തിൽ െഎൻസ്റ്റൈനും തെറ്റുപറ്റിയെന്നും ശരിയായ വിജ്ഞാനത്തിന് ശാസ്ത്രസമൂഹം പുരാണങ്ങളിലേക്ക് മടങ്ങേണ്ടിയിരിക്കുന്നുവെന്നുമാണ് അദ്ദേഹം സമർഥിക്കുന്നത്. ആപേക്ഷികതാ സിദ്ധാന്തത്തിെൻറ ഭാഗമായി െഎൻസ്റ്റൈൻ പ്രവചിച്ച ‘ഗുരുത്വ തരംഗ’ങ്ങൾക്ക് ‘മോദി തരംഗം’ എന്നു പേര് മാറ്റണമെന്നും അദ്ദേഹം നിർദേശിച്ചു.
കേവലം ‘പ്രബന്ധ’ങ്ങളായി ഇവയെ കാണാനാവില്ല. മിത്തുകളെ ആദ്യം ചരിത്രമാക്കുകയും പിന്നീടതിനെ വിപുലമായ ശാസ്ത്ര-വിജ്ഞാനീയ പദ്ധതിയായി പരിവർത്തിപ്പിക്കുകയും ചെയ്യാനുള്ള ശ്രമങ്ങളായാണ് ഇതിനെ വിലയിരുത്തേണ്ടത്. അങ്ങനെ രൂപപ്പെടുന്ന ‘അറിവു’കൾക്ക് ആത്യന്തികമായി ഫാഷിസത്തിെൻറ നിറവും മണവുമായിരിക്കും. ഇപ്പോൾതന്നെ അത്തരം ‘അറിവുകൾ’ പ്രയോഗിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു. രാമായണത്തിൽ പ്രതിപാദിക്കുന്ന ‘മൃതസഞ്ജീവനി’ കണ്ടെത്തി അതിൽനിന്ന് ‘ചിരഞ്ജീവി’ മരുന്ന് നിർമിക്കാൻ 2018ൽ ഉത്തരാഖണ്ഡ് സർക്കാർ 25 കോടി രൂപ വകയിരുത്തി.
ഗോമൂത്ര ഗവേഷണത്തിന് സർവകലാശാലകൾതന്നെ പലയിടത്തും ഒരുങ്ങിയിരിക്കുന്നു. അടുത്തിടെ, മന്ത്രവും ജ്യോതിഷവുമെല്ലാം ഉൾപ്പെടുത്തി ‘മെഡിക്കൽ ആസ്ട്രോളജി’ എന്ന പേരിൽ ഒരു വിഷയം ബി.എ.എം.എസ് സിലബസിൽ ചേർക്കാൻ കേന്ദ്രം ശ്രമിച്ചിരുന്നു. പഞ്ചഭൂതങ്ങളിലൊന്നായ ‘ആകാശ’ത്തെക്കുറിച്ചുള്ള പുതിയ ശാസ്ത്രശാഖക്കും തുടക്കം കുറിക്കാനും ഭരണകൂടം ഒരുെമ്പട്ടെങ്കിലും ശാസ്ത്രസമൂഹത്തിന്റെ കടുത്ത പ്രതിഷേധംമൂലം അവ തൽക്കാലത്തേക്ക് ഉപേക്ഷിക്കേണ്ടിവന്നു.
കേന്ദ്രത്തിന്റെ ഈ പ്രവണത രാജ്യത്തെ ശാസ്ത്രഗവേഷണ മേഖലയെ മുച്ചൂടും നശിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം വിവിധ മേഖലകളിൽ അലയടിക്കുമ്പോഴാണ് കേരള സർക്കാർ ‘ശാസ്ത്രാവബോധം’ ഒരു രാഷ്ട്രീയ പ്രതിരോധമായി ഏറ്റെടുത്തത്. അക്കാര്യമേ ഷംസീറും പറഞ്ഞുള്ളൂ. ഒരു ഫാഷിസ്റ്റ് വിരുദ്ധ പദ്ധതിയെന്ന നിലയിൽ അതിനെ പിന്തുണക്കാനുള്ള ബാധ്യത പ്രതിപക്ഷത്തിനുണ്ടായിരുന്നു. നിർഭാഗ്യവശാൽ, അവരും സംഘ്പരിവാർ കെണിയിൽ വീണു. വോട്ട് ബാങ്കിനപ്പുറത്തേക്ക് ചിന്തിക്കാൻ കോൺഗ്രസിന് കഴിയാതെപോയത് ആ പാർട്ടിയുടെ ജനിതക ദൗർബല്യമാണ്. ‘ഇൻഡ്യ’ എന്ന ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയിലാണ് ഇരുകൂട്ടരുമെന്ന് കോൺഗ്രസ് നേതൃത്വം ആലോചിക്കേണ്ടിയിരുന്നു.
ഷംസീറിന്റെ പ്രഭാഷണത്തെ മുസ്ലിം വിശ്വാസവുമായി കൂട്ടിക്കെട്ടി അതിന് മറ്റ് ആഖ്യാനങ്ങൾ ചമയ്ക്കാനുള്ള വിവിധ കോണുകളിൽനിന്നുള്ള ശ്രമങ്ങളും അതീവ ജാഗ്രതയോടെ കാണേണ്ടതുണ്ട്. വിവാദത്തിലേക്ക് ഹൂറിമാരെയും ബുറാഖിനെയുമൊക്കെ വലിച്ചിടുന്നത് അത്ര നിഷ്കളങ്കമല്ല. ഇത്തരമൊരു ആഖ്യാനത്തിന് തുടക്കം കുറിച്ചവരിൽ നമ്മുടെ നാട്ടിലെ ‘ശാസ്ത്രവാദി’കളായ നവനാസ്തികരുമുണ്ടെന്നതിൽ അത്ഭുതമില്ല.
പലപ്പോഴും സംഘ്പരിവാറിന്റെ മെഗാഫോണായി പ്രവർത്തിക്കുന്ന ഇക്കൂട്ടരിൽനിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാനില്ല. എന്തുകൊണ്ട് ഷംസീർ മുസ്ലിം വിശ്വാസപ്രമാണങ്ങളെ വിമർശിക്കുന്നില്ല, മുസ്ലിം മിത്തുകൾ ശാസ്ത്രീയമാണോ എന്നൊക്കെയാണ് ഇവരുടെയൊക്കെ ചോദ്യം. അഥവാ, ഇതിനെയൊരു ശാസ്ത്ര വിഷയം എന്നതിനപ്പുറം ഹിന്ദു-മുസ്ലിം പ്രശ്നം എന്ന നിലയിലാണ് അവർ കൈകാര്യം ചെയ്യുന്നത്.
വിശ്വാസങ്ങളെ വിമർശിക്കുന്നതല്ല, പരിഹസിക്കുന്നതേ സത്യത്തിൽ കാര്യമാക്കേണ്ടതുള്ളൂ. അത്തരത്തിൽ വിദ്വേഷം ജനിപ്പിക്കുന്ന ഒന്നും ഷംസീർ പറഞ്ഞിട്ടില്ല എന്നിരിക്കെ, ഈ ചോദ്യം ഉന്നയിക്കപ്പെടുന്നതിന്റെ താൽപര്യങ്ങൾ കൃത്യമാണ്. ഇ.പി. ജയരാജൻ ശരിയായി നിരീക്ഷിച്ചതുപോലെ, ഷംസീർ ഒരു മുസ്ലിമായതുകൊണ്ടാണ് ഈ കോലാഹലമത്രയും. ‘സുന്നത്ത് കഴിച്ചതാണോ ഷംസീറിന്റെ പ്രത്യേകത’യെന്ന് യുവമോർച്ച നേതാവ് ചോദിച്ചത് ഇതോടൊപ്പം ചേർത്തുവായിച്ചാൽ കാര്യങ്ങൾ കൃത്യമാകും.
അപ്പോൾ ഉന്നയിക്കപ്പെട്ട മിത്തിലല്ല, ‘ഷംസീർ’ എന്ന പേരിലെ യാഥാർഥ്യത്തിലാണ് കാര്യങ്ങൾ തെളിഞ്ഞിരിക്കുന്നത്. വർത്തമാന ഇന്ത്യയിൽ പൊതു ഇടങ്ങളിൽനിന്ന് മുസ്ലിം ന്യൂനപക്ഷങ്ങൾ നിഷ്കാസിതരാവുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാണിക്കാൻ ഇതിൽപരമെന്ത് തെളിവുവേണം?
sulhafk123@gmail.com
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.