നാഗ്പുർ പ്രസംഗം കാതിൽനിന്ന് മായുംമുമ്പേ....
text_fieldsരാജ്യത്ത് ഭീകരതയും സാമൂഹിക അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന ശക്തികളെ കർശനമായി നേരിടണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പ്രസംഗിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി ലോക്സഭാംഗം പർവേശ് വർമയും യു.പിയിലെ ലോനി നിയമസഭ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന നന്ദ്കിഷോർ ഗുർജറും നടത്തിയ അതിഭയാനകവും പ്രകോപനപരവുമായ വിദ്വേഷ പ്രസംഗങ്ങൾ രാജ്യം കേട്ടത്.
രാജ്യതലസ്ഥാനമായ ഡൽഹിയിലെ ഷഹാദരയോട് തൊട്ടുചേർന്ന് കിടക്കുന്ന ലോനിയിൽ വിശ്വഹിന്ദുപരിഷത്തും മറ്റു ചില ഹിന്ദുത്വ സംഘടനകളും ചേർന്ന് നടത്തിയ വിരാട് ഹിന്ദുസഭയായിരുന്നു വേദി. മുസ്ലിംകളെ സമ്പൂർണമായി ബഹിഷ്കരിക്കണമെന്ന് പർവേശ് വർമ ആഹ്വാനം ചെയ്തപ്പോൾ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിൽ താനും പങ്കുചേർന്നിരുന്നതായി സൂചന നൽകി ഗുർജാർ.
ലോനി ജില്ലയിലെ സുന്ദർനഗരിയിൽ മനീഷ് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കാനെന്ന പേരിലാണ് പൊതുപരിപാടി സംഘടിപ്പിക്കപ്പെട്ടത്. സാജിദ്, ആലം, ബിലാൽ, ഫൈസാൻ, മുഹ്സിൻ, ശാക്കിർ എന്നിവരാണ് മനീഷിന്റെ കൊലയുമായി ബന്ധപ്പെട്ട് പിടിയിലായിരിക്കുന്നത്. പൂർവ വൈരാഗ്യത്തിനെത്തുടർന്നാണ് കൃത്യം നടന്നതെന്ന് പൊലീസ് പറയുമ്പോൾ സംഭവത്തിന് വർഗീയ നിറം നൽകുകയാണ് സംഘ്പരിവാർ.
ആർ.എസ്.എസ് സ്ഥാപനദിനമായ വിജയദശമി നാളിൽ നാഗ്പുരിൽ നടത്തിയ പ്രസംഗത്തിൽ ഭാഗവത് പറഞ്ഞു: ഭീകരതയും അക്രമവും സാമൂഹിക അശാന്തിയും വളർത്തുന്ന ശക്തികൾ സ്വാർഥതാൽപര്യങ്ങളുടെ പേരിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കുന്നു. അത്തരം ശക്തികളെ ഭാഷ, മതം, നാട്, നയം എന്നിവയൊന്നും പരിഗണിക്കാതെ അക്ഷീണം നേരിടുകയും പിന്തിരിപ്പിക്കുകയും വേണം.
ഹിന്ദുരാഷ്ട്രത്തോട് തുലനം ചെയ്ത് 'സംഘടിത ഹിന്ദു'ക്കളെ ന്യൂനപക്ഷങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് പ്രസ്താവിച്ച ഭാഗവത് ചില 'എലൈറ്റ് മുസ്ലിംകളു'മായി താൻ നടത്തിയ കൂടിക്കാഴ്ചകളെ പരാമർശിച്ച്, സംഘത്തിന്റെ മുസ്ലിം സമ്പർക്കപരിപാടി തുടരുമെന്നും ഉറപ്പുനൽകി. രാജ്യത്തെ സമുദായങ്ങൾക്കിടയിലെ പുകച്ചിൽ കുറക്കാനും സാമൂഹിക സൗഹാർദം സ്ഥാപിക്കാനും ഉതകിയേക്കുമെന്ന പ്രതീക്ഷയിൽ ആ സംഭാഷണത്തെ വിവിധ തുറകളിലുള്ള മുസ്ലിം നേതാക്കളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും സ്വാഗതം ചെയ്തിരുന്നു. കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ഭരിക്കുന്ന സംഘടനയുടെ മേലധികാരിയെന്ന നിലയിൽ ഭാഗവതിന്റെ വാക്കുകളെ ഏവരും ഗൗരവത്തോടെയാണ് കണ്ടത്.
പക്ഷേ, ലോനിയിൽ കേട്ട വിദ്വേഷപ്രസംഗം വ്യക്തമാക്കുന്നത് ഒന്നുകിൽ ഭാഗവതിന്റെ സന്ദേശം പാർട്ടി നേതാക്കളിലേക്കും സംഘ്പരിവാറിന്റെ താഴെത്തട്ടിലേക്കും എത്തിയിട്ടില്ല, അല്ലെങ്കിൽ സർ സംഘ്ചാലക് പ്രസംഗിച്ച നിലപാട് സംഘ്പരിവാർ നേതാക്കൾക്കും അണികൾക്കും ഉൾക്കൊള്ളാനായിട്ടില്ല. ഇല്ലായിരുന്നെങ്കിൽ പർവേശിനെയും നന്ദ്കിഷോറിനെയും പോലുള്ള നേതാക്കൾ ഇത്തരം വിദ്വേഷ അധിക പ്രസംഗങ്ങൾ നടത്തുമായിരുന്നില്ല. ഭാഗവതിന്റെ മുസ്ലിം ജനസമ്പർക്ക പരിപാടിയോട് തീവ്രപക്ഷ സംഘ്പരിവാർ അണികൾക്ക് വിയോജിപ്പുണ്ടെന്ന് ഒരു വിഭാഗം മാധ്യമങ്ങൾ ആരോപിക്കുന്നു. മുസ്ലിംകളോട് ഒരുവിധ നയം മാറ്റത്തിനും അവർ തയാറല്ല. തീവ്രവാദികളെ പ്രോത്സാഹിപ്പിച്ചാൽ, തങ്ങളെ സ്ഥാപിക്കുകയും പിന്തുണക്കുകയും ചെയ്ത അതേ ആളുകളെയും സംഘടനകളെയും ഒരുനാൾ വിഴുങ്ങാൻ തുടങ്ങുമെന്ന് സ്പഷ്ടം. നമ്മുടെ അയൽരാജ്യങ്ങളിൽ അതിന്റെ പാഠങ്ങളുണ്ട്. അയൽപക്കത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സംഘടിതമായി പരിശീലിപ്പിച്ചെടുത്ത അതേ തീവ്രവാദ ശക്തികൾ നാടിനെത്തന്നെ കുട്ടിച്ചോറാക്കിയ അനുഭവം.
ലോനിയിലെ വർഗീയ കൊലവിളിയുമായി ബന്ധപ്പെട്ട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതല്ലാതെ ആരെയെങ്കിലും അറസ്റ്റ് ചെയ്യാനോ തുടർനടപടികൾ സ്വീകരിക്കാനോ മുതിർന്നിട്ടില്ല. എന്നാൽ, വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിക്കുകയാണെന്നും അതിനു തടയിടുക തന്നെ വേണമെന്നും ശക്തമായ നിരീക്ഷണമാണ് ഹർപ്രീത് മൻസുഖാനി എന്ന പ്രവാസി അധ്യാപിക നൽകിയ കേസിൽ സുപ്രീംകോടതി നടത്തിയത്.
(ദീർഘകാലം ഗുജറാത്തിൽ ഇന്ത്യൻ എക്സ്പ്രസ് സ്പെഷൽ കറസ്പോണ്ടന്റ് ആയിരുന്ന ലേഖകൻ ഇപ്പോൾ ഇന്ത്യ ടുമാറോ മുഖ്യ പത്രാധിപരാണ്)●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.