ഇടത് ഭരണത്തിലെ നായർ സ്വരാജ്
text_fieldsകേന്ദ്രത്തിൽ നരേന്ദ്ര മോദിയോ സംസ്ഥാനങ്ങളിൽ ബി.ജെ.പി സർക്കാറുകളോ നടപ്പാക്കാൻ മടിച്ചുനിന്നിരുന്ന സവർണ സംവരണം ഇന്ത്യയിൽ ആദ്യമായി യാതൊരുതരത്തിലുള്ള പഠനങ്ങളും നടത്താതെ കേരളത്തിൽ നടപ്പാക്കി. എന്നിട്ട്, മുഖ്യമന്ത്രിതന്നെ അതിനെ അഭിമാനപൂർവം ഉദ്ഘോഷിച്ചുകൊണ്ട് ഇന്ത്യയിലെ സകലമാന പിന്തിരിപ്പൻ ശക്തികൾക്കും ഉത്തേജനം നൽകി
പിണറായി വിജയന്റെ നേതൃത്വത്തിലെ ഇടതുപക്ഷ സർക്കാറിന് കേരളത്തിൽ ഭരണതുടർച്ച കിട്ടിയതിന് പിന്നിലെ സാമുദായികാടിസ്ഥാനത്തിലുള്ള വോട്ടിങ് നിലയെപറ്റി ‘ദ ഹിന്ദു’ ദിനപത്രം 2021 മേയ് ആറിന് ഒരു വിശകലനം പ്രസിദ്ധീകരിച്ചിരുന്നു.
ലോക് നീതി-സി.എഡ്.ഡി.എഡ് എന്നീ സ്ഥാപനങ്ങൾ സംയുക്തമായി സമാഹരിച്ച ഡാറ്റകളെ അടിസ്ഥാനമാക്കിയ ഈ വിശകലനം പ്രകാരം രണ്ടാം പിണറായി സർക്കാറിന് 69 ശതമാനം ദലിത് വോട്ടുകളാണ് കിട്ടിയത്. 2016ൽ അത് 51 ശതമാനമായിരുന്നു. വർധന 18 ശതമാനം. ഈഴവേതര പിന്നാക്ക സമുദായങ്ങളുടേത് 61 ശതമാനമാണ്. മുൻ നിയമസഭ തെരഞ്ഞെടുപ്പിൽ അത് 49 ശതമാനമായിരുന്നു. അതായത് 12 ശതമാനം വർധന.
പരമ്പരാഗതമായി ഇടതുപക്ഷത്തിന് ലഭിക്കുന്നുവെന്ന് കരുതപ്പെടുന്ന ഈഴവ സമുദായത്തിന്റെ വോട്ടുകൾ ഇരുമുന്നണികൾക്കായി വിഭജിക്കപ്പെട്ടെങ്കിലും ഇടതുപക്ഷത്തിനാണ് മുൻതൂക്കം കിട്ടിയത്. ബി.ജെ.പിക്ക് കിട്ടിയിരുന്ന ഈഴവ വോട്ടുകളിൽ 15 ശതമാനത്തിന്റെ കുറവുണ്ടായി. മുസ്ലിം സമുദായത്തിന്റെ വോട്ടുകളിൽ ചില മണ്ഡലങ്ങളിൽ ഒമ്പത് മുതൽ ഇരുപത് ശതമാനംവരെ ഇടതുപക്ഷത്തിന് അനുകൂലമായി.
ക്രൈസ്തവ സമുദായത്തിൽനിന്നുള്ള വോട്ടുകളിൽ ഏറക്കുറെ ഒമ്പത് ശതമാനം വർധന ചില മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് കിട്ടി. ജനസംഖ്യയിൽ പതിനഞ്ച് ശതമാനം വരുന്ന നായർ-സവർണ ഹിന്ദുവോട്ടുകൾ ബി.ജെ.പിക്കും കോൺഗ്രസിനുമായി പകുത്തു കിട്ടിയപ്പോൾ, ഇടതുപക്ഷത്തിന് അനുകൂലമായ നേരിയ ചലനംപോലും ഈ സമുദായങ്ങളിൽ നിന്നുമുണ്ടായില്ല.
മുസ്ലിം സമുദായത്തിന്റെ വോട്ടുകളിലുള്ള വർധനക്ക് കാരണമായി പറയാവുന്നത് പൗരത്വ നിരോധന നിയമംപോലുള്ള കാര്യങ്ങളിൽ ഇടതു സർക്കാർ സ്വീകരിച്ച നിലപാടും കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തോട് പ്രാദേശികതലത്തിൽ എതിർത്തുനിൽക്കാൻ കഴിയുന്ന ശക്തിയായി മുസ്ലിംകളിൽ ഒരുവിഭാഗം ഇടതുപക്ഷത്തെ കണ്ടതുമാണ്; മാത്രമല്ല, മുസ്ലിംകളെ സാമുദായികമായി ഭിന്നിപ്പിച്ചുകൊണ്ട് അവരിൽ ചില വിഭാഗങ്ങളെ ചേർത്തുനിർത്തുക എന്ന തന്ത്രം മുൻകാലത്തെപോലെ വിജയകരമായി നടത്താനും സാധിച്ചു. ക്രൈസ്തവ വോട്ടുകളിലുണ്ടായ വർധനക്ക് കാരണം ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനമാണെന്നും കാണാം.
ഈ വസ്തുതകളിലൂടെ കടന്നുപോകുമ്പോൾ വ്യക്തമാവുന്നത് കേരളത്തിൽ ബി.ജെ.പിയെ തടഞ്ഞുനിർത്തുന്ന സാമുദായിക ശക്തികൾ ദലിതരും പിന്നാക്കക്കാരും മുസ്ലിംകളുമാണെന്നതാണ്.
കേരളത്തിലെ സാംസ്കാരിക രംഗത്തുള്ള സവർണ ബുദ്ധിജീവികൾ മിക്കപ്പോഴും ഉയർത്തുന്ന വിലാപമാണ് ദലിതരും പിന്നാക്കക്കാരും വൻതോതിൽ ബി.ജെ.പിയിൽ ചേർന്നെന്നും അവരുടെ ശക്തി സ്രോതസ്സുകളായി കീഴാള സമുദായങ്ങൾ മാറിയെന്നതും. സത്യത്തിൽ കീഴാള സമുദായങ്ങളെ നിന്ദാസ്ഥാനത്ത് നിർത്തിക്കൊണ്ട് കുറ്റാരോപണം നടത്തുക എന്നതിനപ്പുറം ഇത്തരം വിലാപങ്ങൾക്ക് യാഥാർഥ്യവുമായി ബന്ധമൊന്നുമില്ലെന്ന് ഈ വോട്ടിങ് നില വെളിപ്പെടുത്തുന്നുണ്ട്.
2021ലും, 2016ലും ബഹുഭൂരിപക്ഷം വരുന്ന ബഹുജൻ-ന്യൂനപക്ഷ വോട്ടുകളുടെ പിൻബലത്തിൽ അധികാരത്തിലേറിയ പിണറായി സർക്കാർ തിരിച്ച് ഈ സമുദായങ്ങളോട് ചെയ്തതെന്താണ്?
കീഴാളരുടെ സാമുദായികമായ അവസ്ഥകളെ പാടെ അവഗണിച്ചുകൊണ്ട് ഭരണകൂടവും രാഷ്ട്രീയനേതൃത്വവും പരമ്പരാഗത സവർണരുടെയും നവ ആഭിജാതരുടെയും കടാക്ഷത്തിനായി സ്വയം അടിയറവ് പണിതു.
തൊണ്ണൂറ്റി ഏഴ് ശതമാനം നായർ പ്രാതിനിധ്യമുള്ള ദേവസ്വം ബോർഡിൽ വീണ്ടും പത്തു ശതമാനംകൂടെ സവർണർക്കായി സംവരണം ചെയ്തു. കേന്ദ്രത്തിൽ നരേന്ദ്ര മോദിയോ സംസ്ഥാനങ്ങളിൽ ബി.ജെ.പി സർക്കാറുകളോ നടപ്പാക്കാൻ മടിച്ചുനിന്നിരുന്ന സവർണ സംവരണം ഇന്ത്യയിൽ ആദ്യമായി യാതൊരുതരത്തിലുള്ള പഠനങ്ങളും നടത്താതെ കേരളത്തിൽ നടപ്പാക്കി. എന്നിട്ട്, മുഖ്യമന്ത്രിതന്നെ അതിനെ അഭിമാനപൂർവം ഉദ്ഘോഷിച്ചുകൊണ്ട് ഇന്ത്യയിലെ സകലമാന പിന്തിരിപ്പൻ ശക്തികൾക്കും ഉത്തേജനം നൽകി.
വാളയാർപോലുള്ള കടുത്ത ബലാത്സംഗ കൊലപാതകങ്ങൾക്ക് എതിരെയുള്ള പൊലീസ് അന്വേഷണങ്ങളും നിയമനടപടികളും നിർജീവമാക്കി മാറ്റി. കേരളത്തിൽ ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ലോക്കപ്പ് കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടൽ വധങ്ങളും നടന്നു. കുറ്റവാളികൾക്ക് ചെറുപോറൽപോലും ഏൽക്കാതെ ഭരണകൂട സംരക്ഷണം കൊടുത്തു.
വോട്ടു ചെയ്ത് അധികാരത്തിലേറ്റിയ അടിസ്ഥാന വിഭാഗങ്ങൾക്ക് എതിരായി മാറിയ, സമൂഹത്തിലെ ഉപരിജാതിക്കാർക്കും മധ്യവർഗത്തിന് മുകളിൽ സ്ഥാനമുള്ള വരേണ്യർക്കും മാത്രം സ്വാധീനമുള്ള കീഴാള വിരുദ്ധവും ഉദ്യോഗസ്ഥ മേധാവിത്വപരവുമായ ഭരണസംവിധാനമാണ് പിണറായി സർക്കാറിന്റെ കാലത്ത് നിലവിൽവന്നത്.
കോവിഡ് കാലത്തെ ഇടപെടലിലൂടെ ലിബറൽ പൊതുമണ്ഡലത്തിൽ മുഖ്യമന്ത്രിക്ക് ഒരു ‘പിതൃസ്വരൂപം’ കൈവന്നു. ഇതേസമയം തന്നെ കേന്ദ്ര ഏജൻസികളിൽനിന്നുള്ള നിരന്തര ഭീഷണിയും മാധ്യമങ്ങളിൽനിന്നും പ്രതിപക്ഷത്തുനിന്നുമുണ്ടായ കടന്നാക്രമണവും അദ്ദേഹത്തിന് ഒരു ‘പീഡിതാത്മാവ്’ എന്ന പരിവേഷവും സാമാന്യ ജനങ്ങളിൽ ഉളവാക്കി. ഇതിനൊപ്പം മുഖ്യമന്ത്രിക്ക് എതിരെയുള്ള ജാതീയമായ അവഹേളനങ്ങൾ കീഴാള സമുദായങ്ങളെ മനഃശാസ്ത്രപരമായി അദ്ദേഹത്തോട് ചേർന്നുനിൽക്കാൻ പ്രേരിപ്പിച്ചു.
ഇടതുപക്ഷക്കാർ അംഗീകരിച്ചാലും ഇല്ലെങ്കിലും ഈഴവർമുതൽ താഴോട്ടുള്ള സമുദായങ്ങൾ ‘വർഗീയമായി’ വേർതിരിഞ്ഞ് അനുഭാവം പ്രകടിപ്പിച്ചതും കേന്ദ്രത്തിലെ ഹിന്ദുത്വഭരണം മുസ്ലിംകളിൽ ഉളവാക്കിയ അരക്ഷിതാവസ്ഥയും ഒപ്പം പ്രതിപക്ഷത്തിന്റെ ദൗർബല്യങ്ങളുമാണ് പിണറായി സർക്കാറിന് തുടർഭരണം കിട്ടാൻ സഹായകരമായ ചില ഘടകങ്ങൾ.
ഇപ്രകാരം കീഴാള പ്രാതിനിധ്യത്തിന്റെ ബലത്തിൽ അധികാരത്തിലേറിയ പിണറായി മന്ത്രിസഭതന്നെ ഒരു നായർ സ്വരാജായി മാറുന്നതിനാണ് കേരളം സാക്ഷ്യംവഹിച്ചത്. മന്ത്രിസഭയിൽ ഉയർന്ന സ്ഥാനം ലഭിക്കേണ്ട കെ. രാധാകൃഷ്ണനെ അപ്രധാന സ്ഥാനത്ത് ഒതുക്കി. മൊത്തം മന്ത്രിമാരിൽ ഒമ്പത് പേർ നായർ സമുദായത്തിൽനിന്നുള്ളവരായിരുന്നു.
മന്ത്രിസഭ പുനഃസംഘടിക്കപ്പെട്ടതോടെ അവരുടെ എണ്ണം പത്തായി. കേരളത്തിലെ ജനസംഖ്യയിൽ പന്ത്രണ്ടിൽ താഴെമാത്രം വരുന്ന ഒരു വിഭാഗത്തിൽനിന്നുമാണ് ഇത്രയും അധിക പ്രാതിനിധ്യം ഉണ്ടായിരിക്കുന്നതെന്നത് ലജ്ജാകരം മാത്രമല്ല, സാമൂഹിക ചരിത്രത്തോടുള്ള അതിക്രമം കൂടിയായാണ് മനസ്സിലാക്കേണ്ടത്. മറ്റേതെങ്കിലും സമുദായത്തിനാണ് ഇതേ മാതിരിയുള്ള അധിക പ്രാതിനിധ്യം ലഭിച്ചതെങ്കിൽ ഇപ്പോൾ നിശ്ശബ്ദരായി ഇതിന് പരോക്ഷ പിന്തുണ കൊടുക്കുന്നവരുടെ തനിനിറം പുറത്തുവരുമായിരുന്നു.
രണ്ടരവർഷം പിന്നിട്ട പിണറായി സർക്കാറിന്റെ കെടുകാര്യസ്ഥതകളെ പറ്റി പറയാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. എന്നാൽ, നവോത്ഥാനത്തിന്റെയും കീഴാള മുന്നേറ്റങ്ങളുടെയും നേരവകാശികളെന്ന് അഭിമാനിക്കുന്നവർ പുനർവിന്യസിക്കുന്ന രാഷ്ട്രീയ-സാംസ്കാരിക ചിഹ്നങ്ങളെപറ്റി സൂചിപ്പിക്കേണ്ടത് അനിവാര്യമാണ്. പഴയ രാജവാഴ്ചകളുടെ കാലത്ത് പരദേശി ബ്രാഹ്മണർക്ക് കൊടുത്തതിന് സമാനമായ വിധത്തിലുള്ള നവ ശൂദ്രാധിപത്യ ചിഹ്നവത്കരണമാണ് ഇപ്പോൾ കേരളത്തിൽ നടന്നത്. സിനിമയിലും സാഹിത്യത്തിലും ഇത്തരം ചിഹ്നങ്ങൾ ചോദ്യം ചെയ്യപ്പെട്ടതോടെ ഭരണകൂടം മുൻകൈയെടുത്ത് അവയെ പുനഃസ്ഥാപിക്കുകയാണെന്ന് വ്യക്തമാണ്.
തിരുവനന്തപുരത്തു നടന്ന കേരളീയം പരിപാടിയിലും മുഖ്യമന്ത്രിയുടെ നവ കേരളയാത്രയിലും അക്കാദമികളുടെ പുനഃസംഘടനകളിലും സർക്കാർ കൊടുക്കുന്ന അവാർഡുകളിലുമെല്ലാം ഇതേ ചിഹ്നങ്ങൾതന്നെയാണ് അടിച്ചേൽപിക്കപ്പെട്ടത്.
എന്തുകൊണ്ടാണ് ഇടതുപക്ഷത്തിന് ഇത്തരം ചിഹ്നങ്ങളെതന്നെ പുനഃസ്ഥാപിക്കേണ്ടിവരുന്നത്? സഹോദരൻ അയ്യപ്പൻ എഴുതുകയുണ്ടായി ‘ഇന്ത്യയിൽ സമുദായങ്ങൾ തമ്മിൽ സാമൂഹിക സമ്പർക്കമില്ലാതെ ഉയർച്ച-താഴ്ച വിശ്വാസങ്ങളോടും ശുദ്ധാശുദ്ധ വിചാരങ്ങളോടും കൂടി കഴിയുന്നു. ഇതിന്റെ ഫലമായി താഴ്ന്നവരെന്ന് പറയപ്പെടുന്നവർക്ക് അസ്വാതന്ത്ര്യവും അവശതയും അനുഭവമാകുന്നു. ഈ സ്ഥിതിയിൽ ഓരോ സമുദായത്തിനും സാമുദായികമായും രാഷ്ട്രീയമായും സാമ്പത്തികമായും പ്രത്യേക താൽപര്യങ്ങൾ ആവശ്യമായി തീരുന്നു.
സമുദായം പ്രതി പ്രത്യേക താൽപര്യങ്ങൾ ഇല്ലാതാകണമെങ്കിൽ സമുദായ വ്യത്യാസങ്ങൾ പോയി സമുദായങ്ങൾ ഒന്നിക്കണം. ഈ ഐക്യം സാധിക്കുന്നതുവരെ സമുദായങ്ങൾ തമ്മിൽ യോജിപ്പിൽ കഴിയുവാനും തന്നെ ഓരോ സമുദായങ്ങളും മറ്റു സമുദായങ്ങൾക്കൊപ്പം അധികാരവും അവകാശങ്ങളും ഉള്ളവരാകേണ്ടത് ആവശ്യമാണ്.
പ്രത്യേക അവകാശങ്ങൾ അനുഭവിക്കുന്ന സ്ഥാപിത താൽപര്യക്കാരായ സമുദായക്കാർ യാഥാസ്ഥിതികരും സ്വാഭാവികമായും പുരോഗമന വിരോധികളുമായിരിക്കും. സൃഷ്ടിപരമായ പുരോഗമനാശയങ്ങളും ആദർശങ്ങളും ഇല്ലായ്മക്കാരായ അവശ സമുദായങ്ങളുടെ ഇടയിലാണ് ഉദയം കൊള്ളുന്നത്. അതുകൊണ്ട് അവശസമുദായങ്ങൾ അധികാരാവകാശങ്ങൾ സമ്പാദിച്ച് ശക്തരാകേണ്ടത് അവരുടെ മാത്രമല്ല, പൊതുവെ ജനങ്ങളുടെ മുഴുവൻ പുരോഗതിക്കാവശ്യമാണ്’’.
സഹോദരൻ അയ്യപ്പനെപോലുള്ളവർ ചൂണ്ടിക്കാട്ടിയ സമുദായ സമത്വവാദത്തെ അവഗണിച്ചുകൊണ്ട് സവർണരുടെ കുടുംബ-സമുദായ പരിഷ്കാരങ്ങളെമാത്രം ഉൾക്കൊണ്ടതുമൂലമാണ് ഇടതുപക്ഷത്തിന് ഇത്തരം അധീശത്വ സാംസ്കാരികതയിൽ സ്വയം തളംകെട്ടി കിടക്കേണ്ടിവന്നത്.
ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കൽപനം പ്രാദേശിക ജാതി മേധാവിത്വങ്ങൾക്ക് മുന്നിൽ മരണമടയുന്ന ഒന്നാണെന്ന് ഡോ. ബി.ആർ. അംബേദ്കർ ചൂണ്ടിക്കാട്ടുകയുണ്ടായി. കേരളത്തിലെ ഭരണവർഗ ഇടതുപക്ഷം ജനപ്രിയ ഭാഷ്യങ്ങളാക്കി മാറ്റിയ ജാതി ‘ഞങ്ങൾ ജാതിക്ക് അതീതരാണ്’ ‘ഞങ്ങൾ മതനിരപേക്ഷരരാണ്’ ‘ഞങ്ങൾ മാനിവകത വാദികളാണ്’, ‘ഞങ്ങൾ ഉത്തമ സ്ത്രീവാദികളാണ്’ മുതലായ മുദ്രാവാക്യങ്ങൾ നവശൂദ്രാധിപത്യത്തിന് മുന്നിൽ അന്ത്യശ്വാസം വലിക്കുന്ന ദുർബല പദങ്ങൾ മാത്രമാണെന്ന് തെളിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.