നാരായണ ഗുരു എന്ന ചരിത്ര സംഭവം
text_fieldsനാരായണ ഗുരു തുറന്നിട്ട വിമോചനാത്മകമായ സാമൂഹിക നീതി ചിന്തകളെ അക്ഷരാർഥത്തിൽതന്നെ സ്വാംശീകരിച്ചുകൊണ്ട് സഹോദരൻ അയ്യപ്പൻ ഒരിക്കൽ ഇങ്ങനെ പ്രസ്താവിച്ചു: ''ശ്രീനാരായണൻ തുറന്ന മാർഗം ശ്രീനാരായണനെ വെച്ച് അടയ്ക്കാൻ ഇടവരാതിരിക്കട്ടെ''. ജാതി ബ്രാഹ്മണ്യ ശക്തികൾ ഗുരുവിനെ ഹിന്ദു സന്യാസിയായും ഉത്തരാധുനിക ചിന്തകളുടെ ഭൂതാവേശത്താൽ ഹിന്ദുത്വത്തെ സഹായിക്കുംവിധം പുരോഗമന ശക്തികൾ ഗുരുവിനെ ബദൽ ആധുനികതയുടെ വക്താവായും അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഘട്ടത്തിൽ നാരായണ ഗുരുവിനെ ചരിത്രാത്മകമായി തിരിച്ചറിയുക എന്നത് ഉത്തരവാദിത്തപൂർണമായ ദൗത്യമാണ്
കേരള നവോത്ഥാന- ആധുനികതയുടെ ഗുരു
നാരായണ ഗുരു ഒരു ചരിത്രസംഭവമായിത്തീരാനുള്ള മുഖ്യകാരണം ജാതിയിൽ ഊറിക്കൂടിയ സമത്വവിരുദ്ധമായ സമൂഹത്തെ നീതിയിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ആധുനിക സമൂഹമായി പരിവർത്തിപ്പിക്കാൻ ശ്രമിച്ചു എന്നതിനാലാണ്. ആധുനിക കേരളത്തിന് അടിസ്ഥാനശില പാകിയ ഗുരുവിനെ അദ്ദേഹം രചിച്ച സ്തോത്ര കൃതികളിലും അദ്വൈതാത്മകമായ കൃതികളിലും കണ്ടെടുക്കാനാണ് ചിലർ പരിശ്രമിക്കുന്നത്. ഇതാകട്ടെ സ്വതന്ത്രനും പരിണാമിയുമായ ഗുരുവിനെ അദ്ദേഹത്തിന്റെ തന്നെ സ്തോത്ര കൃതികളിൽ തളച്ചിടാനാണ് പരിശ്രമിക്കുന്നത്. 1951ൽ ശിവഗിരി തീർഥാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച സഹോദരൻ അയ്യപ്പൻ ഗുരുവിനുണ്ടായ ചിന്താ പരിവർത്തനത്തെ ചൂണ്ടിക്കാണിക്കുന്നുണ്ട്: ''അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ, പിന്നെ വർക്കല സരസ്വതി പ്രതിഷ്ഠ, അനന്തരം കളവങ്കോട് കണ്ണാടി പ്രതിഷ്ഠ, അതും കഴിഞ്ഞ് മുരുക്കുംപുഴ സത്യം മുതലായ പദങ്ങളുടെ പ്രതിഷ്ഠ ഒടുവിൽ ആലുവയിൽ ഒരു പ്രതിഷ്ഠയും ഇല്ലായ്ക. ഇതെല്ലാം യാദൃച്ഛിക സംഭവങ്ങളായിട്ടല്ല, സ്വതന്ത്രമായ ഒരു മഹാമനസ്സിനുണ്ടായ പരിണാമത്തിലെ പല ദശാസന്ധികളായിട്ടാണെടുക്കേണ്ടത്''. ബ്രാഹ്മണ്യ സർവാധീശത്വത്തിന് കീഴ്പ്പെട്ടിരുന്ന ക്ഷേത്ര സംസ്കാരത്തെ ക്ഷേത്ര പ്രതിഷ്ഠകളിലൂടെ തന്നെ വിപ്ലവാത്മകമായി പുനർരചിച്ച ഗുരു പിൽക്കാലത്ത് പുറപ്പെടുവിച്ച സന്ദേശത്തിൽ പ്രസ്താവിച്ചത്, 'ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങൾക്കു വിദ്യാഭ്യാസം കൊടുപ്പാൻ ശ്രമിക്കണം. അവർക്ക് അറിവുണ്ടാകട്ടെ. അതുതന്നെയാണ് അവരെ നന്നാക്കാനുള്ള മരുന്ന്' എന്നാണ്.
ഹിന്ദുത്വവാദികളുടെയും ജാതി ബ്രാഹ്മണ്യവാദികളുടെയും ചാതുർവർണ്യ സിദ്ധാന്തത്തെയും ഗുണകർമ സിദ്ധാന്തത്തെയും ആധുനികമായ ലോകബോധ്യത്തിലും നീതിവിചാരങ്ങളിലും ഊന്നിനിന്നുകൊണ്ട് തിരസ്കരിക്കുകയാണുണ്ടായത്. ജാതി ബ്രാഹ്മണ്യ രാഷ്ട്രീയക്കാരും പുരോഗമന പ്രഭൃതികളും കൊണ്ടാടുന്ന 'യോഗ'യെയും ഗുരു ഇത്തരത്തിൽ വിമർശിക്കുന്നുണ്ട്. യോഗാഭ്യാസ പരിശീലനത്തിന്റെ അദ്ഭുത സിദ്ധിയെക്കുറിച്ച് വാചാലമായി പ്രസംഗിച്ച ഒരു യോഗാഭ്യാസി പറഞ്ഞു: 'യോഗാഭ്യാസം കൊണ്ട് മലശോധന ഉണ്ടാകും' എന്ന്. ഗുരു അതിനോട് പ്രതികരിച്ചത്: അതിന് ഇത്രയും അഭ്യാസമെന്തിനാണ്? അൽപം ആവണക്കെണ്ണ കുടിച്ചാൽ പോരെ' എന്നായിരുന്നു.
ഒന്നാം ലോകയുദ്ധ കാലത്ത് ഗുരു പ്രഖ്യാപിച്ചത്: 'ഇംഗ്ലീഷുകാർ ജയിക്കാൻ നാമൊക്കെ പ്രാർഥിക്കണം. നമുക്ക് സന്യാസം നൽകിയ ഗുരുക്കന്മാരാണവർ' എന്നായിരുന്നു. ഇങ്ങനെ പ്രസ്താവിച്ചതിന്റെ കാരണമാരാഞ്ഞ ശിഷ്യനോട് പറഞ്ഞത്, 'ശ്രീരാമന്റെ കാലത്തുകൂടി ശൂദ്രാദികൾക്ക് സന്യസിപ്പാൻ പാടില്ലെന്നല്ലേ പറയുന്നത്? ഹിന്ദുക്കൾ സ്മൃതികൾ നോക്കി ഭരിക്കുന്നവരല്ലായോ' എന്നാണ്. ജാതി ഹിന്ദുത്വത്തിന്റെ രാമപാരമ്പര്യത്തെയും അതിന്റെ ബ്രാഹ്മണ്യ രാഷ്ട്രീയത്തെയും സമ്പൂർണമായി തിരസ്കരിക്കുകയായിരുന്നു ഇത്തരം പ്രസ്താവനകളിലൂടെ ഗുരു ചെയ്തത്. ദലിതുകളെയും സ്ത്രീകളെയും മുസ്ലിംകളെയും ഹിംസാത്മക ആക്രമണത്തിനിരയാക്കുന്ന രാമപാഠങ്ങളെ മതേതര മണ്ഡലത്തിലേക്ക് പുനരാനയിക്കാൻ ഒന്നുപോലെ ശ്രമിക്കുേമ്പാൾ ഗുരുവിന്റെ വാക്കുകൾക്ക് ചരിത്രത്തിൽ കൂടുതൽ പ്രാധാന്യം കൈവരുന്നുണ്ട്. സന്യസിക്കുന്ന ശൂദ്രാദികളെ ഹിംസിക്കുന്ന സ്മൃതി പാരമ്പര്യമോ രാമപാരമ്പര്യമോ അല്ല തന്നെ സന്യാസിയാക്കിയതെന്നും ബ്രിട്ടീഷുകാരാണ് തനിക്ക് സന്യാസം നൽകിയതെന്നും വിളംബരം ചെയ്യുന്നതിലൂടെ ഹിന്ദുത്വ ബ്രാഹ്മണ്യത്തിന്റെ സാംസ്കാരിക യുക്തികളുടെ വിളനിലമായ ഇതിഹാസ പുരാണപാഠ പാരമ്പര്യങ്ങളെയും ധർമശാസ്ത്ര സംഹിതകളെയും ആധുനിക പൗരരെന്ന നിലക്ക് തള്ളിക്കളഞ്ഞുകൊണ്ട് ആധുനികമായ നീതിവിചാരങ്ങളിലൂന്നി നിന്നുകൊണ്ട് മുന്നോട്ടുപോകുവാൻ പ്രേരിപ്പിക്കുകയായിരുന്നു ഗുരു. ഇന്ത്യൻ സ്മൃതി പാരമ്പര്യത്തിനും ഇതിഹാസ പുരാണ പാഠ പാരമ്പര്യങ്ങൾക്കും അതീതമായി അതിനെയെല്ലാം വിമർശ വിചാരങ്ങൾക്ക് വിധേയമാക്കിക്കൊണ്ട് ആധുനികമായ പ്രപഞ്ച വീക്ഷണത്തിലും നീതിവിചാരങ്ങളിലും നിലയുറപ്പിച്ചുകൊണ്ട് കേരള ആധുനികതയുടെ അടിസ്ഥാന ശില പാകുകയായിരുന്നു നാരായണഗുരു.
ഗുരുവിന്റെ സാമൂഹിക നീതിവിചാരം
നാരായണ ഗുരുവിന്റെ സാമൂഹിക നവീകരണ പ്രക്രിയകളെയും പാരമ്പര്യ ലംഘനങ്ങളെയും വേദാന്തത്തിൽനിന്ന് ഉരുവം കൊണ്ടവയായി സ്ഥാപിക്കാനുള്ള ശ്രമത്തിന് അടുത്തകാലത്ത് ആക്കം കൂടിയിട്ടുണ്ട്. 'ജാതി മനുഷ്യരിൽ കയറി മൂത്തുപോയി. ശങ്കരാചാര്യരും അതിൽ തെറ്റുകാരനാണ്. ബ്രഹ്മസൂത്രവും ഗീതയും എഴുതിയ വ്യാസൻ തന്നെ ചാതുർവർണ്യത്തെക്കുറിച്ച് രണ്ടുവിധം പറഞ്ഞിരിക്കുന്നു. ജാതി കളയണം അല്ലാതെ രക്ഷയില്ല' എന്ന് പ്രസ്താവിച്ചതിലൂടെ വേദാന്തത്തിന്റെ ഉന്നതശീർഷങ്ങളായി കരുതുന്ന ശങ്കരന്റെ അദ്വൈത ചിന്താ പദ്ധതിയിലും ബ്രഹ്മസൂത്രത്തിലും ഗീതയിലും ഉള്ളടങ്ങിയ ചിന്തകളെയാണ് ഗുരു അനാവരണം ചെയ്തത്. ആധുനികമായ യുക്തിവിചാരവും നീതിയെ സംബന്ധിച്ച മൂല്യസങ്കൽപനങ്ങളുമാണ് ഗുരുവിനെ കൊണ്ട് ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, ഗുരുവിൽ തെളിഞ്ഞുനിന്ന വിമോചനാത്മകമായ തുല്യനീതി സങ്കൽപങ്ങളുടെ കേന്ദ്രം ബ്രാഹ്മണ്യ പാരമ്പര്യമായിരുന്നില്ല എന്ന് നിസ്സംശയം കാണാം. എന്തുകൊണ്ടെന്നാൽ, മനുഷ്യർ തുല്യരാണെന്ന സങ്കൽപം ബ്രാഹ്മണ്യയുക്തി അംഗീകരിക്കുന്നില്ല എന്നതുതന്നെ. ഇതിഹാസ പുരാണ പാരമ്പര്യങ്ങളും വേദാന്ത പാഠങ്ങളുമെല്ലാം തന്നെ മനുഷ്യർ ശ്രേണീപരമായി തന്നെ ചിതറിയവരും തുല്യത അവകാശപ്പെടാൻ സാധ്യമല്ലാത്ത സാമൂഹിക ശരീരങ്ങളുമാണെന്നാണ് സ്ഥാപിച്ചെടുക്കുന്നത്. 'മനുഷ്യാണാം മനുഷ്യത്വം ജാതിർഗോത്വം ഗവാം യഥാ' എന്ന നിർണയവാക്യത്തിനാധാരം ഗുരുവിൽ തെളിയുന്ന ആധുനിക മുല്യവിചാരമാണ്. 'ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ' എന്ന് തുല്യതാ സങ്കൽപം ആധുനിക ജൈവശാസ്ത്ര സങ്കൽപനത്തെ പിൻപറ്റിയുള്ളതാണ്. മനുഷ്യർ തമ്മിൽ ഒരു ഭേദവുമില്ല എന്ന സത്യം അംഗീകരിക്കാൻ ബ്രാഹ്മണ്യത്തിന്റെ പ്രപഞ്ച വീക്ഷണത്തിന് സാധ്യമാവുന്ന ഒന്നേയല്ല. 'തത്ത്വമസി' മുതലായ അഭേദവാക്യങ്ങൾ ഉരുവിടുന്ന ബ്രാഹ്മണ്യം അത് നടപ്പിലാക്കാനുള്ള ഒരുവിധ പ്രവർത്തനങ്ങളും പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കാൻ ശ്രമിച്ചിട്ടില്ല എന്ന ഡോ. അംബേദ്കറുടെ സാമൂഹിക വിമർശനവും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്.
'ആരു നീയെന്നു കേൾക്കണ്ടാ / നേരു മെയ് തന്നെ ചൊൽകയാൽ' എന്ന ഗുരുവാക്യങ്ങൾ ബ്രാഹ്മണ സാഹിത്യങ്ങളിൽ എത്ര പരതിയാലും ലഭ്യമാവില്ല. തുല്യതയെയും സമത്വത്തെയും സംബന്ധിച്ച് നവീനമായ ലോകവീക്ഷണം പുലർത്തുന്ന ഒരാളിൽനിന്നു മാത്രമേ ഇത്തരം വാക്യങ്ങൾ പുറപ്പെടൂ. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ തത്ത്വസങ്കൽപങ്ങൾ വെറുക്കുന്ന ബ്രാഹ്മണ സാഹിത്യങ്ങളും അതിന്റെ മൂല്യമണ്ഡലവും സമത്വസങ്കൽപങ്ങൾക്ക് സമ്പൂർണമായി എതിരായ ഒന്നാണ്. ഗുരുവിന്റെ നീതിവിചാരങ്ങളാവട്ടെ ഇന്ത്യയുടെ ജാതി കേന്ദ്രിതമായ ഈ പാരമ്പര്യത്തോടുള്ള നിശിതമായ നീതിയുടെ വിമർശനങ്ങളായിരുന്നു.
സാമൂഹിക വിപ്ലവം സമ്പൂർണമാകണമെങ്കിൽ വ്യക്തികളുടെ വിശ്വാസങ്ങളിലും മനോഗതികളിലും സ്ഥായിയായ മാറ്റം ഉണ്ടാകണമെന്ന് സഹോദരൻ അയ്യപ്പൻ സുചിന്തിതമായി അഭിപ്രായപ്പെടുന്നുണ്ട്. ജാതിരഹിതമായ സാമൂഹിക സൃഷ്ടിയുടെ ചലനത്തിനായി ജാതിബ്രാഹ്മണ്യത്തിന്റെ വിചാരലോകങ്ങളെ നിരസിച്ചുകൊണ്ടു മാത്രമേ മുന്നോട്ടുപോകുവാൻ സാധ്യമാവൂ. അതുകൊണ്ടുതന്നെ, ജാതിഭേദങ്ങളിൽ നിലീനമായ ആധുനിക കേരളത്തിന്റെ പുനർരചനക്ക് ഗുരുവിന്റെ നീതിവിചാരങ്ങളുടെ സാമൂഹിക വായന ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. വീണ്ടും ഒരു ഗുരുജയന്തി കൂടി കാലത്തിൽ രേഖപ്പെടുത്തുേമ്പാൾ സമത്വത്തിനും സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനുമായുള്ള സാമൂഹിക ചിന്താ സമരങ്ങളെ കൂടുതൽ മൂർച്ചയേറ്റേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.