ഇതാണ് ഹിന്ദുത്വരുടെ ‘ദേശീയ പാരമ്പര്യം’
text_fieldsഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഹിന്ദുത്വ വലതുപക്ഷം പങ്കെടുത്തിട്ടേയില്ല, ആർ.എസ്.എസ് അവരുടെ അംഗങ്ങളെ സ്വാതന്ത്ര്യസമരത്തിൽനിന്ന് അകറ്റി നിർത്തിയപ്പോൾ, സവർക്കറുടെയും ശ്യാമപ്രസാദ് മുഖർജിയുടെയും ഹിന്ദു മഹാസഭ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനൊപ്പം നിന്നു. ബ്രിട്ടീഷുകാർ ആയിരക്കണക്കിന് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെ ജയിലിലടക്കുകയും നിരവധി പേരെ നിഷ്കരുണം മർദിക്കുകയും ചെയ്ത കാലത്ത് ഇത്തരമൊരു സമീപനം അതി ക്രൂരമായിരുന്നു
ഏറെ കൊട്ടിഘോഷിച്ച് ‘ആസാദി കാ അമൃത് മഹോത്സവ്’ (നമ്മുടെ നാടിന്റെ സ്വാതന്ത്ര്യലബ്ധിയുടെ അനശ്വരമായ ആഘോഷം) നടത്തുക വഴി മോദി സർക്കാർ സ്ഥാപിക്കാൻ ശ്രമിക്കുന്ന ചില ധാരണകളിൽ പലരും വീണുപോകാനിടയുണ്ട്. നിലവിലെ ഭരണകൂടം മുമ്പുണ്ടായിരുന്നവയേക്കാൾ ദേശീയത തത്ത്വങ്ങളുമായി കൂടുതൽ ഇണങ്ങിച്ചേർന്നതാണെന്നതാണ് ഒന്ന്, രണ്ടാമത്തേത് രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമരത്തെ അനുസ്മരിക്കുന്നത് അതിനോടുള്ള ഗാഢസ്നേഹം കൊണ്ടാണെന്ന് തോന്നിപ്പിക്കലാണ്.
ദേശീയ പതാകയോട് ആരാധന പ്രകടിപ്പിക്കുന്ന ഭരണകൂടം പതാകയെ ‘അനാദരിച്ചവരെ’ ശിക്ഷിക്കുന്നു - യഥാർഥത്തിൽ ഇത് അവരുടെ മുൻഗാമികളായ രാഷ്ട്രീയ സ്വയംസേവക് സംഘം (ആർ.എസ്.എസ്)ദേശീയ പതാകയോട് കാണിച്ച കടുത്ത അവജ്ഞയെ മറച്ചുപിടിക്കാനാണ്. അവരും ഹിന്ദുമഹാസഭയും നമ്മുടെ ത്രിവർണ പതാകയെ എതിർത്തിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഹിന്ദുത്വ വലതുപക്ഷം പങ്കെടുത്തിട്ടേയില്ല, ആർ.എസ്.എസ് അവരുടെ അംഗങ്ങളെ സ്വാതന്ത്ര്യസമരത്തിൽനിന്ന് അകറ്റി നിർത്തിയപ്പോൾ, സവർക്കറുടെയും ശ്യാമപ്രസാദ് മുഖർജിയുടെയും ഹിന്ദു മഹാസഭ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനൊപ്പം നിന്നു. ബ്രിട്ടീഷുകാർ ആയിരക്കണക്കിന് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെ ജയിലിലടക്കുകയും നിരവധി പേരെ നിഷ്കരുണം മർദിക്കുകയും ചെയ്ത 1942 ലെ ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഇത്തരമൊരു സമീപനം അതി ക്രൂരമായിരുന്നു. ഇപ്പോൾ ഭരണകൂടം സംഘടിപ്പിക്കുന്ന പരിപാടികൾ യഥാർഥത്തിൽ തങ്ങളുടെ വൃത്തികെട്ട ചരിത്രത്തെ മറച്ചുപിടിക്കാനും ദേശസ്നേഹത്തിന്റെ പുഷ്പകിരീടം ചൂടി അതുവഴി ലഭിക്കുന്ന യശസ്സുകൾ സ്വന്തമാക്കാനും ഉദ്ദേശിച്ചുള്ളതാണ്.
സ്വാതന്ത്ര്യ ലബ്ധിയുടെ തൊട്ടുമുമ്പ്, 1947 ജൂലൈ 17, 22 ലക്കങ്ങളിൽ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ, കോൺഗ്രസിന്റെ മാർഗത്തോടുള്ള എതിർപ്പ് പ്രഖ്യാപിച്ചിരുന്നു. ‘‘ഇന്ത്യൻ ദേശീയ ത്രിവർണ പതാകയെ ‘ഹിന്ദുക്കൾ ഒരിക്കലും ബഹുമാനിക്കുകയും തങ്ങളുടേതായി കരുതുകയും ചെയ്യില്ല. മൂന്ന് എന്ന വാക്ക് തന്നെ തിന്മയാണ്, മൂന്ന് നിറങ്ങളുള്ള ഒരു പതാക വളരെ മോശമായ മാനസിക പ്രത്യാഘാതം ഉണ്ടാക്കും, അത് രാജ്യത്തിന് ഹാനികരവുമാണ്’’.- എന്ന് അവർ വ്യക്തമാക്കി.
ആർ.എസ്.എസിന്റെ രണ്ടാം സർസംഘചാലക് എം.എസ്. ഗോൾവാൾക്കർ തന്റെ ‘ബഞ്ച് ഓഫ് തോട്ട്സ്’ (വിചാരധാര) എന്ന പുസ്തകത്തിൽ സ്വതന്ത്ര ഇന്ത്യയുടെ പതാകയോടുള്ള എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം ചോദിക്കുന്നു- ‘‘നമ്മുടെ നേതാക്കൾ രാജ്യത്തിനായി ഒരു പുതിയ പതാക സ്ഥാപിച്ചു, എന്തിനാണ് അവരത് ചെയ്തത്?... മഹത്തായ ഭൂതകാലമുള്ള പുരാതന രാഷ്ട്രമാണ് നമ്മുടേത്. നമുക്ക് സ്വന്തമായി ഒരു പതാക ഇല്ലായിരുന്നോ?’’
നമ്മുടെ ‘പുരാതന പതാക’ അഥവാ ദേശീയ ചിഹ്നമായി ഗോൾവാൾക്കർ സൂചിപ്പിച്ചത് തികച്ചും ഹിന്ദു പതാകയായ ഭഗവധ്വജത്തെയായിരുന്നു. ത്രിവർണ പതാക ഇന്ത്യൻ നാഗരികതയുടെ ബഹുസ്വരതയെ പ്രതിനിധീകരിക്കുന്നു എന്ന വസ്തുത അദ്ദേഹം അവഗണിച്ചു. മഹാത്മ ഗാന്ധിയുടെ കൊലപാതകത്തെത്തുടർന്ന് 1948 ഫെബ്രുവരി മുതൽ 18 മാസത്തോളം ഇന്ത്യൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭഭായ് പട്ടേൽ ആർ.എസ്.എസ് നേതാക്കളെ ജയിലിൽ അടക്കുന്നതുവരെ അവർ ദേശീയ പതാകയെ എതിർത്തിരുന്നു. 1949 ജൂലൈയിൽ ഈ നേതാക്കളുടെ മോചനം സാധ്യമാക്കുന്നതിനുള്ള വ്യവസ്ഥയായി, ഇന്ത്യൻ പതാകയെ ബഹുമാനിക്കാമെന്ന് ആർ.എസ്.എസ് ഉറപ്പുനൽകി. ഇപ്പോൾ ത്രിവർണ പതാകയെ വേണ്ടത്ര ആദരിക്കുന്നില്ലെന്ന് പറഞ്ഞ് സാധുക്കളായ മനുഷ്യരെ തടിമിടുക്കുള്ള സംഘ്പരിവാറുകാർ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്യുന്നത് എത്രമാത്രം വിരോധാഭാസമാണ്.
ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 81ാം വാർഷിക വേളയിൽ നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ ഏറ്റവും നിർണായക ഘട്ടത്തെ ഹിന്ദു വലതുപക്ഷം ബഹിഷ്കരിച്ച രീതിയെക്കുറിച്ച് നാം ഓർമിക്കണം. പാർട്ടിയുടെ ആദ്യരൂപമായ ഭാരതീയ ജൻ സംഘ് സ്ഥാപകനെന്ന നിലയിൽ ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടി (ബി.ജെ.പി) ആദരിക്കുന്ന ശ്യാമ പ്രസാദ് മുഖർജി ചെയ്തത് എന്തായിരുന്നു?
1937ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസ്, അവിഭക്ത ബംഗാൾ പ്രവിശ്യയിലെ എ.കെ. ഫസലുൽ ഹഖിന്റെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭയെ പിന്തുണക്കാൻ വിസമ്മതിച്ചപ്പോൾ, ഹഖിന്റെ കീഴിൽ മന്ത്രിയാകാൻ അവസരം തേടി മുഖർജി. 1935 ലെ നിയമപ്രകാരം ഗവർണർക്ക് അതിപ്രധാനമായ റോളുണ്ടായിരുന്നുവെന്നതിനാൽ അനുഗ്രഹത്തിനും അധികാരത്തിനും വേണ്ടി അദ്ദേഹം ബ്രിട്ടീഷുകാരെ സമീപിച്ചു. കൊളോണിയൽ സർക്കാർ ആദ്യമതിനെ കാര്യമായെടുത്തതേയില്ല. എന്നാൽ 1942 ന്റെ മധ്യത്തിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെയും ഗാന്ധിജിയുടെ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ആഹ്വാനത്തിന്റെയും മുന്നോടിയായി കോൺഗ്രസ് കൂടുതൽ ആവേശോജ്വലമായി മുന്നോട്ടുവരുകയും ചെയ്ത ഘട്ടത്തിൽ ഭരണകൂടത്തിനുണ്ടായ പരിഭ്രാന്തി അദ്ദേഹം മനസ്സിലാക്കി -
ദേശീയ പ്രസ്ഥാനത്തെ അപലപിച്ചുകൊണ്ട് 1942 ജൂലൈ 26 ന് ബംഗാൾ ഗവർണർ ജോൺ ഹെർബെർട്ടിന് അദ്ദേഹം എഴുതി- ‘‘യുദ്ധസമയത്ത്, ആന്തരിക അസ്വസ്ഥതകൾക്കും അരക്ഷിതാവസ്ഥക്കും കാരണമാകുംവിധം ബഹുജന വികാരങ്ങൾ ഇളക്കിവിടാൻ പദ്ധതിയിടുന്ന ആരെയും ചെറുക്കണം സർക്കാർ”. വിദേശ ഭരണാധികാരികളുടെ പ്രീതി നേടിയെടുക്കാനും കോൺഗ്രസിന്റെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തിന് തടസ്സങ്ങൾ സൃഷ്ടിക്കാനും ഗവർണറെ സമീപിച്ച മുഖർജി , “താങ്കളുടെ മന്ത്രിമാരിൽ ഒരാളെന്ന നിലയിൽ, ഈ പ്രതിസന്ധി ഘട്ടത്തിൽ എന്റെ പ്രവിശ്യയെയും രാജ്യത്തെയും സേവിക്കാൻ പൂർണമനസ്സോടെ സഹകരണം നൽകാൻ ഞാൻ തയാറാണ്’’ എന്നറിയിച്ചു.
ജയിലിൽനിന്ന് മോചനം സാധ്യമാക്കുന്നതിന് ബ്രിട്ടീഷുകാരോട് ദയ യാചിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നേതാവ് വി.ഡി. സവർക്കർ നേരത്തെതന്നെ ഇത്തരമൊരു വിധേയത്വ പാരമ്പര്യത്തിന് തുടക്കമിട്ടിരുന്നു. ശ്യാമപ്രസാദ് ആ പാത പിന്തുടർന്ന് ഗവർണർ ഹെർബെർട്ടിനോട് പറഞ്ഞു, ‘‘കോൺഗ്രസ് എത്രയൊക്കെ ശ്രമിച്ചാലും ഈ (ക്വിറ്റ് ഇന്ത്യ) പ്രസ്ഥാനം പരാജയപ്പെടുന്ന വിധത്തിൽ ബംഗാൾ പ്രവിശ്യയുടെ ഭരണം മുന്നോട്ടു കൊണ്ടുപോകണം’’
ഈ പ്രസ്ഥാനത്തിലൂടെ കോൺഗ്രസ് തേടുന്ന സ്വാതന്ത്ര്യം ഇതിനകം തന്നെ ജനങ്ങളുടെ പ്രതിനിധികളുടെ പക്കലാണെന്ന് ഇന്ത്യക്കാർ ബ്രിട്ടീഷുകാരെ വിശ്വസിക്കണമെന്നും താനും തന്റെ പാർട്ടിയുടെ മന്ത്രിമാരും പൊതുജനങ്ങളോട് പറയുമെന്നും അദ്ദേഹം ഗവർണർക്ക് വാഗ്ദാനം നൽകി.
ഇതാണ് നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഗുരുക്കന്മാരുടെ പാരമ്പര്യം. പ്രധാനമന്ത്രി സ്വന്തമായി ചെന്നാണ് കൊൽക്കത്ത പോർട്ട് ട്രസ്റ്റിന് ശ്യാമപ്രസാദ് മുഖർജിയുടെ പേര് ചാർത്തിക്കൊടുത്തത്.
ഇത്രയൊക്കെ താണുവണങ്ങി നിന്നിട്ടും ഗവർണർ ഹെർബർട്ടിൽ മതിപ്പ് സൃഷ്ടിക്കാൻ മുഖർജിക്ക് സാധിച്ചില്ല. അതോടെ മുഖർജി വിരോധിയാവുകയും ഗവർണർക്കും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥർക്കുമെതിരെ പരാതി പറയാനും തുടങ്ങി. മുഖർജി ആളൊരു ‘ദേശീയവാദി’യായിരുന്നുവെന്ന് ന്യായീകരിച്ചെടുക്കാൻ ഹിന്ദു വലതുപക്ഷം എടുത്തുകാണിക്കുന്നത് ഈ പിൽക്കാല ആശങ്കയെയാണ്. ദേശീയ പതാകയെയും ദേശീയ സമരത്തെയും ഒരുപോലെ എതിർത്തതിന് മാപ്പ് പറയാൻ ഹിന്ദുത്വ പരിവാറിന് നേരമുണ്ടായില്ല. മോദിയുടെ തിരംഗ കാമ്പയിനും അമൃത് മഹോത്സവവും തന്റെ ഗുരുക്കന്മാരുടെ മുൻകാല തെറ്റുകൾക്ക് പ്രായശ്ചിത്തമായി കണക്കാക്കണോ അതോ രാജ്യസ്നേഹത്തിന്റെ കുത്തക തട്ടിയെടുക്കാനും വസ്തുതകളും ചരിത്രവും ഇല്ലാതാക്കാനുമുള്ള ശ്രമമായി കണക്കാക്കണോ എന്ന് തീരുമാനിക്കൽ രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്.
(രാജ്യസഭാംഗമായ ലേഖകൻ പ്രസാർ ഭാരതി സി.ഇ.ഒയും ഇന്ത്യ ഗവൺമെന്റിന്റെ സാംസ്കാരിക സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.