‘വാഷിങ് മെഷീനി’ലെ നവാബ് മാലിക്
text_fieldsമഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസം എൻ.സി.പി നേതാവ് നവാബ് മാലിക് ഭരണപക്ഷത്ത് ഇരുന്നത് രാഷ്ട്രീയ പൊല്ലാപ്പിന് ഇടനൽകി. ഏതാനും മാസം മുമ്പ് ബി.ജെ.പിയും ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയും രാജ്യദ്രോഹിയായി മുദ്രകുത്തിയ ആളാണ് നവാബ് മാലിക്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി മാലികിന് ബന്ധമുണ്ടെന്ന് ആരോപിച്ചത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ്.
ദാവൂദിന്റെ സഹോദരി ഹസീന പാർക്കറുമായുള്ള ഭൂമി ഇടപാടിന്റെ പേരിൽ കള്ളപ്പണ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ്ചെയ്ത് ഒരു വർഷത്തോളം ജയിലിൽ കഴിയുന്നതിനിടെ വൃക്കരോഗ ചികിത്സക്ക് സുപ്രീംകോടതി നൽകിയ താൽകാലിക ജാമ്യത്തിലാണ് മാലിക് പുറത്തിറങ്ങിയത്.
ആ മാലിക്കാണ് അജിത് പവാർ നയിക്കുന്ന എൻ.സി.പി വിമത പക്ഷത്തിനൊപ്പം നിയമസഭയിൽ ഇരുന്നത്. ആ ഇരിപ്പിനെ ചൊല്ലി പൊല്ലാപ്പിന് തിരികൊളുത്തിയത് ഉദ്ധവ് താക്കറെ പക്ഷ ശിവസേനക്കാരനും നിയമസഭ കൗൺസിൽ പ്രതിപക്ഷ നേതാവുമായ അമ്പാദാസ് ദാൻവെയാണ്. പൊതുവെ നിശ്ശബ്ദനായി അറിയപ്പെടുന്ന ദാൻവെ സഭയിൽ പൊട്ടിച്ച ബോംബിന് പക്ഷേ, നല്ല പ്രകമ്പനമായിരുന്നു. ബി.ജെ.പിയും അവരുടെ ‘സൂപ്പർ മുഖ്യമന്ത്രിയായ’ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ആ പ്രകമ്പനത്തിൽ കിടുങ്ങി. വിമത നീക്കത്തിൽ അജിത് പവാറിന് രേഖാമൂലം പിന്തുണ അറിയിച്ച എൻ.സി.പി എം.എൽ.എമാരിൽ ഒരാളാണ് മാലിക്. ആ മാലികിന്റെ ഭരണപക്ഷ ബെഞ്ചിലെ ഇരിപ്പ് പൊല്ലാപ്പാകുമെന്ന് ബി.ജെ.പിയും ഷിൻഡെപക്ഷ ശിവസേനയും പ്രതീക്ഷിച്ചതല്ല. അതിലെ അപകടം അമ്പാദാസ് ദാൻവെയുടെ ചോദ്യത്തോടെയാണ് അവർ തിരിച്ചറിഞ്ഞത്. ഒരിക്കൽ ‘രാജ്യദ്രോഹി’ എന്ന് മുദ്രകുത്തിയ ആൾ ഇപ്പോഴെങ്ങനെ ‘രാജ്യസ്നേഹി’ ആയെന്നാണ് ദാൻവെയുടെ ചോദ്യം. തങ്ങളുടെ പക്ഷത്ത് ചേർന്നാൽ എല്ലാ കറകളും കഴുകിക്കളയുന്ന ’വാഷിങ്മെഷീൻ’ ബി.ജെ.പിക്കുണ്ടെന്ന ആക്ഷേപഹാസ്യമാണ് ദാൻവെ തന്റെ ചോദ്യത്തിലൂടെ ആവർത്തിച്ചത്.
ചോദ്യം കുറിക്കുകൊണ്ടു, നവാബ് മാലികിനെ ഭരണപക്ഷത്ത് ഇരുത്തിയതിനെതിരെ അജിത് പവാറിന് ദേവേന്ദ്ര ഫഡ്നാവിസ് കത്തെഴുതി; കത്ത് മാധ്യമങ്ങൾക്ക് ചോർത്തപ്പെടുകയും ചെയ്തു. ‘രാജ്യദ്രോഹിയായി വിളിക്കപ്പെടുകയും ചികിത്സാർഥം ജാമ്യത്തിലിറങ്ങുകയും ചെയ്ത നവാബ് മാലികിനെ ഭരണപക്ഷത്ത് ഇരുത്തിയത് അംഗീകരിക്കാനാകില്ല’ എന്നായിരുന്നു ഫഡ്നാവിസിന്റെ എഴുത്ത്. ഇതിന് ശക്തമായ മറുപടിക്കത്തുമായാണ് അജിത് പ്രതികരിച്ചത്. ‘പാർട്ടി നേതാവാണെങ്കിലും എന്റെ എം.എൽ.എമാർ സഭയിൽ എവിടെ ഇരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനല്ല; ഗവർണർക്കാണ് അതിന്റെ അധികാരം. നിലവിലെ ഗവർണർ ബി.ജെ.പിയുടെതാണ്’ എന്ന കടുത്ത പ്രതികരണവും ഓർമപ്പെടുത്തലുമാണ് അജിതിന്റെ ഭാഗത്തുനിന്നുമുണ്ടായത്.
എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ സമ്മതത്തോടെയാണ് നവാബ് മാലിക് അജിത് പക്ഷത്ത് ചേർന്നതെന്നാണ് സംസാരം. മാലിക് ചെറിയ നേതാവല്ല. സാമൂഹിക പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന് 1996 മുതൽ മന്ത്രിപദങ്ങൾ കൈകാര്യം ചെയ്ത പാരമ്പര്യം അദ്ദേഹത്തിനുണ്ട്. ആദ്യം കോൺഗ്രസിലും പിന്നീട് സമാജ് വാദി പാർട്ടിയിലും പ്രവർത്തിച്ച ശേഷം 1999ൽ എൻ.സി.പിയിൽ എത്തിയതാണ്. പവാർ കുടുംബത്തിന്റെയാകെ വിശ്വസ്തൻ. മുംബൈ നഗരത്തിന്റെ രാഷ്ട്രീയ അടിയൊഴുക്കുകൾ നന്നായി അറിയാവുന്ന ചാണക്യൻ. മാലിക് തൊടുത്തുവിട്ട ശരങ്ങൾ ബി.ജെ.പിക്കും കേന്ദ്ര അന്വേഷണ ഏജൻസികളെ നയിച്ചവരിലും ഒരുപാട് മുറിവുകളുണ്ടാക്കിയിട്ടുണ്ട്.
സൂപ്പർസ്റ്റാർ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ വേളയിൽ നവാബ് മാലിക് നടത്തിയ പത്രസമ്മേളനങ്ങളിലെ വെളിപ്പെടുത്തലുകളാണ് അന്വേഷണസംഘത്തിന്റെ അവകാശവാദങ്ങളെ പൊളിച്ചുകളഞ്ഞത്. വൈകാതെ ആര്യൻ ഖാൻ കുറ്റമുക്തനായി. കേസന്വേഷണത്തിന് നേതൃത്വം നൽകിയ നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പശ്ചിമ മേഖല മേധാവി സമീർ വാങ്കഡെക്ക് ആ പദവി നഷ്ടപ്പെട്ടു.
മാത്രമല്ല അദ്ദേഹം ഇന്ന് അന്വേഷണം നേരിടുന്നു. ബോളിവുഡിനെ ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് വേട്ടക്ക് കടിഞ്ഞാണിടാനും നവാബിന്റെ ഇടപെടൽ വഴിവെച്ചു. ആ സമയത്ത് ഉദ്ധവ് താക്കറെയുടെ മഹാവികാസ് അഗാഡി സർക്കാറിൽ മന്ത്രിയായിരുന്നു നവാബ് മാലിക്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിന് എതിരെയും അധോലോക ബന്ധം മാലിക് ആരോപിച്ചിരുന്നു.
അതിന്റെയെല്ലാം തുടർച്ചയെന്നോണമാണ് വർഷങ്ങൾക്കുമുമ്പ് നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസ് കുത്തിപ്പൊക്കപ്പെട്ടതും അതിന്റെ അടിസ്ഥാനത്തിൽ ഇ.ഡി നവാബ് മാലികിനെ അറസ്റ്റ് ചെയ്യുന്നതും. ഇത് കള്ളക്കേസാണെന്ന് എൻ.സി.പിയും, ശിവസേനയും കോൺഗ്രസും വിശ്വസിച്ചതിനാൽ അവരാരും മാലികിന്റെ രാജി ആവശ്യപ്പെട്ടിരുന്നില്ല. ശിവസേന പിളർപ്പിൽ ഉദ്ധവ് സർക്കാർ വീഴും വരെ മാലിക് മന്ത്രിയായി തുടർന്നു. ഉദ്ധവിനെ അട്ടിമറിച്ച് ബി.ജെ.പി പിന്തുണയിൽ ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായപ്പോഴും നവാബ് മാലിക് അകത്തായിരുന്നു.
മാലികിന്റെ ജാമ്യപേക്ഷകളെ പി.എം.എൽ.എ കോടതിയിലും ഹൈകോടതി സുപ്രീംകോടതികളിലും പ്രോസിക്യൂഷൻ ശക്തിയുക്തം എതിർത്തു. ജാമ്യം കിട്ടാൻ ഒരു പഴുതും നൽകിയില്ല. അജിത് പവാർ എൻ.സി.പി പിളർത്തി ഷിൻഡെ സർക്കാറിൽ ചേർന്നതിന് പിന്നാലെയാണ് മാലികിന് വൃക്കരോഗ ചികിത്സക്ക് സുപ്രീംകോടതി ജാമ്യം അനുവദിക്കുന്നത്. അത്തവണ സുപ്രീംകോടതിയിൽ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തില്ല എന്നത് കൗതുകകരമാണ്.
സഭയിൽ ഭരണപക്ഷത്തിരുന്ന മാലികിനെ ഫഡ്നാവിസ് അപമാനിച്ചത് കോൺഗ്രസിനും ഇരുപക്ഷ എൻ.സി.പിക്കും ഒട്ടും ദഹിച്ചിട്ടില്ല. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയും മയക്കുമരുന്ന് മാഫിയ തലവനുമായ ഇഖ്ബാൽ മിർച്ചിയുമായുള്ള ബന്ധത്തിന്റെ പേരിൽ അന്വേഷണം നേരിടുന്ന പ്രഫുൽ പട്ടേൽ സ്വീകാര്യനാകുന്ന ബി.ജെ.പിക്ക് എന്തുകൊണ്ട് നവാബ് മാലിക് അലർജിയാകുന്നു എന്ന ചോദ്യമാണ് പവാർ പക്ഷ എൻ.സി.പിയും കോൺഗ്രസും ചോദിക്കുന്നത്.
മുസ്ലിം ആയതിനാലാണോ മാലികിന് അയിത്തമെന്നാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വീരാജ് ചവാന്റെ ചോദ്യം. മാലികിന്റെ സഭയിലെ സാന്നിധ്യം വിഷയമാണെങ്കിൽ അജിതുമായി നേരിൽ സംസാരിച്ചു തീർക്കാമെന്നിരിക്കെ കത്തെഴുതുകയും അത് പരസ്യപ്പെടുത്തുകയും ചെയ്തതിലെ യുക്തിയെ ചോദ്യംചെയ്യുന്ന ചവാൻ മാലികിനെതിരെയുള്ള കുറ്റങ്ങൾ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലെന്നും ബി.ജെ.പിയെ ഓർമപ്പെടുത്തി. വർഷങ്ങളായുള്ള കഠിനാധ്വാനത്തിലൂടെ വളർന്ന നേതാവാണ് മാലിക്കെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് പൊറുക്കാനാകില്ലെന്നും ശരദ് പവാറിന്റെ മകളും എൻ.സി.പി വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുലെ മുന്നറിയിപ്പുനൽകുന്നു.
തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ മഹാനഗരത്തിൽ മാലികിന്റെ സാന്നിധ്യം എൻ.സി.പിക്ക് പ്രധാനമാണ്. എൻ.സി.പി പ്രത്യക്ഷത്തിൽ രണ്ടാണെങ്കിലും അകമേ എന്തെന്ന് ആർക്കും പ്രവചിക്കാനാകുന്നില്ല. മാലികിന്റെ ജാമ്യവും സഭയിൽ ഭരണപക്ഷത്തെ അദ്ദേഹത്തിന്റെ സാന്നിധ്യ വിവാദവും അദ്ദേഹത്തിനായി തീർത്ത പ്രതിരോധങ്ങളും ചിലതെല്ലാം പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.