നെഹ്റു വെറുമൊരു മുൻ പ്രധാനമന്ത്രിയല്ല
text_fieldsആരായിരുന്നു ജവഹർലാൽ നെഹ്റു? ഇന്ത്യക്ക് എന്തായിരുന്നു അദ്ദേഹം? നെഹ്റു സ്മാരക മ്യൂസിയത്തിന്റെയും ഗ്രന്ഥാലയത്തിെൻറയും പേരു മാറ്റിയ കേന്ദ്രസർക്കാർ നടപടിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യസഭാംഗവും സാമൂഹിക ശാസ്ത്രജ്ഞനുമായ ഡോ. മനോജ് കുമാർ ഝാ എഴുതിയ തുറന്ന കത്ത്
പ്രിയ പ്രധാനമന്ത്രി, സുഖമല്ലേ?
ആദ്യമേ തന്നെ ഒരു പ്രധാനകാര്യം പറയട്ടെ, ഞാനിതെഴുതുന്നത് മണിപ്പൂരിൽ തുടർന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ്. കഴിഞ്ഞ കുറെ ആഴ്ചകളായി ഞങ്ങളുടെ പാർട്ടി ഉൾപ്പെടെ പ്രതിപക്ഷ കക്ഷികളും സിവിൽ സമൂഹവും മാധ്യമങ്ങളും താങ്കളുടെതന്നെ പാർട്ടിയുടെ സംസ്ഥാന നേതാക്കൾപോലും അവിടെ തുടരുന്ന അതിക്രമങ്ങളിലേക്ക് നിരന്തരം താങ്കളുടെ ശ്രദ്ധക്ഷണിക്കുകയും അതേക്കുറിച്ച് രണ്ടു വാക്ക് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
സംസ്ഥാനമൊന്നടങ്കം കത്തിയമരുകയാണ്. ഇനിയും താമസംവരുത്താതെ അക്രമങ്ങൾ അവസാനിപ്പിക്കാൻ വേണ്ട നടപടികൾ താങ്കൾ കൈക്കൊള്ളുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മുറിവുണക്കുന്നതിനാവശ്യമായ സാന്ത്വനസ്പർശം അവിടെ ആവശ്യമുണ്ട്.
നിയമപാലനം മുതൽ സമ്പദ്വ്യവസ്ഥ വരെ പൊതുജീവിതത്തിെൻറ സമസ്തമേഖലകളിലും അനന്തമായ പ്രതിസന്ധിയുടെ ഭാവം സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നിലവിലെ ഭരണ പരിതഃസ്ഥിതിയെ സർവ മേഖലയിലും വലുതും ചെറുതുമായി കത്തിപിടിച്ചുനിൽക്കുന്ന സാഹചര്യമെന്നുവേണം വിശേഷിപ്പിക്കാൻ.
നമ്മുടെ ചരിത്ര-പൈതൃക ബോധതലത്തിനുമേൽ സർക്കാർ സൃഷ്ടിച്ച ചെറുതീപിടിത്തങ്ങളെ സംബോധന ചെയ്യാനാണ് ഞാൻ ഈ കത്തെഴുതുന്നത്. പാഠപുസ്തകങ്ങൾ ഉപയോഗിച്ച് നടത്തിയ അപഹാസ്യത അത്തരമൊരു തീക്കളിയാണ്. നെഹ്റു സ്മാരക മ്യൂസിയത്തിന്റെയും ഗ്രന്ഥാലയത്തിെൻറയും പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്തതാണ് മറ്റൊരു സമീപകാല സംഭവം. ഇതൊക്കെ ഒഴിവാക്കാമായിരുന്ന കാര്യങ്ങളായിരുന്നു.
‘ഒരിടത്തെ ജനാധിപത്യവത്കരിക്കുക’ അഥവാ ‘എല്ലാ പ്രധാനമന്ത്രിമാരെയും ബഹുമാനിക്കുക’ എന്ന യുക്തി പ്രഹസനമാണ്, അത് ജനങ്ങൾക്കിടയിൽ കാര്യമായി ഏശാൻ വഴിയില്ല. താങ്കളുടെ രീതികൾ പ്രകാരം രാജവാഴ്ചയുടെ പ്രതീകത്തിന് ഭരണഘടനയേക്കാൾ വിലയുണ്ടെന്ന് ഏതാനും ആഴ്ച മുമ്പ് വ്യക്തമായതാണ്.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ ഒരു ചെങ്കോലിനു മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നതിനുപകരം നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ഭരണഘടനാ മൂല്യങ്ങൾ പുനഃസ്ഥാപിക്കുകയാണ് വേണ്ടിയിരുന്നത്.
ആധുനിക ആശയങ്ങളുടെയും ശാസ്ത്രീയ ചിന്തയുടെയും പിന്തുണയോടെ, പുരോഗമനാത്മകമായ പാതയിലൂടെ മുന്നേറുമെന്ന് ജവഹർലാൽ നെഹ്റു വിഭാവനം ചെയ്ത ഒരു രാഷ്ട്രവുമായി സമന്വയപ്പെടുന്നതല്ല ഇത്തരം പ്രതീകാത്മകത. 25 പാർലമെൻറ് സീറ്റുകളാണ് ആ ചെങ്കോലിെൻറ പ്രതീകാത്മക മൂല്യമെന്ന് താങ്കളുടെ ആഭ്യന്തര മന്ത്രി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടല്ലോ.
താങ്കളും താങ്കളുടെ പാർട്ടിയും നെഹ്റുവിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും വെറുക്കുന്നുവെന്ന് എനിക്കറിയാം. നിയമനിർമാണ സഭയിലെ ഭൂരിപക്ഷത്തെ ഭൂരിപക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരമായി സമപ്പെടുത്തുന്ന നിങ്ങളുടെ രാഷ്ട്രീയത്തിന്റെ ഊന്നൽ കണക്കിലെടുക്കുമ്പോൾ അത് വളരെ വ്യക്തമാണ്.
നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ നിർണായകമായ പങ്കുവഹിച്ച അദ്ദേഹം ആധുനിക ഇന്ത്യയുടെ ശിൽപിയെന്ന നിലയിൽ പരക്കെ ആദരിക്കപ്പെടുന്നു.
1947 മുതൽ 1964 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം രാജ്യത്തിെൻറ രാഷ്ട്രീയ, സാമ്പത്തിക സാമൂഹിക ഘടനകൾ രൂപപ്പെടുത്തുന്നതിൽ വലിയ സംഭാവനകളർപ്പിച്ചു. ജനാധിപത്യത്തിെൻറയും മതനിരപേക്ഷതയുടെയും ശക്തനായ വക്താവ് എന്ന നിലയിൽ മത-സാംസ്കാരിക വൈവിധ്യങ്ങളെ ബഹുമാനിക്കുന്ന ഒരു ബഹുസ്വര സമൂഹം എന്ന ആശയത്തിൽ വിശ്വസിച്ചു.
ജനാധിപത്യ സ്ഥാപനങ്ങൾ, മതേതര മൂല്യങ്ങൾ, ആധുനികവത്കരണം, വ്യക്തിസ്വാതന്ത്ര്യം എന്നിവയോടുള്ള നെഹ്റുവിന്റെ പ്രതിബദ്ധത രാജ്യത്തെ ജനതയുടെ വലിയൊരു വിഭാഗത്തിനിടയിൽ ഇന്നും പ്രതിധ്വനിക്കുകയും ഇന്ത്യൻ സ്വത്വത്തിെൻറ സുപ്രധാന ഭാഗമായി തുടരുകയും ചെയ്യുന്നു - വിദേശത്ത് പോകുേമ്പാൾ, ഇന്ത്യയെ അഭിമാന പൂർവം അവതരിപ്പിക്കാൻ താങ്കളെ സഹായിക്കുന്ന ആ ഐഡൻറിറ്റി.
‘ബുദ്ധ െൻറയും ഗാന്ധിയുടെയും നാട്’ എന്ന് വിദേശത്ത് ചെന്ന് താങ്കൾ ഇന്ത്യയെ വിശേഷിപ്പിക്കാറുണ്ടല്ലോ. ആ പാരമ്പര്യത്തിെൻറ പ്രധാന സംരക്ഷകരിൽ ഒരാളായിരുന്ന നെഹ്റു, വിഭജനത്തിെൻറ അക്രമാസക്തമായ ഓർമകൾക്കിടയിലും ഇന്ത്യയെ നയിക്കാനുള്ള വഴികാട്ടിയായി ആ പാരമ്പര്യത്തെ അദ്ദേഹം ഉപയോഗിച്ചു. ഇക്കാര്യത്തിൽ താങ്കളും എന്നോട് വിയോജിക്കില്ലെന്ന് എനിക്കുറപ്പുണ്ട്.
താങ്കളുടെ അമേരിക്കൻ സന്ദർശനത്തിെൻറ പശ്ചാത്തലത്തിലാണ് ഈ എഴുത്ത് എന്നതിനാൽ, ശീതയുദ്ധകാലത്ത് വികസ്വര രാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും എന്ന ആശയം ഉയർത്തിപ്പിടിച്ച ചേരിചേരാ പ്രസ്ഥാനത്തിെൻറ രൂപവത്കരണത്തിൽ നെഹ്റു പ്രധാന പങ്കുവഹിച്ചയാളാണ് നെഹ്റുവെന്ന കാര്യവും ഓർമപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.
സമാധാനപരമായ സഹവർത്തിത്വം, ആഗോള സഹകരണം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും രണ്ടു മഹാശക്തികളുമായി തുല്യ അകലം നിലനിർത്തുന്നതിലും ആ പ്രസ്ഥാനം ശ്രദ്ധവെച്ചു.
ഒരു രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയുടെ വലുപ്പവും വ്യാപ്തിയും നോക്കി ഏതെങ്കിലുമൊരു വിഷയത്തിൽ നിശ്ശബ്ദത പാലിക്കാൻ നെഹ്റുവും അദ്ദേഹത്തിന്റെ മന്ത്രിമാരും ശീലിച്ചിരുന്നില്ല; ലോകത്ത് എവിടെയാണെങ്കിലും നെഹ്റുവിനെ സംബന്ധിച്ചിടത്തോളം അടിച്ചമർത്തപ്പെട്ട ആളുകൾ അദ്ദേഹത്തിെൻറ സ്വാഭാവിക മണ്ഡലമായിരുന്നു 2014ൽ താങ്കൾ നേടിയ ആദ്യ പൊതുതെരഞ്ഞെടുപ്പ് വിജയം നെഹ്റുവിയൻ ആശയങ്ങൾക്കെതിരായ വിധിയെഴുത്താണെന്ന തോന്നൽ താങ്കൾക്കുണ്ട് എന്ന് ഞാൻ കരുതുന്നു. ഈ അനുമാനം തിരുത്തണമെന്ന അഭ്യർഥന എനിക്കുണ്ട്.
എന്തെന്നാൽ, നെഹ്റുവിന്റെ ചിതാഭസ്മം ഇന്ത്യയിലെ വയലുകളിലും മലകളിലും നദികളിലും വിതറപ്പെടുക മാത്രമല്ല ചെയ്തത്, അത് നമ്മുടെ രാഷ്ട്രീയ-പൗരജീവിതത്തിന്റെ അനിഷേധ്യ ഭാഗമായി പറ്റിച്ചേർന്ന് കിടക്കുന്നുമുണ്ട്.1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ അടിച്ചേൽപിച്ച വേളയിൽ ജനങ്ങൾക്ക് പ്രതിരോധത്തിെൻറ പാഠങ്ങൾ പകർന്നത് ഈ ‘അനിഷേധ്യ ഭാഗമാണ്’. ഇപ്പോഴുമതെ, ജനാധിപത്യ വിരുദ്ധവും പ്രതിലോമപരവുമായ ഏതൊരാക്രമണത്തിൽനിന്നും രാജ്യത്തെ സംരക്ഷിക്കുന്ന ഒരു വൻമതിലായി നിലകൊള്ളുന്നു നെഹ്റുവും അദ്ദേഹത്തിെൻറ ആശയങ്ങളും.
നെഹ്റു സ്മാരകത്തിെൻറ പേരുമാറ്റിയ സംഭവത്തിലേക്ക് വരാം. സ്വാതന്ത്ര്യലബ്ധിതൊട്ടിങ്ങോട്ട് രാജ്യം നടത്തിയ പ്രയാണത്തിൽ എല്ലാ പ്രധാനമന്ത്രിമാരും അവരുടേതായ സംഭാവനകളർപ്പിച്ചിട്ടുണ്ട് എന്ന കാര്യം ഞാൻ സമ്മതിക്കുന്നു. പക്ഷേ, മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി തീൻമൂർത്തി ഭവൻ പ്രഥമ പ്രധാനമന്ത്രിയുടെ വസതിയായിരുന്നു.
സാന്ത്വന സ്പർശവും സഹായവും തേടി എത്തിയിരുന്ന ആയിരക്കണക്കിന് നിരാലംബരായ കുടുംബങ്ങളെ അദ്ദേഹം കണ്ടിരുന്നത് അവിടെ വെച്ചാണ്. ഇഷ്ടികയും കുമ്മായക്കൂട്ടും കൊണ്ട് പടുക്കപ്പെട്ട വെറുമൊരു കെട്ടിടമായിരുന്നില്ല അത്, മറിച്ച് ജനങ്ങൾ പ്രതീക്ഷയർപ്പിച്ച് എത്തുന്ന ഇടമായിരുന്നു. ഇരുൾമുറ്റിയ തുരങ്കത്തിലൂടെ കാതങ്ങൾ താണ്ടിയെത്തുന്ന മനുഷ്യരുടെ പ്രതീക്ഷാ വെളിച്ചത്തിെൻറ കേന്ദ്രമായിരുന്നു അവിടം.
ഒരു സമൂഹത്തിെൻറ സ്വത്വവും പൈതൃകവും രൂപപ്പെടുത്തുന്നതിൽ ഓർമകൾക്കും ചരിത്രത്തിലും സുപ്രധാന സ്ഥാനമുണ്ട്. സംഘടിതമായ ആ ഓർമയെ മായ്ക്കാനും തിരുത്താനും ശ്രമിക്കുന്ന രാഷ്ട്രീയം ഒരുതരം വിപൽസൂചനയാണ്. മറ്റേതൊരു മഹാനായ നേതാവിനെയുംപോലെ നെഹ്റുവിനെയും നൂറുനൂറു കാരണങ്ങളുടെ പേരിൽ വിമർശിക്കാനാവും, താങ്കളുടെ രാഷ്ട്രീയ വീക്ഷണവും നെഹ്റുവും തമ്മിലെ വൈരുധ്യവും മനസ്സിലാക്കാൻ സാധിക്കുന്നതു തന്നെ.
അദ്ദേഹത്തെ മതിവരുവോളം വിമർശിച്ചുകൊള്ളുക, പക്ഷേ, അത് വസ്തുനിഷ്ഠമായിരിക്കണമെന്നു മാത്രം. അല്ലാതെ പേരുമാറ്റുന്നതുപോലുള്ള താഴ്ന്ന ലക്ഷ്യങ്ങൾക്ക് വേണ്ടിയാവരുത്. ഓർമയെ ഇല്ലാതാക്കുന്നത് ആശയങ്ങളുടെയും ആഖ്യാനങ്ങളുടെയും പരിധി പരിമിതപ്പെടുത്തുന്ന കാര്യം താങ്കൾ ഒരുനാൾ തിരിച്ചറിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ചെറുതും വലുതുമായ എല്ലാ തീയും കെടുത്തേണ്ട സമയമാണിത്. എന്നാൽ, ഉണങ്ങിയ മുറിവുകൾ മാന്തിപ്പറിക്കുന്നതും അണച്ച തീ ആളിക്കത്തിക്കുന്നതുമാണ് നാം കാണുന്നത്.
നെഹ്റുവിെൻറ ആത്മകഥ കൈപ്പറ്റിയശേഷം 1937 നവംബർ ആറിന് വിശ്രുത കലാകാരി അമൃത ഷെർഗിൽ അദ്ദേഹത്തിനെഴുതിയ ഏതാനും വരികൾ ഉദ്ധരിച്ച് ഈ കത്ത് ചുരുക്കാം. അവർ എഴുതി: പുസ്തകം അയച്ചതിന് നന്ദി. ജീവചരിത്രങ്ങളോടും ആത്മകഥകളോടുമുള്ള അനിഷ്ടം എനിക്കൊരു ശീലമായിരിക്കുന്നു.
അവ വ്യാജമായിരിക്കും, ഒപ്പം പൊള്ളയായ പ്രകടനപരതയും. പക്ഷേ, താങ്കളുടേത് എനിക്ക് ഇഷ്ടമായേക്കുമെന്ന് തോന്നുന്നു. ചുറ്റും പടരുന്ന പരിവേഷത്തെ തള്ളിക്കളയാൻ താങ്കൾക്ക് പലപ്പോഴും സാധിക്കാറുണ്ട്. ‘കടൽ ആദ്യമായി എന്നെക്കണ്ടപ്പോൾ’ എന്ന് മറ്റുള്ളവർ പറയുന്നിടത്ത് ‘ഞാനാദ്യമായി കടലു കണ്ടപ്പോൾ’ എന്നു പറയാനുള്ള ബോധം താങ്കൾക്കുണ്ട്.
ഇത്തരമൊരു വിമർശനാത്മകമായ ഇടപഴകലിൽനിന്ന് ദർശനങ്ങളെ വളച്ചൊടിക്കാനോ മോശമാക്കാനോ സ്വയമൊരു ദർശനമായി അവതരിക്കാനോ ആഗ്രഹിക്കാഞ്ഞ ജവഹർലാൽ നെഹ്റു എന്ന ദാർശനികെൻറ വലുപ്പം നമുക്ക് ബോധ്യമാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.