അയോധ്യക്കു പുറത്തെ പുതിയ പള്ളി ഇന്ത്യൻ മുസ്ലിംകൾക്ക് പ്രതീക്ഷ പകരുമോ?
text_fields2021 റിപ്പബ്ലിക് ദിനത്തിൽ അയോധ്യക്കു സമീപത്തെ ഒരു ഗ്രാമത്തിൽ മസ്ജിദ് നിർമാണം ആരംഭിക്കുന്നതിെൻറ ഭാഗമായി നടന്ന ചടങ്ങും രാമക്ഷേത്ര നിർമാണ- പ്രചാരണങ്ങളുടെ പേരിൽ സംഘടിപ്പിച്ചുവരുന്ന ചടങ്ങുകളും തമ്മിൽ ദൃശ്യമായത് സമ്പൂർണ വൈരുധ്യമായിരുന്നു. സുപ്രീം കോടതി നിർദേശപ്രകാരം മുസ്ലിം സമുദായ പ്രതിനിധികൾക്ക് അനുവദിച്ച മസ്ജിദ് ഭൂമിയിൽ ഇന്ത്യൻ പതാക ഉയരുകയും ചെടികൾ നടുകയും ചെയ്ത നിർണായക സംഭവം അക്ഷരാർഥത്തിൽ അതി ലളിതം. മത ചടങ്ങുകളുണ്ടായില്ല, വി.ഐ.പികളുടെ സാന്നിധ്യവും കണ്ടില്ല.
ശിലാന്യാസം, ഭൂമി പൂജ പോലുള്ള ഹിന്ദു ആചാരങ്ങൾക്കു സമാനമായി ഇസ്ലാമിൽ ചടങ്ങുകളില്ലെന്നതിന് ഇതിൽ പങ്കുണ്ടെന്നത് ശരിയാകാം. പക്ഷേ, മറ്റു ദിവസങ്ങൾ തെരഞ്ഞെടുക്കുന്നതിന് പകരം 2021 റിപ്പബ്ലിക് ദിനത്തിൽ പദ്ധതി ഔദ്യോഗികമായി തുടങ്ങാനുള്ള തീരുമാനം തീർച്ചയായും സവിശേഷ പ്രാധാന്യമർഹിക്കുന്നു.
എന്തേ മാധ്യമങ്ങൾ തിരിഞ്ഞുനോക്കിയില്ല, കൊട്ടുംകുരവയും കണ്ടില്ല?
രാജ്യം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായ അതേ ദിനത്തിൽ തന്നെ പദ്ധതിക്ക് സമാരംഭം കുറിക്കാമെന്ന തീരുമാനം, സർക്കാറിെൻറ ഏക 'വിശുദ്ധ പുസ്തക'മെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിച്ച അമൂല്യ വസ്തുവും ഈ സമുദായവും തമ്മിലെ ഉറ്റബന്ധം സൂചിപ്പിക്കുന്നുണ്ട്. വളരെ വൈകി ഉച്ചത്തിൽ ഭരണഘടനയുടെ സ്തുതിഗീതം മുഴക്കാൻ തുടങ്ങിയവർ ഈ വിശ്വാസത്തെ അതേ നാണയത്തിൽ തിരിച്ചുനൽകേണ്ടതുണ്ട്. ചടങ്ങിന് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടാതെ പോയത് രാജ്യത്തെ രാഷ്ട്രീയ യാഥാർഥ്യം പച്ചയായി തുറന്നുകാട്ടുന്നു. കീഴടങ്ങിയ മുസ്ലിം സമുദായത്തിനു മേൽ രാമക്ഷേത്രത്തെ പിന്തുണക്കുന്നവർ വരിച്ച വിജയമായാണ് അതിനെ അവർ കാണുന്നത്്.
ചരിത്രം, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിെൻറ വാക്കുകൾ കടമെടുത്താൽ, വിജയികൾ കുറിക്കുന്ന വരികളാണ്. 2020 ആഗസ്റ്റിൽ ഭൂമി പൂജ ചടങ്ങുകൾക്ക് രാജ്യം മുഴുക്കെ ലഭിച്ച വലിയ ഇടം ഇത് വിളിച്ചുപറയുന്നുണ്ട്. പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ജനുവരി 15ന് തന്നെ വിഭവ സമാഹരണം ആരംഭിച്ചുവെന്നതാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 'വ്യക്തിഗത'മായി സംഭാവന നൽകിയായിരുന്നു തുടക്കമിട്ടത്. പക്ഷേ, അങ്ങനെയൊരു നടപടിക്രമം മൾട്ടി സ്പെഷാലിറ്റി ആശുപത്രി, കമ്യൂണിറ്റി അടുക്കള, ലൈബ്രറി എന്നിവ ചേർന്നതായിട്ടും മസ്ജിദ് സമുച്ചയത്തിനുണ്ടായില്ല.
മസ്ജിദും അനുബന്ധ സ്ഥാപനങ്ങളും നിർമിക്കാനായി ഉത്തർ പ്രദേശ് സുന്നി വഖഫ് ബോർഡ് സ്ഥാപിച്ച ഇൻഡോ- ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷന് നികുതി ഇളവോടെ സംഭാവന പിരിക്കാൻ ഇനിയും അനുമതിയായിട്ടില്ലെന്നതും ശ്രദ്ധേയം. പക്ഷേ, ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്രത്തിന് സംഭാവനകൾ പക്ഷേ, ആദായ നികുതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം നികുതി ഇളവിന് അർഹതയുള്ളവയാണ്.
അയോധ്യയിലെ 'മതാതിർത്തികൾ'ക്ക് പുറത്തെ ധനിപൂർ ഗ്രാമത്തിലെ മസ്ജിദ് കോമ്പൗണ്ടിൽ പ്രവേശനം എല്ലാ വിശ്വാസികൾക്കുമാണെങ്കിൽ 1992 ഡിസംബർ വരെ ബാബ്രി മസ്ജിദ് നിലനിന്ന ഭൂമിയിൽ ഉയരുന്ന രാമക്ഷേത്രത്തിലേക്ക് ഉറച്ച ഹിന്ദുമതക്കാർക്ക് മാത്രമാകും കടക്കാനാകുക. ശ്രദ്ധേയമായ മറ്റൊന്ന്, 2020 ഡിസംബറിൽ അനാഛാദനം ചെയ്ത മസ്ജിദ് രൂപരേഖ ശിൽപവിദ്യയോട് ചേർന്നുനിൽക്കുേമ്പാൾ പാരമ്പര്യ മസ്ജിദിേൻറതിൽനിന്ന് സമദൂരം നിലനിർത്തുന്നു.
ഒരു അക്കാദമീഷ്യൻ പൂർത്തിയാക്കിയ മസ്ജിദ് രൂപരേഖയിൽ എവിടെയും മിനാരങ്ങളും കുംഭ ഗോപുരങ്ങളും കാണാനേയില്ല. അതിന് ബാബ്രി മസ്ജിദ് എന്ന് പേരും നൽകില്ല. മുഗളൻമാർ ഉൾെപടെ ഏതെങ്കിലും മുസ്ലിം ഭരണാധികാരിയെ കുറിച്ച സൂചനകളും കാണില്ല. മറുവശത്ത്, മൂന്ന് കുംഭേഗാപുരങ്ങളുള്ള രാമക്ഷേത്രത്തിെൻറ ഡിൈസൻ 2020 ജൂലൈയിൽ വരുത്തിയ മാറ്റത്തോടെ അഞ്ചെണ്ണമുള്ളതായി മാറി.
മൂന്ന് പതിറ്റാണ്ട് മുമ്പ് എൽ.കെ അദ്വാനി ഒരർഥത്തിൽ പ്രഖ്യാപനം നടത്തിയപോലെ, രാമ ജന്മഭൂമി പ്രസ്ഥാനം അയോധ്യയിൽ അമ്പലം നിർമിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. മറ്റു പല ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിംകൾക്കുമേൽ സർവാധിപത്യ പ്രകടനം കൂടിയാണ്. അയോധ്യയിലെന്ന പോലെ ബഹുതലങ്ങളിൽ ഇത് പ്രകടമായി വരുന്നുമുണ്ട്.
ബാബ്രി മസ്ജിദ് വിധിയിലെ മുസ്ലിം പ്രതിസന്ധി: ദുഃഖം ഒളിച്ചുവെക്കണോ അതോ കുപ്പായക്കൈയിൽ തിരുകണോ?
2019 നവംബർ ഒമ്പതിന് തർക്ക ഭൂമി ഹിന്ദുക്കൾക്ക് നൽകിയ സുപ്രീം കോടതി വിധി മുസ്ലിം സമുദായത്തെ ശരിക്കും നിരാശപ്പെടുത്തിയിരുന്നു. അങ്ങനെയെങ്കിലും പറയാതെ വയ്യ. പക്ഷേ, മസ്ജിദ് നിർമാണത്തിന് അഞ്ചേക്കർ ഭൂമി യോജിച്ച മറ്റൊരു സ്ഥലത്ത് സുന്നി വഖഫ് ബോർഡിന് കൈമാറണമെന്ന കോടതി നിർദേശം ഇതര വിഭാഗങ്ങൾ ഏറ്റെടുത്തത് മറ്റൊരു അർഥത്തിലാണ്.
ഒരു വിഭാഗം ഈ വാഗ്ദാനം നിരസിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ആരാധനാലയം വിനഷ്ടമായ ദുഃഖത്തോടെയിരിക്കുേമ്പാഴും ഇനിയും ഭൂതത്തിൽ മാത്രം ജീവിക്കുന്നതിൽ മാത്രം അർഥമില്ലെന്നായിരുന്നു മേൽക്കൈ നേടിയ മറുവിഭാഗത്തിെൻറ പക്ഷം. ഭിന്നമെങ്കിലും നയം കൃത്യമാക്കുകയായിരുന്നു ഇരു വിഭാഗങ്ങളും. ഭൂരിപക്ഷ മേൽക്കോയ്മ ബ്രിഗേഡിെൻറ മാംസത്തിൽ തറച്ച മുള്ളായി നിലനിൽക്കാമെന്നായിരുന്നു ആദ്യ പക്ഷത്തിെൻറ നിലപാടെങ്കിൽ, സ്വയം പഴുത് തീർക്കാനായിരുന്നു മറുപക്ഷത്തിെൻറ മനസ്സ്. പുതിയ ക്രമത്തിൽ അതെത്ര ചെറുതും അസംഘടിതവുമാണെങ്കിലും.
സർക്കാറിൽനിന്ന് ഭൂമി സ്വീകരിക്കുന്ന സവിശേഷ വിഷയത്തിൽ സമുദായത്തിനകത്തെ അഭിപ്രായ ഭിന്നത (സൗജന്യമായാണ് നൽകിയതെങ്കിലും അഞ്ചേക്കർ ഭൂമി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തുകിട്ടാൻ സ്റ്റാമ്പ് നികുതിയായി അടക്കേണ്ടിവന്നത് ഒമ്പതു ലക്ഷമാണ്) ഇനിയും തങ്ങളുടെ സ്വത്വവും വേദനയും എങ്ങനെ ഉടുത്തണിഞ്ഞ് നിൽക്കുമെന്ന പ്രതിസന്ധിയുടെ കൂടി ഭാഗമായിരുന്നു. ഇനിയും അത് പുറത്തുതന്നെ കാണിക്കണോ, അതോ പുതച്ചുമൂടണോ?
പുതിയ മസ്ജിദ് മുസ്ലിംകൾക്ക് മാന്യമായ പുതുജീവിതം നൽകുമോ?
ഭൂമി പൂജ നടത്തിയ ശേഷമുള്ള പ്രസംഗത്തിൽ മോദി പറഞ്ഞത്, ക്ഷേത്രം ഇന്ത്യൻ സംസ്കാരത്തെയും ദേശീയ വികാരത്തെയും ഒപ്പം പൗരന്മാരുടെ പൊതുമനസ്സിനെയും പ്രതിനിധീകരിക്കുന്നുവെന്നാണ്. മാത്രമല്ല, ഈ ആരാധനാലയം വരും തലമുറകളുടെ മനസ്സുകളിലും ഇച്ഛാശക്തിയും സമർപണവും പ്രതീക്ഷയും പകരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
ഈ വാദകോലാഹലങ്ങൾക്കിടയിൽ ചോദ്യമായി അവശേഷിക്കുന്ന ഒന്നുണ്ട്, ഈ മസ്ജിദും അനുബന്ധ സേവന സ്ഥാപനങ്ങളും എന്തിനെയൊക്കെയാണ് പ്രതിനിധാനം ചെയ്യുന്നത്? രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിെൻറ സ്വത്വത്തിന് അംഗീകാരവും മാന്യതയും നൽകാനുള്ള ദേശീയ ഇച്ഛയെ ആകുമോ ഇത് പ്രതിനിധാനം ചെയ്യുക? അതല്ല, അരികുവത്കരിക്കപ്പെട്ട് ആരോരും കാണാതെ അവഗണിക്കപ്പെട്ട് കഴിയുന്ന ഒരു സമുദായത്തെയാകുമോ ഇത് പ്രദർശിപ്പിക്കുക.
ബാബ്രി മസ്ജിദ് നിലനിന്ന 464 വർഷങ്ങളിൽ 136 വർഷം ഇതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. പുതിയ ക്ഷേത്രത്തിനായി ഭൂമി വിട്ടുനൽകുകയും 'യഥാർഥ' അയോധ്യയിൽനിന്ന് 'നാടുകടത്തപ്പെടുകയും' (2018 വരെ ജില്ലക്കുപേര് ഫൈസാബാദ് എന്നായിരുന്നു, പട്ടണം ഒരു മുനിസിപ്പാലിറ്റിയും) ചെയ്യപ്പെട്ടവരാണെങ്കിലും മറയ്ക്കാനും മായ്ക്കാനുമാവാത്ത ഓർമയായി അവരുടെ മനസ്സിൽ ബാബ്രി മസ്ജിദ് നിലനിൽക്കും.
ഫൗണ്ടേഷൻ പദ്ധതി പ്രകാരം, മസ്ജിദ് രണ്ടു വർഷത്തിനകം പൂർത്തിയാകും. ഇനി അവശേഷിക്കുന്ന ചോദ്യം ഇത് എല്ലാവർക്കും സന്ദർശിക്കാവുന്ന മസ്ജിദ്- മ്യൂസിയം- ആശുപ്രതി സമുച്ചയമായി നിലനിൽക്കുമോ അതല്ല, 2021 റിപ്പബ്ലിക് ദിനത്തിലെ ഉദ്ഘാടന ചടങ്ങിന് സമാനമായി ആർക്കും വേണ്ടാതെ അവഗണിക്കപ്പെടുമോ എന്നാണ്. സത്യത്തിൽ, 'പുതിയ ഇന്ത്യ'ക്ക് വേണ്ടാത്ത ഒരു നിർമിതിയായിരുന്നു ഇത്. പക്ഷേ, പൂർത്തിയാക്കിയ ദൗത്യത്തിന് പരമോന്നത കോടതി ഇത് സർക്കാറിന് ദാനം നൽകുകയായിരുന്നു.
മസ്ജിദ് എന്തുകൊണ്ടാകും മുസ്ലിംകൾക്കും ഇതര വിശ്വാസികൾക്കും സുപ്രധാനമാകുന്നത്?
ഒന്നാമത്തെ കാരണം, അഞ്ചേക്കർ ഭൂമി നൽകുേമ്പാൾ സർക്കാറിന് മുമ്പിൽ രണ്ട് മാർഗങ്ങളാണ് സുപ്രീം കോടതി വെച്ചത്. അയോധ്യ നിയമം 1993 പ്രകാരം സ്വന്തമാക്കിയ ഭൂമിയിൽനിന്ന് കേന്ദ്രത്തിന് നൽകാം, അല്ലെങ്കിൽ 'അയോധ്യയിൽ യോജിച്ച സ്ഥലത്ത്' സംസ്ഥാന സർക്കാറിന് നൽകാം. വാർഷിക 'പരിക്രമ' വഴിയുടെ ചുറ്റളവിൽ പുതിയ മസ്ജിദ് നിർമാണം സംഘ് പരിവാർ അംഗീകാരത്തോടെ നടക്കില്ലെന്നതിനാൽ സ്വാഭാവികമായും രണ്ടാം മാർഗമാണ് തെരഞ്ഞെടുക്കപ്പെട്ടത്. യഥാർഥ ക്ഷേത്ര നഗര അതിർത്തിയിൽനിന്ന് 25 കിലോമീറ്റർ അകലെ ധനിപൂർ ഗ്രാമത്തിൽ ഭൂമി കണ്ടെത്തി.
രാമക്ഷേത്രത്തിനായുള്ള സമരഘട്ടത്തിൽ, സംഘ് പരിവാർ വീറോടെ വാദിച്ചത് പട്ടണത്തിന് പുറത്ത് മുസ്ലിംകൾക്ക് ബാബ്രി മസ്ജിദ് നിലനിൽക്കുന്നതിൽ ഒട്ടും പ്രസക്തിയില്ലെന്നായിരുന്നു. അതിനാൽ, മടിയേതുമില്ലാതെ കെട്ടിടം ഹിന്ദുക്കൾക്ക് നൽകണം. മറിച്ച്, ഭഗവാൻ രാമെൻറ പേരിൽ ഉയർത്തുന്ന ക്ഷേത്രം ലോകം മുഴുക്കെ ഹിന്ദുക്കളുടെ അഭിലാഷമാണ്. ബാബ്രി മസ്ജിദ് 'എവിടെയും' ആകാമെന്നും എന്നാൽ, രാമക്ഷേത്രം അയോധ്യയിലെ നിർണിത സ്ഥലത്ത് മാത്രം നിലനിൽക്കാവുന്ന ഒന്നും.
വൈരുധ്യമാകാം, അയോധ്യക്ക് പുറത്ത് മസ്ജിദിന് ഭൂമി നൽകുകയും അയോധ്യയിലെ മുസ്ലിംകൾക്ക് സാധാരണ നമസ്കാരങ്ങൾക്ക് അവിടം ഉപയോഗിക്കൽ ദുഷ്കരമാകുകയും ചെയ്തതോടെ, പുതുതായി ഉയരുന്ന മസ്ജിദ് അവർക്ക് വലിയ ആകർഷണമാകും. ചിലപ്പോൾ മറ്റുള്ളവർക്കും. തങ്ങളുടെ കുതിപ്പിനിടെ ഭൂരിപക്ഷാധിപത്യ വിജിഗീഷുക്കൾ ഇത് കൂടി കണക്കിലെടുക്കുന്നത് നന്ന്.
(കടപ്പാട്: thequint.com മൊഴിമാറ്റം: കെ.പി. മൻസൂർ അലി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.