നവകേരള നാടകത്തിലെ കഥാപാത്രങ്ങൾ
text_fieldsകുറെ വിവാദ കഥാപാത്രങ്ങളും അവർ പുറത്തുവിടുന്ന മൊഴികളും കേരള രാഷ്ട്രീയത്തിന്റെ സെൻറർ സ്റ്റേജിൽ കയറി കളി തുടങ്ങിയിട്ട് കാലം കുറച്ചായി. ഉമ്മൻ ചാണ്ടി സർക്കാറിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയിരുന്ന സോളാർ തട്ടിപ്പുകേസിലെ പ്രതിയുടെ പിറകെയായിരുന്നു കുറെ കാലം മാധ്യമങ്ങളും രാഷ്ട്രീയ സംഘങ്ങളും. അക്കാലത്ത് ഡയലോഗുകളും ക്ലിപ്പുകളും ആഘോഷമാക്കിയിരുന്ന സി.പി.എം ഇപ്പോൾ പ്രതിരോധത്തിലാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുണ്ടാക്കുന്ന ഉടക്കുകളെ വാർത്തസമ്മേളനങ്ങളിലെ പഞ്ച്ഡയലോഗുകൾ കൊണ്ട് നേരിട്ട് ഞെളിഞ്ഞ് പുറത്തുവരുന്ന സി.പി.എം നേതാക്കൾ ടി.വി തുറന്നു നോക്കുമ്പോൾ കാണുന്നത് കഴിഞ്ഞ സർക്കാറിലെ ഉന്നതരായ പാർട്ടി പ്രമുഖർക്കെതിരെ സ്വർണക്കടത്തുകേസിലെ കുറ്റാരോപിത തൊടുത്തുവിടുന്ന കൂരമ്പുകളാണ്.
പ്ലസ്ടു പോലും ജയിക്കാത്ത ഒരാളെ ആറക്ക ശമ്പളം നൽകി സർക്കാർ സെക്രട്ടറിമാർ വഹിക്കുന്ന തസ്തികക്ക് തുല്യമായിടത്ത് നിയമിച്ച് ശാക്തീകരണത്തിന് സംഭാവന നൽകിയ ഞങ്ങൾക്ക് ഇതു തന്നെ കിട്ടണം എന്ന് ഉറക്കെപ്പറഞ്ഞ് കരയാൻ പോലും പറ്റാത്ത പരിതാപകരമായ അവസ്ഥയിലാണ് സഖാക്കൾ. ആർക്ക് വേണ്ടിയായിരുന്നു, ആര് പറഞ്ഞിട്ടായിരുന്നു ആ നിയമനം എന്നത് സർക്കാറിന് ഇപ്പോഴും കൃത്യമായി ഉത്തരം പറയാൻ പറ്റിയിട്ടില്ല. രണ്ട് വർഷങ്ങൾക്കുമുമ്പ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജിൽ കടത്തിയ 30 കിലോ സ്വർണം പിടികൂടിയപ്പോൾ ഇതുപോലുള്ള തൊന്തരവുകൾക്കാണ് തുടക്കമാകുന്നതെന്ന് കസ്റ്റംസുകാരും കരുതിക്കാണില്ല.
ആദ്യം മുഖ്യമന്ത്രി തങ്കപ്പെട്ട മനുഷ്യനാണെന്നൊക്കെ പറഞ്ഞിരുന്നയാൾ ബിരിയാണി ചെമ്പിന്റെ ദം പൊട്ടിച്ചതോടെ കഥകളുടെയും ആരോപണങ്ങളുടെയും കുത്തൊഴുക്കായി. മിണ്ടാതെ ഒതുങ്ങിക്കൂടിയിരുന്ന തന്റെ തലയിൽ സകല പാപഭാരങ്ങളും കെട്ടിവെച്ച് കേസിലെ കുറ്റാരോപിതനായ മുൻ സുഹൃത്ത് എഴുതിയ പുസ്തകമാണ് പ്രകോപിപ്പിച്ചതെന്നാണ് പറയുന്നത്. വാർത്തസമ്മേളനങ്ങളും ചാനൽ അഭിമുഖങ്ങളും നടത്തിയതുകൊണ്ടും അരിശം തീരാതെ സചിത്ര പുസ്തകം തന്നെ എഴുതി കൗണ്ടർ ആക്രമണവും നടത്തി. വായന മരിച്ചു എന്ന് പറയാൻ ഒരുപഴുതും നൽകാതെ രണ്ട് പുസ്തകങ്ങളും ഒരുമിച്ച് ഒറ്റക്കവറിൽ വാങ്ങാൻ പ്രത്യേക വിലക്കിഴിവ് വരെ നൽകി വായനാശീലം വളർത്തുന്നുണ്ട് ചില ഓൺലൈൻ കച്ചവടക്കാർ. യു.ഡി.എഫ് സർക്കാറിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നയാൾ ഇത് പോലൊരു പുസ്തകം ഇറക്കാനുള്ള ബുദ്ധികാണിച്ചിരുന്നുവെങ്കിൽ സഹകരണ സംഘങ്ങൾ വഴി സഹായവിലയ്ക്ക് സകല വീട്ടിലും പുസ്തകം എത്തിയെന്ന് ഉറപ്പാക്കിയേനെ ഇടതു സർക്കാർ.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ നിരത്തി ചെക്കുവെച്ച് കളി തുടങ്ങിയ കക്ഷിയിപ്പോൾ മന്ത്രിമാരെയും കാലാളുകളെയും വെട്ടാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. വീട്ടിൽ കയറ്റാൻ കൊള്ളാത്തവനെന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവ് എല്ലാം പൊറുത്തു മാപ്പ് കൊടുത്തു എന്ന അവദൂത സമാനമായ പ്രതികരണമാണ് നടത്തിയത്. ഒരാൾ പുച്ഛിച്ചു തള്ളി, മറ്റൊരാൾ വിളിച്ചു കള്ളീ.
പറഞ്ഞത് കള്ളമാണെങ്കിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കട്ടെ അപ്പോൾ കോടതിയിൽ കൂടുതൽ തെളിവുകൾ ഹാജരാക്കാമെന്ന വെല്ലുവിളിയാണ് നേതാക്കളുടെ പ്രതികരണങ്ങളെക്കാളും, ആരോപണത്തോടൊപ്പം പുറത്തുവിട്ട ചിത്രങ്ങളെക്കാളും ജനങ്ങൾക്ക് രസിച്ചത്. എന്നാൽ പിന്നെ കേസ് കൊടുത്തുകൂടെ സഖാവേ എന്ന ചോദ്യത്തിന് പാർട്ടിയുമായി ആലോചിച്ച് ചെയ്യുമെന്ന് മറുപടി പറഞ്ഞിട്ട് ദിവസങ്ങളായി, പക്ഷേ, കൂടിയാലോചന ഇനിയും അവസാനിച്ചിട്ടില്ല.
പാട്ടുപാടി ഡാൻസും കളിച്ച് നടന്നിരുന്ന മറ്റൊരു എം.എൽ.എയെ അതിനിടയിൽ മറന്നുപോവരുത്. നൂറ്റാണ്ടിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന കോൺഗ്രസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിലപ്പെട്ട വോട്ട് രേഖപ്പെടുത്താനുള്ള അപൂർവ അവസരം പോലും നഷ്ടപ്പെടുത്തി ഒളിവിൽ കഴിഞ്ഞ അദ്ദേഹം മുൻകൂർ ജാമ്യത്തിന്റെ ബലത്തിൽ പുറത്തിറങ്ങി പൊലീസിന്റെ ചോദ്യങ്ങൾക്കും പരിശോധനകൾക്കും ഉത്തരം നൽകിക്കൊണ്ടിരിക്കുകയാണിപ്പോൾ. സാധാരണ ഗതിയിൽ ഇത്തരം ആരോപണങ്ങളൊക്കെ പൊതുപ്രവർത്തകർക്ക് നേരെ എന്നുമുണ്ടാവുമെന്ന് പറഞ്ഞ് ചീള് കേസായി കരുതിപ്പോന്നിരുന്ന കോൺഗ്രസുകാരെപ്പോലും നാണിപ്പിക്കുന്നുണ്ട് ടിയാനെതിരെ പുറത്തുവരുന്ന വെളിപ്പെടുത്തലുകളും ശബ്ദരേഖകളുമെല്ലാം.
യു.ഡി.എഫ് നേതാക്കൾക്കെതിരായ ആരോപണങ്ങൾ എൽ.ഡി.എഫുകാരും എൽ.ഡി.എഫ് നേതാക്കൾക്കെതിരായ കഥകൾ യു.ഡി.എഫുകാരുമാണ് പ്രചരിപ്പിക്കുന്നതെങ്കിൽ ബി.ജെ.പി നേതാക്കളെപ്പറ്റിയുള്ള ആരോപണങ്ങളുടെയും കഥകളുടെയും മുഖ്യ സ്രോതസ്സ് പാർട്ടി വാട്ട്സ്ആപ് ഗ്രൂപ്പുകൾ തന്നെയാണ്. അതിനു പുറമെ ഓരോ നേതാവിനെപ്പറ്റിയും പേരുവെച്ചും അല്ലാതെയുമുള്ള കത്തുകൾ കൃത്യമായി ഡൽഹിയിലേക്ക് പറക്കുന്നുണ്ട്, അരുതായ്മകൾക്കും അഴിമതിക്കുമെതിരായ ഉൾപ്പാർട്ടി പോരാട്ടമാണെന്നൊന്നും തെറ്റിദ്ധരിച്ചു കളയരുതേ. ഡൽഹിയിലിരിക്കുന്ന മാമൻമാരുടെ ശ്രദ്ധയും കേന്ദ്ര സർക്കാർ വകയിൽ എന്തെങ്കിലും ദാക്ഷിണ്യ പദവികളും സംഘടിപ്പിച്ചെടുക്കാൻ കാണിച്ചുകൂട്ടുന്ന വിക്രസുകളാണിതൊക്കെ.
കള്ളക്കടത്ത് നിയന്ത്രിക്കുന്ന മന്ത്രിയും കുഴൽപണം കടത്തുന്ന നേതാവും സ്ത്രീകളെ ദ്രോഹിക്കുന്ന എം.എൽ.എയുമെല്ലാം പണ്ട് മലയാളത്തിലെ സിനിമ കഥാപാത്രങ്ങളായിരുന്നെങ്കിൽ ഇപ്പോഴത് വാർത്താതാരങ്ങളായിട്ടുണ്ട്.
സംസ്ഥാനം മറ്റൊരു പിറന്നാളാഘോഷത്തിന്റെ പടിവാതിൽക്കൽ നിൽക്കെ ഇതൊക്കെത്തന്നെയാണ് ഇവരെല്ലാം ചേർന്ന് നാടിന് നൽകിയ സംഭാവന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.