സ്ത്രീവാദത്തിലെ നവചിന്തകൾ
text_fields19ാം നൂറ്റാണ്ടിൽ ഉദയംചെയ്ത സ്ത്രീവിമോചന സിദ്ധാന്തം ആഗോളതലത്തിൽ ഇന്നും സജീവമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. ഫെമിനിസം എന്ന പദപ്രയോഗവും സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിടുന്ന ഇൗ മുന്നേറ്റത്തിെൻറ പ്രചാരകരുടെ പ്രവർത്തനവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ വേർതിരിവുകൾക്കനുസരിച്ച് വിഭിന്നമായാണ് അപഗ്രഥിക്കപ്പെട്ടുവരുന്നത്. അതായത് സ്ത്രീവാദത്തിെൻറ ചിന്താപദ്ധതിയും പ്രായോഗിക രീതിയും എല്ലാ സ്ഥലത്തും ഒരുപോലെയായിരുന്നില്ല. ഏതൊരു സാമൂഹിക മുന്നേറ്റത്തിെൻറയും വികാസപരിണാമവുമായി ബന്ധെപ്പട്ട് ചോദ്യങ്ങൾ ഉയരുന്നതുപോലെ ഫെമിനിസവും ഇന്ന് വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്. പാശ്ചാത്യ രീതിശാസ്ത്രത്തിൽ അധിഷ്ഠിതമായ സ്ത്രീവിമോചന സിദ്ധാന്തത്തെ നിഷേധിക്കുകയും ഫെമിനിസ്റ്റ് എന്ന ചട്ടക്കൂട്ടിൽനിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വനിതാ വിമോചന പ്രവർത്തകരുടെ എണ്ണം കൂടിവരികയാണ്.
സ്ത്രീവാദ തരംഗങ്ങൾ
സ്ത്രീവാദത്തിെൻറ ചരിത്രത്തെ മൂന്ന് തരംഗങ്ങളായി തിരിക്കാം. ഒരേ ആശയത്തിെൻറ വിവിധ തലങ്ങളെയാണ് അവ സ്പർശിക്കുന്നത്. 19ാം നൂറ്റാണ്ടിലും 20ാം നൂറ്റാണ്ടിെൻറ തുടക്കത്തിലും രൂപപ്പെട്ട ഒന്നാമത്തെ തരംഗം സ്ത്രീകളുടെ നിയമപരിരക്ഷ, സമ്മതിദാനാവകാശം, വിവാഹം, ശിശുപരിപാലനം, സ്വത്തവകാശം എന്നിവയിൽ ഉൗന്നിയാണ് പ്രവർത്തിച്ചത്. 1848ൽ ന്യൂയോർക്കിലെ സെനിക ഫാൾസിൽ നടന്ന വനിതാവകാശ കൺവെൻഷൻ അമേരിക്കൻ ഫെമിനിസത്തിനും സ്ത്രീവാദ ചരിത്രത്തിെൻറ ഒന്നാം തരംഗത്തിനും നാന്ദികുറിച്ചുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. 1960കളിൽ ആരംഭിച്ച സ്ത്രീവാദ പ്രസ്ഥാനത്തിലെ നവീന ആശയങ്ങളും കർമപദ്ധതികളുമാണ് രണ്ടാമത്തെ തരംഗമായി കണക്കാക്കപ്പെടുന്നത്. 1990ൽ ആരംഭിച്ച മൂന്നാമത് തരംഗത്തിെൻറ ചുവടുപിടിച്ചാണ് സമകാലിക സ്ത്രീമുന്നേറ്റങ്ങൾ സംവേദനം നടത്തുന്നത്.
ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലെ രണ്ടാംതരംഗം ഒന്നാംഘട്ടത്തെ അപേക്ഷിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള നവചിന്തകളാണ് അവതരിപ്പിച്ചത്. വൻതോതിൽ സ്ത്രീകൾ ഫെമിനിസത്തോട് അടുക്കാൻ രണ്ടാംതരംഗം കാരണമായി. തുല്യാവകാശം, സാമ്പത്തികബലം, വ്യക്തിസ്വാതന്ത്ര്യം, രാഷ്ട്രീയ പങ്കാളിത്തം എന്നിവയിൽ ലിംഗനീതി ഉറപ്പാക്കണമെന്നാണ് അവർ വാദിച്ചത്. കുടുംബം, ലൈംഗികത, തൊഴിൽ എന്നിങ്ങനെ സ്ത്രീവാദത്തിെൻറ സർവ മേഖലയെയും രണ്ടാംതരംഗം സ്പർശിക്കുന്നു. സ്ത്രീയുടെ അടിച്ചമർത്തപ്പെടലിനെയും സമകാലിക സ്ത്രീവാദത്തിെൻറ അസ്തിവാരത്തെയും വിശകലനം ചെയ്ത് രംഗത്തുവന്ന ഫ്രഞ്ച് എഴുത്തുകാരിയും തത്ത്വചിന്തകയുമായ സിമോൺ ദി ബുവാ ആധുനിക സ്ത്രീമുന്നേറ്റങ്ങൾക്ക് ചെയ്ത സേവനങ്ങൾ ചെറുതല്ല. അവരുടെ പ്രശസ്ത രചനയായ ‘ദ സെക്കൻഡ് സെക്സ്’ സ്ത്രീയുടെ ആത്മനിഷ്ഠാപരമായ വസ്തുതകളെ തത്ത്വാധിഷ്ഠിതമായി നിർവചിക്കുേമ്പാൾ തന്നെ സ്ത്രീവിമോചനം എന്നത് പുരുഷെൻറ വിമോചനം കൂടിയാണെന്ന വാദഗതി മുന്നോട്ടുവെക്കുന്നു. തൊഴിൽ മേഖലയിലെ സാമ്പത്തിക സമത്വം, കുടുംബ ഉത്തരവാദിത്തം, കഴിവുള്ള സ്ത്രീകൾക്ക് ലഭിക്കേണ്ട സാമൂഹിക പിന്തുണ തുടങ്ങി സ്ത്രീവാദത്തിലധിഷ്ഠിതമായ അസ്തിത്വചിന്തയെ അവതരിപ്പിക്കുന്നതിലൂടെ സ്ത്രീ ശാക്തീകരണം ധാർമിക വിപ്ലവത്തിെൻറ ആവശ്യം ഉന്നയിക്കുകയാണ് ഇൗ കൃതി.
1963ൽ പ്രസിദ്ധീകരിച്ച ബെറ്റി ഫ്രീഡെൻറ ‘ദ െഫമിനൈൽ മിസ്റ്റിക്’ കൃതി അമേരിക്കയിൽ സ്ത്രീവാദ പ്രസ്ഥാനത്തിെൻറ രണ്ടാംതരംഗത്തെ പൊലിപ്പിക്കുകയും അതുവഴി സാമൂഹിക ഘടന പാടെ മാറുകയും ചെയ്തു. സ്ത്രീക്ക് ശിശുപാലനത്തിലൂടെയും വീട് നോക്കലിലൂടെയും മാത്രമേ സംതൃപ്തി നേടാനാവൂ എന്ന ആശയത്തെ ഫ്രീഡൻ വിമർശിക്കുന്നു. ആദ്യ തരംഗത്തിൽനിന്ന് വ്യത്യസ്തമായ പല കാഴ്ചപ്പാടുകളും മുന്നോട്ടുവെക്കുന്ന രണ്ടാം തരംഗം, സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നതിെൻറ ഉത്ഭവം, ലിംഗപദവി, കുടുംബ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ സൈദ്ധാന്തിക ചർച്ചകൾക്ക് വഴിയൊരുക്കി. 1970ൽ ബെസ്റ്റ് സെല്ലറായിരുന്ന കാറ്റെ മില്ലെറ്റിെൻറ ‘സെക്ഷ്വൽ പൊളിറ്റിക്സ്’ അധികാര ഘടനയിലെ സ്ത്രീപുരുഷ ബന്ധമാണ് പ്രമേയമാക്കിയത്.
ഒന്നാം സ്ത്രീവാദ തരംഗത്തെപ്പോലെ തന്നെ രണ്ടാംഘട്ടവും വിദ്യാസമ്പന്ന മധ്യവർഗ സ്ത്രീകളുടെ ഉത്കണ്ഠകളാണ് പങ്കുവെച്ചത്. അവരുടെ സാമൂഹിക അവസ്ഥയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കാൻ ഇതിന് കഴിഞ്ഞെങ്കിലും അമേരിക്കയിലെ ആഫ്രിക്കൻ വംശജരായ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ഇൗ തരംഗം കാര്യമായി കണ്ടില്ലെന്നതാണ് വസ്തുത. രണ്ടാം തരംഗത്തിെൻറ ഇത്തരം പരാജയങ്ങൾക്ക് മറുപടിയായി 1990കളുടെ മധ്യത്തിലാണ് മൂന്നാം സ്ത്രീവാദം ആരംഭിക്കുന്നത്. ഒന്നും രണ്ടും തരംഗങ്ങൾ നേടിയെടുത്ത സംരക്ഷണത്തിെൻറയും നിയമപരിരക്ഷയുടെയും ഗുണഫലം മൂന്നാംതരംഗം അനുഭവിച്ചെങ്കിലും മുൻകാല പ്രവർത്തനത്തിെൻറ അപൂർണതയെ ചോദ്യംചെയ്യാൻ മറന്നില്ല.
സമൂഹമാധ്യമങ്ങളുടെ പ്രസക്തി
സാേങ്കതിക വിദ്യയുടെ ഇൗ യുഗത്തിൽ ലിംഗവിവേചനത്തിനെതിരെയും അവകാശ സംരക്ഷണത്തിനുമായി സ്ത്രീകൾ പരസ്യമായി തന്നെ തെരുവിലിറങ്ങുന്നു. 2014ലെ ‘ഹി ഫോർ ഷി’ 2018ലെ ‘ടൈംസ് അപ്’ തുടങ്ങിയ മുന്നേറ്റങ്ങളും ഏറ്റവുമൊടുവിൽ പ്രചാരണത്തിൽവന്ന ‘മി ടൂ’ കാമ്പയിനും ഉദാഹരണം. സിനിമാലോകത്തെ 80 സ്ത്രീകളെ പ്രമുഖ ഹോളിവുഡ് നിർമാതാവ് ഹാർവി വിൻസ്റ്റൈൺ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായാണ് ‘മീ ടു’ ഹാഷ്ടാഗ് കാമ്പയിൻ തുടങ്ങിയത്. തങ്ങൾക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങൾ തുറന്നുപറയാൻ സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകൾക്ക് ഇത് പ്രചോദനമായി. പ്രശസ്തരും അല്ലാത്തവരുമായ ലക്ഷക്കണക്കിനുപേരാണ് മി ടുവിെൻറ ഭാഗമായി മാറിയത്. ജി.ബി.ടി.ക്യു സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇപ്പോൾ സജീവമായി ചർച്ചചെയ്യപ്പെടുന്നു.
സ്ത്രീവിമോചന പ്രസ്ഥാനത്തിലൂടെ സ്ത്രീക്ക് അവളുടെ ജീവിതത്തെ സ്വയം തിരിച്ചറിയാൻ സാധിച്ചു എന്നതിൽ തർക്കമില്ല. എന്നാൽ, െഫമിനിസത്തിെൻറ അർഥനിർവചനത്തിലും പ്രായോഗിക സമീപനത്തിലും സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിൽ ഇപ്പോൾ ഭിന്നാഭിപ്രായങ്ങളുണ്ട്. ലിംഗസമത്വത്തിനായി ഒരുവിഭാഗം വാദിക്കുേമ്പാൾതെന്ന സ്ത്രീയും പുരുഷനും തുല്യമായ അവകാശങ്ങൾ നേടിക്കഴിഞ്ഞുവെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. സ്ത്രീപുരുഷ സമത്വം അനിവാര്യമാണെന്ന് പറയുേമ്പാൾതന്നെ സ്വന്തം വിശ്വാസങ്ങളോടും മൂല്യങ്ങളോടും െഫമിനിസംപോലുള്ള സിദ്ധാന്തങ്ങൾ പൊരുത്തപ്പെട്ടുപോകുന്നില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
പുരുഷകേന്ദ്രീകൃത സമൂഹത്തിെൻറ നിയന്ത്രണം തങ്ങളുടെ കൈയിലായിരിക്കണമെന്ന് വാദിക്കുന്ന ശക്തരും കരുത്തരുമായ സ്ത്രീകളാണ് െഫമിനിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. പരമ്പരാഗതമായ ആചാരങ്ങളും മതവിശ്വാസവും സ്വാഭാവികമായ സ്ത്രീപുരുഷ ചുമതലകളും അട്ടിമറിക്കപ്പെടുന്നതിന് ഫെമിനിസം കാരണമാകുമെന്ന് ചിലർ ഭയപ്പെടുന്നു. സ്ത്രീപുരുഷ ബന്ധം, വിവാഹം, സമൂഹം, സംസ്കാരം, അധികാരം, വ്യാപാരം, തൊഴിൽ, സാമ്പത്തിക അവസരം തുടങ്ങിയ മാനുഷിക വ്യവഹാരങ്ങളിൽ സ്ത്രീയും പുരുഷനും തുല്യരായാൽ പ്രായോഗിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഫെമിനിസത്തിെൻറ വിമർശകർ വാദിക്കുന്നു. അധികാരം, സാമൂഹിക മണ്ഡലം, സാമ്പത്തിക ബലം തുടങ്ങിയവയിൽ നിന്നെല്ലാം പുരുഷൻ ബഹിഷ്കൃതനാവുമെന്നും ഇത് വൻതോതിൽ പ്രത്യാഘാതമുണ്ടാക്കുമെന്നുമാണ് ഇവരുടെ വാദം.
എന്തൊക്കെപറഞ്ഞാലും സ്ത്രീപുരുഷ സമത്വം തന്നെയാണ് ഫെമിനിസത്തിെൻറ കാതൽ. ഇതിൽ ആശങ്കപ്പെടാനില്ല. ജൈവികമായി തന്നെ സ്ത്രീ ദുർബലയാണെന്നും അതുകൊണ്ട് സ്ത്രീപുരുഷ സമത്വം അസാധ്യമാണെന്നും കരുതുന്നവരുണ്ട്. സ്ത്രീപുരുഷഭേദമില്ലാതെ എല്ലാവർക്കും തുല്യനീതിയും അവസരങ്ങളും ഉറപ്പാക്കുകയെന്ന മാനവ ശാക്തീകരണ വാദത്തിന് ഇപ്പോൾ പ്രസക്തി വർധിച്ചിട്ടുണ്ട്. സ്ത്രീയുടേതായാലും പുരുഷേൻറതായാലും മേധാവിത്വ മനോഭാവം ഒഴിവാക്കുകയും സാമൂഹികശാസ്ത്രപരമായി നിലനിൽക്കുന്ന ലിംഗനീതി പുലരുകയും വേണമെന്നാണ് ഇവരുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.