നിപ വീണ്ടും ഭയപ്പെടുത്തുമ്പോൾ
text_fieldsമലേഷ്യയിലെ നിപ ഗ്രാമത്തിലുള്ള പന്നിഫാമിലെ തൊഴിലാളികൾക്കിടയിൽ 1998-99 കാലത്ത് ഒരു അസുഖം റിപ്പോർട്ട് ചെയ്യപ്പെട്ടു. ജാപ്പനീസ് എൻട്രിഫൈറ്റിസ് ആണെന്നു കരുതി പന്നികളെ മുഴുവൻ കൊന്നൊടുക്കി. പിന്നെയാണ് മനസ്സിലായത് വവ്വാലുകൾ മുഖേനെ വന്ന പുതിയ രോഗമാണിതെന്ന്. അതിന് നിപ എന്ന് നാമകരണം ചെയ്യപ്പെട്ടു. ദക്ഷിണേന്ത്യയിൽ ആദ്യമായി നിപ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് 2018 മേയിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലായിരുന്നു. ഇപ്പോഴും ഏതാണ്ട് അതേ പ്രദേശത്തുനിന്ന്, സമാനമായ രീതിയിലാണ് നിപ കേസ് ഉയർന്നിരിക്കുന്നത്. പനിയും തുടർലക്ഷണങ്ങളുമായി ഒരു മധ്യവയസ്കൻ മരിച്ചു; അയാളുടെ ബന്ധു മരിച്ചു, അതേ ലക്ഷണങ്ങളോടെ ആ വ്യക്തിയുമായി ബന്ധപ്പെട്ട ആളുകൾ പനി ലക്ഷണങ്ങളോടെ ആശുപത്രിയിലുണ്ട്.
എന്തുകൊണ്ട് ഒരേ പ്രദേശത്ത്?
2018ലും 2021ലും 2023ലും കോഴിക്കോട് ജില്ലയിലെ ഒരേ പ്രദേശത്താണ് നിപ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അപ്പോൾ സ്വാഭാവികമായി ഒരു ചോദ്യം ഉയരാം, എന്തുകൊണ്ടാണ് ഒരേ മേഖലയിൽ തന്നെയെന്ന്. ഇക്കോ സെൻസിബിൾ ആയ പശ്ചിമഘട്ടം ഉൾപ്പെട്ട മലയോര പ്രദേശമായ ഇവിടം ആയിരക്കണക്കിനു കൊല്ലങ്ങളായി പഴംതീനി വവ്വാലുകളുടെ ആവാസ കേന്ദ്രമാണ്. പഴംതീനി വവ്വാലുകളിൽ നാച്വറലായി കുടിയിരിക്കുന്ന നിപ വൈറസ് അവസരം കിട്ടുമ്പോൾ അപൂർവമായി മനുഷ്യനിലേക്കെത്താം. സാന്ദ്രതയേറിയ ആവാസകേന്ദ്രങ്ങളിൽ ജനങ്ങളുടെ ഇടപഴകൽ കൂടുന്നതാവാം അതിന് കാരണം. അപൂർവമായ പല രോഗങ്ങളും മനുഷ്യനിലേക്ക് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നുണ്ട്.
ഇൻക്രീസിങ് ഹെൽത്ത് ഡിമാൻഡ് ഉള്ള ഒരു ജനസമൂഹമാണ് കേരളത്തിലേത്. അങ്ങനെയുള്ള ഒരു സമൂഹം എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാലുടൻ എളുപ്പം ആരോഗ്യകേന്ദ്രങ്ങളിൽ എത്തുകയും അവ തിരിച്ചറിഞ്ഞ് നടപടി എടുക്കുകയും ചെയ്യും. അജ്ഞാത രോഗലക്ഷണങ്ങളെ മനസ്സിലാക്കാൻ സാധിക്കാതെ വരുകയും അന്വേഷണവുമായി മുന്നോട്ടുപോവുകയും ചെയ്തപ്പോഴാണ് നിപ എന്ന് സംശയത്തിലേക്കും നിഗമനത്തിലേക്കും എത്തിച്ചേർന്നത്.
വ്യാപകമല്ല, മാരകം
ഒരു വ്യാപക പകർച്ചവ്യാധിയായി നിപ ലോകത്ത് എവിടെയും നാളിതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, അവിടെയും ഇവിടെയുമായി (sporadic) ആണ് ഉണ്ടായത്. ഒരു പ്രദേശത്ത് ഉണ്ടായാൽ തന്നെ ഏതാനും നാൾക്കകം ഇല്ലാതാവുകയും ചെയ്യും. രോഗപ്പകർച്ച കുറവാണെങ്കിലും മരണസാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
നാലു മുതൽ 14 ദിവസം വരെയാണ് രോഗാണുവിന്റെ ഇൻകുബേഷൻ കാലം. അതിനുശേഷം പനി, തലവേദന ഛർദി, ബോധക്ഷയം തുടങ്ങിയ രോഗലക്ഷണങ്ങൾ കാണിക്കും. മനുഷ്യരുടെ ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുന്നതു മൂലമാണ് ഈ ലക്ഷണങ്ങളുണ്ടാവുന്നത്.
രോഗമുണ്ടായാൽ ശ്രദ്ധിക്കേണ്ടത്
മനുഷ്യരിലേക്ക് നിപ രോഗാണു പകരുന്നത് സ്രവങ്ങൾ വഴിയാണ്. പ്രത്യേകിച്ച് ശ്വാസകോശ സ്രവങ്ങൾ വഴി. തുമ്മുമ്പോഴും ഛർദിക്കുമ്പോഴും, മലമൂത്ര വിസർജ്യങ്ങളിലൂടെയും പകരാം.
രോഗബാധിതരുമായി ഏറ്റവും സമ്പർക്കം പുലർത്തുന്ന ആളുകളിലേക്കാണ് ഇത് പടരുക. ലോകാരോഗ്യ സംഘടനയുടെ നിർവചനപ്രകാരം സമ്പർക്കം (contact) എന്നു പറയുന്നത് 15 മിനിറ്റിൽ കൂടുതൽ രോഗിയുമായി ബന്ധപ്പെടുന്നവരെയാണ്. രോഗിയുമായി അടുത്ത ബന്ധം പുലർത്തുന്നവർ, ശുശ്രൂഷിക്കുന്നവർ, പരിചരിക്കുന്നവർ, ഒപ്പം താമസിക്കുന്നവർ, ഒന്നിച്ച് യാത്ര ചെയ്യുന്നവർ ഇവരൊക്കെ അതിൽപെടാം എന്നല്ലാതെ പുറമേ ഉള്ളവർക്ക് പകരാൻ ഒട്ടുമേ സാധ്യതയില്ല.
കോവിഡ് കാലത്ത് നാം സ്വീകരിച്ച സുരക്ഷ മാർഗങ്ങൾ, പ്രത്യേകിച്ച് വ്യക്തിഗത സുരക്ഷ രീതികൾ പാലിച്ചാൽ രോഗം പകരാതെ സൂക്ഷിക്കാം. ആശുപത്രി ജീവനക്കാരും, പരിചരിക്കുന്നവരും എൻ 95 മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം. ഏറ്റവും അടുത്ത് ബന്ധപ്പെടുന്നവർ പി.പി.ഇ കിറ്റും ആപ്രണും ധരിക്കണം.
രോഗലക്ഷണമുള്ളവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റണം. രോഗികളുമായി ബന്ധം പുലർത്തിയവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് ഐസൊലേഷൻ, ഹോം ക്വാറന്റീൻ, ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ എന്നിവ സ്വീകരിക്കണം. അതോടൊപ്പം ദിവസവും രണ്ടു നേരം ആരോഗ്യവിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറുകയും വേണം.
പരിസരങ്ങളിലുള്ളവർ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തി രോഗം നിർണയിച്ച് ചികിത്സ നടത്തണം. അങ്ങനെ ചികിത്സക്ക് പോകുമ്പോൾ മാസ്ക് അടക്കം ഉപയോഗിക്കണം. പനിയുള്ളവർക്ക് വിശ്രമം നിർബന്ധമാണ്.
സ്വയം ചികിത്സ അരുത്. രോഗസാധ്യത കൂട്ടുമെന്നതിനാൽ രോഗീസന്ദർശനവും അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദർശനവും ഒഴിവാക്കണം.
അഭ്യൂഹങ്ങൾ വേണ്ട, ജാഗ്രത മതി
വവ്വാൽ കടിച്ച, അവയുടെ സ്രവങ്ങൾ കലർന്ന പേരക്ക, സപ്പോട്ട, റംബുട്ടാൻ തുടങ്ങിയ പഴങ്ങളിലൂടെയാണ് രോഗാണു പകരുന്നത്. വവ്വാൽ കടിച്ച പഴങ്ങൾ ഒഴിവാക്കണം എന്നല്ലാതെ ആ പഴവർഗങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതില്ല. വീട്ടുവളപ്പിൽ ഉണ്ടാവുന്നതും വിപണിയിൽ ലഭ്യമായതുമായ എല്ലാ പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കാം.
രോഗം ഉണ്ടാവുമ്പോൾ അഭ്യൂഹങ്ങൾ പരത്തി വളരെ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവണതയുണ്ട്, പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങൾ വഴി- അതൊഴിവാക്കണം. ഒന്നു കൂടി ഓർമിപ്പിക്കുന്നു. ജാഗ്രതയും കരുതലുമാണ് വേണ്ടത്. ഭീതിയും വ്യാജവാർത്തകളുമല്ല.
(കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജിൽ കമ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.