അഭ്യൂഹങ്ങൾക്ക് വളംവെക്കുന്ന നിതീഷ്
text_fieldsബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമീപകാല ചെയ്തികൾ അദ്ദേഹത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുന്നു. കഴിഞ്ഞ മാസം അദ്ദേഹം താമസിച്ചിരുന്ന ആനിമാർഗിലെ ഒന്നാം നമ്പർ വസതിയിൽനിന്ന് സർക്കുലർ റോഡ് പത്താം നമ്പറിലുള്ള തന്റെ മുൻഗാമി റാബ്റി ദേവിയുടെ വസതിയിലേക്ക് നടന്നുകയറി. അവിടെ രാഷ്ട്രീയ ജനതാദൾ ന്യൂനപക്ഷ സെൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കുകൊള്ളാനായിരുന്നു ആ വരവ്. റാബ്റി, മക്കളായ തേജസ്വി, തേജ്പ്രതാപ്, ആർ.ജെ.ഡി നേതാക്കൾ എന്നിവരുമായെല്ലാം തനത് വിനയത്തോടെ സൗഹൃദഭാഷണവും നടത്തിയാണ് അദ്ദേഹം മടങ്ങിയത്.
തൊട്ടടുത്ത ദിവസം അറ്റകുറ്റപ്പണികളുടെ പേരിൽ ആനി മാർഗിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്ന് സർക്കുലർ റോഡിലെ ഏഴാം നമ്പർ വീട്ടിലേക്കു താമസം മാറ്റി. പണ്ട് 2013ൽ ജിതൻ റാം മാഞ്ചിയെ മാറ്റി മുഖ്യമന്ത്രിപദമേറിയ സമയത്തും ഈ വീട്ടിലേക്കു മാറിയിരുന്നു. 11 പശുക്കൾ ഉൾപ്പെടെ തന്റെ സകല വസ്തുവകകളുമെടുത്താണ് വീടുമാറ്റം.
വീടുമാറി ഒരാഴ്ച കഴിഞ്ഞതും ജനതാദൾ (യുനൈറ്റഡ്) ന്യൂനപക്ഷ സെൽ ഇവിടെ ഇഫ്താർ സംഘടിപ്പിച്ചു. ബിഹാർ നിയമസഭ പ്രതിപക്ഷനേതാവായ തേജസ്വിയും ഇതിലെ ക്ഷണിതാവായിരുന്നു. പരിപാടിക്കുശേഷം കാറിനടുത്തുവരെ അനുഗമിച്ചാണ് തേജസ്വിയെ നിതീഷ് യാത്രയാക്കിയത്. നിറ പുഞ്ചിരിയും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു.
നിതീഷ് ഈയടുത്തകാലത്ത് മാധ്യമങ്ങളോട് കാര്യമായി സംസാരിക്കാറില്ല. എന്നാൽ, സംസാരിക്കുമ്പോഴാവട്ടെ ബി.ജെ.പിയുടെ മുഖ്യഅജണ്ടക്കെതിരെ വ്യക്തമായ ആക്രമണം തന്നെ നടത്തുന്നു- ''മതസ്ഥാപനങ്ങളിൽനിന്ന് ഉച്ചഭാഷിണികൾ നീക്കംചെയ്യുന്നത് അസംബന്ധമാണ്, നമ്മുടെ സർക്കാറിന് അതിൽ ഒന്നും ചെയ്യാനില്ല'' എന്ന് പറയുമ്പോൾ നിതീഷ് രഹസ്യമായി തോണ്ടുന്നത് 'ശബ്ദമലിനീകരണം' തടയാൻ എന്ന പേരിൽ മതന്യൂനപക്ഷങ്ങളെ ഉന്നമിടുന്ന യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബി.ജെ.പി മുഖ്യമന്ത്രിമാരെയാണെന്ന് വ്യക്തം.
ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള സർക്കാറിന്റെ താൽപര്യം ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് 'ഏക സിവിൽ കോഡ് രാജ്യത്തിന്റെ താൽപര്യത്തിനോ വൈവിധ്യസംസ്കാരത്തിനോ ആചാരങ്ങൾക്കോ അനുഗുണമല്ലെന്ന പ്രസ്താവനയുമായി ജെ.ഡി.യു ദേശീയ പ്രസിഡന്റ് ലല്ലൻ സിങ്ങും പാർലമെന്ററി ബോർഡ് ചെയർമാൻ ഉപേന്ദ്ര കുശ്‍വാഹയും രംഗത്തുവന്നു.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തന്റെ ജന്മദേശമായ ബക്തിയാർപുർ, കല്യാൺബിഗ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പഴയ ചങ്ങാതിമാരെയും ബന്ധുക്കളെയും സന്ദർശിച്ചിരുന്നു നിതീഷ്. ഇക്കാലമത്രയും ബിഹാറിനെയും രാജ്യത്തെയും സേവിക്കാൻ അവസരം നൽകിയതിന് നന്ദി പറയാനായിരുന്നു യാത്ര.
നിതീഷ് എന്തിനുള്ള പുറപ്പാടാണ് എന്നറിയാനുള്ള ശ്രമത്തിനിടെ അദ്ദേഹത്തിന്റെ വിശ്വസ്തരിലൊരാളുമായി സംസാരിക്കാൻ ഈ ലേഖകന് സാധിച്ചു. സത്യമായും തനിക്കൊന്നുമറിയില്ലെന്നും നിതീഷ്ജി ഉള്ളിൽ തോന്നുന്നത് അത്ര പെട്ടെന്നൊന്നും വെളിപ്പെടുത്താറില്ലെന്നും പറഞ്ഞ അയാൾ ഒരുകാര്യം കൂട്ടിച്ചേർത്തു- അദ്ദേഹം ആകെ മാറിയതു പോലെയുണ്ട് എന്ന്.
രാജ്യസഭയിലൊഴികെ മറ്റെല്ലാ സഭകളിലും താൻ ജനങ്ങളെ പ്രതിനിധാനം ചെയ്തുവെന്നും അതിൽ ആഗ്രഹമുണ്ട് എന്നും മാർച്ചിൽ ചില മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ തികച്ചും അനൗപചാരികമായി നിതീഷ് പറഞ്ഞിരുന്നു- ഇങ്ങനെ ഒരു സംസാരം പുറത്തുവന്നതോടെ മാധ്യമങ്ങളിൽ ഊഹങ്ങൾ നിറഞ്ഞു. വരുന്ന ആഗസ്റ്റിൽ വെങ്കയ്യ നായിഡുവിന്റെ കാലയളവ് തീരുന്ന മുറക്ക് ബി.ജെ.പി അദ്ദേഹത്തിന് ഉപരാഷ്ട്രപതിസ്ഥാനം നൽകിയേക്കുമെന്നും അങ്ങനെ വന്നാൽ, അമിത് ഷായുടെ അരുമയായ നിത്യാനന്ദ റായ്ക്ക് നിതീഷ് തന്റെ കസേര നൽകുമെന്നുമെല്ലാമായിരുന്നു അത്. കേന്ദ്ര മന്ത്രിസഭയിൽ മോദി ഉന്നത മന്ത്രിപദം നൽകുമെന്നും സംസാരങ്ങളുണ്ടായി.
ബജറ്റ് സെഷനിൽ നിതീഷിൽനിന്ന് ശകാരം കിട്ടിയ സ്പീക്കർ വിജയ് കുമാർ സിൻഹയുടെ പിന്തുണയോടെയെന്ന് പറയപ്പെടുന്നു വിനയ് ബിഹാരി ഉൾപ്പെടെ കുറെ ബി.ജെ.പി എം.എൽ.എമാർ മുഖ്യമന്ത്രിസ്ഥാനം പാർട്ടി ഏറ്റെടുക്കണം എന്ന ആവശ്യം ഉയർത്തിയിരുന്നു. ബി.ജെ.പിക്ക് 77 അംഗങ്ങളുണ്ടെന്നിരിക്കെ 43 എം.എൽ.എമാരുള്ള ജെ.ഡി.യുവിന്റെ മുഖ്യമന്ത്രി എന്തിന് എന്നാണ് അവരുടെ ചോദ്യം. എന്നാൽ, കാലാവധി പൂർത്തിയാക്കുംവരെ നിതീഷ് തന്നെ നമ്മെ നയിക്കുമെന്ന് ഇരുപാർട്ടികളുടെയും നേതാക്കൾ ഉടനെ ആവർത്തിച്ച് വ്യക്തമാക്കി. 2025 നവംബർ വരെയുണ്ട് നിലവിലെ നിയമസഭക്ക് കാലാവധി.
ഈ ഊഹാപോഹങ്ങളും ചർച്ചകളുമെല്ലാം നടക്കവെ നിതീഷ് ഒരാളുമായി രണ്ടു മണിക്കൂർ ചർച്ച നടത്തി; പാർട്ടിയിൽ നിന്ന് വേർപെട്ടുപോയ മുൻ വൈസ് പ്രസിഡന്റും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറുമായി. ആ ചർച്ചക്കുശേഷമുള്ള നിതീഷിന്റെ ചെയ്തികൾ മാധ്യമങ്ങളെ മറ്റൊരു രീതിയിൽ ചിന്തിപ്പിക്കുന്ന വിധത്തിലായിരുന്നു. നിതീഷ് ബി.ജെ.പിയുമായി സഖ്യംവെടിഞ്ഞ് പ്രതിപക്ഷ ക്യാമ്പിലേക്ക് പോകാനൊരുങ്ങുന്നു എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. അതിനപ്പുറമുള്ള ചില ഊഹങ്ങളുമുണ്ട്: പ്രസിഡന്റ് പദത്തിലേക്കുള്ള പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിയാകാൻ അദ്ദേഹം ഒരുങ്ങുന്നുവെന്നതാണ് ഒന്ന്. അതിനൊപ്പം മുഖ്യമന്ത്രിപദം തേജസ്വി യാദവിന് കൈമാറുമെന്നാണ് ഉപകഥ.
പക്ഷേ, ഒരു ഭരണഘടന പദവിക്കുവേണ്ടി തന്റെ പാർട്ടിയെ അനാഥമാക്കാൻ നിതീഷിലെ സജീവ രാഷ്ട്രീയക്കാരൻ തയാറാകുമോ എന്നതാണ് ആലോചിക്കേണ്ട വിഷയം. പ്രത്യയശാസ്ത്രങ്ങളിൽ കടുത്ത വ്യത്യാസം നിലനിൽക്കെ, ന്യൂനപക്ഷങ്ങൾക്കെതിരെ നിഷ്ഠുരത കാണിക്കുന്ന നേതാക്കളുള്ള ബി.ജെ.പിക്ക് ഭരണം താലത്തിൽവെച്ച് കൈമാറുമോ എന്നതും ചോദ്യമാണ്. അതോ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കു മുന്നിൽ ഉഴലുന്ന പ്രതിപക്ഷ പാർട്ടികൾ നിതീഷിനെ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ആക്കാൻ ശ്രമിക്കുകയാണോ?
ബിഹാർ രാഷ്ട്രീയത്തെക്കുറിച്ച് നിരീക്ഷിക്കുന്ന ഏതൊരാൾക്കുമറിയുന്ന ഒരു കാര്യമുണ്ട്- വോട്ടുശതമാനവും എം.എൽ.എമാരുടെ എണ്ണവുമെല്ലാം കുറഞ്ഞുവെങ്കിലും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് താണ്ടാൻ ബി.ജെ.പിക്ക് ബിഹാറിൽ നിതീഷ് കൂടെ ഉണ്ടായേ തീരൂ. നിതീഷ് ആർ.ജെ.ഡിക്കൊപ്പം കൈകോർത്താൽ കാവിപാർട്ടി 2024ൽ സംസ്ഥാനത്ത് തകർന്നടിയാൻ സകലസാധ്യതകളുമുണ്ട്. വിനയ് ബിഹാരിയെയും വിജയ് സിൻഹയെക്കാളും നന്നായി ഇക്കാര്യം ബോധ്യമുള്ളവരാണ് മോദിയും ഷായും. അതിന് കൃത്യമായ തെളിവുമുണ്ട്. മറ്റു സംസ്ഥാനങ്ങളിലെന്നപോലെ 2014ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടിയ ബിഹാറിൽ ഒന്നര വർഷത്തിനകം ജെ.ഡി, ആർ.ജെ.ഡി, കോൺഗ്രസ് മഹാസഖ്യം വ്യക്തമായ ആധിപത്യം സ്വന്തമാക്കി.
നിതീഷിന്റെ വിലപേശൽശക്തി തന്നെയാവണം പ്രതിപക്ഷ പാർട്ടികൾക്ക് അദ്ദേഹത്തിനുമേൽ പ്രതീക്ഷ വെച്ചുപുലർത്താൻ പ്രേരിപ്പിക്കുന്നത്. എന്നുവെച്ച് പെരുതാനുറച്ചു നിൽക്കുന്ന പ്രതിപക്ഷ പാർട്ടികൾ മുഴുവൻ നിതീഷ് തങ്ങൾക്കൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണെന്ന് കരുതുന്നത് അസ്വാഭാവികവും അസാധ്യവുമായിരിക്കും. എന്തായാലും ഇനി ശ്രദ്ധ മുഴുവൻ നിതീഷിന്റെ വാക്കുകളിലും ചെയ്തികളിലുമായിരിക്കും. കുറഞ്ഞപക്ഷം രാഷ്ട്രപതി-ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ കളം വ്യക്തമാവുന്നതു വരെയെങ്കിലും.
(മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനും ഇൻവെർടിസ് സർവകലാശാലയിൽ ജേണലിസം അധ്യാപകനുമായ ലേഖകൻ thewire.inൽ എഴുതിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.